Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാരണവന്മാർ...

കാരണവന്മാർ തീരുമാനിക്കും, കല്യാണപ്പെണ്ണ്​ അനുസരിച്ചാൽ മതി

text_fields
bookmark_border
കാരണവന്മാർ തീരുമാനിക്കും, കല്യാണപ്പെണ്ണ്​ അനുസരിച്ചാൽ മതി
cancel

പേരുകേട്ട കുടുംബം, അച്ഛൻ ബാങ്ക് മാനേജർ, അമ്മ കോളജ് അധ്യാപിക. രണ്ടു പെൺമക്കൾ. മൂത്തവൾ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. ഇളയവൾ പ്ലസ്ടുവിനും. നാട്ടുനടപ്പനുസരിച്ച് മാതാപിതാക്കൾ കൊണ്ടുപിടിച്ച വിവാഹാലോചനകൾ തുടങ്ങി. മാട്രിമോണിയൽ സൈറ്റുകളിലും ദല്ലാൾ മുഖാന്തരവുമൊക്കെയുള്ള അന്വേഷണം. ഇപ്പോൾ വിവാഹം വേണ്ടെന്നും ജോലി കിട്ടിയശേഷം വിവാഹം മതിയെന്ന അവളുടെ അഭിപ്രായം ആരും ചെവിക്കൊണ്ടില്ല. അവളുടെ ഇഷ്​ടമെന്താണെന്നറിയാൻ ആരും ശ്രമിച്ചതുമില്ല. കാണാൻ വന്നവർക്കു മുന്നിൽ കാഴ്ചവസ്തുവായി നിൽക്കേണ്ടിവന്നു. പക്ഷേ, കുടുംബപാരമ്പര്യം, സ്ത്രീധനം തുടങ്ങിയ കടമ്പകളിൽ കുടുങ്ങി പല ആലോചനകളും മുടങ്ങി. ഒടുവിൽ ഇരുവീട്ടുകാർക്കും ഇഷ്​ടപ്പെട്ട ഒരു ആലോചന എത്തി. അപ്പോഴും അവളുടെ അഭിപ്രായം ഒരാളും തിരക്കിയില്ല.

രണ്ടു ലക്ഷം രൂപ വാടകയുള്ള തലസ്ഥാനത്തെ മുന്തിയ ഹാളിൽ​െവച്ച് വിവാഹം. നടത്തിപ്പിന്​ മുന്തിയ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്​​. അണിയാൻ ഒന്നരക്കിലോയുടെ സ്വർണാഭരണങ്ങൾ, ലക്ഷങ്ങൾ മുടക്കി വരന് സമ്മാനമായി ആധുനിക ആഡംബരക്കാർ, വര​ന്‍റെ അമ്മക്കും സഹോദരിക്കും വളകൾ, അങ്ങനെ എല്ലാം സെറ്റ്. അയ്യായിരത്തോളം പേർ പ​ങ്കെടുത്ത വിവാഹ മാമാങ്കശേഷം ​ വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോയ ആദ്യദിനം തന്നെ വരനും ബന്ധുക്കളും ചേർന്ന് സ്വർണാഭരണങ്ങളെല്ലാം ഉൗരിവാങ്ങി. പിറ്റേന്ന് മുതൽ ആ വീട്ടിലെ ജോലികൾ മുഴുവൻ തലയിൽ. ജോലിക്കു പോകണമെന്ന ആഗ്രഹം ഭർത്താവിനോട് പറഞ്ഞപ്പാൾ ത​ന്‍റെ വരുമാനത്തിൽ ജീവിച്ചാൽ മതിയെന്ന്​ നിർദേശം.

ഭർതൃവീട്ടിൽനിന്ന്​ അടിക്കടി ഏൽക്കേണ്ടിവരുന്ന മാനസിക പീഡനങ്ങൾ സ്വന്തം മാതാപിതാക്കളെ അറിയിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ''ഇനി മുതൽ അതാണ് മോളേ നിൻെറ വീട്, അവർ പറയുന്നതു കേട്ട് ജീവിക്കണം, എന്തെങ്കിലും വിഷയമുണ്ടായാൽ നാട്ടുകാർ അറിയും. അത് കുടുംബത്തിന് ചീത്തപ്പേരാകും.'' ഈ ഉപദേശങ്ങൾ ശിരസ്സാവഹിച്ച് പീഡനങ്ങൾ സഹിച്ചു മുന്നോട്ടു പോകുന്നതിനിടയിൽ ഗർഭിണിയായി. അ​േപ്പാഴും പീഡനത്തിന് കുറവുണ്ടായില്ല. ദിവസേന മദ്യപിച്ച് എത്തുന്ന ഭർത്താവിന്‍റെ ശാരീരിക പീഡനങ്ങളും ബന്ധുക്കളുടെ മാനസിക പീഡനവും താങ്ങാവുന്നതിലും അപ്പുറത്തായി. സ്വന്തം വീട്ടിൽ ഒരു തവണ കൂടി ദയാഹരജി സമർപ്പിച്ചപ്പോഴും പതിവു പല്ലവി തന്നെ. രക്ഷക്ക്​ മാതാപിതാക്കൾപോലും വരില്ലെന്ന തിരിച്ചറിവിൽ അവൾ ജീവിതത്തിന്​ സ്വയം വിരാമമിട്ടു. അപ്പോഴും മകളുടെ ജീവനേക്കാളേറെ 'കുടുംബത്തി​ന്‍റെ അന്തസ്സിന്​' വില കൽപിച്ച ബന്ധുക്കൾ അവൾക്ക്​ നീതി ലഭിക്കണമെന്ന്​ വാശിപിടിച്ചില്ല. ഭാര്യയെ കൊലക്ക്​ കൊടുത്ത ക്രിമിനലും കുടുംബവും ഒരു പോറലുമേൽക്കാതെ ഇപ്പോഴും സസുഖം കഴിയുന്നു. ഇത് ഒരു പെൺകുട്ടിയുടെ കഥയല്ല.

ഇമോഷനൽ ബ്ലാക്ക്​ ​മെയിലും ഭീഷണിയും

ത​ന്‍റെ ഭാവിജീവിതം എങ്ങനെയായിരിക്കണമെന്ന് അഭിപ്രായം പറയാൻ കഴിയാത്തവരാണ് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം പെൺകുട്ടികളും. തനിക്ക് ഒരു പുരുഷനെ ഇഷ്​ടമാണെന്നു പറഞ്ഞാൽ ഒന്നുകിൽ അടിച്ചൊതുക്കും, അല്ലെങ്കിൽ തങ്ങൾ ആത്മഹത്യചെയ്യുമെന്ന്​ മാതാപിതാക്കൾ ഭീഷണി മുഴക്കും, അതുമല്ലെങ്കിൽ കുടുംബത്തി​ന്‍റെ അന്തസ്സ്​ നശിപ്പിക്കാൻ പിറന്ന തന്നിഷ്​ടക്കാരിയെന്ന്​ മുദ്രചാർത്തും. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ബഹുഭൂരിപക്ഷം പെൺകുട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും സ്വപ്നങ്ങളും മാറ്റിവെക്കുകയാണ്​ പതിവ്​.

വീട്ടിലെ കാരണവന്മാർ കണ്ടുപിടിക്കുന്ന പുരുഷനു മുന്നിൽ താലികെട്ടാൻ തല കുനിച്ചുകൊടുക്കേണ്ട ദുർഗതിയിലാണ് ബഹുഭൂരിപക്ഷം പെൺകുട്ടികളും. നാടും ജീവിത സംവിധാനങ്ങളുമെല്ലാം ന്യൂജൻ ആയെങ്കിലും വിവാഹത്തി​ലെ സ്​ത്രീ ഇന്നും പഴമയുെട നാല്കെട്ടിൽ നിന്ന് പുറത്തുകടന്നിട്ടില്ല.

'പെണ്ണും ചെറുക്കനും പരസ്പരം കണ്ടല്ലോ ഇനി മറ്റു കാര്യങ്ങൾ എങ്ങനെയാണെന്ന്'' ചെറുക്ക​ന്‍റെ കാരണവർ ചോദിക്കുന്നു. മറുപടി പെൺകുട്ടിയുടെ വീട്ടിൽനിന്ന്​ ലഭിക്കുന്നു. അതോടെ വിവാഹ കച്ചവട ഉടമ്പടിയാകുന്നു. നൽകുന്ന സ്ത്രീധനത്തിൽ കുറവു വരുേമ്പാഴോ പറഞ്ഞത്​ നൽകിയ ശേഷവും വര​ന്‍റെ കുടുംബം അത്യാർത്തിയുടെ നാവുനീട്ടു​േമ്പാഴോ ആണ്​ ഗാർഹിക പീഡനത്തിലേക്കും പെൺകുട്ടികളുടെ മരണത്തിലേക്കും എത്തുന്നത്​. ഈ കുറ്റകൃത്യങ്ങളിൽ ഭർതൃവീട്ടുകാർ മാത്രമല്ല, എല്ലാത്തിനും വളംവെച്ചുകൊടുക്കുന്ന പെൺ വീട്ടുകാരും പ്രതികളാണ്​.

എല്ലാം സഹിക്കണം, അധികാരികളെയും സഹിക്കണം

വിവാഹ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പീഡന​ം തുറന്നുപറഞ്ഞ യുവതിയോട്​ സംസ്​ഥാന വനിത കമീഷൻ അധ്യക്ഷ പ്രതികരിച്ചതെങ്ങനെയാണെന്ന്​ ലോകം മുഴുവൻ കേട്ടതാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം നീണ്ട ഫേസ്​​ബുക്ക്​​ പോസ്​റ്റ്​ എഴുതും. പീഡനത്തിനെതിരെ വനിത കമീഷനും സാമൂഹിക ക്ഷേമ വകുപ്പും കിടിലൻ പോസ്​റ്ററുകൾ ഇറക്കും. പക്ഷേ, സഹായം തേടി മുട്ടിയാൽ ഈ വാതിലുകളൊന്നുപോലും തുറക്കില്ല നമ്മുടെ പെൺകുട്ടികൾക്കു മുന്നിൽ.

സ്ത്രീധന വിരുദ്ധ നിയമപ്രകാരമുള്ള കേസുകളുടെ എണ്ണം കുറവാണെങ്കിലും സ്ത്രീധന പീഡന നിയമപ്രകാരം സംസ്ഥാനത്തെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്​റ്റർ ചെയ്യുന്നുണ്ട്. പക്ഷേ, അവയൊക്കെ ഒത്തുതീർപ്പിൽ എത്തുന്നു എന്നതാണ് സത്യം. പലയിടത്തും കേസുകൾ ഒതുക്കാൻ മുൻകൈയെടുക്കുന്നത് പൊലീസുകാരും രാഷ്​​ട്രീയക്കാരും മത-സാമുദായിക പ്രമുഖരുമാണ്.

വയോധികരായ മാതാപിതാക്കൾ ഉൾപ്പെടെ കേസിൽ കോടതി കയറിയിറങ്ങണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നത്. പരാതിയുമായി എത്തുേമ്പാൾതന്നെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് പൊലീസ് ഉദ്യോഗസ്ഥരിൽനിന്നുണ്ടാകുന്നതെന്ന് അഭിഭാഷകരും സ്​ത്രീ അവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും രാഷ്​ട്രീയ ഇടപെടലുകൾമൂലം ഒത്തുതീർപ്പാക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നാണ് പൊലീസ് വൃത്തങ്ങളുടെ വിശദീകരണം.

തുടരും

Show Full Article
TAGS:marriage bride 
News Summary - seniors will decide, bride should obey it
Next Story