അധ്യാപകരെ ക്ലാസ് മുറികളിലേക്ക് തിരികെ അയക്കുക
text_fieldsകേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അധ്യാപകരുടെ മേൽ അനിയന്ത്രിതമായി അടിച്ചേൽപിക്കപ്പെടുന്ന അക്കാദമികേതര ജോലിഭാരങ്ങൾ. സ്കൂൾ തുറന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കേരളത്തിലെ ആയിരക്കണക്കിന് അധ്യാപകർ സെൻസസ് പരിശീലന ക്യാമ്പുകളിലേക്ക് വിളിച്ചുവരുത്തപ്പെട്ടിരിക്കുകയാണ്. പുതിയ അധ്യയന വർഷത്തിന്റെ അടിത്തറ പാകേണ്ട സമയത്ത് അധ്യാപകരെ ക്ലാസ് മുറികളിൽനിന്ന് മാറ്റി ഭരണനിർവഹണ ജോലികളിലേക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്.
അധ്യാപകരുടെ മുന്നിൽ ഇരിക്കുന്നത് കണക്കിലെ അക്കങ്ങളല്ല; ജീവനുള്ള കുട്ടികളാണ്. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തേണ്ട ഉത്തരവാദിത്തമാണ് അധ്യാപകർക്കുള്ളത്. എന്നാൽ, ഇന്നത്തെ അവസ്ഥ എന്താണ്?
നീളുന്ന അക്കാദമികേതര ജോലികൾ
സെൻസസ്, തെരഞ്ഞെടുപ്പ്, വിവിധ വകുപ്പുകളുടെ വിവരശേഖരണം, ഉച്ചഭക്ഷണ പദ്ധതി, പ്രഭാതഭക്ഷണ പദ്ധതി, ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ, ഗുളിക വിതരണം, കുത്തിവെപ്പ് പരിപാടികൾ, സാമൂഹിക സർവേകൾ, ഓൺലൈൻ റിപ്പോർട്ടുകൾ, കണക്കുകൾ, പട്ടികകൾ, അപ്ലോഡുകൾ, വെരിഫിക്കേഷനുകൾ-ഇങ്ങനെ അനന്തമായി നീളുന്ന അക്കാദമികേതര ജോലികളുടെ ഭാരമാണ് അധ്യാപക സമൂഹത്തിന്റെ ചുമലുകളിൽ കെട്ടിവെച്ചിരിക്കുന്നത്. സെൻസസ് ജോലിയെല്ലാം കഴിഞ്ഞ് അധ്യാപകർ തിരികെ സ്കൂളിൽ എത്തുമ്പോൾ വിദ്യാർഥികൾ എത്രപേർ അവിടെ ബാക്കിയുണ്ട് എന്ന് കണക്കെടുക്കേണ്ടിവരും. ഇത്തരം സമീപനങ്ങൾ കാരണം പൊതുവിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ കൂട്ടംകൂട്ടമായി സ്വകാര്യ വിദ്യാലയങ്ങളിലേക്ക് പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സമയം കണക്കുകൾ തയാറാക്കുന്നതിനും ഡേറ്റ അപ്ലോഡ് ചെയ്യുന്നതിനും രേഖകൾ പരിശോധിക്കുന്നതിനും ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇന്ന് അധ്യാപകർ. ഒരു ക്ലാസ് മുറിയിൽ 45 മിനിറ്റ് നിൽക്കുന്നത് മാത്രമല്ല അധ്യാപനം. അതിനുപിന്നിൽ മണിക്കൂറുകളുടെ തയാറെടുപ്പുണ്ട്. ടീച്ചിങ് മാന്വലുകൾ തയാറാക്കണം, പഠന പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യണം, പഠന പിന്നാക്കം നേരിടുന്ന കുട്ടികളെ പ്രത്യേകം പരിഗണിക്കണം, അവരുടെ മാനസികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കണം, രക്ഷിതാക്കളുമായി ഇടപെടണം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം.
ഇതെല്ലാം ചെയ്യേണ്ടവരെയാണ് വീടുകൾ കയറിയിറങ്ങി കണക്കെടുക്കാൻ നിയോഗിക്കുന്നത്. പലർക്കും സ്വന്തം വീടിനോ വിദ്യാലയത്തിനോ സമീപമല്ലാത്ത പ്രദേശങ്ങളിലാണ് ഡ്യൂട്ടി. അവധി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവുമാണ് പ്രവർത്തനം നടത്തേണ്ടത്; അതും കേരളത്തിന്റെ ശക്തമായ മഴക്കാലത്ത്! ഇത്തരം അധിക ചുമതലകൾ നിർവഹിക്കാൻ അധ്യാപകർക്ക് ആവശ്യമായ ഡ്യൂട്ടി ലീവ് പോലും അനുവദിച്ചിട്ടില്ല. വാർഷിക ട്രാൻസ്ഫർ നടപടികൾ മരവിപ്പിക്കപ്പെടുന്നു. പ്രമോഷൻ ഉത്തരവുകൾ വരെ നീട്ടിവെക്കപ്പെടുന്നു. എന്നാൽ, അക്കാദമികേതര ജോലികളുടെ ഭാരം മാത്രം വർധിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ സെൻസസ് പോലുള്ള പ്രവർത്തനങ്ങൾ നിർണായകമാണ്. എന്നാൽ, അതിന്റെ മുഴുവൻ ഭാരവും അധ്യാപകരുടെ മേൽ ചുമത്തുന്നത് ശരിയാണോ? അങ്ങനെയാണെങ്കിൽ അധ്യാപകരുടെ കാര്യക്ഷമത അംഗീകരിക്കുന്നതോടൊപ്പം അവരുടെ വിദ്യാലയങ്ങൾക്കായി പകരം സംവിധാനങ്ങളും ഒരുക്കേണ്ട ബാധ്യത സർക്കാറിനുണ്ട്.
ആകയാൽ, സെൻസസ് ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർക്കുപകരം താൽക്കാലിക അധ്യാപകരെ നിയമിക്കണം, അർഹമായ ഡ്യൂട്ടി ലീവ് അനുവദിക്കണം, ശാരീരികവും കുടുംബപരവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ഇത്തരം ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കണം, വിദ്യാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാത്ത തരത്തിൽ കൃത്യമായ ബദൽ സംവിധാനങ്ങൾ സൃഷ്ടിക്കണം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മുന്നേറ്റം ഒരു ദിവസം കൊണ്ടുണ്ടായതല്ല. പതിറ്റാണ്ടുകളായി അധ്യാപകർ നടത്തിയ സമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണത്. ആ സംവിധാനത്തിലെ പ്രധാന ഭാഗമായ അധ്യാപകരെ ക്ലാസ് മുറിയിൽ നിന്ന് മാറ്റി അക്കാദമികേതര ജോലികളിലേക്ക് സദാ തള്ളിവിടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വേരറുക്കുന്നതിന് തുല്യമാണ്. ഇത് അധ്യാപകരുടെ മാത്രം പ്രശ്നമല്ല; ഇത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെയും നാളെയുടെ സമൂഹത്തിന്റെയും പ്രശ്നമാണ്. അധ്യാപകരെ ക്ലാസ് മുറികളിലേക്ക് തിരികെ വിടുക. അതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആദ്യപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

