Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈ കണ്ണുനീരില്‍നിന്ന്...

ഈ കണ്ണുനീരില്‍നിന്ന് മതനിരപേക്ഷത കരുത്താര്‍ജിക്കും

text_fields
bookmark_border
ഈ കണ്ണുനീരില്‍നിന്ന് മതനിരപേക്ഷത കരുത്താര്‍ജിക്കും
cancel

ഗുജറാത്തില്‍ നടന്ന, ഓര്‍ക്കാനാഗ്രഹിക്കാത്ത, ആ വംശഹത്യയെക്കുറിച്ച് ഒന്നര പതിറ്റാണ്ടിനുശേഷം വീണ്ടും ഓര്‍ക്കുമ്പോള്‍, ഇന്ത്യനവസ്ഥ അന്നത്തെക്കാളും അസ്വസ്ഥജനകമാവുകയാണല്ളോ എന്ന ഭീതി വര്‍ധിക്കുകയാണ്. ടീസ്റ്റ സെറ്റല്‍വാദും റാണാ അയൂബും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പെടെ നിരവധി ധീരരായ സാംസ്കാരിക വിമര്‍ശകര്‍ അദൃശ്യവിലക്കുകളൊക്കെയും പ്രതിരോധിച്ച്, ‘ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള’ എത്രയെത്രയോ നടുക്കുന്ന വിവരങ്ങള്‍ പുതുതായി പുറത്തുകൊണ്ടുവന്ന് കഴിഞ്ഞിരിക്കുന്നു. ‘തിരശ്ശീലക്ക് പിന്നിലെ ഗുജറാത്ത്’ എന്ന സ്വന്തം പുസ്തകപ്രകാശനവേളയിലാണ്, 22 മുസ്ലിംകളെ വധിക്കാനുള്ള ‘സര്‍ക്കാര്‍ നിര്‍ദേശം’ താന്‍ അനുസരിക്കാതിരുന്നത് ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ആര്‍.ബി. ശ്രീകുമാര്‍ തുറന്നുപറഞ്ഞത്.

ജാതി-മത ഭേദമന്യേ ഓരോ മനുഷ്യന്‍െറയും സുരക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ അത് ചെയ്യാതെ, വംശഹത്യക്ക് വീര്യം പകര്‍ന്നതിന്‍െറ രൗദ്രചിത്രമാണ് അദ്ദേഹം ആ പുസ്തകത്തില്‍ വിവരിക്കുന്നത്. സ്വന്തം സര്‍ക്കാര്‍ സ്വന്തം ജനതയോട് ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് ചോദിച്ചുപോകും വിധമുള്ള ജനാധിപത്യ വിരുദ്ധതയാണ് ‘ഗുജറാത്ത് തിരശ്ശീലക്ക്് പിറകില്‍’ അരങ്ങേറിയത്.  2007ലെ റാലിയില്‍ നരേന്ദ്ര മോദി, വ്യാജ ഏറ്റുമുട്ടലുകള്‍ക്കനുയോജ്യമായ ഒരു വൈകാരികരംഗം സൃഷ്ടിക്കാന്‍വേണ്ടി, ജനങ്ങളോട് ചോദിച്ചത്, ‘‘സൊഹ്റാബുദ്ദീനെപ്പോലെ ഒരു ഭീകരനെ ഞാനെന്തുചെയ്യണം’’ എന്നായിരുന്നു. ഉന്മത്തമായ ആള്‍ക്കൂട്ടം ആ ചോദ്യം അതിവൈകാരികമായി ഉള്‍ക്കൊണ്ട്, ‘‘കൊല്ലണം കൊല്ലണം’’ എന്ന് ആര്‍ത്തുവിളിച്ചു. നിയമവ്യവസ്ഥകളെ മുഴുവന്‍ നിശ്ശബ്ദമാക്കി, നരേന്ദ്ര മോദി നിര്‍വഹിച്ചത് പഴയ ഹിറ്റ്ലറുടെ ‘അതിഭാവുകത്വരീതിയിലുള്ള’ ഒരു കൊലപ്രചാരണമായിരുന്നു.

അന്നത്തെ ആ പ്രസംഗം ഓര്‍മിപ്പിച്ചുകൊണ്ട്, അതിലിപ്പോഴും താങ്കള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന റാണ അയൂബിന്‍െറ ചോദ്യം നേരിടാനാവാതെ, അന്ന് തന്നെ തുറിച്ചുനോക്കി ഒന്നും പറയാതെ നരേന്ദ്ര മോദി സ്ഥലം വിടുകയായിരുന്നെന്നാണ് റാണാ അയൂബ് തന്‍െറ ‘ഗുജറാത്ത് ഫയല്‍സ്’ എന്ന അന്വേഷണാത്മക ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നത്. തൊണ്ണൂറുകള്‍ മുതല്‍തന്നെ ഗുജറാത്തില്‍ പലയിടങ്ങളിലും ‘ഹിന്ദുരാഷ്ട്രത്തിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന്  ടീസ്റ്റ സെറ്റല്‍വാദും നിരീക്ഷിക്കുന്നു. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍, പാഠപുസ്തകത്തില്‍ വര്‍ഗീയ പ്രചാരണത്തിന് അനുകൂലമായവിധത്തില്‍ തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞിരുന്നുവെന്ന് റൊമില ഥാപ്പര്‍ കണ്ടത്തെുന്നു.

വിദ്വേഷത്തിന്‍െറ വേരുകള്‍
വംശഹത്യകാലത്ത്, ‘‘നിങ്ങള്‍ ക്രൂരനായ ഒരാധുനിക നീറോയെപ്പോലെയാണ് പെരുമാറിയത്’’ എന്ന് നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്‍െറ വിമര്‍ശകരല്ല, പരമോന്നത നീതിപീഠമാണ്. ജനാധിപത്യം അഹങ്കാരമുണ്ടാക്കും, സംവരണം ഉരുകിച്ചേരുന്നതിന് തടസ്സമാണ്, സമത്വം സാധ്യമല്ല, സോഷ്യലിസം ഈ മണ്ണിന്‍െറ സന്തതിയല്ല, വലിയ യുദ്ധം സ്വാഗതാര്‍ഹം, ഇന്ത്യന്‍ ജനതയിലൊരു വലിയ വിഭാഗം ആഭ്യന്തരശത്രുക്കളും രാജ്യദ്രോഹികളുമാണ്, ഇതൊരു ഹിന്ദുരാഷ്ട്രമാണ്, ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ ഇന്ത്യക്ക് സ്വാതന്ത്ര്യമില്ളെന്ന് പറഞ്ഞവന്‍ രാജ്യദ്രോഹിയാണ്, സംസ്കൃതം ദേശീയഭാഷയാണ്, മനു മഹാനായ നിയമദാതാവാണ്, ഇന്ത്യയില്‍ അസംഖ്യം കുട്ടിപാകിസ്താനുകള്‍ നിലനില്‍ക്കുന്നു, നാം ചെയ്യുന്ന എന്തിന്‍െറയും എതിരുമാത്രം ചെയ്യുന്നവരാണ് ആ ‘മറ്റവര്‍’ തുടങ്ങി രാജ്യദ്രോഹപരമായ ആശയങ്ങളൊന്നും ഏതോ വികാരവിക്ഷോഭവേളയില്‍ സംഘ്പരിവാര്‍ ധൈഷണികര്‍ പറഞ്ഞുപോയതല്ല.

ആലോചിച്ചുറപ്പിച്ച് സ്വന്തം സൈദ്ധാന്തിക ഗ്രന്ഥങ്ങളില്‍ അവര്‍ അമര്‍ത്തി എഴുതിയതാണ്! സെമിറ്റിക് വംശങ്ങളെ കൊന്ന് വംശശുദ്ധി നടപ്പാക്കിയ ‘ഹിറ്റ്ലറില്‍’നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട് എന്നാണവര്‍ ഒരു കുറ്റബോധവുമില്ലാതെ സ്വന്തം സൈദ്ധാന്തികഗ്രന്ഥത്തില്‍ എഴുതിവെച്ചിരിക്കുന്നത്! ഗുജറാത്ത് വംശഹത്യയുടെ വേരുകള്‍, ഇത്തരം ജനവിരുദ്ധ ആശയങ്ങളില്‍ കൂടിയാണ് ആഴ്ന്നുകിടക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ ‘ജാതിമേല്‍ക്കോയ്മ’ ‘തങ്ങളില്‍പെടാത്ത’വരോട് വെച്ചുപുലര്‍ത്തുന്ന, അസഹിഷ്ണുതയും  വെറുപ്പുമാണ് വംശഹത്യകളില്‍ പ്രകടമാവുന്നത്. 2001 ജനുവരി 26ന് ഗുജറാത്തിലെ കച്ചില്‍ ലക്ഷക്കണക്കിന് മനുഷ്യജീവിതം അവതാളത്തിലാക്കിയ ഭൂകമ്പാനന്തരം നിര്‍വഹിച്ച ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍പോലും കടുത്ത ജാതിവിവേചനം നിലനിന്നത് അന്നേ രൂക്ഷവിമര്‍ശനം നേരിട്ടതാണ്.

വളരെ ഉയര്‍ന്ന അക്കാദമിക് യോഗ്യതയുള്ള ഡോക്ടര്‍ സി.ജി. കൃഷ്ണദാസ് നായര്‍ എഴുതിയ ‘ഹിന്ദുത്വം ധാരണകളും തെറ്റിദ്ധാരണകളും’ എന്ന പുസ്തകത്തില്‍ വംശഹത്യാനന്തര ഗുജറാത്തിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രം മനസ്സിലാക്കിയാല്‍, ജാതിമേല്‍ക്കോയ്മ മറ്റുള്ളവരോട് വെച്ചുപുലര്‍ത്തുന്ന വെറുപ്പിന്‍െറ അടിസ്ഥാനം ആഴത്തില്‍ മനസ്സിലാവും.

എത്രയെത്ര വൈവിധ്യങ്ങളാണ്, ‘ഫാഷനുകളാണ്’ വസ്ത്രധാരണരീതികളിലടക്കം ജീവിതത്തിലുടനീളം നിലനില്‍ക്കുന്നത്.  അങ്ങനെയിരിക്കെ, തങ്ങള്‍ക്കിഷ്ടപ്പെടാത്ത വസ്ത്രം തങ്ങളിടാതിരിക്കുകയും  ആരെങ്കിലും അവരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ സാക്ഷാത്കാരമായി സ്വയം ധരിക്കുന്ന വസ്ത്രം അവര്‍ ധരിച്ചോട്ടെ എന്ന് കരുതുകയും ചെയ്യുന്നതിനു പകരം, ചിലര്‍ ചിലതരം വസ്ത്രം കാണുമ്പോള്‍ ‘അകാരണമായി’ പ്രകോപിതരാവുന്നതാണ് പൊതുവില്‍ കാണുന്നത്.

ഗുജറാത്ത് യാത്രക്കിടയില്‍ പ്രതിഭാസമ്പന്നനും  പ്രഗല്ഭ ശാസ്ത്രജ്ഞനുമായ ഡോ. സി.ജി.കൃഷ്ണദാസ് നായരെ ‘അസ്വസ്ഥമാക്കിയത്’ മുസ്ലിം കുട്ടികളില്‍ ചിലരുടെ വസ്ത്രമാണ്. അവര്‍ക്കതിലൊരു പരാതിയുമില്ളെങ്കില്‍, മതേതര ജനാധിപത്യമൂല്യങ്ങള്‍ക്ക് അതൊരു പോറലുമേല്‍പിക്കുന്നില്ളെങ്കില്‍ അത് അവരുടെ ശരീരത്തിലല്ളേ ഞാനെന്തിന് അത് എന്‍െറ ‘ശിരസ്സില്‍’ ചുമന്ന് നടക്കണം എന്ന് കരുതി ‘സ്വസ്ഥമായി’ കടന്നുപോകുകയായിരുന്നു ഡോക്ടര്‍ വേണ്ടിയിരുന്നത്. അതിനുപകരം അദ്ദേഹത്തിന്‍െറ ‘ദേശീയത’ ഒരു തൊപ്പി കണ്ട് പേടിക്കുകയും രോഷാകുലമാവുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ‘അറബികള്‍ക്ക് സമാനമായ വെള്ളവസ്ത്രവും വെളുത്ത തൊപ്പിയുമായിരുന്നു അവരുടെ വേഷം. എന്‍െറ നോട്ടത്തിലെ ജിജ്ഞാസ മനസ്സിലാക്കിയിട്ടെന്നവണ്ണം കാര്‍ ഡ്രൈവര്‍ പറഞ്ഞു: സര്‍, മദ്റസയിലേക്ക് പോകുന്ന മുസ്ലിം ബാലന്മാരാണ്. സര്‍ക്കാര്‍ സഹായത്തോടെ അറബിയും ഉറുദുവും ഖുര്‍ആനും പഠിപ്പിക്കാനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പ്രത്യേക പാഠശാലയാണ് മദ്റസ. ഞാന്‍ ഒന്ന് അമ്പരന്നു. എന്തിനാണ് ഈ കുരുന്ന് മനസ്സുകളെ പ്രത്യേക വേഷത്തോടെ തങ്ങള്‍ വ്യത്യസ്തരാണെന്ന തോന്നല്‍ ഉണ്ടാക്കുംവണ്ണം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. ഇവര്‍ ഇന്ത്യക്കാരായോ മുസ്ലിംകളായോ വളരുക?’

അവര്‍ ഇന്ത്യക്കാരായ മുസ്ലിംകളായോ മുസ്ലിംകളായ ഇന്ത്യക്കാരായോ വളരുമെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നിടത്തുവെച്ചാണ്, പൗരജീവിതത്തില്‍ ‘വിള്ളലുണ്ടാകുന്നത്’. എന്നാല്‍, ഇതിനെക്കാളും അപകടകരമായി, ഗുജറാത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ‘സാമാന്യബോധം’ പ്രഗല്ഭനായ ഈ ശാസ്ത്രജ്ഞന്‍ മറ്റൊരിടത്ത്, ഗുജറാത്തിലെ ‘വഡോദരയില്‍’ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിന്‍െറ പശ്ചാത്തലത്തില്‍ ഒരല്‍പം നര്‍മം കലര്‍ത്തി, ‘ജനാഭിപ്രായമെന്ന നിലയില്‍’ അവതരിപ്പിച്ചത് വായിച്ചാല്‍ ആരും നടുങ്ങിപ്പോവും!

നിങ്ങള്‍ തീവണ്ടിയില്‍ പോവാതെ യാത്ര വിമാനത്തിലാക്കിയത് നന്നായി എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടറോടൊപ്പം ചേര്‍ന്ന സഹയാത്രികന്‍ ചര്‍ച്ച തുടങ്ങിവെച്ചത്.  ചര്‍ച്ചയുടെ ചുരുക്കം, ‘‘മുസ്ലിംകള്‍ പെട്ടെന്ന് പ്രകോപിതരായി ആളെ കൊല്ലും. അവര്‍ക്ക് അത് ജിഹാദ് ആണ്’’ എന്നായിരുന്നു. ‘‘പക്ഷേ ഗുജറാത്തില്‍ മുസ്ലിംകളെ കൊല്ലുന്നതായിട്ടാണല്ളോ പത്രങ്ങളിലെല്ലാം ഞങ്ങള്‍ വായിച്ചത്.’’ ‘‘അതെ, അതെ, ഞങ്ങളുടെ കടമ ഞങ്ങള്‍ നിര്‍വഹിച്ചു.’’ ‘‘നിങ്ങള്‍ക്കൊക്കെ ഇപ്പൊള്‍ അതുകൊണ്ടാണിവിടെ മീറ്റിങ് കൂടാന്‍ കഴിയുന്നത്’’ എന്നും ആ സഹയാത്രികന്‍ കൂട്ടിച്ചേര്‍ത്തു. അതിനെല്ലാമുപരി ദീര്‍ഘമായ സ്വന്തം സംഭാഷണം അദ്ദേഹം അവസാനിപ്പിച്ചത്, ‘‘ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ ഇന്ന് കൂടുതല്‍ ഗോദ്സെമാരെയാണ് ആവശ്യം’’ എന്ന ഫാഷിസ്റ്റ് ആശയം അമര്‍ത്തിപ്പറഞ്ഞുകൊണ്ടാണ്. ‘ഗുജറാത്ത് ഗോദ്സെ കളി’ ഇന്ത്യയിലെവിടെയും കളിക്കുമെന്ന സംഘ്പരിവാര്‍ ധാര്‍ഷ്ട്യമാണ്, വംശഹത്യാനന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രഭാത് പട്നായിക്കിനെയും കെ.എന്‍. പണിക്കരെയും ഇര്‍ഫാന്‍ ഹബീബിനെയും റൊമില ഥാപ്പറെയും അര്‍ജുന്‍ദേവിനെയും നളിനി തനേജയെയും പോലുള്ള ചരിത്രപ്രതിഭകളെ വര്‍ഗീയവിദ്വേഷം പരത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരായാണ് സംഘ്പരിവാര്‍ മുദ്രകുത്തിയിരിക്കുന്നത്!

പരുഷ യാഥാര്‍ഥ്യങ്ങള്‍
തങ്ങളൊക്കെ ചികിത്സക്ക് പോയിരുന്ന കരുണാവതി ഹോസ്പിറ്റലിലെ ആംബുലന്‍സ് വംശഹത്യ വീരരുടെ ‘പൈലറ്റ്’ വാഹനമായി മാറിയതോര്‍ത്ത് ഗുജറാത്ത് ഇര ഖുത്ബുദ്ദീന്‍ അന്‍സാരി വിങ്ങിപ്പൊട്ടുന്നു. ഒന്ന് തൊപ്പിയിട്ടാല്‍ വര്‍ഗീയവാദി എന്ന് വിളിക്കാത്ത, മുസ്ലിംകളെ പന്നി എന്ന് വിളിക്കാത്ത, എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന ഏത് പാര്‍ട്ടിയും എന്നെ സംബന്ധിച്ചിടത്തോളം മതേതര പാര്‍ട്ടിയാണെന്ന് ഖുത്ബുദ്ദീന്‍ അന്‍സാരി സാക്ഷ്യപ്പെടുത്തുന്നത് ഭയസംഭ്രമങ്ങളോടെയല്ലാതെ നാമെങ്ങനെ കേള്‍ക്കും.

ഗുജറാത്തില്‍ സംഭവിച്ചത് ഹിന്ദു-മുസ്ലിം ലഹളയല്ല.  മുസ്ലിംകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുറിവേറ്റ ഹിന്ദുമതവിശ്വാസികള്‍ നിരവധിയാണ്.  സംഘ്പരിവാര്‍ ഭീഷണികള്‍ വകവെക്കാതെ, സ്വന്തം ജീവന്‍ അപകടപ്പെടുത്തിയാണ് പതിനായിരങ്ങള്‍ വംശഹത്യക്കെതിരെ പൊരുതിയത്. ഇപ്പോഴും പൊരുതിനില്‍ക്കുന്നത്. സ്വന്തം പീഡിതജീവിതത്തിലെ ഹൃദയസ്പര്‍ശിയായൊരനുഭവം, ഖുത്ബുദ്ദീന്‍ അന്‍സാരി ആത്മഹര്‍ഷത്തോടെ ഓര്‍മിക്കുന്നു. ‘സൈനികമിത്രപരിവാര്‍’ എന്ന വിമുക്തഭടന്മാരുടെ സംഘടനയുടെ പ്രവര്‍ത്തകനായ ആനന്ദ ഷിറാഫാണ്, ഖുത്ബുദ്ദീനെ പുണെയിലേക്ക് ക്ഷണിച്ചത്. ‘അദ്ദേഹം തന്‍െറ ഷൂ അഴിച്ചുവെച്ച് എന്‍െറ അടുത്തുവന്ന് കൈകൂപ്പി തലതാഴ്ത്തി പറഞ്ഞു: ഖുത്ബുദ്ദീന്‍ ഭായ് നിങ്ങള്‍ക്ക് പുണെയിലേക്ക് സ്വാഗതം. ഗുജറാത്തില്‍ മുസ്ലിംകള്‍ക്ക് സംഭവിച്ചതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.’ ചുറ്റുപാടും ഒരുനിമിഷം അക്ഷരാര്‍ഥത്തില്‍ തരിച്ചുനിന്നു. ഞാന്‍ അദ്ദേഹത്തിന്‍െറ കൂപ്പിയ കൈകള്‍ പിടിച്ചുമാറ്റി ചോദിച്ചു: ‘‘ആനന്ദ്ഭായി നിങ്ങള്‍ എന്താണീ ചെയ്യുന്നത്?’’ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ഒപ്പം ഞാനും.’ (ഞാന്‍ ഖുത്ബുദ്ദീന്‍ ആന്‍സാരി: എഴുത്ത് സഹീദ് റൂമി). 207 അടി പൊക്കമുള്ള കമ്പില്‍ വെച്ചല്ല, ആനന്ദ് ഭായിയുടെയും ഖുത്ബുദ്ദീന്‍ അന്‍സാരിയുടെയും ആ കണ്ണുനീരില്‍ വെച്ചായിരിക്കും നാളെ ഇന്ത്യന്‍ മതനിരപേക്ഷതയും ദേശീയതയും കരുത്താര്‍ജിക്കാന്‍ പോവുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat massacre
News Summary - secularisam strengtherns from in this tears
Next Story