67 വര്‍ഷത്തെ ജീവിതത്തിനിടയില്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഏറെ വെല്ലുവിളികളെ അതിജീവിച്ച ശക്തയായ നേതാവായിരുന്നു ഇന്ദിര ഗാന്ധി. ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളില്‍ ഒരാളായി ചരിത്രത്തില്‍ ഇടംനേടിയ അവര്‍ ഇന്ത്യാരാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്.
പിതാവ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്നും മഹാത്മ ഗാന്ധിയില്‍നിന്നും മറ്റും ദേശീയതയെക്കുറിച്ചും മതേതരത്വത്തെ പറ്റിയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഇന്ദിരക്ക് അവസരം ലഭിച്ചു.
ദേശീയ സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടുകയും അതിനുശേഷം ദീര്‍ഘകാലം സ്വതന്ത്രഭാരതത്തിന് ഭരണനേതൃത്വം നല്‍കുകയും ചെയ്ത ചരിത്ര പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ജനാധിപത്യവും മതേതരത്വവും വളര്‍ത്തിയെടുത്തതും കോണ്‍ഗ്രസാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇന്ദിര ഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മതേതരത്വവും സോഷ്യലിസവും കനത്ത വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. ഫാഷിസവും അസഹിഷ്ണുതയും രാജ്യത്ത് ഭയാനക അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
സമത്വവും സ്വാതന്ത്ര്യവും അനുവദിക്കാത്ത ദുരവസ്ഥയാണ് ഫാഷിസം. ന്യൂനപക്ഷങ്ങളും ദലിതുകളുമാണ് ഫാഷിസത്തിന്‍െറ ഇരകള്‍. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും അകമഴിഞ്ഞ സ്നേഹവും വിശ്വാസവും നേടിയെടുത്ത നേതാവായിരുന്നു ഇന്ദിര ഗാന്ധി.
ഇന്ദിര ഗാന്ധിയുടെ കാലത്ത് ഫാഷിസ്റ്റ് ശക്തികള്‍ക്ക് തലപൊക്കാന്‍ സാധിച്ചിരുന്നില്ല. ഫാഷിസത്തിന്‍െറ ബീഭത്സരൂപം ആദ്യം നാം കണ്ടത് 1948 ജനുവരി 30നാണ്. ഒരു നൂറ്റാണ്ടിലെ ഇതിഹാസ പുരുഷനായ രാഷ്ട്രപിതാവ് മഹാത്മജി വധിക്കപ്പെട്ടു. മതമൗലികവാദത്തിന്‍െറയും തീവ്രവാദത്തിന്‍െറയും ഭീകരതയുടെയും ആദ്യ രക്തസാക്ഷിയായി മഹാത്മജി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതും 2002 ലെ ഗുജറാത്ത് വംശഹത്യയും ഫാഷിസ്റ്റ് അജണ്ടകളായിരുന്നു.രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തെപ്പോലും വെള്ളപൂശാനുള്ള ഹീനമായ നീക്കങ്ങള്‍ ഇന്ന് രാജ്യത്ത് നടക്കുന്നു.
ഗാന്ധിജിയെ കൊലചെയ്ത ഗോദ്സെയുടെ പ്രതിമ മീററ്റില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഗോദ്സെയുടെ പേരില്‍ ക്ഷേത്രവും നിര്‍മിക്കപ്പെടുന്നു. ഇന്ദിരയുടെ 16 വര്‍ഷത്തെ ഭരണത്തിനിടയില്‍ 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള 21 മാസത്തെ അടിയന്തരാവസ്ഥ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ദുര്‍ഭഗ കാലഘട്ടമായി രേഖപ്പെടുത്തുന്ന വസ്തുത മറച്ചുവെക്കുന്നില്ല. ആഭ്യന്തര അസ്വാസ്ഥ്യങ്ങള്‍ രാജ്യത്തിന്‍െറ ഭദ്രതയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നത് ഒരളവോളം ശരിയാണ്. എന്നാലും, നമ്മുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും മുറിവേല്‍പിച്ച സംഗതിയായിരുന്നു അടിയന്തരാവസ്ഥ.
അടിയന്തരാവസ്ഥയുടെ മറവില്‍ പൊലീസ് സിവില്‍ ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം സത്യത്തില്‍ ഇന്ദിര ഗാന്ധി അറിഞ്ഞിരുന്നത് അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷമായിരുന്നു. അടിയന്തരാവസ്ഥ വഴി രാജ്യത്തിനുണ്ടായ ദുരിതങ്ങളില്‍ ഇന്ദിര ഗാന്ധി ആത്മാര്‍ഥമായി ഖേദപ്രകടനം നടത്തിയിരുന്നു. 1966 മുതല്‍ 1977 വരെയുള്ള ഭരണത്തിന്‍െറ ഒന്നാം ഘട്ടത്തില്‍ ഇന്ദിര ഗാന്ധി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ രാജ്യത്തിന്‍െറ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഒട്ടനവധി ഭരണനേട്ടങ്ങള്‍ ഇക്കാലത്തുണ്ടായി.
കോണ്‍ഗ്രസിനകത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന അവര്‍ ധൈര്യമായി മുന്നോട്ടുപോയി. മുതലാളിത്തമല്ല സോഷ്യലിസമാണ് ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1969ല്‍ ബാങ്ക് ദേശസാത്കരണം നടപ്പാക്കിയത്. പാവങ്ങളെയും കര്‍ഷകരെയും പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് 14 സ്വകാര്യ ബാങ്കുകളെ ദേശസാത്കരിച്ചത്. ഗ്രാമവികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമായി 1975ല്‍ ഗ്രാമീണ ബാങ്കുകള്‍ സ്ഥാപിക്കപ്പെട്ടു.
ഇന്ത്യന്‍ സൈനിക ശക്തി ലോകത്തെ അറിയിക്കാന്‍ 1971ലെ പാകിസ്താന്‍ യുദ്ധവിജയത്തിലൂടെ ഇന്ദിരക്ക് കഴിഞ്ഞു. യുദ്ധവേളയില്‍ അമേരിക്ക തങ്ങളുടെ ഏഴാം കപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ‘‘വരട്ടെ, കാണാം’’ എന്നായിരുന്നു ധീരയായ ഇന്ദിര ഗാന്ധി പ്രതികരിച്ചത്. ചേരിചേരാ പ്രസ്ഥാനത്തിന്‍െറ നേതൃസ്ഥാനത്തിരുന്നും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ വിദേശനയത്തിന്‍െറ പ്രസക്തിയും പ്രാധാന്യവും ലോക നേതാക്കളെ ബോധ്യപ്പെടുത്താന്‍ ഇന്ദിര ഗാന്ധിക്ക് സാധിച്ചു. വികസിത രാജ്യങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത ഒരു ശക്തിയായി ഇന്ത്യയെ വളര്‍ത്തിയെടുത്തു.
രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കടുത്ത തീരുമാനങ്ങളുമായി അവര്‍ക്ക് മുന്നോട്ട് പോകേണ്ടിവന്നു. ഖാലിസ്താന്‍ വാദം ആയുധമേന്തിയ വിഘടനവാദമായതിനാല്‍ പട്ടാളനടപടിക്ക് ഉത്തരവിടേണ്ടിവന്നു.കുത്തക മുതലാളിത്തത്തിനെതിരെ ശക്തമായ നിലപാടെടുത്ത, പൊതുമേഖലയെ ശക്തിപ്പെടുത്തിയ ധീരയായ ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധി.
ഒരു പൊതുമേഖലാ സ്ഥാപനത്തെയും സ്വകാര്യവത്കരിക്കാന്‍ ഇന്ദിര ഗാന്ധി തയാറായില്ല. മറിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ദേശസാത്കരിച്ച് സോഷ്യലിസത്തിലേക്ക് അവര്‍ രാജ്യത്തെ നയിച്ചു. രക്തസാക്ഷിത്വം വരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒഡിഷയിലെ പ്രസംഗത്തില്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ജനകോടികളുടെ ഹൃദയത്തില്‍ ഇന്നും അലയടിക്കുന്നു. “അവസാനശ്വാസം വരെ ഞാന്‍ രാഷ്ട്രത്തെ സേവിക്കും, എന്‍െറ ഓരോ തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്തുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യും.” 1984 ഒക്ടോബര്‍ 31നാണ് ഇന്ദിര ഗാന്ധി സ്വന്തം സുരക്ഷാഭടന്മാരുടെ മുപ്പതോളം വെടിയുണ്ടകളേറ്റ് രക്തസാക്ഷിയായത്.