നീൽ ആംസ്ട്രോങ് ചന്ദ്രനിൽനിന്ന് മടങ്ങിയെത്തിയ കാലം. ലോകമാകെ സ്വീകരണമായിരുന്നു ആംസ്ട്രോങ്ങിനും സഹയാത്രികനായിരുന്ന എഡ്വിൻ ആൽഡ്രിനും. നോക്കണേ, ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ചന്ദ്രനിലെ ‘കാലുകുത്തൽ’ മത്സരത്തിൽ ആൽഡ്രിന് ഒന്നാം സ്ഥാനം നഷ്ടമായത്. അതോടെ, അദ്ദേഹം എന്നും രണ്ടാമനായി. നാടുനീളെയുള്ള സ്വീകരണത്തിലും ഇൗ വിവേചനം വ്യക്തമായിരുന്നു. എപ്പോഴും ആംസ്ട്രോങ് തന്നെയാകും ഹീറോ. ആൽഡ്രിന് അതുകഴിഞ്ഞേ ഇടമുള്ളൂ. ആൽഡ്രിൻ എന്ന വാക്കുതന്നെ ‘രണ്ടാമൻ’ എന്നതിെൻറ പര്യായമായി അമേരിക്കയിൽ പലപ്പോഴും ഉപയോഗിക്കപ്പെട്ടതും ആ ചരിത്ര പുരുഷനെ നിരാശയിലാഴ്ത്തി. ഇതോടെ വലിയ മദ്യപാനിയായി അദ്ദേഹം മാറിയെന്നാണ് ചരിത്രം പറയുന്നത്. ആയിടക്കാണ് ആൽഡ്രിെൻറ നാട്ടുകാരനായ ഒരാൾ തെൻറ ‘യൂസ്ഡ് കാർ’ വിൽപന കേന്ദ്രത്തിന് ‘ആൽഡ്രിൻ’ എന്ന പേര് നൽകിയത്. ആ കടയുടമയുടെ കരണക്കുറ്റിക്കിട്ട് ആൽഡ്രിൻ ഒന്ന് പൊട്ടിച്ചുവെന്നാണ് കഥ. പലപ്പോഴും സി.പി.െഎ എന്ന പാർട്ടിയുടെ അവസ്ഥ കാണുേമ്പാൾ ആൽഡ്രിെൻറ കഥ ഒാർമ വരും. 1980ൽ ഇടതുമുന്നണി രൂപവത്കരിച്ചതു മുതൽ ആ സഖ്യത്തിലെ ‘ആൽഡ്രിനാ’ണ് ഇൗ കക്ഷി. ഏതാനും ചില സർവകലാശാലകൾ ഒഴിച്ചുനിർത്തിയാൽ, സി.പി.എമ്മിെൻറ ഉപഗ്രഹമായി ചുറ്റിക്കറങ്ങാനാണ് എന്നും വിധി. അല്ലെങ്കിലേ, വലതുപക്ഷ കമ്യൂണിസ്റ്റ് എന്ന പേര് ദോഷമുണ്ട്. അതിനുപുറമെയാണ് ഇൗ ആൽഡ്രിൻ ബാധ. ഇൗ ദോഷത്തെ എങ്ങനെ ഒഴിപ്പിക്കുമെന്ന ചിന്തയിലായിരുന്നു പാർട്ടി ഏറെക്കാലം. അങ്ങനെയാണ് ലക്ഷണമൊത്ത ഒരാളെ കണ്ടുപിടിച്ചത്.
കോട്ടയം ജില്ലയിലെ വാഴൂരിൽനിന്ന് അങ്ങ് മോസ്കോ വരെ വളർന്ന ആ സഖാവിെൻറ പേര് കാനം രാജേന്ദ്രൻ. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ചുവടുറപ്പിച്ച് പാർട്ടിയുടെ അമരത്തെത്തിയ സഖാവിെൻറ പോക്ക് നേർദിശയിൽ തന്നെയെന്ന് ലൈക്ക് കൊടുത്ത കേന്ദ്രനേതൃത്വം, ആ വഴിയിൽ ഒരു അവസരംകൂടി നൽകിയിരിക്കുകയാണ്. പ്രതീക്ഷകളുടെ വ്യാപാരിയാണ് ഏറ്റവും നല്ല നേതാവെന്ന് നെപ്പോളിയൻ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള നേതാവാണ് കാനം. തെൻറ നാട്ടിൽ ഒരു സി.പി.െഎക്കാരനെപ്പോലും കണ്ടിട്ടില്ലെന്ന് സ്വരാജ് എം.എൽ.എ കളിയാക്കിയപ്പോഴും കുലുങ്ങാതിരുന്നത് ആ ആത്മവിശ്വാസംകൊണ്ട് മാത്രമാണ്. അല്ലെങ്കിലും ദേശീയ തലത്തിൽതന്നെ പാർട്ടിയുടെ അവസ്ഥ പരിതാപകരമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. കേരളത്തിൽ ഇപ്പോഴുള്ള രണ്ടാമൻ പദവിതെന്ന ഏതുനിമിഷവും നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. മാണിയുടെ മുന്നണി പ്രവേശനത്തെ കാനം എതിർക്കുന്നതിെൻറ പ്രധാന കാരണവും ഇൗ പദവി നഷ്ടപ്പെടാതിരിക്കാനാണ്. മുൻഗാമികൾ കാണിച്ചുതന്ന സമരമുറ കൂടിയാണത്. പണ്ട്, കരുണാകരെൻറ ഡി.െഎ.സി ഇടത്തേക്ക് വന്നപ്പോൾ ആദ്യം ലഡു െകാടുത്ത് സ്വീകരിച്ചുവെങ്കിലും പിന്നെ വെളിയം തള്ളിക്കളഞ്ഞിേല്ല. അതേ പൊളിറ്റിക്കൽ സ്ട്രാറ്റജി തന്നെയാണ് കാനവും പയറ്റുന്നത്. അപ്പോഴും മുന്നണിയെ നയിക്കേണ്ടത് ഇടതുബോധമാെണന്ന കാര്യത്തിൽ സംശയമേതുമില്ല. അതുകൊണ്ടാണ് മുന്നണിയുടെ മാന്യതക്ക് നിരക്കാത്ത പണി കാണിച്ച തോമസ് ചാണ്ടിെയ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. അന്ന് ചാണ്ടിക്കുവേണ്ടി സംസാരിച്ച പാർട്ടിക്കകത്തുള്ളവരെ മൂലക്കിരുത്താനും മറന്നില്ല. മലപ്പുറത്തും അത് പാർട്ടിക്കാർ കണ്ടു. ഇസ്മയിൽ എന്ന സഖാവ് കെ.ഇയുടെ െപാടിപോലുമില്ല കണ്ടുപിടിക്കാൻ. ചാണ്ടിക്കെതിരെ ഉയർത്തിയ കൈ പിന്നീട് സാക്ഷാൽ പിണറായി സഖാവിനുനേരെയും നീട്ടിയിട്ടുണ്ട്. അത്രയേറെ ധൈര്യശാലിയാണ്. നിലമ്പൂരിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടപ്പോൾ, അവരും സഖാക്കളാണെന്ന് ഉറക്കെപ്പറഞ്ഞത് മറ്റാരുമായിരുന്നില്ല. മാവോ വേട്ടക്കെതിരെ പ്രസംഗിക്കുകയും ലേഖനം എഴുതുകയുമൊക്കെ ചെയ്തു. തിരുവനന്തപുരം ലോ അക്കാദമി പ്രശ്നം വഷളാക്കിയത് സർക്കാറിെൻറ പിടിവാശിയാണെന്ന് ചെന്നിത്തലക്കു മുന്നേ പറഞ്ഞ് മുന്നണിക്കുള്ളിലെ പ്രതിപക്ഷ നേതാവായി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം നിലപാടിനോട് ഒട്ടും യോജിപ്പില്ലെന്നും തുറന്നടിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലും വലിയ കാഴ്ചപ്പാടുള്ള ആളാണ്. ഫാഷിസം വന്നോ ഇേല്ല എന്നത് സ്കെയിൽ നോക്കി തിട്ടപ്പെടുത്തേണ്ട ഒന്നല്ല എന്നാണ് കാരാട്ട് സഖാവിനോടുള്ള ഉപദേശം. ഒന്നാം യു.പി.എ മാതൃകയിലുള്ള േകാൺഗ്രസ് ബന്ധത്തിൽ കാനം തെറ്റുകാണുന്നില്ല. ഇൗ മോദി വിരുദ്ധ വികാരത്തിനിടയിലും, ഉടുത്തിരിക്കുന്ന മുണ്ടിനടിയിൽ കാവി ട്രൗസറാണോ എന്ന് ദോഷൈകദൃക്കുകൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുന്നുവെന്നും ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമാകുന്നുവെന്നും ആവർത്തിച്ച് പറഞ്ഞ് സംഘ്പരിവാറിെൻറ കൈയടി വാങ്ങിയത് എന്തിനാണെന്ന് ഇപ്പോഴും സമസ്യയായി തുടരുന്നു.
ആൽഡ്രിെൻറ കഥ നടക്കുേമ്പാൾ പാർട്ടിയുടെ യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ ൈവസ് പ്രസിഡൻറുമായിരുന്നു. അന്ന് 20 വയസ്സ് പ്രായം. ആ കൊല്ലം സി.പി.െഎ സംസ്ഥാന കൗൺസിലിലുമെത്തി. അഞ്ചുവർഷം കഴിഞ്ഞ് എൻ.ഇ. ബാലറാമിെൻറ കീഴിൽ സംസ്ഥാന സെക്രേട്ടറിയറ്റിലും അംഗമായി. കേരള ക്രൂഷ്ചേവ് എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, സി. അച്യുതമേനോൻ, വെളിയം ഭാർഗവൻ തുടങ്ങിയ നേതാക്കൾക്കൊപ്പം ചെറുപ്രായത്തിൽതന്നെ പ്രവർത്തിക്കാൻ അങ്ങനെ കഴിഞ്ഞു. ഇൗ കാലത്ത് പാർട്ടിയുടെ തൊഴിലാളി യൂനിയെൻറയും തലപ്പത്തെത്തി. 1982ൽ പാർട്ടിയുടെ കോട്ടയം ജില്ല സെക്രട്ടറിയായിരിക്കെയാണ് പാർലമെൻററി രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ’82ലും ’87ലും വാഴൂരിൽനിന്ന് നിയമസഭയിലെത്തി. പേക്ഷ, ’91ലും ’96ലും കാലിടറി. പിന്നെ, എ.െഎ.ടി.യു.സിയുടെ അമരത്തിരുന്ന് തൊഴിലാളി വർഗ സർവാധിപത്യത്തിനായ കാര്യങ്ങൾ നീക്കി. രാജ്യത്തുതന്നെ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികളെയും പുതുതലമുറ ബാങ്കുകൾ, െഎ.ടി, ടെലിവിഷൻ ചാനലുകൾ എന്നിവിടങ്ങളിലെ കരാർ തൊഴിലാളികളെയും സംഘടിപ്പിച്ചത് ഇൗ സമയത്താണ്. ഇതൊന്നും സി.െഎ.ടി.യു ഉൾപ്പെടെയുള്ള െതാഴിലാളി പ്രസ്ഥാനങ്ങൾക്ക് രസിച്ചിതായിരുന്നില്ല. പേക്ഷ, കാനം മുന്നോട്ടു തന്നെയായിരുന്നു. ഇൗ നിശ്ചയദാർഢ്യമാണ് പാർട്ടിയെ അദ്ദേഹം തന്നെ നയിക്കെട്ട എന്ന ചിന്തയിലേക്ക് കേന്ദ്ര നേതൃത്വത്തെ കൊണ്ടെത്തിച്ചത്. അങ്ങനെ കോട്ടയം സമ്മേളനത്തിൽ അത് യാഥാർഥ്യമായി. ഇപ്പോൾ മലപ്പുറത്തും അത് ആവർത്തിച്ചു. കൊല്ലം പാർട്ടി കോൺഗ്രസോടെ മുഖ്യപ്രതിയോഗിയായ കെ.ഇയെ മൂലക്കിരുത്തി കാനത്തിെൻറ സമഗ്രാധിപത്യമായിരിക്കും പാർട്ടിയിലെന്നാണ് നിരീക്ഷക മതം.
1950ൽ വാഴൂരിനടുത്തുള്ള കാനത്ത് ജനനം. കോട്ടയം എസ്.വി.ആർ എൻ.എസ്.എസ് സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. എസ്റ്റേറ്റ് െതാഴിലാളിയായിരുന്ന പിതാവിൽനിന്നാണ് വിപ്ലവ ചിന്തകളുടെ നാമ്പ്തളിർത്തതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കോട്ടയം ബസേലിയസ് കോളജ് പഠനകാലത്ത് ലോക്കൽ ഗാർഡിയനായിരുന്ന കോട്ടയം ഭാസിയെയാണ് രാഷ്ട്രീയ ഗുരുവായി മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. മോസ്കോ ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലും വിദ്യ അഭ്യസിച്ചിട്ടുണ്ട്. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത.