കടല് മുടിക്കാൻ ആരെയും അനുവദിക്കില്ല
text_fieldsരാജ്യത്തിന്റെ കടൽസമ്പത്തിനെയും ഉൾനാടൻ ജലാശയങ്ങളടക്കമുള്ള ഫിഷറീസ് മേഖലകളെയും മുച്ചൂടും മുടിക്കുന്ന കോർപറേറ്റ് ആർത്തിയാണ് നരേന്ദ്ര മോദി സർക്കാറിന്റെ സ്വപ്നപദ്ധതിയായ നീല സമ്പദ്വ്യവസ്ഥയുടെ ആധാരശില. എം.പിയായിരിക്കെ നൽകിയ, സമുദ്ര സമ്പത്ത് കോർപറേറ്റ് കമ്പനികളുടെ ലാഭേച്ഛക്കുവേണ്ടി വിട്ടുകൊടുക്കരുതെന്ന അപേക്ഷകളും പ്രതിഷേധങ്ങളും പാടേ അവഗണിച്ചെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കടൽതീരങ്ങളിൽ അപകടകരമായ ഖനനത്തിന് കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
മത്സ്യബന്ധനവും പരിപാലനവും അടക്കം സംസ്ഥാന സർക്കാറുകളുടെ അവകാശപരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗങ്ങളിൽ കേന്ദ്രത്തിന് ഗവേഷണങ്ങളും ഖനനവും സാധ്യമാക്കുന്ന നിയമ ഭേദഗതി കൊണ്ടുവന്ന് അതുവഴി ഏറ്റവും കൂടുതൽ ധാതുസമ്പത്തുള്ള കടൽതിട്ടകളിൽ മാന്തിപ്പറിക്കാനുള്ള ടെൻഡർ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
നിലവിൽ ഗുജറാത്തിലെയും കേരളത്തിലെയും മൂന്ന് ബ്ലോക്കുകളിൽ നിന്നും ആന്തമാൻ നികോബാറിലെ ഏഴ് ബ്ലോക്കുകളിൽനിന്നും യഥാക്രമം ചുണ്ണാമ്പ് ചളി, നിർമാണ ആവശ്യങ്ങൾക്കുള്ള കടൽ മണൽ, പൊളി മെറ്റാലിക്സ്- കൊബാൾട്ട് വിഭവങ്ങൾ എന്നിവയുടെ ഖനനമാണ് നടക്കുന്നത്. കേരളത്തിന്റെ വിവിധ കടൽ തിട്ടകളിൽ 745 ദശലക്ഷം ടൺ വരുന്ന വെള്ള മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് ഖനനം ചെയ്യാമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്കുമുന്നിൽ വന്ന ശൈലേഷ് നായിക് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യവത്കൃത ഖനന താൽപര്യങ്ങൾ രൂപപ്പെടുന്നത്.
കേരളത്തിൽ ആദ്യഘട്ടത്തിൽ ഖനനം നടക്കുന്നത് കൊല്ലം തീരത്തുനിന്ന് ഏകദേശം 30 കിലോ മീറ്റർ മാറിയുള്ള മൂന്ന് സെക്ടറുകളിലാണ്. ഇതോടെ തീരുന്നതല്ല ഈ ദുരന്തപദ്ധതി. കൊല്ലം വടക്ക്-തെക്ക് തീരങ്ങൾക്കുപുറമെ, ചാവക്കാട്, പൊന്നാനി, ആലപ്പുഴ തീരങ്ങളും പരിഹരിക്കാനാവാത്ത വിധം ദോഷങ്ങൾ സൃഷ്ടിക്കുന്ന ഖനന പദ്ധതിയുടെ ഭീഷണിയിലാണ്.
ആഗോള താപനം മൂലമുള്ള പ്രകൃതി ദുരന്ത പ്രതിഭാസങ്ങൾ മൂലം ലോകത്തെമ്പാടും കടൽ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തപ്പെടുന്ന കാലമാണിത്. അതിനിടയിലാണ് ഭൂമിയിലെ ഏറ്റവും സെൻസിറ്റിവായ പ്രകൃതി പ്രദേശമായ കടലിൽ കുത്തക കമ്പനികളുടെ ലാഭേച്ഛ മാത്രം കണ്ണിൽ കണ്ടുകൊണ്ടുള്ള ഈ ഖനനമെന്നോർക്കണം. നമ്മുടെ രാജ്യത്തെ താരതമ്യേന ഏറ്റവും സമ്പന്നമായ മത്സ്യ വിഭവ പ്രദേശമാണ് കൊല്ലം ഫിഷ് ബാങ്ക് എന്നറിയപ്പെടുന്ന കൊല്ലം പരപ്പ്. അവിടെയാണ് അദാനിയുടേതടക്കമുള്ള കമ്പനികളുടെ സക്ഷൻ ഹോപ്പർ, റോട്ടറി കട്ടർ, ബക്കറ്റ് ഡ്രഡ്ജർ തുടങ്ങിയ ഭീമാകാര മെഷിനറികൾ കടൽതിട്ട മാന്തി ഖനനം ചെയ്യാൻ ഒരുമ്പെടുന്നത്.
രാജ്യത്തെ ഏറ്റവും ഉൽപാദന ക്ഷമതയുള്ള മത്സ്യസങ്കേതമായ നമ്മുടെ കൊല്ലം തീരം ഇതോടെ നരകതുല്യമായ കെടുതികളുടെ ചുഴിയിൽ പെട്ടുപോവും. സന്റ്ലോബ്സ്റ്റർ, കരിക്കാടി, കലവ, പല്ലിക്കോര, അയല, ചാള തുടങ്ങി കയറ്റുമതി പ്രാധാന്യമുള്ളതും ആഭ്യന്തര ഭക്ഷ്യവിഭവങ്ങളിൽ ഏറെ പ്രധാനപ്പെട്ടതുമായ അനേകം മത്സ്യ വിഭവങ്ങളുള്ള ഈ ഭാഗത്താണ് സംസ്ഥാനത്തെ നാലിലൊന്ന് മത്സ്യബന്ധന തൊഴിലാളികളും കേന്ദ്രീകരിച്ചിട്ടുള്ളത്.
ധാതുമണലിന് വേണ്ടിയുള്ള ഖനനം കടലിലെ ആവാസ വ്യവസ്ഥയെ ഒരുപക്ഷേ, കാലാകാലത്തേക്ക് തകിടംമറിച്ചുകളയും. ഖനനത്തിന് വിവിധ ഘട്ടങ്ങളിലായി ഉണ്ടായേക്കാവുന്ന രാസപദാർഥങ്ങളുടെയും ലവണങ്ങളുടെയും ചോർച്ചയും രാസ പ്രക്രിയകളും കടലിനെയും കടൽ തീരത്തെയും അതുവഴി നമ്മുടെ മുഴുവൻ പ്രകൃതിയെയും പ്രതികൂലമായി ബാധിക്കും. നാട് മുടിഞ്ഞാലും കോർപറേറ്റ് താൽപര്യങ്ങൾ നടന്നുകിട്ടണം എന്നേ കേന്ദ്രം ഭരിക്കുന്നവർക്കുള്ളൂ. രാജ്യത്തെ മത്സ്യത്തൊഴിലാളികളെ പലവിധേന ദ്രോഹിച്ചുകൊണ്ടാണ് കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാർ മുന്നോട്ടുപോകുന്നത്.
ഒരുകാര്യം വ്യക്തമാക്കി പറയാം, ഞാൻ അടക്കം പതിനായിരങ്ങളുടെ മൃതശരീരം ചവിട്ടിയാലല്ലാതെ മോദിക്കും കുത്തക കൂട്ടാളികൾക്കും കേരളത്തിന്റെ കടൽ തീരത്തുനിന്ന് ഒരുതരി മണൽ പോലും കൊണ്ടുപോകാനാവില്ല. ഇത് കടലമ്മക്ക് കൊടുക്കുന്ന സത്യമാണ്. പച്ചയായ ജീവിതത്തിന്റെ ഉപ്പുനീരുള്ള സത്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.