Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘വിദ്യാകിരണം’...

‘വിദ്യാകിരണം’ തെളിച്ചവർ ആത്മഹത്യയുടെ വക്കിലാണ്

text_fields
bookmark_border
school teachers
cancel

കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഇന്നുമുതൽ സജീവമാവുകയാണ്. ഗുണമേന്മ വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാക്കിയ ഒരു രാജ്യത്ത്, അത് ലഭ്യമാക്കൽ ഭരണകൂടത്തി​ന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്നാണ്. കേരളത്തിൽ മികവിനായുള്ള വിദ്യാഭ്യാസം സംബന്ധിച്ച്​ പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രഫ. എം.എ. ഖാദർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്, വിദ്യാഭ്യാസ രംഗത്തെ യഥാർഥ ഗുണത പഠനബോധന പ്രവർത്തനമെന്ന കേന്ദ്ര ഘടകത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ്​.

പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുമായി നിരന്തരം ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന അധ്യാപകരുടെ തൊഴിൽ ഒരു വൈജ്ഞാനിക പ്രവർത്തനമാണെന്നും പുതിയ ചിന്തകളും ആശയങ്ങളും നിരന്തരമായി ഉൾക്കൊണ്ടുകൊണ്ട് അധ്യാപക മനസ്സിനെ പുതുക്കിക്കൊണ്ടേയിരിക്കണമെന്നും ആ റിപ്പോർട്ട്​ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇവ്വിധം കടമകൾക്കും ഉത്തരവാദിത്തങ്ങൾക്കുമൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ്, അധ്യാപനം എന്നത് അതിജീവനത്തിനായുള്ള ഒരു തൊഴിൽ മേഖലയാണ് എന്നതും. ഈ മേഖലയിലെ നിയമനങ്ങൾ, നിയമനാംഗീകാരം, ചെയ്യുന്ന തൊഴിലിന്​ വേതനം എന്നിവ ഉറപ്പുവരുത്തിയാൽ മാത്രമേ അധ്യാപകർക്ക്​ തങ്ങളുടെ സേവനം കാര്യക്ഷമമായി നിർവഹിക്കാൻ സാധിക്കൂ.

നിരന്തര സമരങ്ങളും പോരാട്ടങ്ങളും നടന്ന ഒരു ഭൂതകാലത്തിന്റെ തുടർച്ചയിലാണ് കേരളത്തിലെ അധ്യാപകർക്ക് സാമൂഹികമായ അംഗീകാരവും മാന്യമായ വേതനവും ലഭ്യമായത്. കാരൂരി​ന്റെ ‘പൊതിച്ചോർ’ പോലുള്ള രചനകൾ ഇന്നലെകളിലെ അധ്യാപകരുടെ സങ്കടകരമായ അവസ്ഥകളെ കൃത്യമായി വരച്ചിടുന്നുണ്ട്.

അത്തരമൊരു ഭൂതകാലത്തിലേക്ക് തിരിച്ചുപോകേണ്ടിവരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ നിലവിളികളെ തൊഴിലാളിപക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുവെന്ന് വിശേഷിപ്പിക്കുന്ന സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് നിരാശജനകം മാത്രമല്ല, ഒരു സാമൂഹിക കുറ്റകൃത്യം തന്നെയാണ്​.

‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ’വും ‘വിദ്യാ കിരണം’ പദ്ധതിയും പകർന്ന പുത്തനുണർവി​ന്റെ ഫലമായി പൊതുവിദ്യാലയങ്ങളിൽ നിരവധി കുട്ടികൾ വർധിച്ചുവെന്ന്​ വിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്. നിലവിലുള്ള വിദ്യാർഥികൾക്കും സ്കുളുകളിലേക്ക് അധികമായി എത്തിച്ചേർന്ന വിദ്യാർഥികൾക്കുമൊപ്പം പഠന ബോധന പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് അധ്യാപകരുടെ സേവനം

അത്യന്താപേക്ഷിതമാണ്. എന്നാൽ, പതിനയ്യായിരത്തിൽപരം അധ്യാപകരാണ് പൊതു വിദ്യാലയങ്ങളിൽ ഒരു വേതനവുമില്ലാതെ വിദ്യയുടെ കിരണം കെടാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നകാര്യം വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ പൊതുസമൂഹം അറിയേണ്ടതുണ്ട്​.

2016ലെ റൈറ്റ്​സ്​ ഓഫ്​ പേഴ്​സൻസ്​ വിത്ത്​ ഡിസെബിലിറ്റീസ്​ ആക്​ട്​ (RPWD ACT, 2016) അനുസരിച്ച് കേരളത്തിലെ സാമൂഹിക നീതി വകുപ്പ് 2018 നവംബർ 18ന് പുറപ്പെടുവിച്ച ഉത്തരവ് വേണ്ടത്ര ശുഷ്​കാന്തിയോടെ കൈകാര്യം ചെയ്യാഞ്ഞതാണ്​ ഈ ദുരവസ്​ഥയുടെ തുടക്കം. തുടർന്ന്​ നിയമ വ്യവഹാരങ്ങളിലേക്ക് കടന്ന ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ അഞ്ച് അക്കാദമിക വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ 2019-20 അക്കാദമിക വർഷം മുതലുള്ള ഒഴിവുകൾ-നിയമനങ്ങൾ, അധികമായി സൃഷ്ടിക്കേണ്ട തസ്തികകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗവൺമെന്റ്​ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 2019-20 വർഷം റിട്ടയർമെന്റ്​ കാരണമായി​ 4689 പോസ്​റ്റുകളിലും അധിക തസ്​തികയായി 3157 പോസ്​റ്റുകളിലും ഒഴിവുവന്നു.

2020-21 വർഷം കോവിഡ്​ സാഹചര്യത്തിൽ നിയമനങ്ങളൊന്നും അനുവദിച്ചിരുന്നില്ല. 2021-22ൽ റിട്ടയർമെന്റ്​ മൂലം 7583 ഒഴിവുകളുണ്ടായി. 2022-23 വർഷം റിട്ടയർമെന്റ്​ മൂലം 3353 ഒഴിവുകളുണ്ടായി,1207 അധിക തസ്​തികകളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി നിലവിൽ നിയമനാംഗീകാരവും വേതനവുമില്ലാതെ തുടരുന്ന അധ്യാപകരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് കാലവിളംബം വരുത്തിയേക്കുമെന്ന സാഹചര്യത്തിൽ അവർ പരമോന്നത നീതിപീഠത്തെ സമീപിച്ചു.​

മേയ് 15ന് സുപ്രീംകോടതി പുറത്തിറക്കിയ ഇടക്കാല ഉത്തരവിൽ മേയ് 15 വരെ ജോലിയിൽ തുടരുന്ന അധ്യാപകരെ സംരക്ഷിച്ചുകൊണ്ട് ഭിന്നശേഷി സംവരണത്തിൽ വരുന്ന ഉദ്യോഗാർഥികളുടെ നിയമനം ഉറപ്പാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ്​ പാലിക്കാനും, റിട്ടയർമെന്റ് ഒഴിവുകളിലും അധിക തസ്തികകളിലും നിയമനം അടിയന്തരമായി നടത്താനും സർക്കാർ സന്നദ്ധമാവണം. പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയമന നിരോധനം ഇനിയും തുടർന്നാൽ കാർഷിക മേഖലയിൽനിന്ന്​ കേൾക്കുന്ന ആത്​മഹത്യ വാർത്തകൾക്ക്​​ സമാനമായ ദുരന്ത വാർത്തകൾ അധ്യാപക മേഖലയിൽനിന്നും നമ്മൾ കേൾക്കേണ്ടിവരും.

(കെ.എച്ച്​.എസ്​.ടി.യു സംസ്​ഥാന ജന. സെക്രട്ടറിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school teachersteachers
News Summary - school teachers-On the verge of suicide
Next Story