ഇന്ന് ശുഭപ്രതീക്ഷയുടെ ശനി
text_fieldsനമ്മുടെ ശ്രദ്ധ മുഴുവൻ വെള്ളപ്പൊക്കത്തിലാണ്. അവിടെയാണ് എയർഫോഴ്സും ഹെലികോപ്ടറും ഒക്കെയുള്ളത്. അവിടെ നിന്നാണ് പരിഭ്രാന്തമായ സന്ദേശങ്ങൾ വരുന്നത്. പക്ഷേ, മരണങ്ങൾ നടക്കുന്നത് കൂടുതലും മലകളിൽ ഉരുൾപൊട്ടിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉരുൾപൊട്ടുന്നത്, അതുകൊണ്ടുതന്നെ മുൻകൂർ സന്ദേശമില്ല, രക്ഷിക്കാൻ ആളുകൾ ഓടിയെത്തുന്നുമില്ല. ഇത് കൂടിവരാൻ പോവുകയാണ്. കുറച്ചു കൂടുതൽ മാധ്യമശ്രദ്ധ അങ്ങോട്ട് തിരിയണം, പ്ലീസ്
കേരളത്തിൽ വെള്ളം ഇനിയും ഇറങ്ങിത്തുടങ്ങിയിട്ടില്ല. മൂന്നു ദിവസമായി ഔദ്യോഗികസംവിധാനങ്ങളിൽ ഉള്ളവർ പകലും രാത്രിയും വിശ്രമമില്ലാതെ ജോലിയെടുക്കുകയാണ്. നേവിയും എയർഫോഴ്സും ദുരന്തനിവാരണ സേനയും കൂടുതൽ വിഭവങ്ങൾ എത്തിച്ചെങ്കിലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിലായിട്ടില്ല. മൂന്നു രാത്രി ആയിട്ടും രക്ഷപ്പെടുത്താത്തവരും ഒരിക്കൽ രക്ഷാക്യാമ്പിലേക്ക് മാറിയശേഷം വീണ്ടും മാറേണ്ടിവരുന്നവർക്കും പരിഭ്രാന്തി കൂടുകയാണ്. ആർമിയെ വിളിക്കണം എന്ന ആവശ്യം ഉയരുന്നു. ദുരന്തനിവാരണത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന ഒത്തൊരുമ കുറയുന്നു, വീടുകളിലും കടകളിലും സാധനങ്ങൾ കുറയുന്നു, അല്ലെങ്കിൽ തീരുന്നു, കക്കൂസുകൾ നിറഞ്ഞുകവിയുന്നു, അല്ലെങ്കിൽ കക്കൂസുകൾ ഇല്ലാത്ത അവസ്ഥ, കറൻറ് പോകുന്നു, മൊബൈലിൽ ചാർജ് തീരുന്നു, വെള്ളമാണെങ്കിൽ ഇറങ്ങുന്നില്ല എന്നുമാത്രമല്ല ചിലയിടത്തെങ്കിലും കയറുകയുമാണ്. എങ്ങനെ നോക്കിയാലും ചീത്ത വാർത്തകൾ തന്നെയാണ് വരുന്നത്.
ഈ പ്രശ്നങ്ങളുടെയൊക്കെ നടുക്കും ഞാൻ പരിഭ്രാന്തനല്ല, ശുഭാപ്തിവിശ്വാസം വിട്ടിട്ടുമില്ല. കാരണമുണ്ട്:
- ലഭ്യമായ പ്രവചനങ്ങൾ അനുസരിച്ച് പല ജില്ലകളിലും മഴ കുറയണം. ശനിയാഴ്ച ആകുന്നതോടെ എല്ലായിടത്തും മഴ കുറഞ്ഞു വെള്ളമിറങ്ങിത്തുടങ്ങുന്ന സാഹചര്യം ഉണ്ടാകും.
- ഇടുക്കി അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം വിടേണ്ടിവരുന്ന സാഹചര്യമുണ്ട്. പക്ഷേ, പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ അത് ജലനിരപ്പ് ഏറെ ഉയർത്തില്ല എന്നാണ് എെൻറ കണക്കുകൂട്ടൽ. ഓരോ അടി വെള്ളം കൂടുന്തോറും കൂടുതൽ ഇടത്തേക്ക് വെള്ളം പരക്കുമല്ലോ.
- ഫേസ്ബുക്കും വാട്ട്സ്ആപ്പും നോക്കിയാൽ പതിനായിരക്കണക്കിന് എസ്.ഒ.എസ് ആണ് വരുന്നത്. ലക്ഷക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ് എന്നു തോന്നും. ഇത് ശരിയല്ല, ഓരോ സന്ദേശവും ആയിരങ്ങൾ ഷെയർ ചെയ്യുകയാണ്, ഇതാണ് കൂടുതൽ പരിഭ്രാന്തി ഉണ്ടാക്കുന്നത്. മാധ്യമങ്ങൾ പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നത് ശരിയാണെങ്കിലും ഏറ്റവും കൂടുതൽ പ്രശ്നമുള്ള സ്ഥലങ്ങൾ എടുത്തെടുത്ത് കാണിക്കുന്നത് ആളുകളെ ഭയപ്പെടുത്തുകയാണ്. മൂവാറ്റുപുഴ മുങ്ങി എന്ന തലക്കെട്ട് കണ്ടു ഞാൻ നോക്കുമ്പോൾ കാണുന്നത് മുട്ടിനു താഴെ വെള്ളത്തിൽ നൂറുകണക്കിന് ആളുകൾ റോഡിലൂടെ പോകുന്നതാണ്. ഈ അവസരത്തിലെങ്കിലും പത്രക്കാർ നാടകീയത കുറക്കണം, വാസ്തവം കൃത്യമായി മാത്രം റിപ്പോർട്ട് ചെയ്യണം. അതു നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഒരു കാര്യം കൂടെ പറയാം, അധികം ടി.വി കാണാതിരിക്കുക, കുട്ടികളെ കാണിക്കാതിരിക്കുക. വാട്ട്സ്ആപ്പിൽ വരുന്ന ദുരന്ത സന്ദേശങ്ങൾക്ക് അധികം ചെവികൊടുക്കരുത്. ഒരാൾ കുടുങ്ങിക്കിടന്നു കരയുന്നത് ഒരു ലക്ഷം പേർ കണ്ടു കഴിയുമ്പോൾ അവരുടെ എല്ലാം ആത്മവിശ്വാസമാണ് ചോരുന്നത്.
- പ്രളയം എന്നാൽ സൂനാമി പോലെയോ ഭൂകമ്പം പോലെയോ ഗ്യാസ് ലീക്ക് പോലെയോ അഗ്നിപർവതം പോലെയോ ആളുകളെ മൊത്തമായി കൊന്നൊടുക്കുന്ന ഒന്നല്ല. കെട്ടിടത്തിെൻറ മുകളിൽ കയറിനിൽക്കേണ്ടി വരുന്നതും ഭക്ഷണം തീർന്നുപോകുന്നതും ചുറ്റും വെള്ളം പൊങ്ങുന്നത് കാണുന്നതും ഒക്കെ ഏറെ ഭീതി ഉണ്ടാക്കും. പക്ഷേ, അതൊന്നും ആരെയും കൊല്ലില്ല. ജനീവയിൽ സുഖമായിരുന്നിട്ട് പേടിക്കേണ്ട എന്ന് പറയുന്നതിൽ അർഥമില്ല എന്നറിയാം. എന്നാലും ഫ്ലാറ്റുകളിലോ രണ്ടു നിലക്ക് മുകളിൽ ഉള്ള കെട്ടിടങ്ങളിലോ ഒക്കെ ഉള്ളവർ ഉടൻ ആളുകൾ രക്ഷിച്ചില്ലെങ്കിലും മരണമടുത്തു എന്നൊന്നും കരുതരുത്.
- കേരളത്തിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാവരും പ്രളയബാധിതർ തന്നെയാണ്. പക്ഷേ, മഴകൊണ്ട് വീടു വിട്ടുപോകേണ്ടി വന്നവർ ഇപ്പോഴും ജനസംഖ്യയുടെ അഞ്ചു ശതമാനം പോലുമില്ല. അതായത്, 90 ശതമാനത്തിലധികം ആളുകളും മറ്റുള്ളവരെ സഹായിക്കാൻ സാധ്യതയുള്ളവരാണ്. ബഹുഭൂരിപക്ഷം വീടുകളും ഇപ്പോഴും വെള്ളം കയറാത്തതുമാണ്.
- കേരളത്തിൽ ക്യാമ്പുകളുടെ എണ്ണം കൂട്ടണമെങ്കിൽ നൂറുകണക്കിന് സ്ഥാപനങ്ങൾ, കോളജുകൾ, അവയുടെ ഹോസ്റ്റലുകൾ എന്നിവയൊക്കെയുണ്ട്. പക്ഷേ, ബഹുഭൂരിപക്ഷം പ്രളയബാധിതരും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലാണ്, അതാണ് അതിെൻറ ശരിയും.
- ഭക്ഷണത്തിനും പാലിനും അൽപം ക്ഷാമം ഒന്നോ രണ്ടോ ദിവസം ഉണ്ടായെന്ന് വരാം. പക്ഷേ, കേരളത്തിലേക്ക് ഭക്ഷണവസ്തുക്കൾ വരുന്ന സ്ഥലത്തൊന്നും പ്രളയം ബാധിച്ചിട്ടില്ല. അതുകൊണ്ട് മഴ മാറിയാൽ രണ്ടു ദിവസത്തിനകം സപ്ലൈ ചെയിൻ സാധാരണ രീതിയിലാകും. ലോകത്ത് ദുരന്തങ്ങൾക്കുശേഷം ഭക്ഷണത്തിന് ക്ഷാമമുണ്ടാകുന്നത് ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തതുകൊണ്ടാണ്. കേരളത്തിൽ പൊതുവെ അതൊരു പ്രശ്നമല്ല.
- എെൻറ ജഡ്ജ്മെൻറ് ശനിയാഴ്ചയോടെ കാര്യങ്ങൾ കൂടുതൽ നിയന്ത്രണ വിധേയമാകും എന്നും ഞായറാഴ്ചയോടെ പരിഭ്രാന്തി ഏറെ കുറയുകയും ചെയ്യുമെന്നാണ്.
- വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലെ ഏറ്റവും നാടകീയമായ കാര്യങ്ങൾ സർച്ച് ആൻഡ് റെസ്ക്യൂ ആണെങ്കിലും ഏറ്റവും പ്രധാനമായ കാര്യങ്ങൾ വരാൻ തുടങ്ങുന്നതേ ഉള്ളൂ. കേരളത്തിലെ മുഴുവൻ യുവതീ യുവാക്കളെയും ഉൾപ്പെടുത്തി വേണം കേരളത്തിലെ റിക്കവറി നടത്താൻ. മറുനാടൻ മലയാളികൾക്ക് അതിൽ വലിയ പങ്കുണ്ട്.
ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം, നമ്മുടെ ശ്രദ്ധ മുഴുവൻ വെള്ളപ്പൊക്കത്തിലാണ്. അവിടെയാണ് എയർഫോഴ്സും ഹെലികോപ്ടറും ഒക്കെയുള്ളത്. അവിടെ നിന്നാണ് പരിഭ്രാന്തമായ സന്ദേശങ്ങൾ വരുന്നത്. പക്ഷേ, മരണങ്ങൾ നടക്കുന്നത് കൂടുതലും മലകളിൽ ഉരുൾപൊട്ടിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉരുൾപൊട്ടുന്നത്, അതുകൊണ്ടുതന്നെ മുൻകൂർ സന്ദേശമില്ല, രക്ഷിക്കാൻ ആളുകൾ ഓടി എത്തുന്നുമില്ല. ഇതു കൂടി വരാൻ പോവുകയാണ്. കുറച്ചു കൂടുതൽ മാധ്യമശ്രദ്ധ അങ്ങോട്ട് തിരിയണം പ്ലീസ്.
(െഎക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
