Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശാന്തിശ്രീമന്ത്രം

ശാന്തിശ്രീമന്ത്രം

text_fields
bookmark_border
ശാന്തിശ്രീമന്ത്രം
cancel

രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ആയിരത്തിലേറെ ഏക്കറിലായി നീണ്ടുകിടക്കുന്നൊരു സർവകലാശാലയുണ്ട് -ജെ.എൻ.യു. ജവഹർലാൽ ​നെഹ്റു യൂനിവേഴ്സിറ്റി. സ്വതന്ത്രഭാരതത്തെ ഇന്നീ കാണുംവിധം ചിട്ടപ്പെടുത്തിയ മഹാന്റെ ഓർമക്കായി അദ്ദേഹത്തിന്റെ മരണശേഷം പാർലമെന്റിൽ പ്രത്യേക നിയമം നിർമാണം നടത്തി കെട്ടിപ്പൊക്കിയതാണീ കലാശാല.

രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്ന് എന്ന് നിസ്സംശയം പറയാം. പക്ഷേ, പുതിയ ഭരണകർത്താക്കൾക്ക് ടി രാഷ്ട്രശിൽപി തികഞ്ഞൊരു ദുശ്ശകുനമാണ്. രാജ്യം അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങളുടെയും നാരായവേര് ആ പേരിലിരിക്കുന്നുവെന്നാണ് അവർ പറയുന്നത്. അപ്പോൾ ജെ.എൻ.യു അഭിമാനസ്തംഭമാകുന്നതെങ്ങനെയെന്നാണ് മില്യൺ ഡോളർ ചോദ്യം. ചിന്തിക്കുക, ചോദ്യം ചെയ്യുക തുടങ്ങി ആർഷ ഭാരത സംസ്കാരത്തിന് നിരക്കാത്ത പല അനാചാരങ്ങളിലേക്കും യുവതലമുറയെ തള്ളിവിടുന്നു എന്ന ആക്ഷേപവും അവർക്കുണ്ട്.

അതൊരു ദേശവിരുദ്ധ കേന്ദ്രം തന്നെ. അവരെ സംബന്ധിച്ച് ജെ.എൻ.യു എന്നാൽ 'ജിഹാദി- നക്സൽ യൂനിവേഴ്സിറ്റി' എന്നാകുന്നു. അതിനാൽ, ഈ കാമ്പസിന്റെ 'ശുദ്ധീകരണം' മോദിഭക്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതികളിലൊന്നാണ്. ഭരണത്തിലേറിയ നാൾതൊട്ട് അതിനായുള്ള തീവ്രശ്രമത്തിലുമായിരുന്നു. ആ ദൗത്യത്തിന് ഇനി വേഗമേറുമെന്ന് നൂറ്തരം; വി.സിയായി തലപ്പത്തുവന്നിരിക്കുന്നത് ലക്ഷണമൊത്തൊരാളാണ്!

ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് എന്നാണ് പൂർണനാമധേയം. ജെ.എൻ.യുവിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത വി.സിയാണ്. ഗവേഷണ ബിരുദം നേടിയത് ഇവിടെനിന്നായിരുന്നു. 'നെഹ്റുവിന്റെ കാലത്തെ പാർലമെന്റും വിദേശ നയവും' എന്നതായിരുന്നു ഗവേഷണ ബിരുദം. നോക്കു, രാഷ്ട്രശിൽപിയുടെ പേരിലുള്ള സർവകലാശാലയിൽ ആ മഹാന്റെ ഇ​ടപെടലുകളെക്കുറിച്ച് പഠനംനടത്തിയ ഒരു വനിത ആ സ്ഥാപനത്തിന്റെ മേധാവിയായി ചുമതലയേറ്റിരിക്കുകയാണ്. ഇതിൽപരമൊരു അഭിമാന മുഹൂർത്തം വേറെയുണ്ടാകുമോ? പക്ഷേ, കാമ്പസിലും പുറത്തും ആനന്ദ നൃത്തമൊന്നും കാണുന്നില്ല; സകലരും മൂക്കത്ത് വിരൽവെച്ച് നിൽക്കുകയാണ്.

ആറു വർഷമായി, ആ പദവിയിലിരുന്ന എം. ജഗദേശ് കുമാർ ഉഴുതുമറിച്ച മണ്ണിലേക്കാണ് ശാന്തിശ്രീ കടന്നുവരുന്നത്. കാമ്പസിൽ അത്യാവശ്യം സ്വാധീനമുള്ള, ഭാവിയിൽ രാജ്യത്തിന് പുതിയ രാഷ്ട്രീയ ചിന്തകൾ കൈമാറാൻ ശേഷിയുള്ള ഏതൊരു വിദ്യാർഥിക്കും 'ജിഹാദി-നക്സൽ- രാജ്യദ്രോഹി പട്ടം' നൽകാനുള്ള സംവിധാനമൊരുക്കിയാണ് ജഗദേശ് ജി പടിയിറങ്ങിയത്. ഓർമയില്ലെ, കനയ്യയും ഉമർ ഖാലിദുമെല്ലാം ദിവസങ്ങ​ളോളം ജയിലിൽ കിടന്നത്. അവരെ ദേശദ്രോഹികളാക്കാൻ വ്യാജ വിഡിയോയും മറ്റും പ്രത്യേകം സജ്ജമാക്കി. മറുവശത്ത്, അക്കാദമികരംഗത്തെ പരമാവധി കാവിയിൽ പുതപ്പിച്ചിട്ടുമുണ്ട്. കുറഞ്ഞകാലം കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്രയും വലിയ വിപ്ലവം സൃഷ്ടിച്ച ജഗദേശിന്റെ സേവനം ജെ.എൻ.യുവിൽ മാ​ത്രമായി പരിമിതപ്പെടുത്തുന്നത് മറ്റൊരു ദേശദ്രോഹമാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം, അധികാരികൾ അദ്ദേഹത്തെ യു.ജി.സിയുടെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്.

ജെ.എൻ.യു മാത്രമല്ല, മൊത്തം കലാലയങ്ങളിലും കാവിവിപ്ലവം പരക്കട്ടെ! എന്നുവെച്ച്, ജെ.എൻ.യുവിനെ അനാഥമാക്കിക്കൂടാ. ജഗദേശിനോട് കിടപിടിക്കുന്ന മറ്റൊരാൾതന്നെ പിൻഗാമിയായി വേണം. അന്വേഷണത്തിന് നേതൃത്വം നൽകിയത് ഏതോ സൈബർ കർസേവകനാണെന്ന്​ തോന്നുന്നു. കേന്ദ്ര സർക്കാറിനെതിരായ ഏത് സമരങ്ങൾക്കെതിരെയും വിദ്വേഷ പോസ്റ്റുകൾ ട്വിറ്ററിൽ വാരിവിതറുന്ന ഒരു അക്കൗണ്ടിലേക്കാണ് അന്വേഷണം ചെന്നെത്തിയത്. പുണെ സാവിത്രിബായ് ഫൂലെ സർവകലാശാലയിൽ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രഫസറാണ് കക്ഷി. സാ​ങ്കേതികമായി നോക്കുമ്പോൾ, വൈസ് ചാൻസലർ പദവിക്ക് യോഗ്യയുമാണ്. അതിനെല്ലാമപ്പുറം, ഓരോ ട്വീറ്റിലും മോദിഭക്തിയും പരവിദ്വേഷവും സമൃദ്ധം.

ഓരോ പോസ്റ്റിനും അക്കാദമിക് അപ്രോച്ചാണ്. ഉദാഹരണത്തിന് ഗാന്ധിവധം തന്നെയെടുക്കാം. കാഷായവേഷം ധരിച്ച ഒരു സംഘ്പരിവാർ പ്രവർത്തക ഗാന്ധിചിത്രത്തിനുനേരെ വെടിയുതിർക്കുന്നതുപോലെയല്ല ഗോദ്ക്കുസെക്കുവേണ്ടിയുള്ള ന്യായീകരണം. പുതിയൊരു ന്യായവാദം ചമക്കുകയാണ് ശാന്തിശ്രീ ഇവിടെ. അതിങ്ങനെയാണ്: ''ഞാൻ ഗാന്ധിയോടും ഗോദ്സെയോടും യോജിക്കുന്നു. രണ്ട് പേരും ഗീത വായിച്ചിട്ടുണ്ട്. പക്ഷേ, വിപരീത പാഠങ്ങളാണ് പഠിച്ചത്. പ്രവൃത്തിക്കാണ് ഗോദ്സെ പ്രാധാന്യം കൊടുത്തത്. അഖണ്ഡ ഭാരതത്തിനുവേണ്ടി അദ്ദേഹം കണ്ട പരിഹാര മാർഗം, ഗാന്ധിയെ വധിക്കുക എന്നതായിരുന്നു''. എങ്ങനെയുണ്ട് ശാന്തിശ്രീയുടെ ഗോദ്സെ ഭക്തി! ഈ യുക്തിവെച്ച്, ജെ.എൻ.യുവിൽനിന്ന് നെഹ്റുവിന്റെ ഓർമകൾ മായ്ഞ്ഞുപോകാൻ അധികം കാലതാമസം വേണ്ടിവരില്ല.

ഇത്തരം അക്കാദമിക് വംശീയ ട്വീറ്റുകൾക്കുപുറമെ, 'അനുരാഗ് ഠാകുർ- പ്രജ്ഞാ സിങ് മോഡൽ ' ട്വീറ്റുകളും വാളിൽ സുലഭമാണ്. മോദി വിരുദ്ധ കാഴ്ചപ്പാടുള്ളവരെല്ലാം പതിവുപോലെ 'ജിഹാദി'കളാണ്; ചില ഘട്ടങ്ങളിൽ 'നക്സലുക'ളും. 'ചൈനാഭക്ത'രായ ഇടതുപക്ഷക്കാർ 'മാനസിക നിലതെറ്റിയ ജിഹാദികൾ' എന്ന സവിശേഷ ഗ്രൂപ്പിൽ ഉൾപ്പെടും. ക്രൈസ്‍തവ മതവിശ്വാസികൾ 'അരിസഞ്ചിക്കായി മതം മാറിയവരാ'ണ്. മുസ്‍ലിംകളല്ലാത്തവരെല്ലാം ലൗവ് ജിഹാദിനെതിരെ കരുതിയിരിക്കണമെന്ന ഉപദേശവും ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട്. കർഷക സമരം നടക്കുമ്പോൾ മോദിയോട് ഐക്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

രാകേഷ് ടികായത്ത് അടക്കമുള്ള സമരനേതാക്കളെ 'ഇത്തിൾകണ്ണികൾ' എന്നാണ് വിശേഷിപ്പിച്ചത്. ഏതാനും റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്താനുള്ള കേന്ദ്രനീക്കത്തിന് സുപ്രീംകോടതി പച്ചക്കൊടി വീശിയപ്പോൾ അതിനെ കൈയടിച്ച് പിന്തുണ ​പ്രഖ്യാപിച്ചിട്ടുണ്ട്. ജെ.എൻ.യുവിലും തൊട്ടടുത്തുള്ള ജാമിഅയിലും സെന്റ് സ്റ്റീഫൻസിലുമെല്ലാം ജിഹാദികൾ അഴിഞ്ഞാടുകയാണെന്ന് സി.എ.എ സമരകാലത്ത് നിരന്തരം അലമുറയിട്ടവരുടെ കൂട്ടത്തിലുമുണ്ട് പുതിയ വി.സി. വൈസ്ചാൻസലറുടെ പണ്ഡി​തോചിതമായ ഈ 'ശാന്തിശ്രീ മന്ത്ര'ങ്ങൾ തേടി ആരെങ്കിലും ട്വിറ്ററിൽ പരതിയാൽ നിരാശപ്പെടു​കയേയുള്ളൂ.

വി.സിയായി നിയമനം ലഭിച്ചതിന്റെ തൊട്ടടുത്ത നിമിഷങ്ങളിൽ അതെല്ലാം നീക്കം ചെയ്തിരിക്കുന്നു. പോയിനോക്കിയാൽ, അങ്ങനെയൊരു അക്കൗണ്ടുതന്നെയും കാണാനാവില്ല. പത്രക്കാർ ചോദിച്ചപ്പോൾ പറഞ്ഞത്, തനിക്ക് ട്വിറ്റർ അക്കൗണ്ടില്ലെന്നാണ്. ആരോ തന്റെ പേരിൽ വ്യാജ ഐഡി നിർമിച്ചുവത്രെ. തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ പഴയവാദത്തിൽ അൽപം പിന്നാക്കം പോയി: പണ്ട് ചില ട്വിറ്റർ ബന്ധമൊക്കെയുണ്ടായിരുന്നു; ആറ് വർഷം മുമ്പ്, സ്വന്തം മകളുടെ നിർദേശ പ്രകാരം അത് ഡിലീറ്റ് ചെയ്തു.

ട്വിറ്ററിൽനിന്ന് ഡിലീറ്റ് ചെയ്താലും 'ശാന്തിശ്രീമന്ത്ര'ങ്ങൾ ജനകോടികളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. തീ കൊളുത്തുക എന്ന ധർമം മാ​ത്രമേ ശാന്തിശ്രീക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രചാരണം ഉന്മാദികളായ ആൾക്കൂട്ടത്തിന്റേതാണ്. അതവർ വൃത്തിയായി ചെയ്യുന്നുണ്ട്. പുതിയ ദൗത്യം ജെ.എൻ.യുവിലാണ്. ആ ദൗത്യത്തിൽ ശുഭാപ്തി വിശ്വാസമുണ്ട്. വി.സിയുടെ കസേരയിലിരുന്ന് തയാറാക്കിയ ആദ്യ പത്രക്കുറിപ്പ് ശ്രദ്ധിച്ചില്ലെ. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് പുതിയൊരു അക്കാദമിക പശ്ചാത്തലം ജെ.എൻ.യുവിൽ ഒരുക്കു​മെന്ന് ശപഥം ചെയ്തിരിക്കുകയാണ്. കാവിവത്കരണത്തിന്റെ പുതിയ പരീക്ഷണശാലയായി ജെ.എൻ.യു മാറുമെന്നുറപ്പ്.

1962ൽ സോവിയറ്റ് യൂനിയനിലെ ലെനിൻഗ്രാഡിൽ ജനനം. തമിഴ്നാട്ടുകാരനായ ധുലിപുഡി ആഞ്ജനേയുലുവിന്റെയും എം. ആദിലക്ഷ്മിയുടെയും മകൾ. ധുലിപുഡി മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമൊക്കെയായിരുന്നു. ആദിലക്ഷ്മി ലെനിൻഗ്രാഡിലെ ഒാറിയന്റൽ സർവകലാശാലയിൽ അധ്യാപികയും. പ്രാഥമിക വിദ്യാഭ്യാസം തൊട്ട് ബിരുദ പഠനംവരെയും മദ്രാസിലായിരുന്നു. എം.ഫിൽ പഠനത്തിനാണ് ജെ.എൻ.യുവിലെത്തിയത്. 1990ലാണ് ഇന്റർനാഷനൽ റിലേഷനിൽ പി.എച്ച്.ഡി നേടിയത്. അതിനു രണ്ട് വർഷം മുമ്പ്തന്നെ, ഗോവ സർവകലാശാലയിൽ രാഷ്ട്രമീമാംസ അധ്യാപികയായി. നാലു വർഷത്തിനുശേഷം, പുണെ സർവകലാശാലയിൽ ലെക്ചററായി ചേർന്നു.

രാജ്യത്തെ വിവിധ സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നിട്ടുണ്ട്. ഏതാനും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അധ്യാപികയായിരിക്കെ ക്രമവിരുദ്ധമായി നടത്തിയ ചില ഇടപെടലുകൾ ഇതിനിടയിൽ വിവാദമായെങ്കിലും വി.സി നിയമനത്തിൽ അതൊന്നും തടസ്സമായിട്ടില്ല. നിരഞ്ജൻ ബി. പണ്ഡിറ്റ് ആണ് ജീവിത സുഹൃത്ത്. ഒരു മകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNU VCSantishree Dhulipudi
News Summary - Santishree Dhulipudi: JNU VC
Next Story