സൻസ്കാരി
text_fieldsമാനമര്യാദകളില്ലാത്ത, പുറത്തു പറയാനോ കേൾക്കാനോ കൊള്ളാത്ത വാക്കുകളെയും പ്രയോഗങ്ങളെയും ‘അൺ പാർലമെന്ററി’ എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ, ആലായാൽ തറയും ആലിനു ചേർന്ന കുളവും കുളത്തിൽ ചെന്താമരയും വേണമെന്നതുപോലെ പുതിയ പാർലമെന്റിൽ അതിനൊത്ത പദാവലികളും വേണമെന്ന് പുതിയ ഇന്ത്യയുടെ ഉത്സാഹക്കമ്മിറ്റിക്കാർ തീരുമാനിച്ചുവെച്ചിട്ടുണ്ട്.
അജണ്ടയെന്തെന്ന് മുൻകൂർ പറയാതെ പുതുമന്ദിരത്തിൽ വിളിച്ചുചേർത്ത കന്നിസമ്മേളനം ഓർമിക്കപ്പെടുക പുതിയ പേരും പിതൃത്വവും നൽകി, എന്നു നടപ്പാക്കുമെന്ന് ഉറപ്പില്ലാതെ പാസാക്കിയ വനിത സംവരണ ബില്ലിന്റെ പേരിൽ മാത്രമാകില്ല, 76 വർഷത്തെ ജനാധിപത്യ ഇന്ത്യാ ചരിത്രത്തിൽ സഭക്കുള്ളിൽ ആദ്യമായി കേട്ട ചില വിദ്വേഷ വാക്കുകളുടെ പേരിൽ കൂടിയായിരിക്കും.
മൂവർണക്കൊടി ചന്ദ്രനോളം ഉയർന്നുപാറിച്ച ‘ചന്ദ്രയാൻ ത്രീ’ യെക്കുറിച്ചുള്ള ചർച്ചക്കിടെ ജനങ്ങളുടെ വോട്ടുനേടി ജയിച്ച് സഭയിലെത്തിയ കുൻവർ ഡാനിഷ് അലി എന്ന സഹഅംഗത്തെ മുഖത്തുനോക്കി ‘ആതംഗവാദി (ഭീകരവാദി), ഭട് വാ (കൂട്ടിക്കൊടുപ്പുകാരൻ), കട് വാ (പരിഛേദനയേറ്റവൻ) എന്നുവിളിച്ച രമേഷ് ബിധുരി സഭയിലെ ബാക്കിയുള്ള 302 ബി.ജെ.പി പ്രതിനിധികളിൽ പലരെയും ഹിമന്ദ ബിശ്വ ശർമയെപ്പോലുള്ള മുഖ്യമന്ത്രിമാരെയും എം.എൽ.എമാരെയുമൊക്കെ അസൂയപ്പെടുത്തിക്കളഞ്ഞു.
പ്രസംഗം തത്സമയം സംപ്രേഷണം ചെയ്ത സൻസദ് ടി.വിയിലെ ദൃശ്യങ്ങളിൽ തൊട്ടരികിലിരുന്ന് കുലുങ്ങിച്ചിരിക്കുന്ന മുതിർന്ന അംഗങ്ങളുടെ ശരീരഭാഷ കണ്ടാലറിയാം പുറത്തുപറയാനാകാതെ ഉള്ളിൽകൊണ്ടുനടന്ന പ്രയോഗങ്ങളായിരുന്നു ഇതെല്ലാമെന്ന്.
പ്രതിപക്ഷ അംഗങ്ങളും ചില മാധ്യമങ്ങളും അതു ചൂണ്ടിക്കാട്ടിയതോടെ, അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ് പാർലമെന്റിനകത്തും പുറത്തും മാന്യമായ പെരുമാറ്റത്തെ മാത്രമേ പിന്തുണച്ചിട്ടുള്ളൂവെന്നും അധിക്ഷേപാര്ഹമായ എല്ലാവിധ പ്രയോഗങ്ങൾക്കും എതിരാണെന്നും പറഞ്ഞൊഴിഞ്ഞു.
അപ്പോഴും ബിധുരി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞില്ല. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ സൻസ്കാരികളായി വാഴ്ത്തിയ പാർട്ടിയായതുകൊണ്ട് ഇതിലൊന്നും തെറ്റുതോന്നാൻ വഴിയില്ല. മൃദുഭാഷിയും ശാന്തനുമായി അറിയപ്പെടുന്ന മുൻമന്ത്രി ഡോ. ഹർഷവർധൻ ചിരിക്കുന്നതുകണ്ട് രാജ്ദീപ് സർദേശായിയെപ്പോലുള്ള മാധ്യമപ്പുലികൾവരെ ഞെട്ടി.
ജമാമസ്ജിദും ബല്ലിമറാനും ഉർദു ബസാറുമുൾപ്പെടെയുള്ള പ്രദേശങ്ങളടങ്ങുന്ന ചാന്ദ്നി ചൗക് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ഡോക്ടർ സാഹിബ് ഒന്നുകിൽ അന്നേരം പാർലമെന്റിൽനിന്ന് കൊടുത്ത ടാബിൽ ടോം ആൻഡ് ജെറി കാണുകയായിരുന്നു, അല്ലെങ്കിൽ പ്രസംഗിച്ചതെന്തെന്ന് ചെയറിലിരുന്ന കൊടിക്കുന്നിൽ സുരേഷിനെപ്പോലെ തിരിഞ്ഞിട്ടുണ്ടാവില്ല.
വർഗീയതയെ ചെറുക്കാൻ കെട്ടിയുണ്ടാക്കിയ ഇൻഡ്യ മുന്നണിക്ക് ഏതാനും മാസത്തിനുള്ളിൽ വോട്ടുചോദിച്ചിറങ്ങാനുള്ള സാക്ഷാൽ കൊടിക്കുന്നിൽ വിശദീകരിക്കുന്നത്, പരിഭാഷ സംവിധാനം പ്രവർത്തിക്കാതിരുന്നതുമൂലം ബിധുരി പറഞ്ഞത് മനസ്സിലായില്ല എന്നാണല്ലോ.
ഒരു കുടം വെള്ളമൊഴിച്ച് കെടുത്താമായിരുന്ന തീപിടിത്തം യദാസമയം തടയാതെ ദുരന്തത്തിൽ നാശം പറ്റിയവർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ആവശ്യപ്പെടുന്നതുപോലെ ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർലക്ക് കത്തയച്ചിട്ടുണ്ടിപ്പോൾ; വിദ്വേഷ പ്രസംഗം തടയണമെന്ന് ആവശ്യപ്പെട്ട ഡാനിഷ് അലിയെ അച്ചടക്കം പഠിപ്പിക്കുന്ന തിരക്കിനിടയിൽ അതൊന്നും ശ്രദ്ധിക്കാനും പറ്റിയിട്ടുണ്ടാകില്ല.
കുറുമ്പ് ലേശം കൂടുന്നു, ഇനി വല്ലതും പറഞ്ഞാൽ കാണിച്ചുതരാമെന്നു പറഞ്ഞ് ബിധുരിയുടെ പരാമർശങ്ങൾ രേഖകളിൽനിന്ന് നീക്കിയിട്ടുണ്ട് ഭരണപക്ഷത്തിന് ഇഷ്ടമില്ലാത്ത പ്രയോഗങ്ങൾ നടത്തുന്ന അംഗങ്ങളെ അന്നേക്കന്ന് പിടിച്ച് സഭക്ക് പുറത്താക്കുന്ന ശീലമുള്ള സ്പീക്കർ. പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം കനത്തപ്പോൾ സഭയിലെ ഉപനേതാവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ് ക്ഷമ ചോദിച്ചു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അംഗത്തിന് കത്തു നൽകിയെന്ന് വാർത്തകൾ കണ്ടിരുന്നു. പക്ഷേ, അർഹതക്കുള്ള അംഗീകാരപത്രം കാത്തിരിക്കുന്നുവെന്ന് വ്യക്തമായത് പിന്നീടാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ടോങ്ക് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാനുള്ള ചുമതലയാണ് പാർട്ടി ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്.
1961ൽ ജനിച്ച രമേഷ് കളിച്ചുവളർന്നത് ആർ.എസ്.എസ് ശാഖയിലാണ്. ശഹീദ് ഭഗത് സിങ് കോളജിൽ പഠിക്കുമ്പോൾ എ.ബി.വി.പി നേതാവും ഡൽഹി സർവകലാശാലയിലെ വിദ്യാർഥി കൗൺസിലറുമായിരുന്നു. മീറത്തിലെ ചൗധരി ചരൺസിങ് യൂനിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദം. തുഗ്ലക്കാബാദിൽനിന്ന് മൂന്നുവട്ടം ഡൽഹി നിയമസഭാംഗമായി. ഹിന്ദുത്വ തരംഗം വീശിയ 2014ലും 2019ലും സൗത്ത് ഡൽഹിയിൽനിന്ന് ലോക്സഭയിലേക്ക്.
മത്സ്യത്തിന് ജലമെന്നപോലെയാണ് വിദ്വേഷ പ്രസംഗം. 2015ൽ നടത്തിയ ലൈംഗിക അധിക്ഷേപ പരാമർശത്തെത്തുടർന്ന് പി.കെ. ശ്രീമതി ടീച്ചർ ഉൾപ്പെടെ അന്നത്തെ അഞ്ച് പാർലമെന്റംഗങ്ങൾ പരാതി നൽകിയതാണ്. 2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും ബി.എസ്.പി മേധാവി മായാവതിയെയും അതിഹീന ഭാഷയിൽ അവഹേളിച്ചു.
പാലിച്ച തെരഞ്ഞെുടുപ്പ് വാഗ്ദാനങ്ങളുടെ പട്ടിക ബി.ജെ.പി പുറത്തുവിടണമെന്ന ആവശ്യത്തിന് ‘കല്യാണം കഴിഞ്ഞ് അഞ്ചോ ഏഴോ മാസത്തിനുള്ളിൽ പേരക്കുട്ടിയുണ്ടാകുന്ന സംസ്കാരം ഇറ്റലിയിലുണ്ടാകും, അത് ഞങ്ങളുടെ സംസ്കാരമല്ല. കോൺഗ്രസ് കുടുംബത്തിലോ മായാവതി ജിയുടെ വീട്ടിലോ മാത്രമേ അതുണ്ടാവൂ’ എന്നായിരുന്നു ബിധുരിയുടെ പ്രതികരണം.
ശാഹീൻബാഗ് സമരക്കാരെ കലാപകാരികളെന്നും കർഷക സമരക്കാരെ ടുക് ഡെ ടുക് ഡെ ഗ്യാങ്ങിന്റെ ആളുകളെന്നും അപഹസിച്ചു. അസ്സലാമു അലൈക്കും പറഞ്ഞാൽ കോവിഡ് തടയാനാകില്ലെന്നും നമസ്കാർ കൊണ്ട് അഭിവാദ്യം ചെയ്യണമെന്നും ജനങ്ങളെ ഉപദേശിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂട്ടിക്കൊടുപ്പുകാരൻ എന്ന് വിളിച്ചതിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി.
ഈയിടെ കുള്ളൻ ദുര്യോധനൻ എന്നാണ് കെജ്രിവാളിനെ ആക്ഷേപിച്ചത്. ഈ അപഹാസ്യ വർത്തമാനങ്ങൾക്ക് ലഭിച്ച നിറകൈയടികളും, വഷളൻ ചിരികളുമായി സഹനേതാക്കൾ നൽകിയ പ്രോത്സാഹനമാണ് ഇന്നു കാണുന്ന രമേഷ് ബിധുരിയെ സൃഷ്ടിച്ചെടുത്തത്. മനസ്സിന് മുറിവേറ്റ താൻ പാർലമെന്റംഗത്വം ഒഴിവാക്കാൻ പോലും ആലോചിക്കുന്നതായി ഡാനിഷ് അലി സ്പീക്കർക്കയച്ച കത്തിൽ പറയുന്നു.
പാർലമെന്റംഗത്വമല്ല, ഇന്ത്യൻ പൗരത്വംതന്നെ ഉപേക്ഷിച്ചാലും വിദ്വേഷികളുടെ വായടപ്പിക്കാൻ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. സംഘ്പരിവാർ നിയന്ത്രണമുള്ള സർക്കാറിന് ഇനിയുമൊരു ഊഴം ലഭിച്ചെന്നുവരുകിൽ മന്ത്രിസഭയിൽ ഈ ‘സംസ്കാരി’യുമുണ്ടാകും എന്നകാര്യത്തിൽ പന്തയം വെച്ചോളൂ, പിഴക്കില്ല.