Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതമിഴകത്ത് ഇ.ഡി...

തമിഴകത്ത് ഇ.ഡി വേട്ടക്കിറങ്ങുമ്പോൾ

text_fields
bookmark_border
തമിഴകത്ത് ഇ.ഡി വേട്ടക്കിറങ്ങുമ്പോൾ
cancel
camera_alt

അറസ്റ്റിലായ ശേഷം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി സെന്തിൽ ബാലാജിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തിയപ്പോൾ

എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായിരുന്നു കൊങ്കുനാട്​ പ്രദേശം. അവരുടെ വോട്ട്​ നേടിയാണ്​ 2021ൽ നാല്​ എം.എൽ.എമാരെ ബി.ജെ.പി വിജയിപ്പിച്ചെടുത്തത്​. ജയലളിതയുടെ കാലശേഷം തമ്മിലടിച്ചും കാലുവാരിയും ക്ഷയിച്ചുകൊണ്ടിരിക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ അണികളെ പാർട്ടിയിലേക്ക്​ വലിച്ചു ചേർക്കാനായാൽ കൊങ്കുനാട്​ മേഖലയിൽ ശക്തി സംഭരിക്കാനാകുമെന്ന്​ ബി.ജെ.പി കണക്കുകൂട്ടുന്നു. കൊങ്കുനാട്ടിലെ കരുത്തനായ സെന്തിൽ ബാലാജിയെ വീഴ്ത്തിയാൽ സ്​റ്റാലിനെ വിരട്ടാനും എ.ഐ.എ.ഡി.എം.കെ അണികളെ ആകർഷിക്കാനും സാധിക്കുമെന്നാണ്​ പ്രതീക്ഷ

ജനങ്ങളുടെ സമ്മതി സ്വന്തമാക്കി തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാത്തിടത്ത് വളഞ്ഞവഴിയിൽ അധികാരം പിടിച്ചെടുക്കലാണല്ലോ സംഘ്പരിവാറിന് ശീലം. നോട്ടി​ന്റെയും റിസോട്ടി​ന്റെയും പ്രലോഭനത്തിൽ വഴങ്ങാത്തവരെ ഭീഷണിയിലൂടെ വരുതിയിലാക്കും. ഭീഷണിക്ക് വഴങ്ങാത്തവരെ കേന്ദ്ര ഏജൻസികൾ വേട്ടയാടും. എതിർപക്ഷത്ത്​ നിൽക്കു​മ്പോൾ കോടതിയും റെയിഡും ഒഴിഞ്ഞ്​ നേരമില്ലാതിരുന്ന നേതാക്കൾ പാർട്ടി മാറി കാവിപ്പാളയത്തിലെത്തിയാൽ പിന്നെ ഇ.ഡിയെയും സി.ബി.ഐയെയും പേടിക്കുകയേ വേണ്ട. പ്രതിപക്ഷ നേതാക്കളുടെ കേസുകൾമാത്രം കേന്ദ്ര ഏജൻസികൾ ജാഗ്രതയോടെ പിന്തുടരുന്നതി​ന്റെ രസതന്ത്രം പകൽപോലെ വ്യക്തമാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം ഇ.ഡി രജിസ്റ്റർചെയ്ത കേസുകളിൽ 90 ശതമാനത്തിനു മുകളിൽ പ്രതിപക്ഷനിരയെ ലക്ഷ്യംവെച്ചാണ്. അതിൽ തുച്ഛമായതുമാത്രമേ തെളിയിക്കാനായിട്ടുള്ളൂ എന്നത് മറ്റൊരു വശം.

ദക്ഷിണേന്ത്യയെന്ന ബാലികേറാമലയിൽ എങ്ങനെയുമൊന്ന്​ കയറിപ്പറ്റുക എന്ന ആഗ്രഹത്തിലൂന്നിയ കർസേവയാണ്​ ഇപ്പോൾ തമിഴ്നാട്ടിൽ അരങ്ങേറുന്നത്. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പും 2026ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് കരുക്കൾ നീക്കുകയാണ് ബി.ജെ.പി. തമിഴകത്തി​ന്റെ മനസ്സും രാഷ്​ട്രീയക്കാറ്റും ബി.​ജെ.പിക്ക് ഒരുകാലത്തും അനുകൂലമായിരുന്നില്ല, വർഗീയക്കാർഡിളക്കി മുതലെടുക്കാനുള്ള ശ്രമങ്ങളെ ജനങ്ങളും എം.കെ. സ്​റ്റാലി​ന്റെ നേതൃത്വത്തിലെ ഡി.എം.കെ മുന്നണി സർക്കാറും ആവുംവിധമെല്ലാം വിഫലമാക്കുന്നുമുണ്ട്​. അതിനിടയിലാണ്​ സംസ്​ഥാന വൈദ്യുതി-എക്​സൈസ്​ മന്ത്രി വി. സെന്തിൽ ബാലാജിയെ ഇ.ഡിയെ ഉപയോഗിച്ച്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

അറസ്​റ്റിലെ കൊങ്കുനാട്​ ഫാക്​ടർ

മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ ഉൾപ്പെടെ ഡി.എം.കെയുടെ ഏതാണ്ടെല്ലാ നേതാക്കൾക്കു പിന്നാലെയും മാസങ്ങളായി വലവിരിച്ച്​ നടക്കുകയാണ്​ കേന്ദ്ര ഭരണകൂടം. സ്​റ്റാലിനൊത്ത പിൻഗാമിയെന്ന മട്ടിൽ സംഘ്​പരിവാറിനെ മുച്ചൂടും വെല്ലുവിളിക്കുന്ന മകൻ ഉദയനിധിയുടെ സംഘടനയുടെ ബാങ്ക്​ അക്കൗണ്ട്​ ഇ.ഡി കണ്ടുകെട്ടിയിട്ട്​ മാസമൊന്നു തികയുന്നതേയുള്ളൂ. എന്നിരിക്കിലും ഇപ്പോൾ സെന്തിലിനെത്തന്നെ വളഞ്ഞിട്ട്​ പിടികൂടിയതിനു പിന്നിൽ മറ്റൊരു വലിയ ലക്ഷ്യമുണ്ട്​.

ബി.ജെ.പിക്ക്​ അൽപമെങ്കിലും വേരോട്ടമുള്ള കൊങ്കുനാട്​ ഭാഗത്ത്​ ഏറ്റവും സ്വാധീനമുള്ള ഡി.എം.കെ നേതാക്കളിലൊരാളാണ്​ സെന്തിൽ. കോയമ്പത്തൂർ, ഈറോഡ്, കരൂർ, സേലം, നാമക്കൽ, നീലഗിരി, ധർമപുരി, ഡിണ്ഡിഗൽ തുടങ്ങിയ ഭാഗങ്ങൾ ​ചേർന്ന ഈ മേഖലയെ തമിഴ്​നാട്ടിൽനിന്ന്​ വേർപ്പെടുത്തി കൊങ്കുനാട് സംസ്ഥാനം രൂപവത്​കരിക്കാൻ കേന്ദ്രം കോപ്പുകൂട്ടുന്നതായി സംശയമുയർന്നിട്ട്​ കുറച്ചായി. കൊങ്കുനാട് സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോയമ്പത്തൂർ ഘടകം പ്രമേയം പാസാക്കിയത് തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്​ഥാനത്തുനിന്നുള്ള ബി.ജെ.പി നേതാവായ എൽ. മുരുഗൻ കേന്ദ്രസഹമന്ത്രിയായ വേളയിൽ ബി.ജെ.പി പുറത്തുവിട്ട ബയോഡേറ്റയിൽ അദ്ദേഹത്തിന്റെ സ്​ഥലമായി ചേർത്തിരുന്നത്​ കൊങ്കുനാട് എന്നായിരുന്നു. ബി.ജെ.പി തമിഴ്നാടി​നെ വെട്ടിമുറിക്കാൻ പദ്ധതി​യൊരുക്കുന്നതായി അന്നുതന്നെ സംശയം ബലപ്പെട്ടിരുന്നു.

എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായിരുന്നു കൊങ്കുനാട്​ പ്രദേശം. അവരുടെ വോട്ട്​ നേടിയാണ്​ 2021ൽ നാല്​ എം.എൽ.എമാരെ ബി.ജെ.പി വിജയിപ്പിച്ചെടുത്തത്​. ജയലളിതയുടെ കാലശേഷം തമ്മിലടിച്ചും കാലുവാരിയും ക്ഷയിച്ചുകൊണ്ടിരിക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ അണികളെ പാർട്ടിയിലേക്ക്​ വലിച്ചു ചേർക്കാനായാൽ കൊങ്കുനാട്​ മേഖലയിൽ ശക്തി സംഭരിക്കാനാകുമെന്ന്​ ബി.ജെ.പി കണക്കുകൂട്ടുന്നു. കൊങ്കുനാട്ടിലെ കരുത്തനായ സെന്തിൽ ബാലാജിയെ വീഴ്ത്തിയാൽ സ്​റ്റാലിനെ വിരട്ടാനും എ.ഐ.എ.ഡി.എം.കെ അണികളെ ആകർഷിക്കാനും സാധിക്കുമെന്നാണ്​ പ്രതീക്ഷ. ഡി.എം.കെയുടെ പ്രധാന ഫണ്ട് റൈസർ കൂടിയായ സെന്തിലിനെ കുരുക്കുന്നത്​ സാമ്പത്തികമായും ഡി.എം.കെക്ക് തിരിച്ചടിയാവും. കഴിഞ്ഞ ദിവസം അമിത്ഷാ തമിഴ്നാട്ടിൽ വന്നപ്പോൾ 40 മിനുട്ടോളം വൈദ്യുതി നിലച്ചത് രാഷ്ട്രീയ വിവാദമായിരുന്നു. ബോധപൂർവം വൈദ്യുതി വിഛേദിച്ചതാണെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ സാ​ങ്കേതിക തകരാർ കാരണമാണെന്നാണ് വകുപ്പുമന്ത്രിയായ സെന്തിൽ വിശദീകരിച്ചത്. ആ പകയും വീട്ടിയതായി ബി.​​​ജെ.പി പ്രവർത്തർ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നുണ്ട്.

തമിഴ്​നാട്ടിൽനിന്നുള്ള ചെ​ങ്കോൽ സ്​ഥാപിച്ച പാർലമെന്റിലേക്ക്​ 2024ലെ പൊതു തെരഞ്ഞെടുപ്പിൽ തമിഴകത്തുനിന്ന്​ 25 ബി.ജെ.പി എം.പിമാരെ അയക്കണമെന്നും തമിഴ്നാട്ടിൽനിന്നൊരു പ്രധാനമന്ത്രി വേണമെന്നും അമിത് ഷാ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. നിലവിലുള്ള 39 സീറ്റിൽ 38ഉം ഡി.എം.കെ എം.പിമാരാണ്. ഏക സീറ്റിൽ ജയിച്ച എ.ഐ.എ.ഡി.എം.കെ എം.പിയും ഒ. പനീർശെൽവത്തിന്റെ മകനുമായ പ. രവീന്ദ്രനാഥിനെ പാർട്ടി പുറത്താക്കുകയും ചെയ്തു. മണിപ്പൂരിൽ കലാപം ആളിക്കത്തുന്നത്​ വകവെക്കാതെ മോദിയും ഷായും ആഞ്ഞുപിടിച്ച്​ പ്രചാരണം നടത്തിയിട്ടും കർണാടകയിൽ ജനം തിരിച്ചുകുത്തിയ സാഹചര്യത്തിൽ ഏതു വിധേനയായാലും തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും കടന്നുകയറുക എന്നത്​ അഭിമാനപ്രശ്​നമായാണ്​ ബി.ജെ.പി കരുതുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ നമ്മൾ കാണുന്നത്​ ഓപറേഷൻ ദക്ഷിണേന്ത്യയുടെ ട്രെയിലർ മാത്രമാണ്​, യഥാർഥ ചിത്രം പിന്നാലെ വരാനിരിക്കുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadubjp
News Summary - Sangh Parivar- capturing power in a roundabout way
Next Story