Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തില്‍...

കേരളത്തില്‍ സംഘ്പരിവാറിന്‍െറ അജണ്ടകള്‍ എന്തെല്ലാം?

text_fields
bookmark_border
കേരളത്തില്‍ സംഘ്പരിവാറിന്‍െറ അജണ്ടകള്‍ എന്തെല്ലാം?
cancel

കേരളവും തമിഴ്നാടുമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഒട്ടും പിടികൊടുക്കാതെ നിലനില്‍ക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍. തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍െറയും സ്വത്വബോധത്തിന്‍െറയും പ്രതിരോധമാണ് തടസ്സമെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്‍െറ സ്വാധീനവും മതനിരപേക്ഷമായ പൊതുബോധത്തിന്‍െറ മുന്‍തൂക്കവുമാണ് വിഘാതം. എന്നാല്‍, കേരളത്തില്‍ സാഹചര്യങ്ങള്‍ പതുക്കെ മാറിത്തുടങ്ങുന്നതിന്‍െറ സൂചനയാണ് കേരള നിയമസഭയില്‍ ബി.ജെ.പിക്ക് ഒരു പ്രതിനിധി ഉണ്ടായത്. ഒരു പതിറ്റാണ്ടുകാലമെങ്കിലും ഇനിയും കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് നിയമസഭ പ്രതിനിധി ഉണ്ടാകാനിടയുള്ളൂ എന്ന ഒരു മുന്‍വിധിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നുതരിപ്പണമായത്.

കേരള നിയമസഭയില്‍ താമര വിരിയാന്‍ ഇടയാക്കിയ സാഹചര്യങ്ങളില്‍ മുഖ്യമായ ഒന്ന് കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും അഴിമതിരാഷ്ട്രീയവും ജനവിരുദ്ധതയുമാണെങ്കില്‍ മറ്റൊന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ യഥേഷ്ടം പ്രചരിക്കുന്ന വിടുവായിത്തങ്ങളും നുണക്കഥകളുമാണ്. കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുമുന്നണിയും ബി.ജെ.പിയുമായി സഹകരിച്ച് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചത്. ഇതിന്‍െറ നേട്ടമാണ് ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കുണ്ടായ രണ്ടാം സ്ഥാനം. സാമൂഹമാധ്യമങ്ങളിലെ മണ്ടത്തങ്ങളും കാടുകയറിയ വിവരദോഷങ്ങളും ചര്‍ച്ചകളെ വഴിതെറ്റിക്കുകയും പ്രബുദ്ധ സമൂഹം എന്നറിയപ്പെടുന്ന കേരളത്തിന്‍െറ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന അവബോധ രാഷ്ട്രീയത്തിന്‍െറ ശൂന്യതയെ സംഘ്പരിവാരം മുതലെടുക്കുകയും ചെയ്തു. സഹതാപതരംഗമായും മോദിഭക്തിയായും ആ പ്രവണത വെളിപ്പെടുകയും ചെയ്തു.

എന്നാല്‍, 1930കള്‍ മുതല്‍ക്കുതന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍െറ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും വളരെ നാമമാത്രമെങ്കിലുമായ സ്വാധീനവും വേരോട്ടവുമുള്ള ഒരു സംസ്ഥാനമാണ് കേരളമെന്ന വസ്തുത സംഘ്പരിവാര്‍ രാഷ്ട്രീയക്കാരെ സംബന്ധിച്ച് അനവഗണനീയമാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘ്ശാഖകള്‍ നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മതനിരപേക്ഷ ജാടകള്‍ക്കും സൗഹാര്‍ദ നാട്യങ്ങള്‍ക്കും ഉപരിയായി ഭരണകൂട പ്രലോഭനങ്ങളുടെയും അധികാരസാധ്യതകളുടെയും ചിറകളില്‍ തഴച്ചുവളരാന്‍ പാകത്തിലുള്ള മനോഭാവവും ചിന്താഗതിയും പുലര്‍ത്തുന്ന വലിയൊരു ജനവിഭാഗമിന്ന് കേരളത്തിലുണ്ട്. അവരെ പരിവാര രാഷ്ട്രീയത്തില്‍ കോര്‍ത്തെടുക്കുക എന്ന ഒരൊറ്റ കാര്യം ഭംഗിയായി ചെയ്തു തീര്‍ത്താല്‍തന്നെയും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അവരുടെ നിയമസഭ സാമാജികരുടെ എണ്ണം രണ്ടക്കത്തില്‍ എത്തിക്കാന്‍ കഴിയുമെന്നുറപ്പാണ്.

ഈ ഉറപ്പിനെ മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയമാണ് കേരളത്തിലിപ്പോള്‍ സംഘ്പരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍െറ പ്രതിരോധരീതികളെ മറികടന്ന് വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ വിളവെടുപ്പിനായി സംഘ്പരിവാരം ആസൂത്രണംചെയ്തു നടപ്പാക്കിവരുന്ന ബഹുമുഖ തന്ത്രങ്ങള്‍ തിരിച്ചറിയാന്‍ കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കുന്നുമില്ല. കേരളത്തില്‍ ഇടതും വലതും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായിട്ടാണ് നില്‍ക്കുന്നതെങ്കിലും അതില്‍ വലതിന്‍െറ ചുവടുവെപ്പ് അത്ര പന്തിയല്ല. ഭരണ വിമര്‍ശനത്തിന്‍െറ പേരില്‍ സംഘ്പരിവാരത്തിന്‍െറ താല്‍പര്യങ്ങളെ പൊതുമണ്ഡലത്തിലത്തെിക്കുന്നതില്‍ വലതുമുന്നണി ഭാഗഭാക്കായി മാറിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ ദൗത്യങ്ങളുടെ കൃത്യമായ നിര്‍ദ്ധാരണത്തിന് ബൗദ്ധികശേഷിയുള്ള  ഒരു നേതാവിന്‍െറ അഭാവം കേരളത്തില്‍ വലതുമുന്നണി അനുഭവിക്കുന്നുണ്ട്.  ഈ അഭാവമാകട്ടെ പരിവാര്‍ രാഷ്ട്രീയത്തിന് മുന്നോട്ടുവരാനുള്ള അനേകം സാധ്യതകള്‍ തുറന്നുവെക്കുന്നതുമാണ്.

വര്‍ഗീയതയും നുണക്കഥകളും
പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയം കൊണ്ട് കേരളത്തില്‍ മുന്‍തൂക്കം നല്‍കാനോ നേടാനോ കഴിയാത്ത സ്വഭാവം സ്വന്തം രാഷ്ട്രീയത്തിനുണ്ട് എന്ന തിരിച്ചറിവിന്‍െറ അടിസ്ഥാനത്തില്‍ സംഘ്പരിവാരം കേരളത്തില്‍ സ്വീകരിച്ചുവരുന്നത് സവിശേഷമായ ഒരു രീതിശാസ്ത്രമാണ്. ഭീതിയും വര്‍ഗീയതയും നുണക്കഥകളും ഉപജാപങ്ങളും വേണ്ടത്ര വാരി വിതറിക്കൊണ്ടുള്ള ആ രീതിശാസ്ത്രം അവര്‍ മോദി അധികാരത്തിലത്തെിയശേഷം കേരളത്തില്‍ നിര്‍ഭയവും നിരുപാധികവുമായി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ആ രാഷ്ട്രീയ രീതിശാസ്ത്രത്തിന്‍െറ പ്രധാന ഘടകങ്ങള്‍ ഇനി പറയുന്നവയാണ്.

1. ഏകപക്ഷീയമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയും കേന്ദ്രഭരണത്തിന്‍െറ പിന്‍ബലമുണ്ടെന്ന ധാര്‍ഷ്ട്യത്തെ അടിസ്ഥാനമാക്കി കേരളീയ സമൂഹത്തില്‍ ഭീതി വിതച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക. 2. വര്‍ഗീയകലാപങ്ങള്‍ക്കും ധ്രുവീകരണങ്ങള്‍ക്കും വഴിയൊരുക്കുന്ന സംഭവവികാസങ്ങള്‍ രൂപപ്പെടുത്തുക. 3. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിനെ അങ്കലാപ്പുകളില്‍ അകപ്പെടുത്തി മരവിപ്പിക്കുക. 4. കേരളീയ മതനിരപേക്ഷതയുടെ കാവല്‍ഭടന്മാരായ എഴുത്തുകാരെയും സാംസ്കാരിക വ്യക്തിത്വങ്ങളെയും നിഷ്പ്രഭമാക്കുക. 5. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മതനിരപേക്ഷ രാഷ്ട്രീയ പക്ഷത്തുനിന്നു ലഭിക്കുന്ന പരിഗണനകളെ അപഹസിച്ച് നിറംകെടുത്തുക.

കേരളത്തില്‍ മോദിക്കാലത്ത് അരങ്ങേറുന്ന സി.പി.എം-ആര്‍.എസ്.എസ് ആക്രമണ പരമ്പരകള്‍ നിരീക്ഷിച്ചാല്‍ അവയില്‍ സംഘ്പരിവാറിന്‍െറ ഏകപക്ഷീയമായ ആദ്യ ചുവടുവെപ്പുകള്‍ കാണാവുന്നതാണ്. കേന്ദ്രഭരണത്തിന്‍െറ പിന്തുണയും ധൈര്യവുമാണ് അവരെഇക്കാര്യത്തില്‍ പ്രചോദിപ്പിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ആദ്യമായി പൊട്ടിപ്പുറപ്പെട്ട അക്രമം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു.  അതിന്‍െറ തുടര്‍ അനുരണനങ്ങള്‍ മാത്രമാണ് പിന്നീടു നടന്ന മിക്ക സംഘര്‍ഷങ്ങളുമെന്നു കാണാം.

മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്ലാംമതം സ്വീകരിച്ച് ഫൈസലായി മാറിയ അനില്‍കുമാറിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം വെറുമൊരു മതാഭിമാനക്കൊലപാതകമായിട്ടാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍, മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്, മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് ഇത്തരമൊരു ഓപറേഷന്‍ വിഭാവനം ചെയ്ത സംഘ്പരിവാറിനു മറ്റു ചില താല്‍പര്യങ്ങളുണ്ടായിരുന്നു. മലപ്പുറം ജില്ലയില്‍ ബംഗ്ളാദേശ്-പാകിസ്താന്‍ ചാരന്മാരായ മുസ്ലിംകള്‍ക്ക് അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ക്യൂ നില്‍ക്കുന്നതായി കണ്ടത്തെിയ സംഘ്പരിവാര്‍ നേതൃത്വം വെറുമൊരു കൊലപാതകം മാത്രമായിരുന്നില്ല ഫൈസല്‍ വധത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജില്ലയെ തീകൊളുത്തി ചുട്ടുചാമ്പലാക്കാനുള്ള ഒരു വര്‍ഗീയപദ്ധതിയുടെ തിരിതെളിക്കലായിരുന്നു ഫൈസല്‍ വധം.

മുസ്ലിംകളെ, പ്രത്യേകിച്ച് സമുദായത്തിലെ അമിതാവേശക്കാരായ പ്രതികരണ-പ്രതിക്രിയാശീലക്കാരെ പ്രകോപിപ്പിച്ച് രംഗത്തിറക്കാന്‍ സംഘ്പരിവാര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, മുസ്ലിം സംഘടനകളുടെ ജാഗ്രതയും അവസരോചിതമായ തിരിച്ചറിവുകളും സംഘ്പരിവാര്‍ അഭിലാഷങ്ങളെ മുനയൊടിച്ചു.
കേരളത്തിന്‍െറ പൊതുമനസ്സിനെയും രാഷ്ട്രീയ ചിന്തയെയും അടിമപ്പെടുത്താന്‍ സംഘ്പരിവാരം അവലംബിക്കുന്ന ഏറ്റവും ബാലിശവും തറനിലവാരത്തിലുള്ളതുമായ മറ്റൊരു തന്ത്രമാണ് നിലവിലുള്ള കേരള സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി നിശ്ചലമാക്കാന്‍ ശ്രമിക്കുക എന്നത്. വടികൊടുത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അടിവാങ്ങുകയും എന്നിട്ട് കൊണ്ട അടിയെ ഭരണകൂടത്തിന്‍െറ ഹിന്ദുവിരുദ്ധ-പരിവാര്‍ വിരുദ്ധ മനോഭാവത്തിന്‍െറ കണക്കില്‍ വിളിച്ചുപറയുകയും ചെയ്യുന്നു അവര്‍. കേരളത്തില്‍ എവിടെയെങ്കിലും ബി.ജെ.പി -സി.പി.എം സംഘര്‍ഷമുണ്ടായാല്‍ ഉടനെ ഡല്‍ഹിയില്‍നിന്ന് സംഘ്പരിവാര്‍ നേതാക്കള്‍ പാഞ്ഞത്തെുകയും ക്രമസമാധാനത്തകര്‍ച്ചയുടെയും കേന്ദ്ര സൈന്യം ഇറങ്ങേണ്ട അവസ്ഥയുടെയും ഉമ്മാക്കി കാണിച്ച് സംസ്ഥാന സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരിക്കലും മറ്റൊരു സംസ്ഥാന സര്‍ക്കാറിനും ഇത്തരത്തില്‍ അധമവും ബാലിശവുമായ ഒരു ഭീഷണി നേരിടേണ്ടിവന്നിട്ടില്ല. പിണറായി സര്‍ക്കാര്‍ ഈ ബാലിശഭീഷണിയെ എങ്ങനെ കാണുന്നു എന്നത് മറ്റൊരു വിഷയമാണ്.

സാംസ്കാരിക മലിനീകരണം
കേരളത്തില്‍ സമീപകാലത്തുണ്ടായ ഒരു പ്രശ്നമാണ് എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നേതൃത്വത്തിന്‍െറ പ്രതികരണങ്ങളുടെ തുടര്‍ച്ചയായി മൊത്തം സാംസ്കാരിക നായകരെയും എഴുത്തുകാരെയും സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍. നോട്ടുനിരോധന വിഷയത്തില്‍  മോദിക്കെതിരായി എം.ടി നടത്തിയ പ്രതികരണമാണ് ആരംഭബിന്ദുവെങ്കിലും യഥാര്‍ഥത്തില്‍ സംഘ്പരിവാറിന്‍െറ ആസൂത്രിത നീക്കങ്ങളുടെ പട്ടികയില്‍ വരുന്ന ഒരു തന്ത്രം എം.ടി വിമര്‍ശനത്തിലൂടെ പുറത്തുചാടുകയാണുണ്ടായത്.  കേരളത്തിന്‍െറ മതനിരപേക്ഷ പൊതുമനസ്സ് നിലനിര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ ഇവിടത്തെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മതനിരപേക്ഷതക്കെതിരായ ഏതൊരു ചലനത്തോടും പ്രതിബദ്ധതാപൂര്‍ണമായ പ്രതികരണങ്ങള്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ കേരളത്തിലെ എഴുത്തുകാരില്‍നിന്നുണ്ടാകാറുണ്ട്. സംഘ്പരിവാര രാഷ്ട്രീയത്തിന്‍െറ സാധ്യതകളെ തടയിട്ടുനിര്‍ത്തുന്ന വിധത്തില്‍ മതേതരമായ ജാഗ്രത പരിചരിക്കപ്പെടുന്ന കേരളീയ പൊതുമനസ്സിന്‍െറ കാവല്‍ഭടന്മാരാണ് ഇവിടത്തെ എഴുത്തുകാര്‍. ആ സ്ഥിതിക്ക് സംഘ്പരിവാരത്തിന് അവരെ ശത്രുപക്ഷത്തു മാത്രമേ കാണാന്‍ കഴിയൂ. ഇക്കൂട്ടത്തില്‍ തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയെന്നനിലയില്‍ എം.ടി അവര്‍ക്ക് തികഞ്ഞ ഒരു അസുരവിത്തു തന്നെയാണ്. കേരളത്തിലെ എഴുത്തുകാരുടെ വിശ്വസനീയതയും മൂല്യവും സംശയത്തിന്‍െറ നിഴലില്‍ അകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘ്പരിവാരം ആരംഭിച്ച സാംസ്കാരിക മലിനീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എം.ടി വിമര്‍ശനം, കമലിന്‍െറ മതന്യൂനപക്ഷ സ്വത്വം ചികഞ്ഞെടുത്ത് ‘കമാലുദ്ദീന്‍ മുസ്ലിയാരായി’ ചിത്രീകരിച്ച് ആക്രമിക്കല്‍ എന്നിവയൊക്കെ.

കേരളത്തിലും ഇന്ത്യയില്‍ മൊത്തത്തില്‍തന്നെയും മതന്യൂനപക്ഷങ്ങള്‍ക്കായി നിലകൊള്ളുന്നതില്‍നിന്ന് മതനിരപേക്ഷ പാര്‍ട്ടികളെ നിരുത്സാഹപ്പെടുത്തലും മതന്യൂനപക്ഷങ്ങള്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടികളെ ഹിന്ദുവിരുദ്ധരായി ചിത്രീകരിച്ച് അവരുടെ നയങ്ങള്‍ മാറ്റിയെഴുതാന്‍ അവരില്‍ സമ്മര്‍ദം ചെലുത്തലും അത്തരം പാര്‍ട്ടികള്‍ക്കെതിരായി ഹൈന്ദവസമൂഹത്തെ ഇളക്കിവിടാന്‍ ശ്രമിക്കലുമൊക്കെ സംഘ്പരിവാര രാഷ്ട്രീയത്തിന്‍െറ ഒരുപായവും രീതിയുമാണ്. കഴിഞ്ഞ ജനുവരി രണ്ടിന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്‍െറ ഭൂരിപക്ഷ വിധിയെ ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ക്കെതിരായ ഒരു ആയുധമായി ഉപയോഗിക്കാന്‍ ആര്‍.എസ്.എസ്, പരിവാര്‍ ഘടകങ്ങള്‍ ശ്രമിക്കുകയുണ്ടായത് ആ നിലക്കാണ്.  കേരളത്തില്‍ ഇടതു-വലതുമുന്നണികള്‍ ന്യൂനപക്ഷ മതപ്രീണനം നടത്തുന്നതിന് തടയിടാന്‍ ഭരണഘടന ബെഞ്ചിന്‍െറ വിധി സഹായകമാകുമെന്നാണ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്. രാമക്ഷേത്രത്തിന്‍െറയും ശ്രീരാമന്‍െറയും പേരില്‍ വോട്ടുനേടി വര്‍ഗീയവികാരം ഇളക്കിവിട്ട് അധികാരം പിടിച്ചടക്കാന്‍ ശ്രമിച്ച ഒരു രാഷ്ട്രീയ ചേരി മതേതര രാഷ്ട്രീയത്തെക്കുറിച്ചു നടത്തുന്ന ബാലിശവാദമാണ് ഭരണഘടന ബെഞ്ച് വിധിയോടുള്ള സംഘ്പരിവാര പ്രതികരണങ്ങളില്‍ നിഴലിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്കായി നില കൊള്ളുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലേക്കു വലിച്ചുമാറ്റാനുള്ള ഒരു അവസരമായി സുപ്രീംകോടതി വിധിയെ വിനിയോഗിക്കാന്‍ സംഘ്പരിവാറിനു സാധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കാവുന്ന അനുരണനങ്ങള്‍ വളരെ വലുതാണ്. ഇക്കാര്യം തിരിച്ചറിയാവുന്നതുകൊണ്ടുതന്നെയാണ് സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ ആ വിധിയെ മതനിരപേക്ഷ പാര്‍ട്ടികള്‍ക്കെതിരായ വടിയായി എടുത്തുവീശിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bjpsangh parivar
News Summary - sangh parivar agenda in kerala
Next Story