Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീതിക്കുവേണ്ടി ഉയരുന്ന...

നീതിക്കുവേണ്ടി ഉയരുന്ന വിമത സ്വരങ്ങള്‍

text_fields
bookmark_border
നീതിക്കുവേണ്ടി ഉയരുന്ന വിമത സ്വരങ്ങള്‍
cancel

നിയന്ത്രണരേഖ കടന്ന് പാക്മണ്ണില്‍ മിന്നലാക്രമണം നടത്തിയതിന്‍െറ ക്രെഡിറ്റിലൂടെ രാഷ്ട്രീയ മൈലേജ് ആര്‍ജിക്കാനുള്ള തത്രപ്പാടിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. മിന്നലാക്രമണം മഹാസംഭവമല്ളെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിന് യു.പി.എ ഭരണകാലത്തെ സര്‍ജിക്കല്‍  സ്ട്രൈക്കിനെവരെ പുച്ഛിക്കുന്ന പ്രസ്താവനയാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ വീരസ്യങ്ങള്‍ക്കിടയില്‍ കശ്മീരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങള്‍ ആരോര്‍മിക്കാന്‍? കഴിഞ്ഞയാഴ്ച 13കാരനായ ജുനൈദ് സൈനികരുടെ പെല്ലറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയോ ചാനലുകള്‍ക്ക് സംവാദവിഷയമോ ആയില്ല. ശ്രീനഗറിലെ ഹതഭാഗ്യനായ ഈ ബാലനെ ആക്രമിച്ചത് പാക് പട്ടാളമോ പാക് അനുകൂല ഭീകരസംഘടനകളോ ആയിരുന്നില്ല. സ്വന്തം രാജ്യത്തെ സേന (ഇന്ത്യന്‍ സേന)യാണ് അവന്‍െറ ജീവന്‍ കവര്‍ന്നത്. എന്നാല്‍, നിഷ്കളങ്കനായ ഈ ബാലന്‍െറ മരണം ചാനല്‍ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിരം കഥാപാത്രങ്ങളുടെ ഹൃദയങ്ങളെ അലട്ടുന്നില്ല.

ജുനൈദിന്‍െറ കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ ഒറ്റ സംഘടനയും രംഗപ്രവേശം ചെയ്തതായും അറിവില്ല. അവന്‍െറ കൊലയാളികള്‍ ഘാതകരോ ശിക്ഷാര്‍ഹരോ അല്ല! കശ്മീരിലെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ നാം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അല്ളെങ്കില്‍ അവക്കുനേരെ കണ്ണടക്കുന്നു. അടിച്ചമര്‍ത്തലുകളും ഹിംസകളുംമൂലം അത്യധികം രോഷാകുലരാണവര്‍. മുഹര്‍റം മാസത്തിലാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. അടിച്ചമര്‍ത്തലിനും ക്രൂരതകള്‍ക്കുമെതിരെ ശക്തമായ പോരാട്ടങ്ങള്‍ അരങ്ങേറിയ ചരിത്രപ്രധാനമായ മാസമാണ് മുഹര്‍റം. ഏഴാം നൂറ്റാണ്ടില്‍ അക്രമിയായ യസീദ് എന്ന ഭരണാധികാരിക്കെതിരെ ഇമാം ഹുസൈനും സംഘവും നയിച്ച പോരാട്ടം ഐതിഹാസികമായിരുന്നു. യസീദിന്‍െറ മര്‍ദകവാഴ്ചക്കെതിരെ നിലയുറപ്പിക്കേണ്ടത് തന്‍െറ കര്‍ത്തവ്യമാണെന്ന് ഇമാം ഹുസൈന്‍ തിരിച്ചറിഞ്ഞിരുന്നു. യസീദ് യൂഫ്രട്ടീസ് നദിയിലെ വെള്ളം നിഷേധിച്ചതുമൂലം നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. ഹുസൈനും സംഘവും കര്‍ബലയില്‍വെച്ച് രക്തസാക്ഷികളായി. ധീരമായ പോരാട്ടമായിരുന്നു ഇമാം ഹുസൈനും സംഘവും കാഴ്ചവെച്ചത്. അവസാന തുള്ളി രക്തം തീരുവോളം അവര്‍ പോരാടിക്കൊണ്ടിരുന്നു, കീഴ്പ്പെടുത്താനാകാത്ത മനോദാര്‍ഢ്യവുമായി. രാഷ്ട്രീയ മാഫിയയും യുദ്ധക്കൊതിയരും നമ്മുടെ ജനാധിപത്യത്തിന്‍െറ കീഴ്വഴക്കങ്ങളെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു.

അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍െറ കടക്കല്‍പോലും കത്തിയാഴ്ത്തുന്ന രീതികള്‍ വ്യാപകമായിത്തീരുകയാണ്. എന്തു സംസാരിക്കണം, എന്തെല്ലാം സംസാരിച്ചുകൂടാ എന്ന് നിശ്ചയിക്കുന്നതിന് പ്രത്യേക മന്ത്രാലയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയാലും അതിശയപ്പെടേണ്ടതില്ല. വിവേകപൂര്‍വം ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഭരണകര്‍ത്താക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നത്. അനീതിക്കും അക്രമത്തിനുമെതിരെ വിരല്‍ചൂണ്ടുന്നവര്‍ നിശ്ശബ്ദരാക്കപ്പെടുന്നു. പീഡനത്തിന് ഇരകളാക്കപ്പെടുന്നു. തുറന്ന കാഴ്ചപ്പാടുകളുടെ പേരില്‍ തുറുങ്കിലടക്കപ്പെടുന്നു. നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ക്ക് സ്വാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമില്ളെന്നാണോ വാദം? അതിര്‍ത്തികളില്‍നിന്നൊഴിക്കപ്പെടുന്നവര്‍ക്ക് പ്രതിഷേധിക്കാനോ ജീവിതദുരിതങ്ങളെ സംബന്ധിച്ച് വേവലാതികള്‍ പറയാനോ അവകാശമില്ളെന്നാണോ ഭരണകൂടത്തിന്‍െറ കാഴ്ചപ്പാട്? പ്രസ് ബ്രീഫിങ് എന്ന പേരില്‍ അധികൃതര്‍ പുറത്തുവിടുന്ന വാര്‍ത്താക്കുറിപ്പുകള്‍ സത്യസന്ധമല്ലാതാകുമ്പോള്‍ എതിര്‍പ്പിന്‍െറ സ്വരങ്ങള്‍ ഉയരുന്നത് സ്വാഭാവികം മാത്രമാണെന്ന വിവേകം ഭരണകര്‍ത്താക്കള്‍ക്ക് ഇല്ലാതെ പോകുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കൂ എന്ന് നിര്‍ദേശിക്കാന്‍ ഒരു പൗരന് സ്വാതന്ത്ര്യം ഇല്ളെന്നോ? യുദ്ധങ്ങള്‍ക്കുപകരം സമാധാന സംഭാഷണങ്ങള്‍ ആരംഭിക്കൂ എന്ന് നിര്‍ദേശിക്കുന്നത് രാജ്യദ്രോഹമായിത്തീരുന്നത് എങ്ങനെ? അധികാരത്തിന്‍െറ ഇടനാഴികളില്‍നിന്ന് പുറത്തുവരുന്ന സര്‍വകാര്യങ്ങളും കണ്ണടച്ച് വിശ്വസിക്കുക എന്നതാണോ അരാഷ്ട്രീയക്കാരായ സാധാരണ മനുഷ്യരുടെ ജന്മനിയോഗം? സുബദ്ധവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കെതിരായ വേട്ട ഭരണകൂട മെഷിനറികള്‍ അനുദിനം ശക്തിപ്പെടുത്തുന്ന കാഴ്ച ആശങ്കജനകമാണ്. സ്വതന്ത്ര ചിന്തയുടെയും സ്വതന്ത്ര ആശയങ്ങളുടെയും ലോകം നമുക്കു മുന്നില്‍ അടയാനും കൂടുതല്‍ സങ്കുചിതത്വത്തിന്‍െറ ബന്ധനത്തില്‍ നാം അകപ്പെടാനുമേ ഇത്തരം പ്രവണതകള്‍ സഹായകമാകൂ. ടെലിവിഷനുകളില്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കുനേരെ അവതാരകര്‍ കലിതുള്ളുന്ന കാഴ്ച നല്‍കുന്ന സൂചനകളും ഇതുതന്നെ. സ്വേച്ഛാധിപതികളായി മാറുന്ന അവതാരകര്‍ സ്വാഭിപ്രായങ്ങളോട് യോജിക്കാത്തവരെ വേട്ടയാടുന്ന രീതി നടപ്പുരാഷ്ട്രീയത്തെ തന്നെയാണ് പ്രതീകവത്കരിക്കുന്നത്.

വധശിക്ഷാ വിരുദ്ധ ദിനം

ഒക്ടോബര്‍ 10 വധശിക്ഷാ വിരുദ്ധ ദിനമായിരുന്നു എന്ന വസ്തുത ഞാന്‍ ഓര്‍മിച്ചിരുന്നില്ല. ജസ്യൂട്ട് പാതിരി ഫാ. സെഡ്റിക് പ്രകാശിന്‍െറ റിപ്പോര്‍ട്ടാണ് അക്കാര്യം എന്നെ ഉണര്‍ത്തിയത്. വധശിക്ഷക്കെതിരായ ആഗോള മുന്നണി (വേള്‍ഡ് കോയിലേഷന്‍ എഗന്‍സ്റ്റ് ഡെത് പെനാല്‍റ്റി) ലോക രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍വഴി സമാഹരിച്ച വസ്തുതകളില്‍ ഊന്നിയായിരുന്നു ഫാദര്‍ പ്രസ്തുത റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടിലെ ഒരു ഭാഗം ശ്രദ്ധിക്കുക: ‘1980കള്‍ക്കുശേഷം വധശിക്ഷാ സമ്പ്രദായം അവസാനിപ്പിക്കണമെന്ന ആശയത്തിന് ലോകരാജ്യങ്ങളില്‍ പ്രചാരം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ മൂന്നില്‍ രണ്ട് രാജ്യങ്ങളും വധശിക്ഷ നിരോധിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതേസമയം, ഈ പ്രവണതക്കിടയിലും ചില രാജ്യങ്ങള്‍ ഭീകരതയുമായി ബന്ധപ്പെട്ട് കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുകയും ചെയ്യുന്നു.’

ഇന്ത്യയില്‍ പോട്ടയും ഈ നിയമത്തിന്‍െറ ഭേദഗതി ചെയ്ത പുതിയ ചട്ടങ്ങളും പ്രകാരം വധശിക്ഷകള്‍ നടപ്പാക്കിയ കാര്യം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ ഉപയോഗിച്ച ഭീകരതാ നിയമം അന്താരാഷ്ട്ര നിയമങ്ങളുടെ നിലവാരം പുലര്‍ത്തിയിരുന്നില്ളെന്നും ലോകമിഷന്‍ 2015ല്‍ വധശിക്ഷാ സമ്പ്രദായം ഉപേക്ഷിക്കാന്‍ ശിപാര്‍ശ ചെയ്ത കാര്യവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ആഗോളാടിസ്ഥാനത്തില്‍ വധശിക്ഷ റദ്ദാക്കുന്ന നിയമങ്ങള്‍ ആവിഷ്കരിക്കണമെന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഓസ്ലോയില്‍ ചേര്‍ന്ന വധശിക്ഷാ വിരുദ്ധ സമ്മേളനം ആഹ്വാനം ചെയ്യുകയുണ്ടായി. വധശിക്ഷ നീതി സമ്മാനിക്കുന്നു എന്ന സങ്കല്‍പം തെറ്റാണെന്നും പകരം അത് പ്രതികാരവാഞ്ഛ വളര്‍ത്താനാണ് ഉതകുക എന്നുമാണ് സമ്മേളനത്തിന് നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. എന്‍െറ അഭിപ്രായത്തില്‍ വധശിക്ഷക്ക് തുല്യമായ ഏകാന്ത തടവും ജീവപര്യന്തം തടവും റദ്ദാക്കപ്പെടണം. ജയിലര്‍മാര്‍ക്കു മുന്നില്‍ ഇഞ്ചിഞ്ചായി മരിക്കുന്നതിനു പകരം പശ്ചാത്താപത്തിന് തടവുകാര്‍ക്ക് അവസരം നല്‍കുന്നതാകും കരണീയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgical strikebollywood actorespakistan actores
News Summary - salman khan , karan johar, sufgical strike,
Next Story