Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശബരിമല:...

ശബരിമല: താൽക്കാലികമായെങ്കിലും ഗോദ്​സെ ജയിക്കുന്നു

text_fields
bookmark_border
ശബരിമല: താൽക്കാലികമായെങ്കിലും ഗോദ്​സെ ജയിക്കുന്നു
cancel

രണ്ടു ഹിന്ദുക്കൾ. മഹാത്മഗാന്ധിയും ഗോദ്​സെയും. ഗാന്ധിജി സനാതന ഹിന്ദുവായപ്പോൾ ഗോദ്​സെയിൽ മതം ഭ്രാന്തായി മാറി. ഗാന്ധിജിയിൽ മതം അഭേദബോധം അനുഭൂതി നിറച്ചപ്പോൾ ഗോദ്​സെയിൽ ഭേദബോധം പേടി നിറച്ചു. ഞാൻ–എേൻറത്, ഞങ്ങൾ–ഞങ്ങളുടേത് എന്ന അവസ്​ഥയിൽ തുടരുന്നവരെയാണ് ഗാന്ധിജി അറിഞ്ഞ ഹിന്ദുമതത്തി​​​െൻറ കാഴ്ചയിൽ അജ്ഞർ. മൃഗങ്ങളിൽ കാണുന്ന പരിധിബോധവും വർഗക്കൂട്ടായ്മയും അതിനാലുണ്ടാവുന്നതാണ്. അതുകൊണ്ടാണ് മൃഗങ്ങൾ തങ്ങളുടെ അതിർത്തിയിലേക്ക് കയറുന്ന മറ്റു മൃഗങ്ങളെ കൂട്ടായി ആക്രമിക്കുന്നത്. ആ പരിധിബോധമാണ് പട്ടിയെ മനുഷ്യ​​​െൻറ കാവൽമൃഗമാക്കുന്നത്. ആ അജ്ഞതയുടെ ഇരുട്ടിൽനിന്ന് വ്യക്തിക്ക് പുറത്തേക്കുവരാനുള്ള വഴി ഹിന്ദുമതമായി മാറിയ ഈ രാജ്യത്തി​​​െൻറ സംസ്​കൃതി മുന്നോട്ടുവെക്കുന്നതാണ്. ആ വഴിയിലൂടെ നേടിയ സ്വാതന്ത്ര്യമാണ് ഗാന്ധിജിയെ സനാതന ഹിന്ദുവാക്കിയത്.

അതാകട്ടെ, ഉപനിഷത്തുക്കളിൽനിന്നാണ് ഗാന്ധിജി കരസ്​ഥമാക്കിയത്. ആ ആത്യന്തിക സത്യത്തി​​​െൻറ നുകരലായിരുന്നു ഗാന്ധിജി ദേശീയപ്രസ്​ഥാനത്തിൽ പ്രയോഗിച്ചത്. അതി​​​െൻറ രാഷ്​ട്രീയ മുഖമായിരുന്നു അഹിംസ. സ്വന്തം മുത്തച്ഛനെയും സഹോദരങ്ങളെയും ഒക്കെ കണ്ടപ്പോൾ തളർന്നുപോയ അർജുനനോട്, ഷണ്ഡത്വം വെടിഞ്ഞ് ആണുങ്ങളെപ്പോലെ യുദ്ധം ചെയ്യടോ എന്ന് ഉദ്ഘോഷിക്കുന്ന ഒന്നാന്തരം യുദ്ധ മാന്വൽ പോലെയുള്ള ഭഗവദ്ഗീത കക്ഷത്തു​െവച്ചുകൊണ്ടാണ് ഗാന്ധിജി അഹിംസ പ്രയോഗിച്ചത്. പ്രയോഗസംഹിതയായ ഗീതയുടെ തത്ത്വവും അഹിംസതന്നെ. അതറിയാൻ കഴിയാതെ വരുന്നതുകൊണ്ടാണ് ഗാന്ധിജി മനസ്സിലാക്കപ്പെടാതെ വെറും വിഗ്രഹസമാനമായി മാത്രം ആരാധിക്കപ്പെട്ടുപോകുന്നത്. ഗാന്ധിസം അപ്രായോഗികമെന്നും തോന്നുന്നത്​ അതിനാലാണ്. ഇന്ത്യൻ ഭരണഘടന രൂപത്തിൽ ബ്രിട്ടീഷ് മാതൃകയിലാണെങ്കിലും അതി​​​െൻറ ആത്മാവ് ഭാരതത്തിേൻറതാണ്. ആ ആത്മാവിനെ വ്യംഗ്യമായി നിക്ഷേപിക്കുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത് ഭരണഘടനാശിൽപിയായിരുന്ന ഡോ. ബി.ആർ. അംബേദ്​കറുമായിരുന്നു.

ഭരണഘടനയിൽ വ്യംഗ്യമായി ഉള്ളതിനെ ആഖ്യാനിക്കുക(വ്യാഖ്യാനം)യാണ് സുപ്രീംകോടതിയുടെ ഭരണഘടന ​െബഞ്ചി​​​െൻറ ദൗത്യം. മാർ ക്രിസോസ്​റ്റം തിരുമേനി ഏതാനും വർഷം മുമ്പ്​ കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു- ‘‘നിങ്ങൾ സത്യവും വസ്​തുതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം.’’ തിരുമേനി പറഞ്ഞതുപോലെ സത്യ-വസ്​ ശബരിമലയിലെ സ്​ത്രീകളുടെ രജസ്വലകാല പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ​െബഞ്ചി​​​െൻറ വിധി വെറും വസ്​തുക്കാഴ്ചയിൽ ഒതുങ്ങിപ്പോയി. ഒരുവിധ ഭേദവും സത്യമല്ല എന്ന പരമസത്യപ്രഖ്യാപനമാണ് ഉപനിഷദ് രഹസ്യം. സ്​ത്രീയും പുരുഷനും ശരീരത്തിലൂടെ കാണപ്പെടുമ്പോൾ മാത്രമാണ് അടയാള(ലിംഗം)ത്തിലൂടെ ഭേദം അനുഭവപ്പെടുക. സ്​ത്രീയിലും പുരുഷനിലും ഉൾ​െപ്പടെ സകല ചരാചരങ്ങളിലുമുള്ള ചൈതന്യം ഒന്നു മാത്രം, അതു മാത്രമേ ഉള്ളൂ, അതാണ് സത്യം, അതു നീയാണ് -തത്ത്വമസി -എന്ന ഉപനിഷദ് തത്ത്വത്തി​​​െൻറ പ്രകാശിത രൂപമാണ് ശബരിമല സന്നിധാനം. പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നതും അതാണ്. തത്ത്വം എന്ന വാക്കി​​​െൻറ ആവിർഭാവവും ഈ അറിവിൽനിന്നാണ്. വകുപ്പുകളിലൂടെ സമത്വം ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിന്നിലെ തത്ത്വം നീതിയുടേതാണ്. ദേദമില്ലായ്മയുടെ നീതിക്കാഴ്ചയുടെ പശ്ചാത്തലത്തിൽനിന്ന് സമത്വത്തി​​​െൻറ ന്യായത്തെ കാണാൻ ഭരണഘടന ​െബഞ്ചിന് കഴിഞ്ഞിരുന്നുവെങ്കിൽ വധി നമ്മുടെ സമൂഹത്തെ മൂടിയിരിക്കുന്ന അജ്ഞതയുടെ ഒരു ചെറിയ പാളിയെങ്കിലും നീക്കുന്നതാകുമായിരുന്നു.

വിഷയത്തി​​​െൻറ ഗുണദോഷ(മെറിറ്റ്)ത്തിലേക്ക് കടക്കുന്നതിൽ ഭരണഘടന ​െബഞ്ച് പരാജയപ്പെട്ടു. ക്ഷേത്രസങ്കൽപവും അതി​​​െൻറ പിന്നിലെ ശാസ്​ത്രവും അറിഞ്ഞാൽ മാത്രമേ അതിനു കഴിയുകയുള്ളൂ. വിഷയത്തി​​​െൻറ ഗുണദോഷത്തിലേക്കു പോകുകയാണെങ്കിൽ ഭരണഘടനയുടെ വെളിച്ചത്തിൽ ഏറ്റവും വലിയ അനീതി ക്ഷേത്രങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന ബോർഡും മറ്റു മതസ്​ഥർക്ക് ഇപ്പോഴും ക്ഷേത്രപ്രവേശനത്തിനുള്ള വിലക്കുമാണ്. ഭരണഘടനയുടെ ആത്മാവി​​​െൻറ പ്രഖ്യാപനംകൂടിയാണ് ശബരിമല. ഒരു പഞ്ചായത്തിൽപോലും ഒരേ സമുദായത്തിൽപെട്ട ഹിന്ദുക്കളിൽ വിഭിന്നങ്ങളായ ആചാരങ്ങളുണ്ട്. അങ്ങനെയുള്ള അനേക ലക്ഷം ആചാരങ്ങളിൽ മറ്റൊന്നു മാത്രമെന്ന നിലയിലേ മറ്റു മതാചാരങ്ങളെ ഹിന്ദുമതത്തിന് കാണാൻ കഴിയുകയുള്ളൂ എന്ന് മുൻ രാഷ്​ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞത് അതിനാലാണ്. ആ ഉൾക്കൊള്ളലി​​​െൻറ ഉദാഹരണമാണ് ശബരിമല. ബുദ്ധ പാരമ്പര്യം, സന്നിധാനത്ത് വാവരുടെ സാന്നിധ്യം, അർത്തുങ്കൽ പള്ളിയിലെത്തി മാലയൂരുക ഇതെല്ലാം സാമൂഹികമായിതന്നെ ശബരിമല പ്രയോഗത്തിലൂടെ കാണിച്ചുതരുന്നു.

വിരമിച്ച ശേഷം ദൽഹിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്​റ്റിസായിരുന്ന ദീപക് മിശ്ര ലിംഗസമത്വത്തിനുവേണ്ടി വാദിച്ചു. പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ ആ കാഴ്ചപ്പാട് വിദ്യാസമ്പന്നരിലും പണ്ഡിതരെന്ന് കരുതപ്പെടുന്നവരിലും രൂഢമൂലമാകുന്നതി​​​െൻറ ഉദാഹരണം കൂടിയായി അത്.

ശബരിമല എന്തുകൊണ്ട് വ്യത്യസ്​തമാകുന്നു
ലോകത്തുള്ള എല്ലാ ക്ഷേത്രസങ്കൽപങ്ങളിൽനിന്നും വ്യത്യസ്​തമാണ് ശബരിമലയിലേത്. സത്തിനെ നിക്ഷേപിച്ചിരിക്കുന്ന ഇടം സന്നിധാനം. അതിനാൽ ശബരിമല ക്ഷേത്രമെന്ന പ്രയോഗംപോലും ഉചിതമല്ല. ആ ഉപനിഷദ് സത്താണ് തത്ത്വമസി. അതു മാത്രമാണ് ഇപ്പോഴത്തെ കോലാഹലങ്ങളിൽ ചർച്ചചെയ്യപ്പെടാതെ പോകുന്നത്. സത്യാന്വേഷണത്തിൽ മുഴുകാൻ താൽപര്യമുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ളതുമാണ് സന്നിധാനം. അതുകൊണ്ടാണ് വളരെ വ്യത്യസ്​തമായ ആചാരങ്ങൾ ശബരിമല ദർശനത്തിനുള്ളത്.

ശബരിമലയിലെ ഏറ്റവും വലിയ അനാചാരമായി മാറിയത് ദേവസ്വം ബോർഡി​​​െൻറ അജ്ഞതയിൽനിന്നുള്ള നടപടിയാണ്. അതി​​​െൻറ ഫലമായാണ് മാസപൂജക്ക്​ നടതുറക്കൽ. മറ്റെല്ലാ ക്ഷേത്രങ്ങളിലും മൂർത്തിയെ ധ്യാനിച്ചുകൊണ്ട് ഭക്തരായി ക്ഷേത്രദർശനം നടത്തുമ്പോൾ ശബരിമല ചവിട്ടേണ്ടത് മൂർത്തിയായ അയ്യപ്പനായിതന്നെയാണ്. എന്നുവെച്ചാൽ ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പനെ കാണുകയല്ല ലക്ഷ്യം. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന കറുപ്പ് വേഷം ഭൗതിക ലോകത്തുനിന്ന്​ ഇന്ദ്രിയങ്ങളെ പിൻവലിക്കലാണ്. ഒന്നിനെയും ആഗിരണം ചെയ്യാതെ എല്ലാത്തിനെയും പ്രതിഫലിപ്പിക്കുന്ന വെളുപ്പുനിറം പ്രതിനിധാനം ചെയ്യുന്ന ഉൺമയെ അകത്ത് ദർശിച്ച് അതായി മാറുമ്പോഴാണ് സ്​ത്രീയും പുരുഷനുമല്ലാത്ത ആ ചൈതന്യത്തി​​​െൻറ അനുഭൂതി ആസ്വദിക്കാൻ കഴിയുന്നത്.

ആർത്തവവും അബദ്ധ ധാരണയും
സുപ്രീംകോടതി ഭരണഘടന ​െബഞ്ചിനു പോലും ശബരിമല തത്ത്വം പിടികിട്ടാത്ത അവസ്​ഥയിൽ സാധാരണ മനുഷ്യരുടെയിടയിൽ വളരാൻ സാധ്യതയുള്ള അബദ്ധ ധാരണകളും അതി​​​െൻറ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളും ഉൗഹിക്കാവുന്നതേ ഉള്ളൂ. ശബരിമലക്കു പോകാൻ തയാറാകുന്നവരെ അയ്യപ്പൻ എന്നാണ്​ വിളിക്കുന്നത്. അതു സ്​ത്രീയായാലും പുരുഷനായാലും അയ്യപ്പനാണ്. അയ്യപ്പനാകണം. മീശപിരിച്ചുള്ള ആണുൾപ്പെടുന്ന പ്രകൃതിയെ സ്​ത്രീയായും ആ പ്രകൃതിയെക്കുറിച്ചുള്ള ബോധത്തെ പുരുഷനായുമാണ് ഉപനിഷദ്​ കാണുന്നത്. ശുദ്ധബോധമാണ് പുരുഷൻ എന്നു ചുരുക്കം. പുരുഷനെ അറിയാൻ പറ്റാതെപോയ പുരുഷകേസരികളിലൂടെ അബദ്ധാചാരങ്ങൾ എങ്ങനെ സംഭവിച്ചെന്ന്​ ഇത് മനസ്സിലായാൽ കാണാം. സ്​ത്രീകളെ മാളികപ്പുറമെന്ന്​ അഭിസംബോധന ചെയ്യുന്നതും ശബരിമലയുടെ കാഴ്ചയിൽ ശരിയല്ല. സ്​ത്രീ-പുരുഷ ഭേദബോധ മുക്താവസ്​ഥയായ ആ അയ്യപ്പ​​​െൻറ അവസ്​ഥയിലേക്ക് രജസ്വലകളായ സ്​ത്രീകളെ മല ചവിട്ടുന്നതിൽനിന്ന്​ ഒഴിവാക്കിയത് വിലക്കി​​​െൻറ ഭാഗമായിട്ടാവില്ല. വിലക്കി​​​െൻറ രൂപത്തിൽ സമീപകാലത്താണ് വന്നത്. പ്രപഞ്ചതാളത്തി​​​െൻറ സ്​പന്ദനമായി പ്രകൃതി ഇരുപത്തിയെട്ടാം നാളിൽ സ്​ത്രീയിൽ ആർത്തവമായി പ്രത്യക്ഷപ്പെടുമ്പോൾ ഇന്ദ്രിയങ്ങളെ സാധാരണ നിലയിൽ ഉൾവലിച്ച് നിലകൊള്ളുന്നത് ശരീരത്തെയും മനസ്സിനെയും സംഘർഷത്തിലും സംഘട്ടനത്തിലുമാക്കും. ചിലരിൽ ആർത്തവസമയത്തുണ്ടാകുന്ന അസ്വസ്​ഥതകളും വേദനയുമൊക്കെ ഓർത്താൽ അറിയാൻ കഴിയും. ആരോഗ്യമുള്ള സമൂഹസൃഷ്​ടിയിൽ താൽപര്യമുള്ള സമൂഹം ആർത്തവദിനങ്ങളിൽ സ്​ത്രീക്ക് പൂർണ വിശ്രമം അനുവദിക്കുകയാണ് വേണ്ടത്..

ഭരണഘടന ​െബഞ്ചി​​​െൻറ മുന്നിൽ അനുകൂലമായും പ്രതികൂലമായും വാദിച്ചവർക്കും ഭരണഘടന ​െബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും വിയോജനവിധിയെഴുതിയ ജഡ്ജി ഇന്ദു മൽഹോത്രക്കും ഇപ്പോൾ തെരുവിൽ പ്രക്ഷോഭം നടത്തുന്നവർക്കുംഈ വിഷയത്തെ രാഷ്​ട്രീയമായി വിനിയോഗിക്കാൻ ശ്രമിക്കുന്നവർക്കും വിധി നടപ്പാക്കുമെന്ന് പറയുന്ന സർക്കാറിനും യഥാർഥത്തിൽ തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നില്ല. ഭേദവും വർഗവ്യത്യാസവും വിഭാഗീയതയും ശത്രുതയും സംഘർഷവും അജ്ഞതയും തുടങ്ങി അശാന്തിയുടെ പ്രളയത്തിരകൾ അണപൊട്ടിയൊഴുകുകയാണിപ്പോൾ കേരളത്തിൽ. താൽക്കാലികമായെങ്കിലും ഗാന്ധിജി പരാജയപ്പെടുകയും ഗോദ്​സെ വിജയിക്കുകയും ചെയ്യുന്നു. ആത്യന്തിക വിജയം ഗാന്ധിജിക്കുതന്നെയായിരിക്കും. ഒരുപക്ഷേ ഇപ്പോൾ അന്തരീക്ഷത്തിൽ മുഖരിതമായ ശരണംവിളികൾ അജ്ഞതയുടെ മൂടുപടം പൊട്ടിച്ചേക്കാം. അങ്ങനെയെങ്കിൽ കേരളത്തിന്​ അഭിമാനപൂർവം അത്​ ലോകത്തോടു പറയാം, പ്രപഞ്ചസത്യപ്രകാശനത്തി​​​െൻറയും അതി​​​െൻറ അടിസ്​ഥാനത്തിലുള്ള സാർവലൗകികജ്ഞാനമായ

ഭാരതസംസ്​കൃതിയുടെയും ഗിരിശൃംഗമാണ് ശബരിമല. അഭേദ ദർശനത്തി​​​െൻറ സന്നിധാനം. അതാണ് കേരളത്തെ ദൈവത്തി​​​െൻറ സ്വന്തം നാടാക്കുന്നതെന്ന്. അല്ലാതെ ദൈവവിശ്വാസം വ്യക്തിയെയും സമൂഹത്തെയും സംഘർഷത്തിലേക്കും സംഘട്ടനത്തിലേക്കും നയിക്കുന്നതാകരുത്.

(മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articletemplehindusabarimala women entrymalayalam news
News Summary - Sabarimala : Godse wins - Article
Next Story