Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആദ്യം കോൺഗ്രസ്​...

ആദ്യം കോൺഗ്രസ്​ തിരുത്ത​െട്ട

text_fields
bookmark_border
ആദ്യം കോൺഗ്രസ്​ തിരുത്ത​െട്ട
cancel

മൃദു ഹിന്ദുത്വനയവും നവ ഉദാരീകരണവും തിരുത്താൻ കോൺഗ്രസ്​ തയാറാവു​ന്നില്ല. അത്​ തിരുത്താത്തിടത്തോളം അവർക്കെതിരായ നിലപാട്​ തുടരാനാണ്​ സി.പി.എം തീരുമാനം. കോൺഗ്രസിനോടല്ല പാർട്ടിക്ക്​ വിരോധം, അവർ സ്വീകരിക്കുന്ന നയസമീപനങ്ങളോടാണ്​. സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമചന്ദ്രൻ പിള്ള ‘മാധ്യമ’ത്തോട്​ സംസാരിക്കുന്നു

  • ലോക്സഭ തെരഞ്ഞെടുപ്പിന് ആഴ്​ചകൾ മാത്രമാണ് ബാക്കി. എന്താണ് സി.പി.എമ്മി​​​െൻറ തയാറെടുപ്പ്​?

കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാറിനെ അധികാരത്തിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഓരോ സംസ്​ഥാനത്തെയും രാഷ്​ട്രീയ സ്​ഥിതിഗതികളുടെ അടിസ്​ഥാനത്തിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്​. അഖിലേന്ത്യാടിസ്​ഥാനത്തിൽ സഖ്യത്തിന് സാധ്യതയില്ല. പക്ഷേ, വിവിധ സംസ്​ഥാനങ്ങളിൽ രാഷ്​ട്രീയ കക്ഷികൾ ബി.ജെ.പി വിരുദ്ധ വോട്ട് ഏകോപിപ്പിക്കുന്നതിന് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

  • സ്​ഥാനാർഥി നിർണയത്തിൽ പാർട്ടിയുടെ അളവുകോൽ എന്താണ്?

ഒന്ന്, പാർട്ടിയുടെ നയസമീപനങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള കെൽപ്. രണ്ട്, ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സമരങ്ങൾ വളർത്തിക്കൊണ്ടുവരാനുമുള്ള സഖാവി​​​െൻറ ത്രാണി, സന്നദ്ധത. പാർലമ​​​െൻററി പ്രവർത്തനങ്ങളെ കമ്യൂണിസ്​റ്റ് പ്രവർത്തനമാക്കി മാറ്റിക്കൊണ്ടുവരാനുള്ള അവരുടെ കഴിവും.

  • സി.പി.എം അംഗമല്ലാത്ത സ്വതന്ത്ര സ്​ഥാനാർഥികൾ ഉണ്ടാകുമോ?

പാർട്ടി നയസമീപനങ്ങളോടുള്ള അനുഭാവവും സഹകരണവുമാണ് അവരെ പരിഗണിക്കുന്നതിൽ പ്രധാന ഘടകം. രണ്ടാമത് ജനകീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള സന്നദ്ധത. ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള പ്രതിബദ്ധത. ഇതി​​​െൻറയെല്ലാം അടിസ്​ഥാനത്തിലാവും തീരുമാനിക്കുക.

  • അടുത്തിടെ കോൺഗ്രസിന് മൂന്നു സംസ്​ഥാനങ്ങളിൽ ഭരണം ലഭിച്ചതിനെ സി.പി.എം കേന്ദ്ര കമ്മിറ്റി എങ്ങനെയാണ് വിലയിരുത്തുന്നത്​?

രാജസ്​ഥാനിലും മധ്യപ്രദേശിലും ഛത്തിസ്​ഗഢിലും ബി.ജെ.പി ഭരണം മാറി കോൺഗ്രസ്​ വന്നു. ഛത്തിസ്​ഗഢിൽ മാത്രമാണ് വലിയ തോൽവി ബി.ജെ.പിയുടെമേൽ അടിച്ചേൽപിക്കാൻ കഴിഞ്ഞത്. മധ്യപ്രദേശിൽ കോൺഗ്രസിനെക്കാൾ 0.2 ശതമാനം വോട്ട് ബി.ജെ.പിക്കാണ് കൂടുതൽ. രാജസ്​ഥാനിലും ഇരുപാർട്ടികൾക്കും ലഭിച്ച വോട്ട് ശതമാനത്തിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. പൊതുവായി തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ കോൺഗ്രസിന് പ്രാദേശിക പാർട്ടികളുടെ കൂട്ടത്തിൽ പ്രധാന പ്രാദേശിക പാർട്ടിയെന്ന സ്​ഥാനം ഉണ്ടാവും.

  • അത്രയേയുള്ളോ കോൺഗ്രസി​​​െൻറ സ്​ഥാനം?

അതിനപ്പുറത്തേക്ക് കോൺഗ്രസിന് പോകാനാവില്ല. എവിടെയാണ്​ അവർക്ക് പോകാൻ കഴിയുക? കോൺഗ്രസ്​ ഭരണത്തിലുള്ള സംസ്​ഥാനങ്ങൾ ഒഴികെ നോക്കിയാൽ എന്താണ് അവരുടെ സ്​ഥാനം? ആന്ധ്രപ്രദേശിൽ, തെലങ്കാനയിൽ, ഒഡിഷയിൽ, പശ്ചിമബംഗാളിൽ, വടക്ക് പടിഞ്ഞാറൻ സംസ്​ഥാനങ്ങളിൽ, ബിഹാറിൽ, ഉത്തർപ്രദേശിൽ ഒക്കെ. പിന്നെ അവർക്ക് ആകെയുള്ളത് കർണാടകമാണ്. മഹാരാഷ്​ട്രയിൽ എൻ.സി.പിക്കൊപ്പമാണ്. അപ്പോൾ എവിടെയാണ് കോൺഗ്രസ്​ കരുത്താർജിക്കുന്നത്?

  • ഡി.എം.കെ നേതാവ് എം.കെ. സ്​റ്റാലിൻ, രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രിയാകുമെന്ന്​ പറഞ്ഞിട്ടുണ്ടല്ലോ?

ഏറ്റവും കൂടുതൽ പാർലമ​​​െൻറ് അംഗങ്ങളെ ലഭിക്കാൻ സാധ്യതയുള്ള കക്ഷിയുടെ നേതാവിന്​ രാജ്യത്തെ മാധ്യമങ്ങൾ പ്രധാനമന്ത്രി സാധ്യത നൽകിക്കാണുന്നുണ്ടാവും. പക്ഷേ, അതെല്ലാം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്​ഥിതിഗതികളുടെ അടിസ്​ഥാനത്തിലാണ്. പ്രതിപക്ഷ കക്ഷികളിൽ ഒരുപക്ഷേ കോൺഗ്രസിനാവും പാർലമ​​​െൻറിൽ സീറ്റ് കൂടുതൽ കിട്ടുക. അതിനപ്പുറത്തേക്ക് കഴിഞ്ഞ കാലത്തേതുപോലെ ഒരു മേധാവിത്വം പുലർത്താൻ കോൺഗ്രസിന് ആവില്ല.

  • കോൺഗ്രസ്​ വിരോധം മാറ്റിവെച്ച് സി.പി.എം മാറേണ്ട സമയമല്ലേ ഈ പൊതുതെരഞ്ഞെടുപ്പ്?

ആദ്യം കോൺഗ്രസ്​ നിലപാട് തിരുത്ത​െട്ട. ഉറച്ച മതനിരപേക്ഷ നിലപാട് കോൺഗ്രസിന് സ്വീകരിക്കാൻ ആവുമോ? രാജസ്​ഥാനിലും മധ്യപ്രദേശിലും ഛത്തിസ്​ഗഢിലും നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് എന്ത് പ്രചാരവേലയാണ്​ അവർ നടത്തിയത്? ഞാൻ ശിവ ഭക്തനാണെന്ന് പറഞ്ഞായിരുന്നു രാഹുലി​​​െൻറ പ്രചാരണം. ഇപ്പോൾ കോൺഗ്രസ്​ പറയുന്നത്, അയോധ്യയിൽ ഞങ്ങൾക്ക് മാത്രമേ രാമക്ഷേത്രം പണിയാൻ ആവൂവെന്നാണ്. ഗോവധ നിരോധനം സംബന്ധിച്ച ബി.ജെ.പിയുടെ കലാപശ്രമങ്ങളെ കോൺഗ്രസ്​ എതിർക്കാൻ ശ്രമിക്കാറുണ്ടോ? ലവ്​ ജിഹാദിനെതിരെ ഉറച്ച നിലപാടെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ശബരിമല പ്രശ്നത്തിലെ സുപ്രീംകോടതി വിധിയിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല. സി.പി.എമ്മിന് കോൺഗ്രസിനോടുള്ള വിരോധമല്ല, കോൺഗ്രസ്​ സ്വീകരിക്കുന്ന നയസമീപനങ്ങളോടുള്ള വിരോധം മാത്രമാണുള്ളത്. അവർ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്.

  • കോൺഗ്രസുമായി ധാരണക്ക്​ സാധ്യതയ​ുണ്ടോ?

ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ഞങ്ങൾ തീരുമാനിച്ചത് കോൺഗ്രസുമായി അഖിലേന്ത്യാടിസ്​ഥാനത്തിലുള്ള രാഷ്​ട്രീയ ധാരണയോ രാഷ്​ട്രീയ ഐക്യമോ പാടില്ല എന്നാണ്. തെരഞ്ഞെടുപ്പു കാലത്ത് അപ്പോഴത്തെ സ്​ഥിതിഗതികളുടെയും രാഷ്​ട്രീയ നയസമീപനങ്ങളുടെയും അടിസ്​ഥാനത്തിൽ അടവുകൾ ആവിഷ്കരിക്കാം എന്നും തീരുമാനിച്ചിരുന്നു. അവിടെയാണ് സി.പി.എം ഇപ്പോഴും നിൽക്കുന്നത്.

  • പാർട്ടി കോൺഗ്രസിൽ മാറ്റങ്ങളുണ്ടായല്ലോ?

അതേ. തെരഞ്ഞെടുപ്പ് ധാരണപോലും പാടില്ല എന്നതരത്തിലുള്ള ഫോർമുലേഷൻ ആദ്യം ഉണ്ടായിരുന്നു. ഞങ്ങൾ ചർച്ച നടത്തി തീരുമാനിച്ചത് തെരഞ്ഞെടുപ്പ് ധാരണയെക്കുറിച്ച് തെരഞ്ഞെടുപ്പു കാലത്താണ് പറയേണ്ടത്, അതിനുമുമ്പ് പറയേണ്ടതില്ല എന്നാണ്.

  • കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ മഹാറാലിയിൽ സി.പി.എമ്മി​​​െൻറ അസാന്നിധ്യം പ്രകടമായിരുന്നല്ലോ?

തൃണമൂൽ കോൺഗ്രസ്​ ഞങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അഖിലേന്ത്യ രാഷ്​ട്രീയത്തി​​​െൻറ അടിസ്​ഥാനത്തിൽ ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നുള്ളതുകൊണ്ട് ബാക്കിയുള്ള കക്ഷികളെല്ലാം ആ റാലിയിൽ പങ്കെടുത്തു. അത് അവരെ ബാധിക്കുന്ന പ്രശ്നമാണ്. ബംഗാളിൽ ടി.എം.സി ജനാധിപത്യവിരുദ്ധ നടപടികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിനാൽ ആ റാലിയിൽ പങ്കെടുക്കാൻ സി.പി.എമ്മിന് കഴിയില്ല. പങ്കെടുക്കുന്നത് ശരിയുമല്ല.

  • ഹിന്ദി ബെൽറ്റിൽ സി.പി.എമ്മി​​​െൻറ തെരഞ്ഞെടുപ്പ് നിലപാടും തന്ത്രവും എങ്ങനെയായിരിക്കും?

ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുത്തുള്ള പ്രക്ഷോഭ സമരങ്ങളിലാണ് സി.പി.എം അവിടങ്ങളിൽ. എന്തെങ്കിലും മുന്നേറ്റം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാമെന്ന് ഇപ്പോൾ കണക്കാക്കുന്നില്ല. അതിന് വർഷങ്ങളെടുക്കും. ജനങ്ങൾക്ക് സി.പി.എം വിജയിക്കുന്നുവെന്ന അന്തരീക്ഷം ഉണ്ടാവണം. ആ നിലയിലുള്ള കരുത്ത് ആയിട്ടില്ല. പക്ഷേ, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഞങ്ങളുടെ കരുത്ത് ഈ പ്രദേശങ്ങളിൽ വളർന്നു.

  • കേരളം ഒഴികെ സി.പി.എമ്മിന് പ്രതീക്ഷയുള്ള മറ്റ്​ ഏതെങ്കിലും സംസ്​ഥാനങ്ങളുണ്ടോ?

ചില സംസ്​ഥാനങ്ങളിലെ ചില പോക്കറ്റുകളിൽ ഞങ്ങളുണ്ട്. അവിടെയാണ് ഞങ്ങൾ നിൽക്കുന്നത് ഇപ്പോഴും.

  • പ്രതിപക്ഷനിര പരിശോധിക്കുമ്പോൾ ഐക്യമല്ലല്ലോ ദൃശ്യമാവുന്നത്?

രണ്ടു മൂന്ന് കാരണങ്ങളാണ് അതിനുള്ളത്. ഒന്ന് 1980കളുടെ അവസാനവും 1990കളിലും ഈ പ്രാദേശിക രാഷ്​ട്രീയ കക്ഷികൾ ഇന്നത്തെ സ്വഭാവമുള്ള കക്ഷികളായിരുന്നില്ല. നവ ഉദാരീകരണ സാമ്പത്തിക നയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ ആരംഭിച്ചതിനെ തുടർന്ന് എല്ലാ സംസ്​ഥാനങ്ങളിലും ഒരു പുതിയ ധനിക വിഭാഗം ഉയർന്നുവന്നു. മുമ്പ്, ആർ.ജെ.ഡിയും സമാജ്​വാദി പാർട്ടിയും ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി തുടങ്ങിയ പാർട്ടികളും വളർന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തി​​​െൻറ താൽപര്യമാണ് ഉയർത്തിപ്പിടിച്ചത്. എന്നാൽ, നവ ഉദാരീകരണത്തിനുശേഷം ഈ പാർട്ടികൾ അതിസമ്പന്നന്മാരുടെ രാഷ്​ട്രീയ താൽപര്യം ഉയർത്തിപ്പിടിക്കുന്ന രാഷ്​ട്രീയ കക്ഷികളായി മാറി.

  • മോദി കൊണ്ടുവന്ന മുന്നാക്ക സാമ്പത്തിക സംവരണത്തെ എന്തടിസ്ഥാനത്തിലാണ്​ സി.പി.എം പിന്തുണച്ചത്​?

സൈദ്ധാന്തികമായി സി.പി.എം അതിന് പിന്തുണ കൊടുത്തു. ഞങ്ങൾ സ്​ഥിരമായി പറയുന്നതാണ്, മുതലാളിത്ത വളർച്ചയുടെയും നവ ഉദാരീകരണത്തി​​​െൻറയും ഭാഗമായി മുന്നാക്ക സമുദായത്തിലെ ഒരു വിഭാഗം സാമ്പത്തികമായി പിന്നാക്കം വന്നിട്ടുണ്ടെന്ന്. സാമൂഹിക പിന്നാക്കാവസ്​ഥക്കുള്ള സംരക്ഷണംപോലെ തന്നെ സാമ്പത്തികമായി ഒരു ജനവിഭാഗം താഴോട്ട് പതിച്ചുകൊണ്ടിരിക്കു​േമ്പാൾ അവർക്കും അത്യാവശ്യം പരിരക്ഷ ലഭി​േക്കണ്ടതുണ്ട്​. കേന്ദ്ര ഗവൺമ​​​െൻറ് വെക്കുന്ന നിർദേശങ്ങളോട് സി.പി.എം യോജിക്കുന്നില്ല. ഇത് സമ്പന്നന്മാരെ സംരക്ഷിക്കാൻ മാത്രമാണ്. ഇതിൽ അടിമുടി മാറ്റംവരുത്തേണ്ടതുണ്ട്​.

  • എൽ.ഡി.എഫ് ഭരണത്തിലുള്ള കേരളത്തിലോ?

അതേക്കുറിച്ച് ആലോചന നടത്തി ആവശ്യമായ ഏർപ്പാടുകൾ ഉണ്ടാക്കും. ഇപ്പോൾ ഗവൺമ​​​െൻറും അത് പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര മന്ത്രിസഭ കൂടി പറഞ്ഞതാണ് ഈ മാനദണ്ഡങ്ങൾ. സി.പി.എം അതുസംബന്ധിച്ച ആക്ഷേപം ഇപ്പോൾതന്നെ പറഞ്ഞുകഴിഞ്ഞു. ഭരണഘടന ഭേദഗതിതന്നെ അങ്ങേയറ്റം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ഈ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളത്.

  • സംവരണ വിഷയത്തിൽ സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള പിന്നാക്ക സമുദായ സംഘടനകളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടല്ലോ?

ക്രീമിലെയറി​​​െൻറ പ്രശ്നം വന്നപ്പോഴും ചില സാമുദായിക സംഘടന നേതാക്കന്മാർ ഇതേ അഭിപ്രായം പറഞ്ഞു. എസ്​.സി, എസ്​.ടി സമുദായങ്ങൾ ഒഴിച്ച് ബാക്കി സമുദായത്തിൽ മുതലാളിത്ത വികസനത്തി​​​െൻറ ഫലമായി ഒരു സമ്പന്ന വിഭാഗം വളർന്നുവന്നിട്ടുണ്ട്. ഇത്തരം ആനുകൂല്യത്തി​​​െൻറ എല്ലാ നേട്ടവും ആ സമ്പന്ന വിഭാഗമാണ് തട്ടിയെടുത്തുകൊണ്ടിരിക്കുന്നതെന്ന് അനുഭവങ്ങളിൽനിന്ന്​ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടാണ് ആ സമുദായത്തിലെ തന്നെ യഥാർഥത്തിൽ പാവപ്പെട്ടവരായവർക്ക് ആനുകൂല്യം ലഭിക്കേണ്ടതാണെന്ന തരത്തിൽ ക്രീമിലെയർ കൊണ്ടുവന്നത്. അതേ ലോജിക് തന്നെയാണ് ഇക്കാര്യത്തിലും. മുന്നാക്ക സമുദായത്തിൽ ഇക്കഴിഞ്ഞ 70-75 കൊല്ലക്കാലത്തെ സ്വാതന്ത്ര്യാനന്തരഘട്ട ശേഷമുള്ള മുതലാളിത്ത വളർച്ചയുടെ ഫലമായി ഒരുവിഭാഗം അങ്ങേയറ്റം പ്രയാസത്തിലേക്ക് പോയിട്ടുണ്ട്. അവർക്കും സംരക്ഷണം ആവശ്യമാണ്.

  • പ്രിയങ്കയുടെ വരവിനെ എങ്ങനെ കാണുന്നു?

കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യമില്ല. കോൺഗ്രസ്​ മാത്രമല്ല, പല രാഷ്​ട്രീയ പാർട്ടികളും കുടുംബ രാഷ്​ട്രീയ കക്ഷികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsRamachandran Pillai
News Summary - S Ramachandran Pillai - Article
Next Story