ഡൽഹിയിലെ റമദാൻ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന വിഭവമാണ് ‘റൂഹ് അഫ്സ’ എന്ന യൂനാനി സർബത്ത്. റമദാൻകാലം ഡൽഹിയിൽ നാനാവിധ സർബത്തുകളുടെ കാലം കൂടിയാണ്. െതരുവുകളിൽ നിരത്തിവെച്ച സർബത്തുകളിൽ വേറിട്ട് നിൽക്കുന്ന ‘റൂഹ് അഫ്സ’ നോമ്പ് തുറയിൽ പകരക്കാരനില്ലാത്ത വിഭവമാണ്. ‘റൂഹ് അഫ്സ’ എന്നാൽ ‘ആത്മാവിനെ ശുദ്ധീകരിക്കുന്നത്’ എന്നാണ്. ആത്മാവിനെ ശുദ്ധീകരിക്കുന്ന മാസത്തിൽ ആത്മാവിനെ ശുദ്ധീകരിക്കുന്ന പാനീയം ഇല്ലെങ്കിൽ...
റമദാനിൽ ജമാമസ്ജിദിെൻറ തെരുവുകൾ റൂഹ് അഫ്സയുടെ ഗന്ധത്താൽ നിറയും. ചെറുതും വലുതുമായ കോപ്പകളിൽ റൂഹ് അഫ്സ നിറച്ച് കച്ചവടം നടത്തുന്ന വിപണനക്കാരെ റമദാനിൽ ഡൽഹി സന്ദർശിക്കുന്ന ഇതര സംസ്ഥാന ടൂറിസ്റ്റുകൾക്ക് ഒരിക്കലും മറക്കാൻ കഴിയണമെന്നില്ല.
വ്യത്യസ്ത ഗണത്തിൽ പെട്ട പഴങ്ങൾ, പച്ചക്കറികൾ, ഔഷധങ്ങൾ എന്നിവയുടെ സത്തയാണ് റൂഹ് അഫ്സയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ. പ്രായഭേദമന്യേ ആർക്കും ഉപയോഗിക്കാവുന്ന ഈ പാനീയം യൂനാനി ഔഷധം കൂടിയാണ്. ഈ പാനീയത്തിന് പിറകിൽ നൂറ്റാണ്ട് നീളുന്ന കഥകൾ ഉണ്ട്.
ഇന്ത്യയിൽ യൂനാനി പഠനം കൊണ്ട് ശ്രദ്ധേയമായ ഡൽഹിയിലെ ഹംദർദ് സർവകലാശാലയുടെ ഹംദർദ് ലബോറട്ടറിയിലാണ് ഇതിെൻറ നിർമ്മാണം നടക്കുന്നത്.
ഇന്ത്യയിൽ 19-ാം നൂറ്റാണ്ടിൽ ജീവിച്ച പ്രശസ്ത ഉറുദു കവി പണ്ഡിറ്റ് ദയാ ശങ്കർ നസീം ലഖ്നവിയുടെ ഗ്രന്ഥമായ ‘മസ്നവി - ഗുൽസാറെ നസീ’ മിൽ നിന്ന് കടമെടുത്ത വാചകമാണ് ‘റൂഹ് അഫ്സ’. ഇതിെൻറ ബോട്ടിലിന് പുറമെ പതിച്ചിരിക്കുന്ന ലേബൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്. ഇത് വരച്ച് ഡിസൈൻ ചെയ്തത് ഡൽഹിയിലെ പ്രധാന ആർട്ടിസ്റ്റായി അറിയപ്പെട്ട മിർസാ നൂർ അഹമദ് ആയിരുന്നു. 1910 ലാണ് റൂഹ് അഫ്സയുടെ പരസ്യങ്ങളിൽ മിർസാ നൂർ അഹ്മദിെൻറ വരകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

ഡൽഹി ഭരിച്ച നവാബ്മാരും രാജക്കന്മാരും ഈ സർബത്ത് ഉപയോഗിച്ചിരുന്നതായി റൂഹ് അഫ്സയുടെ പഴയ കാല ഡൽഹി പരസ്യങ്ങൾ പറയുന്നു.
ഇന്ത്യാ വിഭജനത്തോടെ മറ്റ് കുടുംബങ്ങളെപ്പോലെ ഹംദർദ് കുടുബവും ഇന്ത്യയിലും പാക്കിസ്ഥാനിലുമായി പറിച്ചു നടപ്പെട്ടു. പാക്കിസ്ഥാനിലേക്ക് ചേക്കേറിയവർ കറാച്ചി ആസ്ഥാനമാക്കി റൂഹ് അഫ്സയുടെ വിപണി കണ്ടെത്തി പ്രവർത്തനമാരംഭിച്ചു. ഇന്ന് ഗൾഫ് മേഖലയിൽ റൂഹ് അഫ്സയുടെ വിപണി പിടിച്ചതും പാക്കിസ്ഥാനിൽ നിന്നുള്ള ഹംദർദ് കുടുംബമാണ്. ഇന്ത്യയിലേത് ഡൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. പിന്നീട് പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായപ്പോൾ ഹംദർദ് ബംഗ്ലാദേശിലേക്കും വ്യാപിച്ചു.