Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനൂറാംവയസ്സിലെ കൃഷ്​ണൻ

നൂറാംവയസ്സിലെ കൃഷ്​ണൻ

text_fields
bookmark_border
chemncheri-kunhiraman-nair-receiving-award-from-president
cancel
camera_alt

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ രാഷ്​​്ട്രപതി പ്രണബ്​ മുഖർജിയിൽനിന്ന്​ പത്​മശ്രീ പുരസ്​കാരം ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

2016 ലെ ഒരു സന്ധ്യാനേരം. കോഴിക്കോട്​ കണ്ടംകുളം ജൂബിലി ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നിലേക്ക്​ ഒരു കൃഷ്​ണ വേഷത്തെ പലർ ചേർന്ന്​ കൈപിടിച്ചുകൊണ്ടുവന്നു. വാർധക്യത്തി​െൻറ വിറ കയറിയ കൃഷ്​ണൻ. നൂറ്​ വയസ്സ്​ തികഞ്ഞ കൃഷ്​ണൻ. തോടയം കഴിഞ്ഞ്​ രംഗം കൊഴുത്തപ്പോൾ കൃഷ്​ണ​െൻറ ഉടലിൽനിന്ന്​ പ്രായം പറന്നകന്നു. ഗോപികമാർക്കൊപ്പം ശൃംഗാര വിവശനായ, വീറോടെ കാളിയനുമേൽ താണ്ഡവമാടിയ കൃഷ്​ണന്​ അപ്പോൾ യൗവനത്തി​െൻറ തിളപ്പുണ്ടായിരുന്നു. നൂറാം വയസ്സിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ വേദിയിൽ നിറഞ്ഞാടി. വേഷങ്ങളിലേക്ക്​ ചുട്ടി കുത്തി ആട്ടവിളിക്കിനു മുന്നിലേക്കിറങ്ങിയാൽ പ്രായവും അവശതകളുമെല്ലാം പാറിപ്പറന്നുപോകുമെന്ന്​ ഗുരു ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു അപ്പോൾ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച്​ ആരാധകരും ശിഷ്യരും കലാസ്​നേഹികളുമൊരുക്കിയ ആദരമായിരുന്നു ആ പരിപാടി. ആ പ്രായത്തിലും തികവോടെ അങ്ങനെയൊരു വേഷം കെട്ടിയവർ കഥകളി ചരിത്രത്തിൽ വേറേയുണ്ടാവാനിടയില്ല.

നാലാം ക്ലാസിൽ പഠനം നിർത്തി കഥകളി പഠിക്കാനിറങ്ങി പിന്നീട്​ നൃത്തവും ഭരതനാട്യവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്​ത്​ ഒടുവിൽ കഥകളിയിൽ തന്നെ ജീവിതം ചേർത്തുവെച്ച മഹാ ഗുരു. ഏറ്റവും കൂടുതൽ ശിഷ്യന്മാരുള്ള നടനാചാര്യൻ. 100 വയസ്സ്​ പിന്നിട്ടിട്ടും വേദിയിൽ നിറഞ്ഞാടിയ സാധകൻ. രാജ്യം പത്​മശ്രീ നൽകി ആദരിച്ച കലാപ്രതിഭ. വിശേഷണങ്ങളുടെ നീണ്ട കഥതന്നെയായിരുന്നു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്ന ഗുരുവി​െൻറ ജീവിതം.

നാടുവി​ട്ടോടി നടനായി

1916 ജൂണ്‍ 26ന് മടയന്‍കണ്ടി ചാത്തുകുട്ടി നായരുടേയും കുഞ്ഞമ്മക്കുട്ടിയമ്മയുടേയും മകനായാണ്​ കുഞ്ഞിരമാൻ ജനിച്ചത്​. ചെറുപ്പത്തിൽ തന്നെ അമ്മയും അച്ഛനും നഷ്​ടമായതാണ്​​. അമ്മാവന്മാരുടെ തണലിലേക്ക്​ ജീവിതം പറിച്ചുനട്ട കാലത്തായിരുന്നു കഥകളി മോഹം തലയിൽ കയറിയത്​. അതിനു നിമിത്തമായത്​ സ്​കൂൾ വാര്ഷികത്തിന് കണ്ട 'സോളമ​െൻറ നീതി' എന്ന നാടകം. നടനാവണമെന്ന ആഗ്രഹം ആ നാടകക്കാഴ്​ചയിൽ കൂടെ കൂടി.

അച്ഛ​െൻറ നാടായ ചോനോംപീടികയിൽ കുഞ്ഞിരാമൻ കിടാവ്​ എന്നൊരാൾക്ക്​ ഒരു നാടകസംഘമുണ്ടായിരുന്നു. സംഘം അവതരിപ്പിച്ച 'വള്ളിത്തിരുമണം' എന്ന നാടകത്തിൽ ചെറിയൊരു വേഷം കുഞ്ഞിരാമനും അഭിനയിച്ചു. നാടകത്തി​െൻറ രംഗപടം ഒരുക്കാൻ വന്ന പാലക്കാടുകാരൻ ഗോവിന്ദ മേനോനെ പരിചയപ്പെട്ടത്​ കുഞ്ഞിരാമ​െൻറ ജീവിതത്തി​െൻറ ചുവടു മാറ്റി. കഥകളി എന്തെന്നു പോലുമറിയാത്ത കുട്ടികളോട്​ ഗോവിന്ദമേനോൻ ചോദിച്ചു 'നിങ്ങളിൽ കഥകളി പഠിക്കാൻ താൽപര്യമുള്ള ആരെങ്കിലുമുണ്ടോ..?' ചവിട്ടിയുഴിഞ്ഞ്​ എല്ല്​ നീരാക്കി മാറ്റിയശേഷമാണ്​ കഥകളി പഠിപ്പിക്കുക എന്ന്​ നാട്ടിൽ പ്രചാരത്തിലിരുന്ന വിശ്വാസം കാരണം അമ്മാവൻമാർ കഥകളി പഠിക്കുന്നതിൽ നിന്ന്​ കുഞ്ഞിരാമനെ വിലക്കി. പക്ഷേ, ആ വിലക്ക്​ വകവെക്കാതെ മൂത്ത സഹോദരി ഉണ്ണിമാധവിയുടെ കൈയിൽനിന്ന്​ വാങ്ങിയ നാലണയുമായി നാടുവിട്ടുപോയ കുഞ്ഞിരാമൻ മേപ്പയൂരിലെ രാധാകൃഷ്​ണ കഥകളി യോഗത്തിൽ പഠിക്കാൻ ചേർന്നു. പാലക്കാട്ടുകാരനായ കരുണാകര മേനോനായിരുന്നു ഗുരു.

കുനിയിൽ ക്ഷേത്രത്തി​െൻറ അഗ്രശാലയിലായിരുന്നു കഥകളി പരിശീലനം. കുനിയിൽ വീട്ടിൽ താമസവും. നാടുവിട്ട്​ കഥകളി പഠിക്കുന്ന വിവരം ഒടുവിൽ വീട്ടുകാർ അറിഞ്ഞു. കൂട്ടിക്കൊണ്ടുപോകാൻ വന്ന അമ്മാവന്മാർക്കു മുന്നിൽ നന്നായി പഠിക്കുന്ന ശിഷ്യ​െൻറ വിവരങ്ങൾ കരുണാകര മേനോൻ നിവർത്തിച്ചു. അത്​ തുടർ പഠനത്തിന്​ സമ്മതമായി. മാസങ്ങൾ നീണ്ട പരിശീലനത്തിനു ​ശേഷം അരങ്ങേറ്റമെത്തി. കിരാതത്തിലെ പാഞ്ചാലി വേഷമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്​.

കരുണാകര മേനോനുമായുള്ള ബന്ധം കേവലം ഗുരു - ശിഷ്യ ബന്ധമായിരുന്നില്ല. പിതൃ - പുത്ര ബന്ധംപോലെയൊരു ആത്​മബന്ധമായിരുന്നു. ഒ​രു കളിക്കിടെയിൽ ​കുഞ്ഞിരാമ​െൻറ കൈകളിലേക്ക്​ കരുണാകര മേനോൻ കുഴഞ്ഞുവീഴുകയായിരുന്നു. ഒടുവിൽ മേനോ​െൻറ അന്ത്യകർമങ്ങൾ മകനെപ്പോലെ നിർവഹിക്കാനുള്ള നിയോഗവും കുഞ്ഞിരാമനുണ്ടായി.

കൗമുദി ടീച്ചറുടെ നൃത്ത ക്ലാസ്​

1934 ജനുവരി ഏഴിന്​ കേരള സന്ദർശനത്തിനെത്തിയ ഗാന്ധിജിക്ക്​ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ സ്വാതന്ത്ര്യസമര ഫണ്ടിലേക്ക്​ മടികൂടാതെ അഴിച്ചുകൊടുത്ത പെൺകുട്ടിയായിരുന്നു കൗമുദി. പിന്നീടവർ മദിരാശി സംസ്​ഥാനത്തെ ആദ്യ ഹിന്ദി അധ്യാപികയായി. കഥകളിയിൽ നിന്ന്​ നൃത്തത്തിലേക്ക്​ കുഞ്ഞിരാമൻ നായരെ മാറ്റിച്ചവിട്ടിച്ചത്​ കൗമുദി ടീച്ചറായിരുന്നു.

കണ്ണൂരിൽ കൗമുദി ടീച്ചറുടെ സ്​കൂളിൽ വാർഷികത്തിന്​ അവതരിപ്പിക്കാൻ കുട്ടികളെ നൃത്തം പഠിപ്പിക്കാനായി കുഞ്ഞിരാമനെ ക്ഷണിക്കുകയുണ്ടായി. കഥകളി മാത്രം അറിയുന്ന തനിക്ക്​ നൃത്തമറയില്ലെന്ന വാദമൊന്നും ടീച്ചർ അംഗീകരിച്ചില്ല. ഗത്യന്തരമില്ലാതെ കഥകളിയിലെ സാരി, കുമ്മി മുദ്രകൾ ചേർത്ത്​ ഒരു നൃത്തരൂപം തട്ടിക്കൂട്ടി. പക്ഷേ, ആ വ്യത്യസ്​തമായ നൃത്തരൂപം ഏറെ സ്വീകരിക്കപ്പെട്ടു.

അടുത്ത വർഷവും നൃത്തം പഠിപ്പിക്കണമെന്ന്​ ടീച്ചർ ആവശ്യപ്പെട്ടു. പക്ഷേ, അതിന്​ തട്ടിക്കൂട്ട്​ നൃത്ത പരിപാടിയൊന്നും മതിയാവില്ലായിരുന്നു. അങ്ങനെയാണ്​ കൗമുദി ടീച്ചറുടെ നിർദേശപ്രകാരം കലാമണ്ഡലം മാധവൻ നായർക്കൊപ്പം നൃത്തം പഠിക്കാനായി പുറപ്പെട്ടത്​. എറണാകുളത്ത്​ മാധവൻ നായരുടെ വീട്ടിൽ താമസിച്ച്​ ആറു മാസം നൃത്തം പഠിച്ച കുഞ്ഞിരാമ​െൻറ പഠനചെലവുകൾ വഹിച്ചതും കൗമുദി ടീച്ചറായിരുന്നു. പഠനം കഴിഞ്ഞ്​ തിരികെ കണ്ണൂരിലെത്തിയ കുഞ്ഞിരാമൻ ഗവ. ഗേൾസ്​ ഹൈസ്​കൂളിലെ കുട്ടികളെ നൃത്തം പഠിപ്പിക്കുകയും അത്​ മറ്റൊരു തുടക്കമാവുകയും ചെയ്​തു. കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ നിരവധി ശിഷ്യരെ നൃത്തം പഠിപ്പിച്ച്​ കുഞ്ഞിരാമൻ സമ്പാദിച്ചു. ചലച്ചിത്ര നടൻ വിനീത്​ തുടങ്ങിയ പ്രശസ്​തരായ ശിഷ്യന്മാരും അക്കൂട്ടത്തിലുണ്ട്​. കൗമുദി ടീച്ചറുടെ അഭ്യർത്ഥന പ്രകാരം 1945ൽ കണ്ണൂരിൽ 'ഭാരതീയ നൃത്തകലാലയം' എന്ന സ്​ഥാപനവും തുടങ്ങി.

സർക്കസ്​ ക്യാമ്പിലെ നടനം

ആയിടെയായിരുന്നു കണ്ണൂരിൽ സർക്കസ്​ നടത്തിയിരുന്ന 'ഫെയറി സർക്കസി​'െൻറ ഉടമ അമ്പോറ്റി കുഞ്ഞിരാമനെ കാണാനെത്തിയത്​. സർക്കസിലെ കലാകാരന്മാരെ നൃത്തം പഠിപ്പിക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ കുഞ്ഞിരാമൻ സർക്കസ്​ കൂടാരത്തിലെത്തി. അതൊരു യാത്രയായി മാറി. തെക്കേയിന്ത്യയിലെ മിക്കയിടങ്ങളിലും സർക്കസ്​ സംഘത്തിനൊപ്പം കുഞ്ഞിരാമനും കറങ്ങി. കലയുടെയും ക്ഷേത്ര വിസ്​മയങ്ങളുടെയും നഗരിയായ തഞ്ചാവൂരിൽ എത്തിയ സർക്കസ്​ സംഘത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കുമ്പോഴായിരുന്നു തൊട്ടപ്പുറത്തെ മുറിയിൽ നിന്ന്​ ചിലങ്കയുടെയും മൃദംഗത്തി​​െൻറയും ഹാർമോണിയത്തി​െൻറയും ശബ്​ദം കേൾക്കാനിടയായത്​. ഒരു കുട്ടിയുടെ ഭരതനാട്യം അരങ്ങേറ്റത്തിനായി വന്ന സംഘമായിരുന്നു അത്​. ഏറെ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഭരതനാട്യം പഠിക്കണമെന്ന ആഗ്രഹം കുഞ്ഞിരാമൻ അവരോട്​ നിവർത്തിച്ചു. മദിരാശിയിൽ നിന്നു വന്ന സംഘമായിരുന്നു അവർ. അവിടേക്ക്​ വന്നാൽ പഠിപ്പിക്കാമെന്ന്​ സംഘത്തി​െൻറ ലീഡറായ നർത്തകി അറിയിച്ചു. മേൽവിലാസവും കൊടുത്തു. പ്രശസ്​തയായ ഭരതനാട്യം നർത്തകി ബാലചന്ദ്ര സരസ്വതിയായിരുന്നു ആ നർത്തകി.

സർക്കസ്​ സംഘം മദിരാശി നഗരത്തിലെത്തിയപ്പോൾ കുഞ്ഞിരാമൻ അവിടെയിറങ്ങി. ബാലചന്ദ്ര സരസ്വതിക്കു കീഴിൽ ഭരതനാട്യം പഠിക്കാൻ ​അങ്ങനെ അവസര​മൊരുങ്ങി. കുറച്ചുകാലം അവിടെ ഭരതനാട്യം പഠിച്ചു. മടങ്ങിയെത്തുമ്പോൾ കണ്ണൂരിലും തലശ്ശേരിയിലുമായി നൃത്തവിദ്യാലയങ്ങൾ കുഞ്ഞിരാമനായി കാത്തിരിക്കുകയായിരുന്നു. അതിനിടയിൽ രാഗതാള പരിചയത്തിനായി കോഴിക്കോട്​ രാജരത്​നം മാസ്​റ്ററുടെ കീ​ഴിൽ സംഗീതവും പഠിച്ചു. തിക്കൊടിയ​െൻറ ഉത്സാഹത്തിൽ ആകാശവാണിയിൽ റേഡിയോ നാടകങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായി.

ചേമഞ്ചേരിയു​ടെ കുഞ്ഞിരാമൻ

ജനിച്ചത്​ ചെ​ങ്ങോട്ടുകാവ്​ പഞ്ചായത്തിൽ. കലാപ്രവർത്തനത്തി​െൻറ പകുതിയും കണ്ണൂരിലും തലശ്ശേരിയിലും. അവിടങ്ങളിലെല്ലാം നൃത്തപഠനശാലകൾ നടത്തി. ചേലിയയിൽ കഥകളി വിദ്യാലയവും ആരംഭിച്ചു. അവയുടെ ഒന്നും പേരല്ല കുഞ്ഞിരാമൻ നായരുടെ കൂ​ടെ കൂടിയത്​. കുഞ്ഞിരാമൻ നായർ തന്നെ സ്​ഥാപിച്ച പൂക്കാട്​ കലാലയം നിലകൊള്ളുന്ന ചേമഞ്ചേരിയുടെ പേരായിരുന്നു.

കേരളനടനം എന്ന കലാരൂപം ചിട്ടപ്പെടുത്തിയതും അത്​ സ്​കൂൾ കലോൽസവങ്ങളിൽ ഉൾപ്പെടുത്തിച്ചതും കേരളത്തിലെ കഥകളിയാചാര്യന്മാരിൽ അഗ്രഗണ്യനായ ഗുരു ഗോപിനാഥി​െൻറ പരിശ്രമങ്ങളായിരുന്നു. അതിനെല്ലാം അദ്ദേഹത്തിനൊപ്പം കുഞ്ഞിരാമൻ നായരുമുണ്ടായിരുന്നു. പൂക്കാട്​ കലാവിദ്യാലയത്തിൽ ഗുരു കുഞ്ഞിരാമൻ നായരുടെ കീഴിൽ കേരളനടനം പഠിക്കാൻ അവസാന കാലത്തുപോലും വിവിധ ഭാഗങ്ങളിൽ നിന്ന്​ കുട്ടികളെത്തി.

അപകടം തന്ന വിനീത ശിഷ്യൻ

ഒരിക്കൽ കണ്ണൂരിലേക്ക്​ ബസ്സിൽ യാത്ര ചെയ്യുമ്പോൾ കുഞ്ഞിരാമൻ നായർക്ക്​ ഒരു അപകടമുണ്ടായി. കുറേ ദിവസമായി കഥകളി അവതരിപ്പിച്ച ക്ഷീണമുണ്ടായിരുന്നതിനാൽ ബസി​െൻറ സൈഡ്​ സീറ്റിലിരുന്നു ഉറങ്ങിപ്പോയി. മുള കയറ്റിവന്ന ലോറി പെ​ട്ടെന്നാണ്​ കുഞ്ഞിരാമൻ ഇരുന്ന വശത്ത്​ വന്നിടിച്ചത്​. മുള തുളച്ചുകയറി കൈപ്പത്തി ചതഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്​ടർമാർ ഞെട്ടിപ്പിക്കുന്ന ആ വിവരം പറഞ്ഞു. പരിക്കേറ്റ കൈയിലെ ഒരു വിരൽ മുറിച്ചുമാറ്റേണ്ടിവരും.

കഥകളി നട​െൻറ ഏറ്റവും വലിയ അനുഗ്രഹമായ മുദ്രകൾ വിടരുന്ന കൈവിരൽ മുറിച്ചുമാറ്റിയാൽ അയാൾ അതോടെ അവസാനിക്കുകയാണ്​. അതറിയാവുന്ന ചില ഡോക്​ടർമാർ അവിടെയുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ഡോ. ശാന്തകുമാരി. ഒടുവിൽ തുടയിൽ നിന്ന്​ മാംസം എടുത്ത്​ കൈപ്പത്തിയിൽ തുന്നിപ്പിടിപ്പിച്ചു. കൈവിരൽ പൂർവസ്​ഥിയിലാകാൻ പിന്നെയും കാലമെടുത്തു.

നൃത്തവും കഥകളിയുമൊക്കെ ഇഷ്​ടപ്പെട്ടിരുന്ന ഡോ. ശാന്തകുമാരി താമസിച്ചിരുന്നത്​ കൊയിലാണ്ടിയിലെ കൊല്ലത്തായിരുന്നു. ത​െൻറ മകനെ കഥകളി പഠിപ്പിക്കുവാനായി അവർ ഗുരുവി​െൻറ കെയിലാണ്ടിയിലെ നൃത്തസ്​ഥാപനത്തിൽ മകനെ ചേർത്തു. സ്​കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാനായിരുന്നു പഠനമെങ്കിലും ഡോ. ശാന്തകുമാരിക്കു തന്നെ സംശയമായി തുടർച്ചയായി മൂന്നു വർഷമെങ്കിലും പഠിച്ചാലല്ലേ കഥകളി രംഗത്ത്​ അവതരിപ്പിക്കാനാകൂ... ഗുരുവും അത്​ ശരിവെച്ചതോടെ കഥകളി വിട്ട്​ മോഹിനിയാട്ടം പഠിക്കാൻ തീരുമാനിച്ചു. കലാമണ്ഡലം സരസ്വതി ടീച്ചറെ അതിനായി ഏർപ്പാടാക്കി കൊടുത്തതും ഗുരു കുഞ്ഞിരാമനായിരുന്നു. ആ ശിഷ്യൻ പിന്നീട്​ വളർന്നു നർത്തകനായും നടനായും പേരുകേട്ട വിനീത്​ എന്ന താരമായി മാറിയത്​ ഗുരുവി​െൻറ ആ ശിഷ്യനായിരുന്നു. സംസ്​ഥാന സ്​കൂൾ കലോൽസവത്തിലെ അവസാന കലാപ്രതിഭയായ ആദർശ്​ എസും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനായിരുന്നു...

നഷ്​ടങ്ങളുടെ തുടർച്ച

ബുദ്ധിയുറയ്​ക്കുന്നതിനു മമ്പേ അമ്മയെ നഷ്​ടമായ കുഞ്ഞിരാമന്​ 13ാമത്തെ വയസ്സിൽ അച്ഛനും നഷ്​ടമായി. 32ാമത്തെ വയസ്സിലായിരുന്നു തലശ്ശേരി പുന്നോൽ സ്​കൂളി​ലെ ടീച്ചർ ജാനകിയെ വിവാഹം കഴിച്ചത്​. അവർക്ക്​ രണ്ടു കുട്ടികളുമുണ്ടായി. മൂത്ത മകൾ ഹേമലത, മകൻ പവിത്രൻ. പക്ഷേ, രണ്ടര വയസ്സായപ്പോൾ മകളെ മരണം അപഹരിച്ചുകളഞ്ഞു. ആ ദുഃഖത്തിൽ നീറിക്കഴിഞ്ഞ ജാനകിയും വൈകാതെ കുഞ്ഞിരാമനെ വിട്ടുപിരിഞ്ഞു. ആ വേർപാടുകൾ കുഞ്ഞിരാമനെ ആകെ ഉലച്ചു. പലരും നിർബന്ധിച്ചിട്ടും വീണ്ടുമൊരു വിവാഹത്തിന്​ അദ്ദേഹം തുനിഞ്ഞില്ല. പകരം, ത​െൻറ ജീവിതം കല തന്നെയെന്നു തീർച്ചപ്പെടുത്തിയ കുഞ്ഞിരാമൻ നായർ കലാ വിദ്യാലയങ്ങൾ സ്​ഥാപിച്ചും കലോപാസകനായും ജീവിതം തുടർന്നു. നാനാഭാഗങ്ങളിലായി ചിതറി കിടക്കുന്ന അനേകായിരം ശിഷ്യരിലൂടെ അദ്ദേഹം ഓർമിക്കപ്പെട്ടുകൊണ്ടേയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chemancheri kunhiraman nairkathakali master
News Summary - role of krishna at the age of hundred
Next Story