വിവരാവകാശ നിയമം കൈയേറുമ്പോൾ
text_fieldsസ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും ജനകീയമായ വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ പ്രതിസന്ധികൾ പലത്
- അപേക്ഷകളുടെ ആധിക്യം
- അവ തീർപ്പാക്കാൻ വിമുഖത
- നിയമത്തിന്റെ ദുരുപയോഗം
- സമയബന്ധിത നടപടിക്ക് വ്യവസ്ഥയില്ലായ്മ
- വകുപ്പുകൾ സ്വയം ഒഴിവാകൽ
- ആക്ടിനെതിരെ ഇറക്കപ്പെടുന്ന സർക്കുലറുകൾ
- ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് പരിശീലനമില്ലാത്തത്
- ഭരിക്കുന്ന കക്ഷികൾക്ക് താൽപര്യമില്ലായ്മ
വിവരാവകാശ നിയമം വന്നിട്ട് ഇന്ന് (ഒക്ടോബർ 12) 20 വർഷമാകുന്നു. 2019ലെ ഭേദഗതികളും വിവിധ സംസ്ഥാനങ്ങളിലെ റഗുലേഷനും ചട്ടങ്ങളുമെല്ലാം ഈ നിയമത്തെ ദുർബലപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ഏറ്റവും പുതിയ ഡി.പി.ഡി.പി (ഡിജിറ്റൽ വ്യക്തിഗതി ഡേറ്റാ സംരക്ഷണ നിയമം) കൂടി പ്രാവർത്തികമാകുന്നതോടെ വിവരാവകാശ നിയമത്തിന്റെ പ്രസക്തി വീണ്ടും കുറയും. കേരളത്തിലാകട്ടെ നിയമത്തിന്റെയും കമീഷന്റെ തന്നെയും പല്ലും നഖവും പിഴുതെറിയാനുദ്ദേശിച്ചുള്ള സർക്കുലർ വിപ്ലവം തുടരുകയുമാണ്. സംസ്ഥാന വിവരാവകാശ കമീഷന്റെ ശേഷിയറ്റ നേതൃത്വം ഒന്നും ചെറുക്കാതെ നോക്കുകുത്തിയായി.
വിവരാവകാശ നിയമത്തിന്റെ പ്രയോഗവത്കരണത്തിൽ തടസ്സങ്ങളുണ്ടാക്കുന്ന സർക്കുലറുകളും അറിയിപ്പുകളും വിവിധ വകുപ്പുകളിൽ നിന്ന് തരംപോലെ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം നിയമത്തിന്റെ ഉത്തമ താൽപര്യത്തിനെതിരും നിയമം നടപ്പാക്കാൻ പ്രയത്നിക്കുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കുന്നതുമാണ്.
ഒഴിവാണ്, പക്ഷേ നിയമ ലംഘനത്തിനുള്ളതല്ല
- എസ്.ആർ.ഒ നം.127 പ്രകാരം വിവരാവകാശ നിയമത്തിന് പുറത്തു നിൽക്കാൻ ആദ്യമേ അനുമതിയുള്ള വിഭാഗങ്ങൾ ഇവയാണ്:
- സി.ഐ.ഡി
- സ്പെഷൽ ബ്രാഞ്ച്
- ക്രൈം റെക്കോഡ്സ് ബ്യൂറോ
- പൊലീസ് ടെലി കമ്യൂണിക്കേഷൻ
- പൊലീസ് ആസ്ഥാനത്തെയും ജില്ലകളിലെയും കോൺഫിഡൻഷ്യൽ വിഭാഗങ്ങൾ
- ഫോറൻസിക് ലബോറട്ടറി
- ഫിംഗർ പ്രിൻറ്
സാങ്കേതികമായി പരിധിക്ക് പുറത്താണെങ്കിലും അഴിമതിയോ മനുഷ്യാവകാശ ലംഘനമോ ഉണ്ടായാൽ വിവരാവകാശ നിയമം ഇവിടെയും ബാധകമാണ്. എന്നിരിക്കെ നിയമവിരുദ്ധ സർക്കുലറുകൾക്ക് നിയമത്തിനുമേൽ അതിപ്രഭാവം കൽപിച്ച് ഇവിടങ്ങളിലൊക്കെ ഉദ്യോഗസ്ഥർ നിയമത്തെ മറികടക്കുകയാണ്. കൂടുതൽ ഫീസും ചെലവും വാങ്ങാനും കൂടുതൽ അപേക്ഷകൾ സമർപ്പിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനും വേണ്ടിവന്നാൽ വിവരം തന്നെ നൽകാതിരിക്കാനും ഇതുവഴി അവർക്ക് സാധിക്കുന്നു.
പണംപിടുങ്ങൽ രേഖയോ?
ഏതു രേഖയുടെയും പകർപ്പിന് പരമാവധി 50 രൂപ വരയേ ഈടാക്കാവു എന്ന് കേന്ദ്ര സർക്കാർ സർക്കുലറും സുപ്രീം കോടതി നിർദേശവും ഉണ്ട്. കേരളത്തിൽ ഇത് മൂന്നു രൂപയിൽ തുടങ്ങുന്നു. എന്നാൽ, ചില വകുപ്പുകൾ രേഖാപകർപ്പിന് 1500 രൂപയും അത് നോക്കിയെടുത്തതിന് 150 രൂപ വേറെയും വാങ്ങാറുണ്ട്. റവന്യൂ വകുപ്പിൽ ചില വിവരാവകാശ രേഖക്ക് അനുവദിക്കപ്പെട്ടതിന്റെ നൂറിരട്ടിയാണ് കോസ്റ്റ് വാങ്ങുന്നത്. കണ്ണൂർ സർവകലാശാലയിൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ആവശ്യപ്പെട്ട വിദ്യാർഥിയോട് കൂടുതൽ ഫീസ് ചോദിച്ചത് തെറ്റാണെന്ന് മുഹമ്മദ് ആതിഫ് നടത്തിയ ‘WP(c) no:3243/2023’ കേസിൽ ഹൈകോടതി വിധിച്ചു.
ഒരു അപേക്ഷകൻ ഏത് നിയമപ്രകാരം അപേക്ഷിക്കുന്നുവോ അതേ നിയമത്തിലുള്ള ഫീസും കോസ്റ്റും മാത്രമേ ഈടാക്കാവൂ എന്നും ഏതു നിയമം മൂലം രേഖ വേണമെന്ന് തിരഞ്ഞെടുക്കാൻ പൗരന് അവകാശമുണ്ടെന്നുമാണ് കോടതി പറഞ്ഞത്. എന്നാലും ഇപ്പോഴും കൂടിയ നിരക്കിൽ ഫീസ് വാങ്ങുന്ന വകുപ്പുകളും സ്ഥാപനങ്ങളുമുണ്ട്. ചില വകുപ്പുകൾ അധിക ഫീസ് വാങ്ങുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത് വിലക്കണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ കമീഷൻ സർക്കാറിനു കത്തു നൽകിയിരുന്നു. എന്നാൽ, പൈസ കുറക്കരുതെന്നും, പകർപ്പിനു ഒറിജിനലിന്റെ വില വാങ്ങണമെന്നും നിർദേശിച്ചുള്ള സർക്കുലർ ഇറക്കിയ വൈരുധ്യവുമുണ്ട്.
കമീഷനെ ഞെരുക്കാൻ ശ്രമം
വിവരാവകാശ കമീഷൻ സിറ്റിങ്ങുകൾ നടത്തുന്നതിന് റസ്റ്റ് ഹൗസിലെ ഹാളുകൾ സൗജന്യമായി അനുവദിക്കാൻ കമീഷൻ ആവശ്യപ്പെട്ടപ്പോൾ, ഇനി മേലിൽ പണം തന്നാൽപോലും ഹിയറിങ് നടത്താൻ ഹാൾ നൽകേണ്ടതില്ല എന്ന ഉത്തരവും ഇവിടെ ഇറങ്ങി. മേലാളന്മാർക്ക് താൽപര്യമില്ലാത്ത വിവരം പുറത്തുകൊടുത്തതിന് പൊലീസ് ആസ്ഥാനത്തെ വിവരാധികാരിയെ സസ്പെൻഡ് ചെയ്തു. ഇത് നിയമവിരുദ്ധമാണ്. വിവരാവകാശ നിയമപ്രകാരമുള്ള ഏത് പ്രവർത്തനത്തിനും ഒരു ഓഫിസറെയും മേലുദ്യോഗസ്ഥർ ചോദ്യം ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല. അതിന് കമീഷന് മാത്രമേ അധികാരമുള്ളൂ.
ചില ആർ.ടി.ഐ പ്രവർത്തകർ പൊലീസ് നടപടി ചോദ്യം ചെയ്തതോടെ, പൊലീസ് ആസ്ഥാനത്തെ പ്രധാന വകുപ്പുകളെയെല്ലാം വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കുലർ ഇറക്കി. ജി.എസ്.ടി പരിശോധനക്ക് മുമ്പും ശേഷവും രേഖകൾ ഉദ്യോഗസ്ഥർ വ്യാപാരികളെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് ഈ ലേഖകന്റെ തന്നെ ഉത്തരവുണ്ടായിരുന്നു. പിന്നാലെ സർക്കുലർ വന്നു, ജി.എസ്.ടി അതീവ രഹസ്യങ്ങൾ സൂക്ഷിക്കുന്ന വകുപ്പായതിനാൽ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന്.
പരിഹാസ്യമാകുന്നു
പ്രത്യക്ഷത്തിലും വളഞ്ഞ വഴിയിലും വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന അധികാരികളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കുബുദ്ധി മിക്കയിടത്തും വിജയം കാണുമ്പോഴും നിയമത്തിന്റെ കാവൽക്കാരായ സംസ്ഥാന വിവരാവകാശ കമീഷനാകട്ടെ, ചോദ്യം ചെയ്യാൻ ശേഷിയില്ലാത്ത നേതൃത്വത്തിനു കീഴിൽ പരിഹാസ്യമാകുകയാണെന്ന് പറയേണ്ടിവരും. ഏതു നിയമത്തിലും ഭേദഗതിയോ നിർദേശങ്ങളോ പുറപ്പെടുവിക്കുമ്പോൾ ആ നിയമത്തിന്റെ ആസ്ഥാന കാര്യാലയത്തിന്റെ അഭിപ്രായം തേടാറുണ്ട്. എന്നാൽ, വിവരാവകാശ നിയമത്തിൽ കൈവെക്കുന്ന ഒരു നടപടിക്കും സംസ്ഥാന കമീഷന്റെ അഭിപ്രായം തേടാറില്ല. അതിൽ കേരള കമീഷനാകട്ടേ പരിഭവംപോലുമില്ല !
അനുഭവങ്ങൾ ഒട്ടേറെ
ഹേമ കമീറ്റി റിപ്പോർട്ട് പുറത്തു വിടാനുള്ള ഈ ലേഖകന്റെ ഉത്തരവ് ഇറങ്ങിയതിനു തൊട്ടുപിന്നാലെ, ആ കേസിന്റെ തുടർവിസ്താരങ്ങൾ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റിയതും സെക്രട്ടേറിയറ്റും പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അഡ്മിനിസ്ട്രേഷൻ നേരിട്ട് ഏറ്റെടുത്തതും വിവരാവകാശ നിയമത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായിരുന്നില്ല. അതിനു ശേഷം ഹേമ കമീറ്റിയുമായി ബന്ധപ്പെട്ട ഒരു കേസുപോലും തീർപ്പാക്കിയതുമില്ല.
വിവരാവകാശ പ്രവർത്തകർ ഉയർന്നുവരുന്നത് തടയുന്നു
ഇത്തരം അനാസ്ഥകൾക്കെതിരെ ശബ്ദിക്കാൻ കേരളമാകെ ആർ.ടി.ഐ ക്ലബുകൾ രൂപവത്കരിച്ച്, പരിശീലനം ലഭിച്ച വിവരാവകാശ പ്രവർത്തകരെ സൃഷ്ടിക്കാൻ നടത്തിയ ശ്രമവും കമീഷന്റെ പുതിയ നേതൃത്വം മുൻകൈയെടുത്ത് തടഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ വിവരാവകാശ നിയമത്തെ ഇത്തരം പ്രതിസന്ധികളിൽ നിന്ന് സംരക്ഷിക്കാൻ വിവരാവകാശ പ്രവർത്തകർ കൂടുതൽ ജാഗ്രതയോടെ രംഗത്തു വരണമെന്നാണ് ഇത്തരം സംഭവവികാസങ്ങൾ ആവശ്യപ്പെടുന്നത്.
ദുർബലപ്പെടുത്തുന്നതും ഉദ്യോഗസ്ഥർ
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുന്നതുപോലെ ദുർബലപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥരാണ് മുന്നിൽ. വെള്ളക്കടലാസിൽ 10 രൂപ സ്റ്റാമ്പ് പതിച്ച് എഴുതി നൽകിയാൽ മതിയാകുമെന്നാണ് വ്യവസ്ഥ. വക്കീൽ എഴുതിക്കൊടുത്ത ഒരു ഹരജി, കടലാസിന്റെ നിറം പച്ചയായതിനാൽ നിയമ പ്രകാരം വെള്ളക്കടലാസിൽ അപേക്ഷിച്ചില്ലെന്നുകാണിച്ച് വിവരം നിഷേധിച്ച വില്ലേജ് ഓഫിസറുണ്ട്. ചോദ്യം മനസ്സിലായില്ല, ഫയൽ കാണാനില്ല, വിവരങ്ങൾ ശേഖരിച്ചു വരുന്നു തുടങ്ങിയ ടെംപ്ലേറ്റ് മറുപടികൾ വിലാസം മാറ്റി മാറ്റി അയച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. നൽകാവുന്ന വിവരങ്ങൾ മേശപ്പുറത്ത് ഉണ്ടായിരിക്കെ, ഹരജിക്കാരനെ വിളിച്ചുവരുത്തി ആയിരം ഫയലുകൾ മുന്നിൽ നിരത്തിവെച്ചുകൊടുത്തിട്ട് വിവരം കണ്ടെത്താൻ ‘അനുവദിക്കുന്ന’ വിരുതന്മാരുമുണ്ട്.
ദുരുപയോഗം ചെയ്യുന്നവരും
വിവരാവകാശ നിയമത്തെ സങ്കുചിത താൽപര്യങ്ങൾക്കുവേണ്ടി പൗരൻ ദുരുപയോഗം ചെയ്യുമെന്നതും കാണാതിരുന്നുകൂട. ‘സർ, ഞങ്ങൾ പറഞ്ഞ കാശ് തരുന്നില്ലെങ്കിൽ പോയേക്കാം. പിന്നെ ഞങ്ങളെ തിരക്കരുത്’. എന്നായിരുന്നു, കൊട്ടാരക്കര മോട്ടോർ വെഹിക്കിൾ ഓഫിസിൽ പിരിവിനുവന്നവർ ഉദ്യോഗസ്ഥരോട് ‘സൗഹൃദ ഭീഷണി’ മുഴക്കിയത്. തൊട്ടടുത്ത ദിവസം വന്നു, ഒരു വിവരാവകാശ അപേക്ഷ! ആ ഓഫിസ് ഉണ്ടായ കാലം മുതൽ ഇതുവരെയുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച അന്വേഷണമുണ്ട് അതിൽ. അവിടത്തെ മുഴുവൻ ജീവനക്കാരും മറ്റെല്ലാം മാറ്റിവെച്ച് ആറുമാസം പണിയെടുത്താലും മറുപടി കുറിച്ച് തീർക്കാൻ കഴിയില്ല. മാവേലിക്കരയിൽ ജലസേചന ഓഫിസിൽ കരാർ ദീർഘിപ്പിച്ചു നൽകാത്ത കാരണത്താൽ നിരന്തരം വരുന്ന വിവരാവകാശ അപേക്ഷകൾക്ക് മറുപടി കുറിക്കാനായി ഒരുദ്യോഗസ്ഥ എൽഎൽ.ബി ഈവനിങ് കോഴ്സിൽ ചേർന്നത്രേ. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ നിത്യേന ഉപയോഗിക്കുന്ന ഈ നിയമത്തെ ദുർബലമാക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ഏറ്റവും അപകടകരമായത് അതിന്റെ ദുരുപയോഗമാണ്.
ഒന്നോർക്കുക!
അധികാരമുള്ളവരെല്ലാം എക്കാലത്തും വിവരാവകാശ നിയമത്തെ എതിർത്തുതോൽപിക്കാൻ ശ്രമിക്കാറുണ്ട്. അവിടെ സംരക്ഷകരായി നിൽക്കേണ്ടത് ജനങ്ങളാണ്. ജനങ്ങളിൽ ഒരു വിഭാഗംതന്നെ ‘കണക്കു തീർക്കാൻ’ ഇതിനെ ഉപയോഗിക്കുകയാണ്. വിവരാവകാശ അപേക്ഷകൾ നൽകുമ്പോൾ അത് ഒരു വിഷയത്തിൽ ഒതുങ്ങുന്നവയും ചുരുക്കത്തിലുള്ളവയുമായിരിക്കേണ്ടതുണ്ട്. കുത്തിനിറക്കപ്പെട്ട ചോദ്യങ്ങൾ ആകരുത്. ലോക്കപ്പ് മർദനങ്ങളുടെ ദൃശ്യങ്ങളും സിനിമയുടെ പിന്നാമ്പുറ കഥകളും ഉൾപ്പെടെ കേരളത്തിലെ നിരവധി രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന ഈ നിയമം ശക്തമായി നിലനിൽക്കേണ്ടത് ജനങ്ങളുടെ (മാത്രം) ആവശ്യമാണ്.
തീർപ്പാക്കാതെ, തീരാതെ...
വിവരാവകാശ കമീഷനുകളിൽ കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതും പ്രതിസന്ധിയാണ്. 30 ദിവസത്തിനകം തീരുമാനമറിയിക്കാത്ത ഓഫിസറെ ശിക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള പരാതികളിൽ എട്ടു വർഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത കമീഷനാണ് കേരളത്തിലുള്ളത്. അപ്പീൽ നൽകി തീരുമാനവും വിവരവും കാത്തിരിക്കുന്നവരോട് പതിറ്റാണ്ടടുക്കുമ്പോൾ, ‘താങ്കൾ ഈ കേസിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അറിയിക്കണ’മെന്ന് കമീഷനിൽ നിന്ന് കത്ത് പോവുകയാണ്. അപ്പോഴേക്കും അപേക്ഷകർ വിലാസം മാറുകയോ സ്ഥലത്തില്ലാതാവുകയോ ചെയ്താൽ പിന്നെ ആ പരാതിയുടെ കാര്യം തീർന്നു. മരിച്ചുപോയവർക്കു വരെ ഇങ്ങനെ കത്ത് പോകുന്നുണ്ട്. 15 ദിവസത്തിനകം മറുപടി വന്നില്ലെങ്കിൽ ഫയൽ ക്ലോസുചെയ്യുന്നതാണ് പുതിയ നേതൃത്വത്തിന്റെ ഫയൽ തീർപ്പ് തന്ത്രം.
കമീഷണർമാർ രാപകൽ പണിയെടുത്ത് ഫയലുകളിൽ തീർപ്പ് കൽപിച്ചാലും അത്തരം ഫയലുകളിലെ ഉത്തരവ് അച്ചടിച്ചിറക്കാത്ത നിരവധി കേസുകളുണ്ട്. ഒന്നരക്കൊല്ലം മുമ്പ് തീർപ്പായ കേസിലെ (AP.No. 428(5)/18/SIC) ഉത്തരവ് തേടി കമീഷനിലെത്തിയ മാന്നാറിലെ സർക്കിൾ ഇൻസ്പെക്ടറോട്, മറ്റൊരു ഹരജി സമർപ്പിക്കാനാണ് പറഞ്ഞത്. ഹിയറിങ്ങിനു മാസങ്ങൾ കഴിഞ്ഞും ഉത്തരവുകിട്ടാതെ നിരവധി ഹരജിക്കാർ കമീഷനിൽ കയറിയിറങ്ങുകയാണ്.
2023, 2024 വർഷങ്ങളിൽ കമീഷണർമാർ തീർപ്പാക്കി ഉത്തരവിട്ട ചില ഫയലുകളിലെ വിധിതീർപ്പുകൾ ഇതുവരെയും പ്രിൻറ് ചെയ്ത് നൽകിയിട്ടില്ല. ഇപ്പോൾ കമീഷനിലെത്തുന്നവരോട് ഫയൽ കാണാനില്ലെന്നാണ് മറുപടി-(File No. 1498/SIC-G7/2018 ). ഇതു പറയുന്നത് ഒരു വിവരാധികാരിയാണെങ്കിൽ, അയാൾക്കെതിരെ ഫൈനും അച്ചടക്ക നടപടിയും ശിപാർശ ചെയ്യാൻ വ്യവസ്ഥയുള്ള കമീഷനിലാണ് ഫയൽ കൂട്ടത്തോടെ കാണാതാവുന്നത് ! കമീഷണർമാർ ഫയൽ ഒപ്പുവെച്ചാൽ പിന്നെ ഉത്തരവിറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണവിഭാഗത്തിന്റെ ചുമതലയാണ്. അവിടത്തെ പിടിപ്പുകേടാണ് കാര്യങ്ങളുടെ താളം തെറ്റിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഒന്നും രണ്ടും കമീഷണർമാരും കേന്ദ്രത്തിൽ ആകെ മൂന്നു കമീഷണർമാരുമാണുള്ളത്. ആറ് കമീഷണർമാരുള്ള കേരളത്തിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിന് സാധൂകരിക്കാവുന്ന കാരണങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

