ബഹു. മോഹൻ ഭാഗവത്ജീ,
നാഗ്പൂരിൽ വിജയദശമി ദിനത്തിൽ നടത്തിയ പ്രഭാഷണത്തിൽ ശബരിമല അമ്പലത്തിൽ സ്ത്രീക്ക് സ്വതന്ത്രമായി പ്രവേശിക്കാൻ അവകാശമുണ്ടോ എന്ന വിഷയം സംസാരിച്ചുകണ്ടു. നൂറ്റാണ്ടുകളായി കോടിക്കണക്കിന് വിശ്വാസികൾ അനുശീലിച്ച പൈതൃകവും വിശ്വാസവുമാണ് സുപ്രീംകോടതി അവഗണിച്ചതെന്നും നിയമങ്ങൾക്കു മാത്രം സൗഹൃദപൂർണമായ ഒരു സമൂഹ നിർമിതി സാധ്യമല്ലെന്നും പ്രഭാഷണത്തിൽ താങ്കൾ ഒാർമിപ്പിച്ചു. ക്ഷമാപൂർവമായ പ്രവർത്തനങ്ങൾ വഴി സമൂഹ മനസ്സ് പരിവർത്തിപ്പിക്കാതെയുള്ള വിശ്വാസപരമായ വിഷയങ്ങളിലെ കോടതിവിധികൾ പുതിയ സമൂഹക്രമം സൃഷ്ടിക്കില്ലെന്നു മാത്രമല്ല, ആചാരമായി സ്വീകരിക്കപ്പെടില്ലെന്നുമായിരുന്നു പ്രഭാഷണത്തിെൻറ കാതൽ.
സത്യത്തിൽ അങ്ങനെയാണോ? എങ്കിൽ, മുത്തലാഖ് വിഷയത്തിൽ പുതിയ വിധി എടുത്തുകളയാൻ താങ്കൾ നരേന്ദ്ര മോദിയോട് ആവശ്യപ്പെടണം. നൂറ്റാണ്ടുകളായി കോടിക്കണക്കിന് വിശ്വാസികളുടെ പൈതൃകവും വിശ്വാസവും കുടികൊള്ളുന്ന വിഷയമായിരുന്നു മുത്തലാഖ്. എന്നിട്ടും സുപ്രീംകോടതി അത് അവഗണിച്ചു. എന്നുവെച്ച്, മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധി നിയമമാകില്ലെന്നോ പുതിയ സമൂഹക്രമം സൃഷ്ടിക്കില്ലെന്നോ താങ്കൾ കരുതുന്നുണ്ടോ?
മുത്തലാഖ് എടുത്തുകളയുക വഴി സ്ത്രീശാക്തീകരണം സാധ്യമാക്കാൻ ബി.ജെ.പി നടത്തിയ വലിയ നീക്കമായാണ് പുതിയ വിധിയെ താങ്കളുടെ പാർട്ടി വിശേഷിപ്പിക്കുന്നത്. ജ്ഞാനംകൊണ്ട് ദീപ്തമായ 21ാം നൂറ്റാണ്ടിൽ മുസ്ലിം ആചാരങ്ങൾക്കുമേൽ ഭരണഘടന വിഭാവന ചെയ്യുന്ന വനിതകളുടെ മൗലികാവകാശങ്ങൾ ജയിക്കണമെന്നും അങ്ങ് പറയുന്നു. 100 ശതമാനവും അതിനോട് ഞാൻ യോജിക്കുന്നു. എങ്കിൽ തീർച്ചയായും ഹിന്ദു സ്ത്രീകളുടെ മൗലികാവകാശങ്ങളും ശബരിമലയിൽ വിജയം കാണണം.
അതല്ല, മുസ്ലിംസ്ത്രീകൾക്ക് മാത്രമേ മൗലികാവകാശങ്ങളുള്ളൂവെന്നും ഹിന്ദുസ്ത്രീകൾക്കില്ലെന്നും താങ്കൾ ചിന്തിക്കുന്നുണ്ടോ? ആണെങ്കിൽ വിശദീകരണം വേണം. ലിംഗ വിഷയങ്ങളിൽ ഹിന്ദു, മുസ്ലിം വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കാമെന്നാണെങ്കിൽ, ലൈംഗിക പീഡന വിഷയങ്ങളിൽ നിയമം എം.ജെ. അക്ബറിന് ബാധകവും ആർ.കെ. പച്ചൗരിക്ക് അല്ലെന്നുമാണോ? പുതുതായി കൊണ്ടുവരുന്ന നിയമങ്ങൾ പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും പെെട്ടന്ന് മാറ്റില്ലെന്ന് താങ്കൾ പറഞ്ഞത് ശരിയാണ്. എന്നാലും, ഇത്തരം നിയമങ്ങൾ അടിയന്തരമായി സൃഷ്ടിക്കുന്ന ചില സ്വാധീനതകളുണ്ട്. സമൂഹം നേർവഴിയിൽ സഞ്ചരിക്കാൻ അതു നിമിത്തവുമാകുന്നു.
ജാതി, മതം, ലിംഗം എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം 1951ൽ ഭരണഘടന വിലക്കി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിശ്വാസികളിൽ നിലനിന്ന നിരവധി പാരമ്പര്യങ്ങളെയും ആചാരങ്ങളെയും എതിർക്കുന്നതായി അത്. പിന്നീട് ബി.ജെ.പിയായി രൂപമെടുത്ത ജനസംഘ് പ്രസ്ഥാനത്തിെൻറ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി ഉൾപ്പെടെ ഭരണഘടന ശിൽപികളിൽ ആരെയും ഇതൊന്നും അലട്ടിയതേയില്ല. മതവികാരങ്ങളെ വ്രണപ്പെടുത്തിയാലും മൗലികമായ മാറ്റങ്ങളാണ് സാമൂഹിക പരിവർത്തനത്തിന് വേണ്ടതെന്ന് അദ്ദേഹം താങ്കളോട് പറഞ്ഞുതരുമായിരുന്നു. മുത്തലാഖിലും ശബരിമലയിലും ഒരുപോലെ ഇൗ യുക്തി സാധുവാണ്.
എല്ലാതരം വിവേചനങ്ങളും ഉച്ചാടനം ചെയ്യുന്നതിൽ ഭരണഘടന വിജയം വരിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇത്തരം തിന്മകൾ ഇപ്പോഴും സർവവ്യാപിയാണ്. പക്ഷേ, സാമൂഹിക മനസ്സ് പരിവർത്തിപ്പിക്കുന്നതിൽ ഭരണഘടന വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1951നു ശേഷം ദലിതുകൾ, താഴ്ന്ന ജാതിക്കാർ, ഗോത്രവർഗക്കാർ, വനിതകൾ എന്നിവരുടെ സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുമുണ്ട്. നിയമനിർമാണ സഭകൾ, പഞ്ചായത്തുകൾ, സർക്കാർ തൊഴിലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദലിതുകൾ, ആദിവാസികൾ, താഴ്ന്ന ജാതിക്കാർ എന്നിവർക്ക് സീറ്റ് സംവരണം ഹിന്ദു ആചാരങ്ങൾക്കെതിരാണ്. പക്ഷേ, ഉന്നത ജാതിക്കാരുടെ അധികാരക്കുത്തക തകർക്കുന്നതിൽ വലിയ ദൗത്യമാണ് അത് നിർവഹിച്ചത്. ഇനിയുമേറെ ചെയ്യാൻ ബാക്കിയുണ്ടെങ്കിലും വിവേചനം അവസാനിപ്പിക്കുന്നതിൽ ഏറെദൂരം പോകാനുമായി. പാരമ്പര്യ മതാചാരങ്ങൾക്കുമേൽ ഭരണഘടന ചട്ടങ്ങളെ ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധികളെ ഇത് സാധൂകരിക്കുന്നു.
ഒാരോ മതത്തിനുമുണ്ട് നല്ലതും മോശവുമായ ആചാരങ്ങൾ. മോശം ആചാരങ്ങൾ ഉച്ചാടനം ചെയ്യുന്നത് മതവിശ്വാസത്തിനു മേലുള്ള ആക്രമണമായല്ല, നവീകരണമായാണ് കാണേണ്ടത്. കാലങ്ങൾക്കിടെ വിവിധ കാരണങ്ങളുടെ പേരിൽ മതപരമായ ആചാരങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. രാമായണം പറയുന്നുവെന്ന് കരുതി, സ്ത്രീയുടെ ചാരിത്ര്യം ഉറപ്പാക്കാൻ അഗ്നിപരീക്ഷ ജയിക്കണെമന്ന് ഇന്നാരും പറയാറില്ല. മഹാഭാരതത്തിൽ ഉദാഹരണമുണ്ടെങ്കിലും, മുതിർന്ന സഹോദരൻ അനുജന്മാരെയും ഭാര്യയെയും ചൂതാടി അടിമകളാക്കി മാറ്റാറുമില്ല. ഇത് ഹിന്ദുത്വത്തിൽ വെള്ളം ചേർക്കലല്ല, നവീകരണമാണ്.
ഭാഗവത്ജീ, ആർ.എസ്.എസിൽ ചിലർ മതമൗലിക വാദം ആരോപിക്കുന്നുണ്ട്. പക്ഷേ, ആര്യസമാജ്, ബ്രഹ്മസമാജ് എന്നിവയെ അപേക്ഷിച്ച് കളങ്കിതമാണെങ്കിലും ഹിന്ദുത്വത്തെ നവീകരിക്കുന്ന പ്രസ്ഥാനമായാണ് അതിനെ ഞാൻ കാണുന്നത്. പഴയ സനാതന ധർമം അനുശാസിക്കുന്നത് വർണാശ്രമം മൗലികമാണെന്ന നിലക്കാണ്. ദലിതുകളെ അവർണരായും ആദിവാസികളെ േമ്ലച്ഛന്മാരും ഹിന്ദുസമൂഹത്തിന് പുറത്തുള്ളവരുമായാണ് അത് കണ്ടത്.
ഇത്തരം പാരമ്പര്യവിശ്വാസങ്ങൾ ആർ.എസ്.എസ് ഉപേക്ഷിച്ചിട്ടുണ്ട്. ഇൗ ഭിന്നതകളാണ് ഹിന്ദുക്കളെ ദുർബലപ്പെടുത്തിയതെന്ന് പ്രസ്ഥാനം വിശ്വസിക്കുന്നു. ശക്തമായ ഒരു ഹിന്ദു സമാജത്തിനായി ഏതുതരം വിവേചനവും ഉപേക്ഷിക്കാനും ആർ.എസ്.എസ് ആഹ്വാനം ചെയ്യുന്നു. അകത്ത് എതിർപ്പുകളുണ്ടായിട്ടും ദലിതുകൾക്കും മറ്റു സമാന ജാതികൾക്കും തുല്യ പദവി വേണമെന്നും ആവശ്യപ്പെടുന്നു. ഭിന്നതകൾ മാറ്റിനിർത്തി സ്ത്രീകളെയും തുല്യപദവിയിൽ കാണുന്നു. ആദിവാസികളെ േമ്ലച്ഛന്മാരായി കാണുന്ന സങ്കൽപം തള്ളിക്കളഞ്ഞ് അവരെക്കൂടി ഹിന്ദു സമുദായത്തിെൻറ ഭാഗമാക്കാനും ശ്രമം നടത്തുന്നു. ഇതൊക്കെയല്ലേ പുരോഗമനം?
ഭാഗവത്ജീ, എല്ലാ മതക്കാർക്കും വേണ്ടി രാജ്യത്ത് ഏക സിവിൽകോഡ് വേണമെന്ന് ഏറെയായി താങ്കളുടെ പാർട്ടി ആവശ്യം ഉന്നയിക്കുന്നു. ഒരിക്കൽകൂടി: 100 ശതമാനവും ഞാൻ താങ്കൾക്കൊപ്പമാണ്. ഇതുപക്ഷേ, മതങ്ങളുടെ ചില പാരമ്പര്യ ആചാരങ്ങളുടെ ഉന്മൂലനവും അതുവഴി പൊതുചട്ടങ്ങളുടെ രൂപവത്കരണവും കൂടി ആവശ്യപ്പെടുന്നുണ്ട്. പാരമ്പര്യവാദികളെ തീർച്ചയായും ഇത് അലോസരപ്പെടുത്തും. അത് എന്തിന് വിഷയമാക്കണം? അവരെ നമുക്ക് മാറ്റിനിർത്താം. മുത്തലാഖിനും സ്ത്രീ അമ്പലപ്രവേശനത്തിനും അപ്പുറത്തെ വിഷയങ്ങളിലേക്ക് കടക്കാം.
(ഇക്കണോമിക് ടൈംസിൽ കൺസൽട്ടിങ് എഡിറ്ററാണ് ലേഖകൻ)