Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ​ുതിയ വിവരാവകാശചട്ടം...

പ​ുതിയ വിവരാവകാശചട്ടം ജനവിരുദ്ധം

text_fields
bookmark_border
പ​ുതിയ വിവരാവകാശചട്ടം ജനവിരുദ്ധം
cancel

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ ചട്ടത്തി​െൻറ കരട് പൊതുജനങ്ങളുടെ അഭിപ്രായത്തിനും പ്രതികരണത്തിനുമായി ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 15നകം ഇ^മെയിലിലൂടെ മാത്രം പ്രതികരണങ്ങൾ അറിയിക്കണമെന്നാണ് നിർദേശം. 2005ൽ നിലവിൽവന്ന വിവരാവകാശ നിയമത്തിലെ അപ്പീൽചട്ടവും ഫീസ് ക്രമീകരിക്കൽ ചട്ടവും റദ്ദാക്കിയാണ് 2012ൽ പുതിയ ചട്ടം കേന്ദ്ര സർക്കാർ നടപ്പാക്കിയത്. അപേക്ഷയിലെ ചോദ്യങ്ങൾ 500 വാക്കിൽ കവിയരുത് എന്ന ഭേദഗതിയും ഇൗ ചട്ടത്തിലൂടെയാണ് നിലവിൽവന്നത്. കേന്ദ്ര വിവരാവകാശ കമീഷ​െൻറ നിരവധി ശിപാർശകൾ ചട്ടത്തി​െൻറ ഭേദഗതിക്ക് കാരണമായിട്ടുണ്ടെങ്കിലും പൊതുസമൂഹത്തി​െൻറയും വിവരാവകാശ പ്രവർത്തകരുടെയും പല ആവശ്യങ്ങളും നിരാകരിക്കപ്പെട്ടു.

ഹരജിക്കാരൻ മരിച്ചാൽ ഹരജിയുമായി ബന്ധപ്പെട്ട നടപടി അവസാനിപ്പിക്കുമെന്ന വ്യവസ്ഥയാണ് ഇൗ ചട്ടത്തിൽ ഏറെ വിവാദമുണ്ടാക്കിയത്. 2011ൽ ഇൗ വ്യവസ്ഥ കരടുചട്ടത്തിൽ ഉൾപ്പെടുത്തിയതിെനതിരെ ശക്തമായ എതിർപ്പുണ്ടായപ്പോൾ അത് ഒഴിവാക്കാൻ സർക്കാർ അന്ന് നിർബന്ധിതമായി. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടതി​െൻറ പേരിൽ അപേക്ഷകർക്കെതിരെ രാജ്യത്ത് ഇതുവരെ 375 ആക്രമണ സംഭവങ്ങൾ ഉണ്ടായി. 56 പേരാണ് കൊല്ലപ്പെട്ടത്. 157 പേർ ആക്രമിക്കപ്പെട്ടു. 160 പേർ പലതരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരായി.

യു.പി സർക്കാർ ഉണ്ടാക്കിയ വിവരാവകാശ ചട്ടത്തിലെ വ്യവസ്ഥയാണ് കേന്ദ്ര സർക്കാർ മാതൃകയാക്കിയത്. ഇൗ ചട്ടം ദേശീയതലത്തിൽ നിയമമാകുന്നതോടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതേ മാതൃക സ്വീകരിച്ചുകൊണ്ട് ചട്ടങ്ങൾ നിർമിക്കും. 2011ൽ യു.പി.എ സർക്കാർ പാസാക്കിയ ‘വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട്’ ഇതുവരെയും നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞിട്ടില്ല എന്ന വസ്തുതയും നിലവിൽ പ്രസിദ്ധീകരിച്ച കരട് ചട്ടത്തിലെ ജനവിരുദ്ധ വ്യവസ്ഥകളും പരിശോധിച്ചാൽ വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കം മാത്രമല്ല, അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദമാക്കാൻകൂടിയാണ് എന്നു മനസ്സിലാകും. സേത്യന്ദ്ര ദുബേ എന്ന യുവ എൻജിനീയറുടെ ദാരുണമായ മരണമാണ് വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം രാജ്യത്ത് പാസാക്കാൻ കാരണമായത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ആൾ കൊല്ലപ്പെട്ടാൽ, ആവശ്യപ്പെട്ട രേഖകൾ പൊതു അധികാരിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കമീഷൻ ഉത്തരവിടണമെന്നും അപേക്ഷക​െൻറ നിയമപരമായ അവകാശികൾക്ക് തുടർനടപടികൾ സ്വീകരിക്കാൻ അവസരം നൽകണമെന്നുമുള്ള നിർദേശങ്ങളാണ് ഇപ്പോൾ നിരാകരിക്കപ്പെട്ടത്.

കോടികളുടെ അഴിമതി നിറഞ്ഞുനിൽക്കുന്ന ഖനികളെ സംബന്ധിച്ചും നിയമവിരുദ്ധമായ കെട്ടിടനിർമാണങ്ങളെ സംബന്ധിച്ചും വിവരങ്ങൾ ആരായുന്ന ആർ.ടി.െഎ അപേക്ഷകരെത്തന്നെ നിഷ്കാസനം ചെയ്താൽ തുടർനടപടികൾ ഉണ്ടാകില്ല എന്ന തെറ്റായ സന്ദേശമാണ് പുതിയ ചട്ടം നൽകുന്നത്. കേന്ദ്ര വിവരാവകാശ കമീഷ​െൻറ ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ടിയുള്ള ചില വ്യവസ്ഥകൾ ചട്ടത്തിലുണ്ട് എന്നത് ശ്ലാഘനീയമാണ്. വിവരാവകാശ കമീഷനിൽ സമർപ്പിക്കുന്ന പരാതികളിൽ ആവശ്യപ്പെട്ട രേഖകൾ അപേക്ഷകന് നൽകാൻ ഉത്തരവിടാൻ വിവരാവകാശ കമീഷന് അധികാരമില്ലെന്ന സുപ്രീംകോടതി വിധി സൃഷ്ടിച്ച തടസ്സം മറികടക്കാനുള്ള വ്യവസ്ഥകൾ ഇൗ ചട്ടത്തിലുണ്ട്.

സമർപ്പിക്കപ്പെടുന്ന പരാതികൾ കമീഷന് രണ്ടാം അപ്പീലുകളായി പരിഗണിച്ച് തീർപ്പാക്കാൻ ഇതുമൂലം കഴിയുന്നു. അപേക്ഷക്ക് 30 ദിവസത്തിനകം മറുപടി നൽകണമെന്ന വ്യവസ്ഥ നിയമത്തിലുണ്ടെങ്കിലും കമീഷന് മുമ്പാകെയുള്ള ഹരജികൾ നിശ്ചിത ദിവസത്തിനകം തീർപ്പുകൽപിക്കണമെന്ന വ്യവസ്ഥയുടെ അഭാവം, തീരുമാനത്തിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് കാരണമാകുന്നു. ഇത് പരിഹരിക്കാനുള്ള വ്യവസ്ഥയും ഇൗ ചട്ടത്തിലില്ല.

ഡിജിറ്റൽ വിപ്ലവത്തി​െൻറ പെരുമയിൽ അഭിരമിക്കുന്ന മോദി സർക്കാർ പക്ഷേ, ഇപ്പോഴും കാലഹരണപ്പെട്ട ‘ഫ്ലോപ്പികളിൽ’ വിവരം നൽകാമെന്നാണ് പറയുന്നത്. സീഡി, ഡീവീഡി, ഫ്ലാഷ്ഡ്രൈവ്, ഇ^മെയിൽ എന്നീ രീതികൾ അവലംബിക്കാമെന്ന് ചട്ടത്തിൽ പറയാത്തതെന്ത്? പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വകുപ്പായ ‘ഡിപ്പാർട്മ​െൻറ് ഒാഫ് പേഴ്സനൽ ആൻഡ് ട്രെയിനിങ്’ ആണ് ഇത് തയാറാക്കിയത് എന്ന കാര്യം വിസ്മരിക്കരുത്. പി.െഎ.ഒ വിവരം നൽകിയില്ലെങ്കിൽ അപേക്ഷകന് ഒന്നാം അപ്പീൽ സമർപ്പിക്കാം. ഒന്നാം അപ്പീൽ അധികാരി അനുവർത്തിക്കേണ്ട നടപടികൾ ചട്ടങ്ങളിൽ പരാമർശിക്കുന്നില്ല. എന്നാൽ, ഉത്തരാഖണ്ഡ് ആർ.ടി.െഎ ചട്ടത്തിൽ വിശദമായിതന്നെ നടപടിക്രമങ്ങൾ പ്രതിപാദിക്കുന്നു. പക്ഷേ, കേന്ദ്ര സർക്കാറിന് മാതൃകയായത് വ്യവസ്ഥയില്ലാത്ത യു.പി ചട്ടമാണ്!

ഒരു വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന കാര്യങ്ങൾ 48 മണിക്കൂറിനകം ലഭ്യമാക്കണമെന്നാണ് വിവരാവകാശ നിയമം അനുശാസിക്കുന്നത്. എന്നാൽ, ഇൗ അവകാശം എങ്ങനെ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാറി​െൻറ പുതിയ ചട്ടം വ്യക്തമാക്കുന്നില്ല. അതിനുള്ള നടപടിക്രമങ്ങളും വിശദീകരിക്കുന്നില്ല. ഇതിനായി സമയബന്ധിതമായ നടപടി പ്രഖ്യാപിക്കുന്നുമില്ല. ആർ.ടി.െഎ സ്റ്റാമ്പ് ഏർപ്പെടുത്തുന്നതിലൂടെ ഫീസടക്കാൻ എളുപ്പം കഴിയുമെന്ന് പ്രമുഖ വിവരാവകാശ പ്രവർത്തകനായ എസ്.സി. അഗർവാൾ പറയുന്നു. കേന്ദ്ര വിവരാവകാശ കമീഷനും ഇക്കാര്യം ശിപാർശ ചെയ്തു. എന്നിട്ടും ഇക്കാര്യത്തിലും ചട്ടം മൗനം പാലിക്കുന്നു. മണിഒാർഡർ ഉൾപ്പെടെയുള്ള രീതികൾ ഫീസിനായി ഉപയോഗിക്കാവുന്നതാണ്.
പുതിയ ചട്ടത്തി​െൻറ മേന്മകൾ
1. ഒരു പരാതി കേന്ദ്ര വിവരാവകാശ കമീഷന് രണ്ടാം അപ്പീലായി മാറ്റാം
2. കമീഷ​െൻറ ഉത്തരവ് നടപ്പാക്കുന്നതിനായി ചട്ടത്തിലെ പ്രത്യേകവ്യവസ്ഥ സ്വാഗതാർഹമാണ്.
3. പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകളിൽ കമീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവ് നടപ്പാക്കാൻ കൂടുതൽ കമീഷണർമാർ ഉൾക്കൊള്ളുന്ന െബഞ്ചുകൾ രൂപവത്കരിക്കാൻ വ്യവസ്ഥ.
4. ആർ.ടി.െഎ നിയമം 18(1) വകുപ്പുപ്രകാരമുള്ള പരാതികൾ സമർപ്പിക്കാൻ പുതിയ നടപടിക്രമങ്ങൾ.
5. അപ്പീലുകളും പരാതികളും സമർപ്പിക്കാൻ മാതൃകകൾ നിർണയിച്ചു. അതേയവസരം മാതൃകയിലല്ലാതെ നൽകിയാലും നിരാകരിക്കാൻ കമീഷന് കഴിയിെല്ലന്ന വ്യവസ്ഥ ആവിഷ്കരിക്കുകയും ചെയ്തു.
6. അപ്പീലിലും പരാതിയിലും പൊതു അധികാരികൾ കമീഷന് സമർപ്പിക്കേണ്ട ആക്ഷേപത്തി​െൻറ പകർപ്പ് അപേക്ഷകന് മുൻകൂട്ടി നൽകണമെന്ന വ്യവസ്ഥ നിർബന്ധമാക്കി.
7. കമീഷൻ പൊതു അധികാരിക്ക് നൽകുന്ന നോട്ടീസ് ഇ^മെയിലിലും നൽകാം.
ന്യൂനതകൾ
1. അപ്പീലും പരാതിയും നൽകുന്നയാൾ മരിച്ചാൽ ഇൗ ഹരജികൾ പരിഗണിക്കുന്നത് അവസാനിപ്പിക്കാൻ കമീഷനുള്ള അധികാരം.
2. ഹരജികളുടെ വിചാരണക്കിടെ ഹരജിക്കാരന് അത് പിൻവലിക്കാനുള്ള സ്വാതന്ത്ര്യം നൽകി. ഇത്തരമൊരു ഭേദഗതി ഭീഷണിപ്പെടുത്തിയോ കൊലപ്പെടുത്തിയോവരെ ഹരജികൾ പിൻവലിപ്പിക്കുന്ന അവസ്ഥക്ക് വഴിയൊരുക്കും.
3. വിവരാവകാശ കമീഷനെ കോടതിക്ക് സമാനമാക്കിയതിനാൽ വ്യവഹാര സങ്കീർണതകൾ വർധിക്കും.
4. ആർ.ടി.െഎ നിയമത്തിലെ 4(1) വകുപ്പുപ്രകാരം സ്വമേധയ വിവരങ്ങൾ പൊതു അധികാരികൾ വെബ്സൈറ്റിലും മറ്റും പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാൻ പൗരന് പരാതിയുമായി കമീഷനെ നേരിട്ട് സമീപിക്കാം. എന്നാൽ, പരാതിയിൽ അപേക്ഷയുടെ പകർപ്പ് വേണമെന്ന വ്യവസ്ഥ ഇത് അസാധ്യമാക്കുന്നു.
5. സ്ഥാനനിർദേശം ചെയ്യപ്പെടാത്ത ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ പരിഗണിക്കാൻ അധികാരം നൽകുന്നു. ഇത് ആർ.ടി.െഎ നിയമത്തിന് എതിരാണ്.
6. കമീഷണറുടെ ഉത്തരവ് പൊതു അധികാരി നടപ്പാക്കാത്ത സാഹചര്യത്തിൽ പരാതികൾ പരിഗണിക്കാൻ െബഞ്ചുകൾ രൂപവത്കരിക്കാൻ മുഖ്യവിവരാവകാശ കമീഷണർക്ക് അനുവദിച്ച വിവേചനാധികാരം. െബഞ്ചുകൾ രൂപവത്കരിക്കാൻ കമീഷന് അധികാരമില്ലെന്ന നമിത് ശർമ കേസിലെ സുപ്രീംകോടതി ഉത്തരവി​െൻറ ലംഘനമാണിത്.
7. ഡിജിറ്റൽ യുഗത്തിലെ നവ ആശയ വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.
8. ഒന്നാം അപ്പീൽ തീർപ്പാക്കാനുള്ള നടപടിക്രമങ്ങളുടെ അഭാവം.
9. ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിവരങ്ങൾ 48 മണിക്കൂറിനകം നൽകണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള പ്രത്യേകവ്യവസ്ഥ ഏർപ്പെടുത്തിയിട്ടില്ല.
10. കേസുകൾ തീർപ്പാക്കാൻ കമീഷന് സമയപരിധി നിർണയിച്ചില്ല.
11. വിവരത്തിനുള്ള ചെലവ് നൽകാൻ സ്റ്റാമ്പ്, മണി ഒാർഡർ മുതലായവ ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
കടപ്പാട്: കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റിവ് (സി.എച്ച്.ആർ.െഎ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to Information act
News Summary - right to information act
Next Story