കോവിഡ് പ്രതിസന്ധി ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അങ്ങനെ സംഭവിച്ചുകൊള്ളണം എന്നു മില്ല. നമുക്ക് അറിഞ്ഞുകൂടാ. ഇനി അത് വരുകയാണെങ്കിൽ നിലവിലുള്ള മതപരവും ജാതീയവും വർ ഗീയവുമായ എല്ലാ മുൻവിധികളും ഉപയോഗിച്ച് ആ പ്രതിസന്ധി കൈകാര്യം ചെയ്യപ്പെടും എന്ന് ന മുക്ക് ഉറപ്പിക്കാം. വളരെ കുറച്ചു പരിശോധന മാത്രം വെച്ചുള്ള, തീർത്തും ആശ്രയിക്കാൻ പറ്റ ാത്ത കണക്കുകളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധാഭിപ്രായത്തിൽ ദശലക്ഷക്കണക്കിന് രോഗബാധിതരുണ്ട്. മരണസംഖ്യ വളരെ കുറവായിരിക്കുമെന്ന് കരുതുന്നവരുമുണ്ട്. ഈ പ്രതിസന്ധിയുടെ യഥാർഥ ചിത്രം, അത് നമ്മെ ബാധിക്കുമ്പോൾ പോലും നാം ഒരിക്കലും അറിഞ്ഞുകൊള്ളണമെന്നില്ല. ആശുപത്രികൾ തേടിയുള്ള ഓട്ടം തുടങ്ങിയിട്ടില്ല എന്നുമാത്രമാണ് നമുക്ക് ഇപ്പോൾ പറയാൻ കഴിയുക. ഇന്ത്യയിലെ സർക്കാർ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും യൂറോപ്പിലോ അമേരിക്കയിലോ ഇപ്പോൾ സംഭവിച്ചതുപോലെയുള്ള ഒരു പ്രതിസന്ധി കൈകാര്യം ചെയ്യാൻ കഴിയില്ല. വയറിളക്കം, പോഷകാഹാരക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയാൽ ദശലക്ഷം കുട്ടികൾ പ്രതിവർഷം ഇന്ത്യയിൽ മരിക്കുന്നതായാണ് കണക്ക്. ലോകത്തിലെ ക്ഷയരോഗികളിൽ കാൽ ഭാഗത്തോളം ഇവിടെയാണ്. വിളർച്ച രോഗവും പോഷകക്കുറവുംകൊണ്ട് ചെറുതും വലുതുമായ ഏതു രോഗവും മാരകമായേക്കാവുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്.

കൊറോണ വൈറസിനെ കൈകാര്യം ചെയ്യാനായി മറ്റ് ആരോഗ്യപരിരക്ഷയൊക്കെ ഏറക്കുറെ നിർത്തിവെച്ചിരിക്കുകയാണ്. പേരുകേട്ട ഡൽഹി എയിംസിലെ ട്രോമാ സെൻറർ അടച്ചിരിക്കുന്നു. കാൻസർ അഭയാർഥികൾ എന്നറിയപ്പെടുകയും എയിംസിനുപുറത്ത് നിരത്തിൽ കഴിയുകയും ചെയ്യുന്ന അർബുദ രോഗികളെ കാലികളെ എന്നപോലെ അവിടെനിന്നു പായിച്ചിരിക്കുന്നു. ജനങ്ങൾ രോഗബാധിതരാവുകയും വീടുകളിൽ മരിക്കുകയും ചെയ്യും. അവരുടെയൊന്നും വാർത്തകൾ നാം ഒരിക്കലും അറിഞ്ഞുകൊള്ളണമെന്നില്ല. തണുത്ത കാലാവസ്ഥയാണ് വൈറസിന് ഏറെ പ്രിയം എന്ന പഠനങ്ങളിൽ പ്രതീക്ഷയർപ്പിക്കാനേ നമുക്ക് കഴിയൂ. (ചില ഗവേഷകർ ഇതിൽ സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്). ഇത്രയും യുക്തിഹീനമായി, കത്തുന്ന ഗ്രീഷ്മത്തിനായി ഒരു ജനത ആഗ്രഹിച്ചിട്ടുണ്ടാവില്ല.
എന്താണ് നമുക്ക് ഇൗ വന്നുഭവിച്ചിരിക്കുന്നത്? അതൊരു വൈറസ് തന്നെ. സ്വന്തം നിലക്ക് അതിന് ഒരു ധാർമിക വക്കാലത്തില്ല. എന്നാൽ തീർച്ചയായും അത് വൈറസിനും അപ്പുറത്ത് മറ്റെന്തോ ആണ്. നമ്മെ സുബോധത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ദൈവത്തിെൻറ ഒരു വഴിയാണ് ഇതെന്ന് ചിലർ വിശ്വസിക്കുന്നു. ലോകത്തിെൻറ നിയന്ത്രണം പിടിക്കാനുള്ള ഒരു ചൈനീസ് ഗൂഢാലോചനയാണ് ഇതെന്ന് വേറെചിലരും കരുതുന്നു. അത് എന്തു തന്നെയായാലും ശരി, കൊറോണ വൈറസ് ശക്തിയുള്ളവനെ മുട്ടുകാലിൽ നിർത്തുകയും മറ്റൊന്നിനും കഴിയാത്തവിധത്തിൽ ലോകത്തെ നിശ്ചലമാക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ മനസ്സ് ഇപ്പോഴും മുന്നോട്ടും പിറകോട്ടും പാഞ്ഞുകൊണ്ടിരിക്കുന്നു. സാധാരണനില തിരിച്ചുവരാനും നമ്മുടെ ഭാവിയെ ഭൂതകാലവുമായി തുന്നിച്ചേർക്കാനും അതിൽ ഒരു പിളർപ്പ് വരാതിരിക്കാനായി നാം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരു പിളർപ്പ് നിലവിലുണ്ട്. ഈ കടുത്ത നിരാശക്കിടയിലും നാം നമുക്കായി പണിത അന്ത്യദിനം എന്ന യന്ത്രത്തെക്കുറിച്ച് പുനരാലോചിക്കാൻ വൈറസ് സാവകാശം തന്നിരിക്കുകയാണ്.

നാം ‘സാധാരണനില’ എന്നുകരുതുന്നതിലേക്ക് മടങ്ങുന്നതിനെക്കാൾ മോശമായി മറ്റൊന്നും തന്നെയില്ല. ചരിത്രപരമായി നോക്കിയാൽ ഭൂതകാലവുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ ലോകവീക്ഷണം സങ്കൽപിക്കാൻ ആഗോള പകർച്ചവ്യാധികൾ മനുഷ്യരെ നിർബന്ധിച്ചിട്ടുണ്ട്. കൊറോണ വൈറസും വ്യത്യസ്തമായ ഒന്നല്ല. ഇതൊരു വാതിലാണ്. ഒരു ലോകത്തിനും അടുത്ത ലോകത്തിനും ഇടയിലായുള്ള പ്രവേശനകവാടം. നമ്മുടെ മുൻവിധികളുടെയും വെറുപ്പിെൻറയും ആർത്തിയുടെയും േഡറ്റ ബാങ്കിെൻറയും മൃതമായ ആശയങ്ങളുടെയും ജഡവും വലിച്ച് നമുക്കുവേണമെങ്കിൽ അതിലൂടെ പ്രവേശിക്കാം; നമ്മുടെ മരിച്ച പുഴകളെയും പുകയിരുണ്ട ആകാശത്തെയും വിട്ടേച്ചുകൊണ്ട്. അതല്ലെങ്കിൽ ലഘു ഭാണ്ഡവുമായി നമുക്ക് അനായാസം അതിലൂടെ നടന്നു കയറാം; മറ്റൊരു ലോകം ഭാവന ചെയ്യാൻ തയാറായി. അതിനുവേണ്ടി പൊരുതാൻ ഒരുങ്ങിക്കൊണ്ടും.
- അവസാനിച്ചു
(‘ഫിനാൻഷ്യൽ ടൈംസി’ൽ എഴുതിയ ലേഖനം)
പരിഭാഷ: പി.എ.ഹമീദ്