‘അമ്മ എന്നും വാദിച്ചത് നീതി നടപ്പാക്കാൻ’
text_fields1. മീര വേലായുധൻ, 2. ദാക്ഷായാണി വേലായുധൻ
ഭരണഘടനാ അസംബ്ലിയിലെ 15 വനിതകളിലൊരാളും ഏകദലിത് അംഗവുമായിരുന്ന ദാക്ഷായാണി വേലായുധന്റെ മകളും എഴുത്തുകാരിയുമായ മീര വേലായുധൻ അമ്മയെ ഓർക്കുന്നു
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങൾക്ക് വേണ്ടിയാണ് ദാക്ഷായണി വേലായുധൻ നിലകൊണ്ടതും വാദിച്ചതും എന്ന് മകളും ഗവേഷകയും എഴുത്തുകാരിയുമായ മീര വേലായുധൻ. ‘‘ബാലവേല, അടിമത്തവേല, സ്ത്രീകളുടെ പണിയെടുക്കാനുള്ള അവകാശം, സ്വത്തവകാശം, വിവേചനം എന്നിവക്കെതിരെ ഭരണഘടനാ അസംബ്ലയിൽ ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടിയ 15 വനിതകളെയും ഓർമിക്കേണ്ടത് പ്രധാനമാണെന്നും’’ മീര വേലായുധൻ പറഞ്ഞു.
‘‘നീതിയും സുപ്രധാനമാണ്. നിത്യജീവിതത്തിൽ നീതി എങ്ങനെ നടപ്പാകുന്നുവെന്നതിന് പ്രസക്തിയേറുന്നു. അമ്മ എന്നും വാദിച്ചത് നീതി നടപ്പാക്കാൻ വേണ്ടിയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്കൊപ്പം നീതിയും ഉയർത്തിപ്പിടിക്കണം’’-മീര വേലായുധൻ കൂട്ടിച്ചേർത്തു.
1912 ജൂലൈ നാലിന് മുളവുകാട് ദ്വീപിൽ ജനിച്ച ദാക്ഷായണി വേലായുധൻ കൊച്ചി രാജ്യത്ത് ദലിത് വിഭാഗത്തിൽനിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസായി. 1935ൽ മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടി. മദ്രാസ് പ്രസിഡൻസിയിൽനിന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ടിക്കറ്റിലാണ് ദാക്ഷായണി വേലായുധൻ ഭരണഘടനാ അസംബ്ലിയിൽ എത്തിയത്. പത്തുലക്ഷം ജനസംഖ്യയുള്ള മലബാറിന് അനുവദിക്കപ്പെട്ട നാല് സീറ്റുകളിൽ ഒന്നിലാണ്, മലബാറിനെക്കൂടി പ്രതിനിധാനംചെയ്ത് ദാക്ഷായണി സഭയിലെത്തിയത്.
ഭരണഘടന രൂപപ്പെടുത്തുക മാത്രമല്ല ‘ജനങ്ങൾക്ക് പുതിയ ജീവിതത്തിന് പുതിയ ചട്ടക്കൂട് നൽകുകയാണ്’ തങ്ങളുടെ കടമയെന്ന് ഭരണഘടനാ അസംബ്ലിയിൽ ദാക്ഷായണി വേലായുധൻ വാദിച്ചു. 1948 നവംബർ 29ന്, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യംവെച്ച അനുച്ഛേദം പതിനൊന്നിനെക്കുറിച്ച ചർച്ചയിൽ ദാക്ഷായണി വേലായുധൻ നിർണായകമായി ഇടപെട്ടു. ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും പറഞ്ഞു. 1946 മുതൽ 1952വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും പ്രൊവിഷനൽ പാർലമെന്റിൽ അംഗമായും ദാക്ഷായണി വേലായുധൻ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

