ഹിന്ദുത്വത്തിലേക്കൊഴുകുന്ന കായൽ നവോത്ഥാനം
text_fieldsഇന്ന് നിര്യാതനായ ദലിത് ചിന്തകൻ കെ.കെ കൊച്ച് മാധ്യമം ആഴ്ചപതിപ്പിൽ എഴുതിയ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു
കേരളത്തിലെ ദലിതരിൽ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ടു നിൽക്കാൻ കൊച്ചിയിലെ ദലിതരായ പുലയർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ദലിത് സമുദായത്തിൽ ആദ്യമായും ഇന്ത്യയിൽ ദലിത് സ്ത്രീകളിൽ ആദ്യമായും കോളജ് ബിരുദം നേടിയ കൊച്ചിക്കാരി ദാക്ഷായണി വേലായുധൻ കൊച്ചി നിയമസഭയിലേക്കും തുടർന്ന് ഭരണ ഘടനാ നിർമാണസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദലിതരിൽനിന്ന് ആദ്യമായി എസ്.എസ്.എൽ.സി പാസാവുകയും പിന്നീട് മന്ത്രിയാവുകയും ചെയ്ത കെ.കെ. കൊച്ചു കുട്ടനും കൊച്ചിയിലെ പുലയനാണ്. രാഷ്ട്രീയ രംഗത്ത് ഇവരെ കൂടാതെ കൊച്ചി ലെജിസ്ലേറ്റിവ് സഭയിൽ അംഗമായിരുന്ന കെ.പി. വള്ളോൻ, പി.സി. ചാഞ്ചൻ, സ്വതന്ത്ര ഇന്ത്യയിൽ പാർലമെന്റംഗമായിരുന്ന കെ.കെ. മാധവൻ, കേരള നിയമസഭാംഗങ്ങളായിരുന്ന പി.കെ. ചാത്തൻ മാസ്റ്റർ, എം.കെ. കൃഷ്ണൻ (ഇരുവരും മന്ത്രി മാരായിരുന്നു), ടി.എ. പരവൻ എന്നിവരും കൊച്ചിയിലെ ദലിതരായിരുന്നു. ഗവൺമെന്റ് സർവീസിൽ സി.ടി. സുകുമാരനും കെ. സുരേഷ് കുമാറും ശ്രദ്ധേയരായെങ്കിൽ സാഹിത്യകാരന്മാരായ ടി.കെ.സി. വടുതലയും പൊന്നാരിമംഗലം ചെല്ലപ്പനും നാടകകൃത്തായ ബാലൻ അയ്യമ്പള്ളിയും നാടകസംവിധായകനായ ഉണ്ണി പൂണിത്തുറയും കൊച്ചിയിലെ ദലിതരുടെ സംഭാവനയാണ്. സാമുദായിക പ്രവർത്തന രംഗത്ത് കെ.വി. കുമാരനും വി.സി. രാജപ്പനും എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്.
ഈ നേട്ടങ്ങൾ കൈവരിക്കാൻ മുഖ്യപങ്കുവഹിച്ചത് 1909ൽ രൂപവത്കരിക്കപ്പെട്ട കൊച്ചി പുലയ സംഘടനയും ആ സംഘടനയുടെ തുടർച്ച നിലനിർത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാന പോരാട്ടത്തിന്റെ ഉജ്ജ്വല അധ്യായമായ കൊച്ചി പുലയ മഹാസഭ 1914 ഫെബ്രുവരി 14ന് കൊച്ചി കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ നടത്തിയ സമ്മേള നത്തിന്റെ ശതാബ്ദിയാഘോഷം കേരള പുലയർ മഹാസഭ (കെ.പി.എം.എസ്. ടി.വി. ബാബു വിഭാഗം) ഉദ്ഘാടകനായ നരേന്ദ്ര മോദിയുടെ സൗകര്യാർഥം ഫെബ്രുവരി ഒമ്പതിന് എറണാകുളം മറൈൻ ഡ്രൈവിൽ നടത്തുകയാണ്. കേരളത്തിലെ പുലയരുടെ അവിസ്മരണീയ ഭൂതകാലമായ കായൽ സമ്മേളന ശതാബ്ദി ആഘോഷത്തിലെ മോദിയുടെ സാന്നിധ്യം സൃഷ്ടിക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. കാരണം നരേന്ദ്ര മോദിയെന്ന പ്രതീകവത്കരണത്തിലൂടെ രൂപംകൊള്ളുന്ന നവോത്ഥാന മൂല്യങ്ങളുടെ നിരാസവും വർത്തമാനകാല ദലിത് ജീവിതത്തെ ഹിന്ദുത്വത്തിന്റെ ഇരുൾമുറിയിലേക്ക് നയിക്കാനുതകുന്ന രാഷ്ട്രീയ അന്തർഗതങ്ങളുമാണ്.

കൊച്ചി പുലയ മഹാസഭ (പിൽക്കാലത്ത് സമസ്ത കൊച്ചി പുലയ മഹാസഭയായി) രൂപവ ത്കരിക്കപ്പെടുന്നത് ഹൈന്ദവ പ്രസ്ഥാനമായല്ല മറിച്ച് ജാതിവിരുദ്ധ നവോത്ഥാനാശയങ്ങൾ ഉൾക്കൊണ്ട പരിഷ്കരണ പ്രസ്ഥാനമായാണ്. സംഘടനാ രൂപവത്കരണത്തിന്റെ മാർഗനിർദേശങ്ങൾ നൽകിയത് കേരളത്തിന്റെ അഭിമാനമായ സാമൂഹിക പരിഷ്കർത്താവും ജാതിക്കുമ്മിയടക്കമുള്ള കൃതികളുടെ രചയിതാവുമായ പണ്ഡിറ്റ് കറുപ്പനാണ്. പി.കെ. ചാത്തൻ മാസ്റ്ററുടെ ഒരു ലഘുഗ്രന്ഥത്തിൽ വിവരിക്കുന്ന ആ കഥ ഇങ്ങനെയാണ്. സംഘടനാ രൂപവത്കരണത്തിന് മുൻകൈയെടുത്ത കൃഷ്ണാതി ആശാനും പി.സി. ചാഞ്ചനും കെ.പി. വള്ളോനുമടക്കം ഒരുസംഘം പണ്ഡിറ്റ് കറുപ്പനെ നേരിൽ കണ്ട് തങ്ങൾക്കൊരു സംഘടന രൂപവത്കരി ക്കണമെന്നാവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ഉപദേശിച്ചത് കൊച്ചിയിലെ ദലിതരിൽ ഭൂരിപക്ഷവും പുലയരായതുകൊണ്ട് പുലയർ സംഘടിച്ച് ഇതര ദലിത് ജാതികളെ സംഘടനയിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു. ഇപ്രകാരമൊരു നിർദേശം നൽകിയത് 106 ജാതികളും ഉപജാതികളുമായി ഭിന്നിച്ചുനിന്ന് തൊട്ടുകൂടായ്മയും സ്വജാതി വിവാഹവും പുലർത്തിയിരുന്നവർ എൻ.എസ്.എസിലൂടെ നായർ സമുദാ യമായി പരിവർത്തനപ്പെട്ടതും 37 ജാതി-ഉപജാതികളായി നിലനിന്നവർ എസ്.എൻ.ഡി.പിയിലൂടെ ഈഴവ സമുദായമായി മാറിയതും ച രിത്രാനുഭവമായിരുന്നതിനാലാണ്.
കൊച്ചി പുലയ മഹാസഭക്ക് വേട്ടുവർ, സാംബവർ എന്നീ ജാതി ഉപജാതികളെ സംഘടനാ ശരീരത്തിലുൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും പുലയരിലെ ഉപജാതി സമ്പ്രദായം അവസാനിപ്പിക്കാനായെന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതിനടിസ്ഥാനമായത് തൊട്ടുകൂടായ്മക്കും സ്വജാതി വിവാഹത്തിനും അടിത്തറയായ ഹൈന്ദവ മൂല്യ വ്യവസ്ഥയേയും നിയമങ്ങളേയും ചട്ടങ്ങളേയും നിഷേധിക്കാൻ കഴി ഞ്ഞതിനാലാണ്. അക്കാലത്തെ പുലയരുടെ ജീവിതത്തെക്കുറിച്ച് ടി.കെ.സി. വടുതലയുടെ ഒരു കഥയിൽ ഇപ്രകാരം വായിക്കാം. അഞ്ചു നാഴിക നീളവും അരനാഴിക വീതിയുമുള്ള കൊച്ചു തുരുത്ത് നിറയെ തൈവെപ്പുകളും നെൽപാട ങ്ങളും മാത്രം. വയലുകൾക്കിടയിൽ വരമ്പുകൾ കോരിപ്പിടിപ്പിച്ചിട്ടുണ്ട് അതിർ വരമ്പുകൾ. നാലു ഭാഗത്തു നിന്നുമുള്ള വരമ്പുകൾ കൂടിച്ചേരുന്ന സ്ഥാനങ്ങളിൽ അൽപം വീതി കൂടിയും വിസ്താരവും കാണും. അത്തരം കവലകളിലാണ് ആ കുടിലുകൾ നിലയുറപ്പിച്ചിട്ടുള്ളത്. ആമത്തോട് കമിഴ്ത്തിയതുപോലുള്ള കൊച്ചുകൂരകൾ- രണ്ട് ചാൺ പൊക്കത്തിലുള്ള മൺചുമരുകളുണ്ട്. ഭൂരിഭാഗവും ഒന്നുമില്ലാത്തവയാണ്. അവിടുത്തെ ഇരുകാലി മാടുകളുടെ ജീവിതാവസ്ഥയെ മാറ്റിത്തീർക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട സംഘടനക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നത് പണ്ഡിറ്റ് കറുപ്പനോടൊപ്പം പ്രതിഭാശാലിയും പുരോഗമന വാദിയുമായിരുന്ന ടി.കെ. കൃഷ്ണമേനോനാണ്. അവരുടെ നിർദേശങ്ങളനുസരിച്ചതിലൂടെ വഴിനടക്കാനും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടി നിരവധി പ്രക്ഷോഭങ്ങളാണ് നടന്നിട്ടുള്ളത്. മാത്രമല്ല, സംഘടനയുടെ നിയമാവലിയിൽ സമ്പാദ്യശീലം വളർത്താനും ശുചിത്വ പരിപാലനത്തിനും പ്രാധാന്യം നൽകിയിരുന്നു.

കൊച്ചി പുലയ മഹാസഭയുടെ പ്രവർത്തനങ്ങളിലൂടെ നാളിതുവരെ തുടർന്നുകൊണ്ടിരുന്ന ജീവിത രീതികളുടെ നിഷേധമാണ് സവർണരെ പ്രകോപിതരാക്കിയത്. അവരെ സംബന്ധിച്ചിടത്തോളം പുലയർ പാടങ്ങളിൽ അരവയറുമായി പകലന്തിയോളം പണിയെടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. അവർ സമ്പത്തും വിദ്യാഭ്യാസവുമാർജിച്ചാൽ സാമ്പ്രദായിക തൊഴിലുകൾ ഉപേക്ഷിക്കുന്നത് സവർണരുടെ ആഢ്യ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് സംഘടന എതിർക്കപ്പെട്ടത്. അതുകൊണ്ടാണ് സ്വന്തമായി ഭൂമിയില്ലാതിരുന്ന പുലയർക്ക് സമ്മേളനം നടത്താൻ സവർണർ (ക്രൈസ്തവരടക്കം) സ്ഥലം നിഷേധിച്ചതിലൂടെ കൊച്ചി കായൽ പരപ്പിലെ വള്ളങ്ങളിൽ സമ്മേളനം നടന്നത്. ആ സമ്മേളനം ഭാവിതലമുറക്ക് നൽകിയ സന്ദേശം മായ്ച്ചുകളയുകയാണ് നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള അനുസ്മരണ സമ്മേളനം.
ഇന്ത്യയിലെ ദലിതർ നരേന്ദ്ര മോദിയെ വിലയിരുത്തുന്നത് ഗുജറാത്തിന്റെ വികസന നായകനായല്ല മറിച്ച് സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കു ന്ന വംശഹത്യക്ക് നേതൃത്വം കൊടുത്ത ഹിന്ദു നേതാവായാണ്. അദ്ദേഹം ഉയർത്തിപ്പിടി ക്കുന്ന സനാതന ധർമം ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളിലൂടെയുള്ള ജാതിവ്യവസ്ഥയുടെ സ്ഥിരപ്പെടുത്തലാണ്. ഇതിനായി ഒരിക്കൽ സംഘ് പരിവാർ മുന്നോട്ടുവെച്ച അഖണ്ഡഭാരതത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമാസ്ഥാപനത്തിനായി ഉയർത്തിയിരിക്കുന്ന ഐക്യം എന്ന ആഹ്വാനം. ദലിതർക്ക് സമ്പത്ത്, അധികാരം, പദവി, സംസ്കാരം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഈ മതാത്മക ഏകീകരണം ജാതി വ്യവസ്ഥ അടിച്ചേൽപിച്ച പീഡനങ്ങളുടേയും ദുരിതങ്ങളുടെയും മായ്ച്ചുകളയലാണ്. ഗുജറാത്തിലെ ദലിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ദാക്ഷായണി വേലായുധന്റെ പുത്രിയായ മീര വേലായുധൻ ഒരു ഫോൺ സംഭാഷണത്തിൽ ഈ ലേഖകനോട് പറഞ്ഞത്: ഗുജറാത്തിൽ കൈ കൊണ്ട് കക്കൂസ് വൃത്തിയാക്കുകയും മലം ചുമക്കുകയും ചെയ്യുന്ന ദലിതരുണ്ടെന്നാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് മോദിയുടെ മാന്ത്രിക വികസനം ദലിതരുടെ ജീവിതത്തെ ഒരിഞ്ചു പോലും മാറ്റിയിട്ടില്ലെന്നാണ്.
വർത്തമാനകാല ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ (ബ്രാഹ്മണിസത്തിന്റെ) രാഷ്ട്രീയ മോഹങ്ങൾ സാക്ഷാത്കരിക്കാൻ സംഘ്പരിവാർ നിയോഗിച്ച നരേന്ദ്ര മോദിയെ ഉദ്ഘാടകനായി ക്ഷണിച്ചുവരുത്താൻ കെ.പി.എം.എസ് പറയുന്ന കാര്യങ്ങൾ ഇവയാണ്.
(1) അയ്യങ്കാളിയുടെ ജന്മസ്ഥലവും സ്മാരകവും പൈതൃക പദ്ധതിയിലുൾപ്പെടുത്തും (2) മിശ്ര കമീഷൻ റിപ്പോർട്ട് തള്ളിക്കളയും. (3) സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കും (4) എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പാക്കും. ഇവയിൽ മിശ്ര കമീഷൻ റിപ്പോർട്ടിലൂടെ ദലിത് സംവരണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ദലിത് ക്രിസ്ത്യൻ-ദലിത് മുസ്ലിംകൾക്ക് സംവരണം നൽകണമെന്ന അഭിപ്രായം ദലിത് സംഘടനകൾ പുലർത്തുമ്പോൾ മുൻചൊന്ന സമുദായങ്ങൾക്ക് സംവരണം പാടില്ലെന്നാണ് സംഘ്പരിവാർ നിലപാട്. അതേസമയം സംവരണം, ഭൂപരിഷ്കരണം എന്നീ കാര്യങ്ങളിൽ ദലിതർക്കനുകൂലമായ നയമല്ല സംഘ്പരിവാറിനും ബി.ജെ.പിക്കുമുള്ളത്. 1992ൽ വി.പി. സിങ് ഗവൺമെൻറ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനെടുത്ത തീരുമാനത്തെ സംവരണ വിരുദ്ധ സമരമാക്കി മാറ്റിയത് സംഘ്പരിവാർ രംഗത്തിറക്കിയ സവർണ യുവാക്കളാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന ബി.ജെ.പി ഗവൺമെൻറുകൾ തമിഴ്നാട്ടിലോ കേരളത്തിലോ നിലവിലുള്ള രീതിയിലുള്ള സംവരണം നടപ്പാ ക്കിയിട്ടില്ല. വസ്തുതകൾ ഇപ്രകാരമായിരിക്കേ കോർപറേറ്റുകളുടെ ഇഷ്ടതോഴനായ നരേന്ദ്ര മോദി സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കുമെന്നത് കെ.പി.എം.എസിന്റെ ആഗ്രഹ ചിന്ത മാത്രമാണ്.

ഭൂപരിഷ്കരണത്തിന്റെ കാര്യവും മറിച്ചാവുകയില്ല. ചെങ്ങറ സമരത്തിനെതിരെ ഉപരോ ധം തീർക്കുന്നതിനെതിരെ മുന്നിൽ നിന്നത് ആർ.എസ്.എസുകാരാണെന്ന സമകാലീന ചരിത്രം കെ.പി.എം.എസ് മറന്നോ? ദലിതർ അവകാശങ്ങൾ നേടിയെടുക്കേണ്ടത് സംഘടിത ശക്തിയിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ്. മറിച്ച് ഏതെങ്കിലും നേതാവിന്റെയോ സംഘടനയുടെയോ ചട്ടുകങ്ങളായല്ല. ഇതാണ് ഡോ. ബി.ആർ. അംബേദ്കർ മുതൽ കാൻഷിറാം വരെയുള്ള നേതാക്കൾ നൽകുന്ന പാഠം. ഇന്ത്യ യിലെ ജനസംഖ്യയിൽ 20 ശതമാനമുള്ള ദലിതരിൽ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പുലയർ. അവരിൽ തന്നെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് കെ.പി.എം.എസ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരമൊരു സംഘടന നരേന്ദ്ര മോദിയെപ്പോലൊരു വംശീയവാദിയെ പ്രീണിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കാമെ ന്ന് കരുതുമ്പോൾ ലഭിക്കുന്ന നേർക്കാഴ്ച വ്യത്യസ്തമാണ്.
നരേന്ദ്രമോദി കേരളത്തിലെത്തുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായ ദേശീയ നേതാവ് എന്നതിലുപരി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ്. പ്രസ്തുത തെരഞ്ഞെടുപ്പിൽ പുലയരെ വോട്ടു ബാങ്കാക്കാൻ നവോത്ഥാന ചരിത്രത്തെ കളങ്കപ്പെടുത്തി കെ.പി.എം.എസ് നടത്തുന്ന രാഷ്ട്രീയ ചതുരംഗക്കളി ഡോ. ബി.ആർ. അംബേദ്കറും അയ്യങ്കാളിയും വെട്ടിത്തെളിച്ച വഴി അടക്കുന്നതാണ്. തന്മൂലം പുലയരെ സനാതന ധർമത്തിലൂടെ ജാതി വ്യവസ്ഥയിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമത്തെ ദലിതർ ഒന്നടങ്കം ചെറുത്തുതോൽപ്പിച്ചില്ലെങ്കിൽ വിധിക്കപ്പെടുന്നത് മധ്യകാല യുഗങ്ങളിലെ ജീവിതാവസ്ഥയായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.