Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന​വോ​ത്ഥാ​ന​വും...

ന​വോ​ത്ഥാ​ന​വും വ​ർ​ത്ത​മാ​ന കാ​ല​വും

text_fields
bookmark_border
ന​വോ​ത്ഥാ​ന​വും വ​ർ​ത്ത​മാ​ന കാ​ല​വും
cancel

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളീയ സമൂഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനാധിപത്യപരമായ സമൂഹമായി വികസിച്ചതിനു പിന്നിൽ നവോത്ഥാന പ്രസ്​ഥാനങ്ങളുടെ സജീവ പങ്കാളിത്തമുണ്ട്. അവർ ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളെ വർത്തമാന കാലത്തി​​െൻറ മാറ്റങ്ങളെ ഉൾക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്​. അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്​ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ നിലയിലാണ് ഇത്തരമൊരു കൂടിച്ചേരൽ വിളിച്ചുചേർക്കുന്നതിന് സർക്കാർ സന്നദ്ധമായത്.

നവോത്ഥാനത്തി​​െൻറ ആദ്യ കിരണം
കേരളത്തിൽ നിലനിന്ന ഫ്യൂഡലിസം ജാതി–ജന്മി–നാടുവാഴിത്ത വ്യവസ്​ഥ എന്ന നിലയിലായിരുന്നു. ജന്മിസമ്പ്രദായം വിവിധ തരത്തിൽ ജനജീവിതത്തെ ദുരിതപൂർണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി വ്യത്യസ്​ത ചെറുത്തുനിൽപുകൾ രൂപപ്പെടാൻ തുടങ്ങി. വ്യക്തികളും അവരുടെ ചെറിയ കൂട്ടായ്മകളും സംഘടിപ്പിച്ച ചെറുത്തുനിൽപായിരുന്നു ആദ്യ ഘട്ടത്തിൽ രൂപപ്പെട്ടത്.

ഹിന്ദു ജനവിഭാഗത്തിൽ ജാതീയ അടിച്ചമർത്തലുകളെയും അതിനെ അടിസ്​ഥാനപ്പെടുത്തിയ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായുമുള്ള സമരമായാണ് അത് വളർന്നത്. നവോത്ഥാന പ്രസ്​ഥാനത്തി​​െൻറ നാമ്പുകൾ മുളച്ചത്​ ഇവിടെയാണ്​. തെക്കൻ കേരളത്തിൽ അയ്യാ വൈകുണ്ഠൻ നടത്തിയ ഇടപെടൽ ഇത്തരത്തിലുള്ള ഒന്നായിരുന്നു. ആ പ്രദേശത്തെ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന തരത്തിലാണ് അത് വളർന്നുവന്നത്. മേൽമുണ്ട് ധരിക്കുക ജന്മാവകാശമാണെന്ന് പ്രസ്​താവിച്ച്​ അത് വിലക്കുന്ന വ്യവസ്​ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും കരം കൊടുക്കുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്തു. ജയിലിനകത്ത് കിടക്കേണ്ട സാഹചര്യംപോലും അവർക്കുണ്ടായി.

ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലെ അക്കാലത്ത് ഉയർന്നുവന്നവർക്കാവട്ടെ, നവോത്ഥാന മുദ്രാവാക്യങ്ങൾ മുന്നോട്ടു​െവച്ചതി​​െൻറ പേരിൽ സ്വന്തം ജീവിതം സമർപ്പിക്കേണ്ടിവന്നു. ത​​​െൻറ കുടുംബക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠ നടത്തി. അച്ചിപ്പുടവ ധരിക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾ പോലുള്ളവ അദ്ദേഹം സംഘടിപ്പിച്ചു. ആദ്യകാലത്ത് ഉയർന്നുവന്ന ഇത്തരം നവോത്ഥാന ഇടപെടലുകളെ ചരിത്രത്തിൽ വേണ്ടപോലെ അടയാളപ്പെടുത്തിയിട്ടില്ല. ഇത്തരം പാരമ്പര്യങ്ങളെ പുതുതലമുറക്ക്​ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ നമ്മുടെ പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഇവ ഉൾക്കൊള്ളിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.
ബ്രാഹ്​മണ മേധാവിത്വത്തിനെതിരെയുള്ള സമരം

ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിൽ നിലനിന്ന നിരവധി അനാചാരങ്ങൾക്കെതിരെ പൊരുതി. വിഗ്രഹ പ്രതിഷ്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്​മണരുടെ മാത്രം അവകാശമാണെന്ന കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തു. സ്​ത്രീ–പുരുഷ സമത്വത്തെ നവോത്ഥാനത്തി​​​െൻറ പ്രധാന പ്രശ്നമായി ഉന്നയിക്കുന്നതും ചട്ടമ്പിസ്വാമികളാണ്. എന്നാൽ നവോത്ഥാനപരമായ ആശയങ്ങൾ സംസ്​ഥാനത്തെയാകമാനം സ്വാധീനിക്കുന്ന ഒന്നായി മാറുന്നത് ശ്രീനാരായണഗുരുവി​​െൻറ രംഗപ്രവേശനത്തോടെയാണ്. അദ്ദേഹത്തി​​െൻറ നേതൃത്വത്തിൽ നവോത്ഥാന ആശയങ്ങൾ ഒരു മഹാപ്രസ്​ഥാനമായി രൂപപ്പെട്ടു. സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, സിലോണിൽ വരെ ചെന്ന് ഇടപെടുന്ന രീതി അദ്ദേഹം വളർത്തിക്കൊണ്ടുവന്നു. ജാതീയമായ അവശതകൾക്കെതിരായി പൊരുതുകയും എല്ലാ മതങ്ങളും ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ചും ശ്രീനാരായണ ഗുരുവി​​െൻറ ഇടപെടൽ കേരളത്തെ ജനാധിപത്യവത്കരിക്കാനുള്ള പ്രവർത്തനത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. ജനങ്ങളാകമാനം ജാതിയുടെയും മതത്തി​​െൻറയും അതിർവരമ്പുകളെ മറികടന്ന് ഒന്നായി നിൽക്കുക എന്ന ആശയമാണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചത്.

ശ്രീനാരായണ പ്രസ്​ഥാനത്തിനുശേഷം അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1905ൽ രൂപപ്പെട്ടുവന്ന സാധുജന പരിപാലന സംഘവും പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പ്രശ്നമുൾപ്പെടെ മുന്നോട്ടു​െവച്ചു പ്രവർത്തിക്കുകയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വില്ലുവണ്ടിയിൽ യാത്ര ചെയ്തും വസ്​ത്രധാരണത്തിൽ ഉണ്ടാക്കിയ നിയന്ത്രണങ്ങളെ എതിർത്തും അയ്യങ്കാളി നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമായിരുന്നു. ഈ കാലഘട്ടത്തിൽ ജാതീയമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ സംഘടിച്ച്​ അവരുടെ അവശതകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തി.

1912ൽ കൊച്ചിയിലെ പുലയ വിഭാഗം വെണ്ടുരുത്തി കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ സമ്മേളിച്ചു. കൃഷ്ണാദി ആശാനും കെ.പി. കറുപ്പനും ഈ മേഖലയിൽ സജീവമായി ഇടപെട്ടു. 1910ൽ തന്നെ കെ.പി. കറുപ്പ​​​െൻറ ശ്രമഫലമായി വാല സമുദായ പരിഷ്കരണ സഭ രൂപംകൊണ്ടു. പിന്നീട് ഇത്തരം നിരവധി സംഘടനകൾ രൂപവത്​കരിക്കുന്നതിന് കെ.പി. കറുപ്പൻ നേതൃത്വം നൽകുകയും ചെയ്തു.

ശ്രീനാരായണ ഗുരു മുന്നോട്ടു​െവച്ച പാതയിലൂടെ സഹോദരൻ അയ്യപ്പ​​​െൻറ നേതൃത്വത്തിൽ രൂപപ്പെട്ട സഹോദര പ്രസ്​ഥാനം മിശ്രഭോജനം ഉൾപ്പെടെ സമരങ്ങളുമായി മുന്നോട്ടുവന്നു. മിശ്രഭോജന സംരംഭം പോലുള്ളവ ഇതി​​െൻറ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. സോഷ്യലിസ്​റ്റ്​ ആശയങ്ങളെ പരിചയപ്പെടുത്താൻ ശ്രമിച്ച നവോത്ഥാന നായകനെന്ന സവിശേഷതയും ഇദ്ദേഹത്തിനുണ്ട്. നവോത്ഥാന മുന്നേറ്റത്തിൽ സംഭാവന ചെയ്ത നിരവധി പേരുണ്ട്. വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കറുപ്പൻ, ആനന്ദതീർഥൻ, ബ്രഹ്​മാനന്ദ ശിവയോഗി, വേലുക്കുട്ടി അരയൻ തുടങ്ങിയ നിരവധി പേരുണ്ട്. ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ നവോത്ഥാന പ്രസ്​ഥാനങ്ങൾ രൂപപ്പെട്ടുവരുന്നത് അടിസ്​ഥാന ജനവിഭാഗങ്ങളിൽ നിന്നായിരുന്നുവെന്നാണ്. പിന്നീട് അത് മറ്റു വിഭാഗങ്ങളിലേക്ക് വരുകയായിരുന്നു. ഉത്തരേന്ത്യയിലെയും നമ്മുടെ നാട്ടിലെയും നവോത്ഥാന പ്രസ്​ഥാനങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അവിടെ സവർണ വിഭാഗങ്ങളിൽ നിന്നാണ് അവ ആരംഭിച്ചതും മുന്നോട്ടുപോയതും.

സവർണ വിഭാഗങ്ങളിലും നവോത്ഥാനം
സവർണ വിഭാഗങ്ങൾക്കിടയിലും ഇത്തരം ആശയഗതികൾ സ്വാധീനം ചെലുത്താൻ തുടങ്ങി. 1907ൽ നമ്പൂതിരിമാരുടെ യോഗക്ഷേമസഭ രൂപവത്​കൃതമായി. നമ്പൂതിരി വിഭാഗത്തിനകത്തെ തെറ്റായ ജീവിതക്രമങ്ങൾക്കെതിരെയായിരുന്നു യോഗക്ഷേമ സഭ പ്രവർത്തിച്ചത്. കൂട്ടുകുടുംബ വ്യവസ്​ഥ അവസാനിപ്പിച്ച് കുടുംബഭാഗം അനുവദിക്കുക, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നമ്പൂതിരി യുവാക്കളെ ആകർഷിക്കുക തുടങ്ങിയവയായിരുന്നു അവർ മുന്നോട്ടു​െവച്ചത്. ഇതിനകത്ത് രൂപംകൊണ്ട ഉണ്ണി നമ്പൂതിരി പ്രസ്​ഥാനം കുറേക്കൂടി പുരോഗമനപരമായ കാഴ്ചപ്പാടുകളും മുന്നോട്ടു​െവച്ചു.

നായർ വിഭാഗത്തിനിടയിൽ ഉയർന്നുവന്ന സമരങ്ങൾ പലതും നമ്പൂതിരിമാരുടെ ആധിപത്യങ്ങൾക്കെതിരായുള്ള ഇടപെടലായിരുന്നു. നായർ സ്​ത്രീകളിൽ ബ്രാഹ്മണർക്ക് കുട്ടികളുണ്ടാകുമ്പോൾ അച്ഛന് മകനെ തൊടാനോ മകന് അച്ഛനെ തൊടാനോ ഉള്ള അവകാശം ഉണ്ടായിരുന്നില്ല. ഇത്തരം അനീതികൾക്കെതിരായാണ് മന്നത്ത് പത്മനാഭനെപ്പോലുള്ളവർ അക്കാലത്തെ പുരോഗമന ചിന്താഗതി മുറുകെപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം നടത്തിയത്.

ദേശീയ പ്രസ്​ഥാനവും നവോത്ഥാനവും
നവോത്ഥാന പ്രസ്​ഥാനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചവർ ദേശീയ പ്രസ്​ഥാനത്തിൽ സജീവമായതോടെ ഇത്തരമൊരു ചിന്താഗതി അതി​​െൻറ ഭാഗമായും മാറി. ദേശീയ പ്രസ്​ഥാനത്തിലെ ഇടതുപക്ഷ ധാരകൾ സജീവമായതോടെ ഇത്തരം നീക്കങ്ങൾ കൂടുതൽ ചലനാത്മകമായിത്തീർന്നു. ഗുരുവായൂർ സത്യഗ്ര ഹം പോലുള്ളവ രൂപപ്പെട്ടുവരുന്നതും ഇതി​​െൻറ തുടർച്ച എന്നനിലയിലാണ്. കർഷക–തൊഴിലാളി പ്രസ്​ഥാനങ്ങൾ ശക്തിയാർജിച്ചതോടെ ഇത്തരം മുദ്രാവാക്യങ്ങൾ അവരും ഏറ്റെടുത്തുതുടങ്ങി. വിവിധ ജാതി വിഭാഗങ്ങളിൽനിന്ന് ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങൾ ആ വിഭാഗത്തി​​െൻറ മാത്രം പ്രശ്നങ്ങളെയല്ല സമീപിച്ചത്. മറിച്ച് മറ്റു ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കൂടി ഏറ്റെടുക്കുന്ന നിലയുണ്ടായി.

ഇങ്ങനെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന് വിവിധ ജാതി വിഭാഗങ്ങളെയാകമാനം മാറ്റിമറിച്ച സമഗ്രമായ മുന്നേറ്റമായിരുന്നു നവോത്ഥാനം. അതി​​െൻറ പ്രവാഹത്തിൽ മാറ്റംവരാതെപോയ ഒരു വിഭാഗവും കേരളത്തിലില്ല. ജന്മിത്തത്തി​​െൻറ സാംസ്​കാരിക രൂപങ്ങൾക്കെതിരെയുള്ള സമരത്തെ അതി​​െൻറ സാമ്പത്തിക അടിത്തറക്കെതിരെയുള്ള സമരംകൂടിയായി രൂപപ്പെടുത്താൻ തൊഴിലാളി–കർഷക പ്രസ്​ഥാനങ്ങൾക്ക് സാധ്യമായി. അതി​​െൻറ ഫലമായി 1957ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ ഭൂപരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അങ്ങനെ ജന്മിത്തത്തി​​െൻറ സാംസ്​കാരിക രൂപത്തിനെതിരെയുള്ള സമരം സാമ്പത്തിക–രാഷ്​ട്രീയ ഘടനക്കെതിരെയുള്ള ഒന്നായി കേരളത്തിൽ മാറി. ഈ കണ്ണിചേർക്കലാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്.

വർത്തമാനകാലത്തെ നവോത്ഥാനം
കേരളീയ സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന വിവിധ തരത്തിലുള്ള അസമത്വങ്ങളെ ഇല്ലാതാക്കുക എന്ന നവോത്ഥാന നായകർ മുന്നോട്ടു​െവച്ച കാഴ്ചപ്പാടുകളെ പ്രാവർത്തികമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. സർക്കാർ സാമൂഹികമായ അവശതകൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവിലുള്ള സംവരണം അതേപടി തുടരുക എന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. അതോടൊപ്പം അത് പറ്റാവുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇടപെടലും നടത്തുകയാണ്. ദേവസ്വം ബോർഡിൽ പട്ടികജാതി–വർഗക്കാർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയത് ഇതി​​െൻറ അടിസ്​ഥാനത്തിലാണ്.

അതുപോലെതന്നെ മുന്നാക്ക വിഭാഗത്തിലാണ് ജനിച്ചതെങ്കിലും സാമ്പത്തികമായി ഏറെ ദരിദ്രാവസ്​ഥയിലെത്തിയ വിഭാഗങ്ങളെയും പരിഗണിക്കുക എന്നതാണ് സർക്കാറി​​​െൻറ നയം. അതോടൊപ്പം ദൈവ ആരാധനക്ക്​ നേതൃത്വം നൽകാനുൾപ്പെടെ എല്ലാവർക്കും അവകാശമുണ്ട് എന്നതി​​െൻറ അടിസ്​ഥാനത്തിലാണ് അബ്രാഹ്​മണർക്ക് പൂജ നടത്താനുള്ള അവകാശം ഉറപ്പുവരുത്തിയത്. പിന്നാക്ക ദലിത് വിഭാഗങ്ങളിൽനിന്ന് രൂപപ്പെട്ട പ്രസ്​ഥാനങ്ങൾ ഏറ്റവും പ്രധാന ഇടപെടൽ നടത്തിയത് ജാതിക്കെതിരായാണ്. കാരണം, സ്​ത്രീകൾ ഉൾപ്പെടെ എല്ലാവരുടെയും അടിച്ചമർത്തലുകൾ ജാതിയെ അടിസ്​ഥാനപ്പെടുത്തിയായിരുന്നു. കീഴാള വിഭാഗത്തിൽപെട്ട സ്​ത്രീകൾക്കാണ് താരതമ്യേന സവർണ വിഭാഗത്തിൽപെട്ടവരെക്കാൾ സ്വാതന്ത്ര്യം ഉണ്ടായിരുന്നതെന്ന കാര്യവും പ്രസക്തമാണ്. മറ്റു വിഭാഗങ്ങളിലാവട്ടെ, ജാതിക്രമത്തിനകത്തുള്ള ജീവിതവുമായി ബന്ധപ്പെട്ട അടിച്ചമർത്തലുകളായിരുന്നു സ്​ത്രീകൾക്കുണ്ടായിരുന്നത്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് പോലുള്ള മുദ്രാവാക്യങ്ങൾ തന്നെ ഉയർന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നവോത്ഥാനപ്രസ്​ഥാനത്തി​​െൻറ ഇന്നത്തെ നേതാക്കൾ ഏറ്റെടുക്കേണ്ടത്. നമ്മുടെ നാടിനെ പിന്നോട്ടുവലിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരായി നവോത്ഥാന ആശയങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള ശക്തമായ ബഹുജനപ്രസ്​ഥാനം വളർത്തിയെടുക്കാനാവണം.

(ഡിസംബർ ഒന്നിന്​ തിരുവനന്തപുരത്തു നടന്ന സാമൂഹിക സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗം)

Show Full Article
TAGS:Renaissance article malayalam news 
News Summary - Renaissance and Present Days - Article
Next Story