Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമതന്യൂനപക്ഷങ്ങള്‍...

മതന്യൂനപക്ഷങ്ങള്‍ അവിടെയും ഇവിടെയും

text_fields
bookmark_border
മതന്യൂനപക്ഷങ്ങള്‍ അവിടെയും ഇവിടെയും
cancel

ഇന്ത്യയിലെ മുസ്ലിംകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുയര്‍ത്തിക്കാണിക്കുമ്പോള്‍ അതിനു മറുപടിയെന്നോണം മുസ്ലിം നാടുകളിലെ ന്യൂനപക്ഷ സ്ഥിതിയാണ് മറുപടിയായി ചൂണ്ടാറുള്ളത്. എന്നാല്‍, ലോകത്തെ വിവിധ മുസ്ലിം രാജ്യങ്ങളെക്കുറിച്ച് നേരത്തേ തങ്ങള്‍ തന്നെ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ക്കു മറയിട്ടുകൊണ്ടാണ് അവര്‍ ഇത്തരം പ്രചാരണങ്ങള്‍ക്കു മുതിരാറുള്ളത്.

മുസ്ലിം രാഷ്ട്രമായ മലേഷ്യയിലെ മതന്യൂനപക്ഷ സ്വാതന്ത്ര്യത്തെക്കുറിച്ച് ഹിന്ദുത്വ വാരിക കേസരി പറയുന്നു: ‘‘മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും മറ്റു മതക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ താമസിക്കാന്‍ കഴിഞ്ഞിരുന്ന രാജ്യമാണ് മലേഷ്യ. അവിടത്തെ ഭരണത്തിലും പൊതുജീവിതത്തിലും എല്ലാവര്‍ക്കും പങ്കാളിത്തം ഉണ്ടായിരുന്നു. മുസ്ലിം തീവ്രവാദികളുടെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അഭിനന്ദനമര്‍ഹിക്കുന്നു’’ (കേസരി, 6.4.86).

ഹിന്ദുപാരമ്പര്യവും മുസ്ലിം മതവിശ്വാസവും ഒത്തുപോകുന്ന നാടാണ് മലേഷ്യ. മലേഷ്യയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവമായ തൈപ്പൂയ്യം ആഘോഷപരിപാടികളില്‍ ഏഴുലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് വാര്‍ത്ത. ഏതാണ്ട് രണ്ടായിരത്തോളം പേര്‍ വിവിധ വര്‍ണങ്ങളിലുള്ള കാവടികള്‍ വഹിച്ച് മൃദംഗത്തിന്‍െറ താളത്തോടുള്ള കൊട്ടിനോടും നാദസ്വരത്തോടുമൊപ്പം കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട് രഥത്തെ അനുഗമിച്ചിരുന്നു. മലേഷ്യന്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് എം. സ്വാമിവേലുവും പാര്‍ട്ടിയുടെ മറ്റനേകം ഒൗദ്യോഗിക ഭാരവാഹികളും ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ബാട്ട്ഗുഹകള്‍ മോടിപിടിപ്പിക്കാനും വിനോദസഞ്ചാരസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റുമായി മലേഷ്യന്‍ സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് സ്വാമിവേലു പറഞ്ഞു’’ (കേസരി, 5.2.89).

‘‘എല്ലാ വിഭാഗക്കാര്‍ക്കും പൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം നല്‍കുന്ന ഇന്തോനേഷ്യന്‍ ഭരണഘടന ആ രാജ്യത്തിന്‍െറ മതേതര സ്വഭാവം വ്യക്തമാക്കുന്നു. ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം, ഹിന്ദുധര്‍മം തുടങ്ങിയ നാലു മതങ്ങള്‍ക്കും സര്‍ക്കാര്‍ തുല്യമായ അംഗീകാരവും പ്രോത്സാഹനവുമാണ് നല്‍കുന്നത്’’ (കേസരി, 7.6.87).

‘‘മസ്കത്ത്, ബഹ്റൈന്‍, ദുബൈ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ കോയ്മക്കു കീഴില്‍ ഉള്ളതു മുതല്‍ ഭാരതീയരും ഹിന്ദുക്കളുമായ സിന്ധികള്‍ ഇവിടങ്ങളില്‍ കച്ചവടസംബന്ധമായി കുടിയേറിപ്പാര്‍ക്കുക കാരണംപ്രസ്തുത രാജ്യങ്ങളിലെ അഭിവൃദ്ധിയില്‍ ഗണ്യമായ പങ്കുവഹിച്ചിരുന്നു. പ്രസ്തുത യാഥാര്‍ഥ്യം മനസ്സിലാക്കി അവിടങ്ങളിലെ ഭരണാധിപന്മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുത്തുപോന്നു’’ (കേസരി, 6.4.86).

ഇസ്ലാമിക വിപ്ളവത്തിനുശേഷമുള്ള ഇറാനിലെ ഭരണകൂടത്തിന് കീഴില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ മേഖലകളിലും പൂര്‍ണ സ്വാതന്ത്ര്യവും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് പറയുന്നത് ഇറാനിലെ അര്‍മീനിയന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറാഖ് ലിയാനാണ്. തെഹ്റാന്‍ നഗരത്തില്‍ മാത്രം സജീവമായി പ്രവര്‍ത്തിക്കുന്ന എട്ട് ചര്‍ച്ചുകളുണ്ട്. ഇസ്ഫഹാനില്‍ 11 ദേവാലയങ്ങള്‍ പുരാവസ്തു എന്ന നിലക്ക് സര്‍ക്കാര്‍ സംരക്ഷിച്ചുവരുന്നു. 33 വിദ്യാലയങ്ങള്‍ അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ സ്വന്തമായി നടത്തിവരുന്നു. മതകാര്യങ്ങളില്‍ അങ്ങേയറ്റം നിഷ്കര്‍ഷ പുലര്‍ത്തുന്നവരാണ് തങ്ങളെന്നും അതിന് വിപ്ളവാനന്തര ഇറാനില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അറാഖ് ലിയാന്‍ പറയുന്നു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ മതനിയമങ്ങള്‍ അനുസരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എഴുതുന്നു: ‘‘100 ശതമാനം ഇസ്ലാമിക രാജ്യമാണ് ഒമാന്‍. അവിടത്തെ മഹാരാജാവിന്‍െറ സംരക്ഷകര്‍ ഹിന്ദുക്കളായ ഗുജറാത്തികളാണ് എന്നുമാത്രമല്ല, ഒമാനില്‍ ക്ഷേത്രങ്ങളുണ്ട്. ഹൈന്ദവ പ്രഭാഷണങ്ങള്‍ ഞാന്‍തന്നെ കേട്ടിട്ടുണ്ട്’’ (മാതൃഭൂമി, 29.4.2002). മതരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള പാകിസ്താനിലെ കാര്യം വിശകലനവിധേയമാക്കാം. പാകിസ്താനിലെ ഹിന്ദുക്ഷേത്രങ്ങളും ഗുരുദ്വാരകളും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ചില മുസ്ലിം തീവ്രവാദികള്‍ അവിടത്തെ ചില ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ പാകിസ്താന്‍ ഗവണ്‍മെന്‍റ് അവ പുനര്‍നിര്‍മിച്ചുകൊടുത്തു. നമ്മുടെ രാജ്യത്ത് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഇന്നോളം പുനര്‍നിര്‍മിക്കപ്പെടാതെ കിടക്കുന്നു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പ്രത്യേക വകുപ്പുതന്നെ ആരംഭിച്ചതില്‍ അവിടത്തെ ന്യൂനപക്ഷകാര്യ ഉപദേശക സമിതി കൃതജ്ഞത രേഖപ്പെടുത്തിയ കാര്യം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താനിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി തനിക്ക് മാനസാന്തരമുണ്ടാക്കിയെന്നും ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സംഘ്പരിവാറിന്‍െറ പാക് വിരുദ്ധ നിലപാടില്‍ മാറ്റം വരുത്തണമെന്ന സന്ദേശവുമായി താന്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും എല്‍.കെ. അദ്വാനി വെട്ടിത്തുറന്നു പറയുകയുണ്ടായി (മലയാള മനോരമ, 7.6.2005).

ലാഹോറിലെ ഏക ശ്രീകൃഷ്ണക്ഷേത്രം പൊളിച്ചുനീക്കി എന്ന് ചിലര്‍ കള്ളപ്രചാരണം അഴിച്ചുവിട്ടപ്പോഴാണ് ഇതിന്‍െറ സത്യാവസ്ഥ അറിയുന്നതിന് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ പാക് ധനമന്ത്രിയായിരുന്ന ഇഅ്ജാസുല്‍ ഹഖ് പാകിസ്താനിലേക്ക് ക്ഷണിച്ചത് (മാധ്യമം, 29.6.06). പാകിസ്താനിലെ ഹിന്ദു -സിഖ് ക്ഷേത്രങ്ങളുടെ സൗന്ദര്യവത്കരണത്തിന് ‘ഇവാമി ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് ഓഫ് പാകിസ്താന്‍’ 12 കോടി രൂപ ചെലവഴിക്കുമെന്ന് ഇ.ടി.ബി.പി ചെയര്‍മാന്‍ സുല്‍ഫിക്കര്‍ അലിഖാന്‍ പ്രഖ്യാപിച്ച വാര്‍ത്ത മാതൃഭൂമി (26.6.2005) റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണ് പാകിസ്താനികള്‍ നല്‍കിയതെന്നും അവിടെയുള്ള മറ്റു ക്ഷേത്രങ്ങളും തീര്‍ത്തും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിനോടും സംഘത്തോടുമൊപ്പം ബലൂചിസ്താനിലെ പുരാതന ഹിന്ദുതീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് ഓംകാര്‍ സിങ് വ്യക്തമാക്കിയത്.

പാകിസ്താന്‍ മതന്യൂനപക്ഷങ്ങളോടും ക്ഷേത്രങ്ങളോടും സ്വീകരിച്ചുകൊണ്ടിരിക്കുന്ന സഹിഷ്ണുതാപരമായ നിലപാടിനെക്കുറിച്ച് ദിവംഗതനായ മാര്‍ക്സിസ്റ്റ് താത്ത്വികന്‍ പി. ഗോവിന്ദപിള്ളക്ക് പറയാനുള്ളതും മറ്റൊന്നല്ല. ‘‘ഈ വര്‍ഷത്തെ ശിവരാത്രി വ്രതത്തിനും ആഘോഷത്തിനും സകലവിധ സംരക്ഷണവും പ്രോത്സാഹനവും നല്‍കിയതിന് പുറമെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ വലിയ തോതില്‍ സംഭാവന നല്‍കാനും പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം മാധ്യമശ്രദ്ധ പിടിച്ചുപറ്റി’’ (ദേശാഭിമാനി, 2007 ഫെബ്രു. 14).

‘‘ബംഗ്ളാദേശിലും ഹിന്ദുക്ഷേത്രങ്ങളും ധര്‍മസ്ഥാപനങ്ങളും പുനരുദ്ധരിക്കാന്‍ ഗവണ്‍മെന്‍റ് ഏകദേശം ആറുലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഈ തീരുമാനമെടുത്ത നീതിന്യായ വകുപ്പിന്‍െറയും ആധ്യാത്മിക കാര്യങ്ങളുടെയും മന്ത്രി കെ.എം. നൂറുല്‍ ഇസ്ലാം എല്ലാ മതങ്ങളുടെയും ഉന്നമനത്തില്‍ തങ്ങള്‍ തല്‍പരരാണെന്ന് അറിയിച്ചു’’ (മാതൃഭൂമി, 4.10.1985).

ഇന്ത്യയിലെ കല്‍ദായ സുറിയാനി സഭയുടെ മേധാവി മാര്‍ അപ്രേം മെത്രാപ്പോലീത്തക്ക് പറയാനുള്ളതും മറ്റൊന്നല്ല. ‘‘മുസ്ലിം രാഷ്ട്രങ്ങള്‍ മറ്റു മതങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. കല്‍ദായ സഭയുടെ ആസ്ഥാനം തന്നെ ഇറാഖിലാണ്’’ (ദേശാഭിമാനി, 12.11.2003). ലോകത്ത് ഏറ്റവും കൂടുതല്‍ ജൂതമതക്കാരുള്ള രണ്ടാമത്തെ രാജ്യം ഇറാനാണെന്ന വസ്തുതയും ഇവിടെ അനുസ്മരണീയമത്രെ.

മുസ്ലിം രാഷ്ട്രങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് മൗലികാവകാശങ്ങളോ മതസ്വാതന്ത്ര്യമോ ലഭ്യമല്ളെന്നും അവര്‍ നിലനില്‍പിനുവേണ്ടി എല്ലാം സഹിച്ച് കഴിയുകയാണെന്നുമുള്ള പ്രചാരണം എന്തുമാത്രം കള്ളവും പരിഹാസ്യവുമാണെന്ന് ജീവിക്കുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വിശദീകരണം വ്യക്തമാക്കുന്നു.
 

 

Show Full Article
TAGS:minorities 
News Summary - religious minorities in india other countries
Next Story