Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമതവും തെരഞ്ഞെടുപ്പ്...

മതവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും: കോടതിവിധി എന്തുകൊണ്ട് നിരാശപ്പെടുത്തുന്നു? 

text_fields
bookmark_border
supremecourt
cancel
ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന്‍െറ പശ്ചാത്തലത്തില്‍ ദേശീയ രാഷ്ട്രീയം പ്രക്ഷുബ്ധമായ കാലം. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ജോഷി ദാദര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് ബി.ജെ.പി-ശിവസേന സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. വോട്ട് പിടിക്കാനിറങ്ങിയ സേനാതലവന്‍ ബാല്‍താക്കറെ, ഛഗന്‍ ഭുജ്പാല്‍, പ്രമോദ് നവാല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ശിവജി പാര്‍ക്കില്‍ തടിച്ചുകൂടിയ ജനത്തിന് ഒരു വാഗ്ദാനം നല്‍കി: ജോഷി ജയിച്ചുകയറിയാല്‍ മഹാരാഷ്ട്രയെ പ്രഥമ ഹിന്ദുസംസ്ഥാനമായി മാറ്റിയെടുക്കും. ജോഷി വന്‍ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബാഹുറാവു പട്ടേല്‍ ഹൈകോടതിയെ സമീപിച്ചു. നിരവധി പ്രചാരണയോഗങ്ങളില്‍ താക്കറെയും ശിഷ്യന്മാരും നടത്തിയ പ്രസംഗത്തിന്‍െറ കാസറ്റുകള്‍ പരിശോധിച്ച ഹൈകോടതി ജനപ്രാതിനിധ്യനിയമം 123 (3) പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതായി കണ്ടത്തെി.  മതവികാരം കുത്തിയിളക്കിയ ശിവസേന -ബി.ജെ.പി നേതാക്കള്‍ ഭൂരിപക്ഷസമുദായത്തിനു മുന്നില്‍വെച്ച ആശയങ്ങള്‍ മതത്തിന്‍െറ പേരില്‍ വൈരം വളര്‍ത്തുന്നതായിരുന്നു: ഇന്ത്യയില്‍ ഹൈന്ദവസമൂഹവും ഹിന്ദുമതവും അപായ ഭീഷണിയിലാണ്. കോണ്‍ഗ്രസിനോ ജനതാദളിനോ ഹിന്ദുക്കളെ രക്ഷിക്കാന്‍ സാധിക്കില്ല. കശ്മീര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കലുഷിതമാകുന്നത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതുകൊണ്ടാണ്. ഇക്കൂട്ടരെ കൈകാര്യം ചെയ്യാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. വേണ്ടിവന്നാല്‍ ജീവന്‍ ത്യജിക്കാന്‍ തയാറാവണം.’ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വൈരവും വളര്‍ത്തി വോട്ടുപിടിക്കുന്ന ഹീനചെയ്തിയെ ഒരുതരത്തിലും അംഗീകരിക്കാനാവില്ളെന്ന് താക്കീത് നല്‍കിയ ഹൈകോടതി മനോഹര്‍ ജോഷിയുടെ വിജയം അസാധുവാക്കി. ഈ വിധിക്കെതിരായ അപ്പീല്‍ ജസ്റ്റിസ് ജെ.എസ്. വര്‍മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്‍െറ മുമ്പാകെ വന്നപ്പോള്‍  ജോഷിക്ക് വിജയം തിരിച്ചുനല്‍കി എന്ന് മാത്രമല്ല, അമ്പരപ്പിക്കുന്ന ചില നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു.  ‘ മഹാരാഷ്ട്രയില്‍ പ്രഥമ ഹിന്ദു സ്റ്റേറ്റ് സ്ഥാപിക്കുമെന്ന പ്രസ്താവന മതത്തിന്‍െറ പേരിലുള്ള വോട്ട് പിടിത്തമായി കണക്കാക്കാനാവില്ല. അതൊരു ആഗ്രഹപ്രകടനമായേ കാണേണ്ടതുള്ളൂ. ഇനി, ഇത്തരം പ്രസ്താവനകള്‍ എത്ര അപലപനീയമായാലും ശരി, ജനപ്രാതിനിധ്യനിയമത്തിലെ 123 (3),  (3A) വകുപ്പുകള്‍  പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്താന്‍ കഴിയില്ല’. 1991ല്‍ ബോംബെ മേയര്‍ ഡോ. ആര്‍.വൈ. പ്രഭുവിനു വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയപ്പോഴും സേന തലവന്‍ ആക്രോശങ്ങള്‍ നടത്തി: ‘‘മുസ്ലിംകള്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ രാജ്യം ഹിന്ദുക്കളുടേതാണ്.  പ്രസ്ഥാനം അധികാരത്തിലത്തെിയാല്‍ ആദ്യമായി ചെയ്യുന്നത് ഹിന്ദുരാഷ്ട്രത്തിന്‍െറ സംസ്ഥാപനമാണ്. അതോടെ, എല്ലാവരും ഹിന്ദുമതത്തിലേക്ക് മാറുന്നതിനുള്ള ‘ദീക്ഷ’ എടുക്കേണ്ടിവരും’’. ആ കാലയളവില്‍ ശിവസേന, ബി.ജെ.പി സഖ്യത്തിന്‍െറ മറ്റു പല നേതാക്കളെയും ജയിപ്പിച്ചുകയറ്റിയത് ഇത്തരം വിഷധൂളികള്‍ വ്യാപകമായി പ്രസരിപ്പിച്ചായിരുന്നു. 

ഇമ്മട്ടില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് ഏകോപിപ്പിക്കാന്‍ ഹിന്ദുത്വപാര്‍ട്ടികള്‍ വ്യാപകമായി നടത്തിയ ശ്രമങ്ങളെ ചോദ്യംചെയ്ത് 12 കേസുകള്‍ പരമോന്നത നീതിപീഠത്തിന്‍െറ മുന്നിലത്തെിയപ്പോഴാണ് ജസ്റ്റിസ് ജെ.എസ്. ശര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചില്‍നിന്ന് പ്രമാദമായ ‘ഹിന്ദുത്വ വിധി’ പുറത്തുവരുന്നത്. ഇപ്പറഞ്ഞ വിധി മുന്നില്‍വെച്ചാണ് 2017 ജനുവരി രണ്ടിനു ഏഴംഗ ബെഞ്ചിന്‍േറതായി വന്ന മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുന്ന ഭൂരിപക്ഷവിധിയെ വിലയിരുത്തേണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് മതം, ജാതി, വംശം, ഭാഷ എന്നിവയുടെ ദു$സ്വാധീനം തടയുന്നതിനു 1951ലെ ജനപ്രാതിനിധ്യനിയമം 123 (3) വകുപ്പിലെ ‘ഹിസ് റിലിജ്യന്‍’ എന്ന പ്രയോഗത്തിന്‍െറ അര്‍ഥവ്യാപ്തിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ രണ്ടു കേസുകള്‍ (അഭിരാം സിങ്/സി.ഡി കൊമ്മച്ചന്‍, നാരായണ്‍ സിങ്/സുന്ദര്‍ലാല്‍ പട്വ)  അപ്പീലിലെടുത്തപ്പോള്‍ ‘ഹിന്ദുത്വവിധികളും’  പുന$പരിശോധിക്കണമെന്ന് ആക്ടിവിസ്റ്റുകളായ ടീസ്റ്റ സെറ്റല്‍വാദും ശംസുല്‍ ഇസ്ലാമും ദിലീപ് മണ്ഡലും ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. 1995ലെ രമേശ് പ്രഭു കേസിലെ ഹിന്ദുത്വവിധി മതേതരത്വസങ്കല്‍പത്തെ അപകടകരമാം വിധം പുനര്‍നിര്‍വചിക്കുന്നു. മാത്രമല്ല, ഹരജിയില്‍ തൊട്ടുകാണിച്ച പോലെ, ‘ന്യൂനപക്ഷ സമുദായങ്ങളെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തെയും ഹിന്ദുത്വജീവിതരീതികളിലേക്ക് ഏകീകരിക്കുന്നതിനും സ്വാംശീകരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി മാറിയിട്ടുമുണ്ട്’’. ‘ഹിന്ദുത്വ’ എന്നാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയോ അല്ളെങ്കില്‍  ഒരു മനോഘടനയോ ആണെന്നും അതിനെ മതമൗലികവാദമായി കാണേണ്ടതില്ളെന്നുമാണ്  ജസ്റ്റിസ് വര്‍മ വിധിന്യായത്തില്‍ നിരീക്ഷിച്ചത്. സംഘ്പരിവാര്‍ ചിന്താധാരക്ക് അടിബലം നല്‍കുംവിധം വ്യാഖ്യാനങ്ങള്‍ ചമച്ച കോടതിവിധി പ്രതിലോമപരവും മതേതരസങ്കല്‍പത്തിന്‍െറ വക്രീകരണവുമാണെന്ന് നിഷ്പക്ഷമതികള്‍ തറപ്പിച്ചുപറയുന്നു. ഈ വിധിയെ സുപ്രീംകോടതി രേഖകളില്‍നിന്ന് നീക്കാതെ, മതത്തെയും മതേതരത്വത്തെയും പുനര്‍വ്യാഖ്യാനിക്കാന്‍ പരമോന്നത നീതിപീഠം എത്ര ശ്രമിച്ചാലും ആശയക്കുഴപ്പം കൂടുകയേയുള്ളൂ. മതനിരപേക്ഷത ഭരണഘടനയുടെ ആധാരശിലയാണെന്നും മതം വ്യക്തിയും ദൈവവും തമ്മിലുള്ള ഇടപെടാണെന്നുമുള്ള ചീഫ് ജസ്റ്റിസ് (റിട്ട.) ടി.എസ്. ഠാകുറിന്‍െറ നിരീക്ഷണത്തോട് ആര്‍ക്കും വിയോജിപ്പില്ല. തെരഞ്ഞെടുപ്പ് എന്ന തീര്‍ത്തും മതേതരമായ ജനായത്ത പ്രക്രിയയില്‍ മതം, ജാതി, ഭാഷപക്ഷപാതിത്വങ്ങള്‍ക്ക് സ്ഥാനമില്ളെന്ന താക്കീത് മാനിക്കാനും  പ്രയാസമുണ്ടാവില്ല.  അപ്പോഴും ഉയരുന്ന പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. 

 ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര കാഴ്ചപ്പാടിന്‍െറ അന്തര്‍ധാര എന്താണ്? മതത്തെ സാമൂഹിക, രാഷ്ട്രീയജീവിതത്തില്‍നിന്ന് പൂര്‍ണമായും അകറ്റിനിര്‍ത്താന്‍ ഇന്ത്യന്‍ ജനതക്ക് സാധ്യമാണോ? അങ്ങനെ മാറ്റിനിര്‍ത്തണമെന്ന് രാഷ്ട്രശില്‍പികള്‍ക്ക് ശാഠ്യമുണ്ടായിരുന്നതായി ഭരണഘടന വായിച്ചാല്‍ ആര്‍ക്കെങ്കിലും തോന്നുമോ? മതവിരുദ്ധതയുടെയോ മതനിരാസത്തിലോ കെട്ടിപ്പൊക്കിയതല്ല നമ്മുടെ സെക്കുലര്‍ ചിന്താപദ്ധതി. ഒരു മതത്തോടും വിധേയത്വമോ വിരോധമോ പുലര്‍ത്താതെ, എല്ലാ മതദര്‍ശനങ്ങളെയും സമദൃഷ്ടിയോടെ നോക്കിക്കാണുന്ന ഉയര്‍ന്ന ചിന്തയെയല്ളേ ഗാന്ധിജിയും നെഹ്റുവും അംബേദ്കറും അബുല്‍കലാം ആസാദുമൊക്കെ നെഞ്ചേറ്റി നടന്നത്? അതുകൊണ്ടല്ളേ ഗണേശ് ചതുര്‍ഥിക്കും ഗുരുനാനാക് ജയന്തിക്കും ബുദ്ധ-മഹാവീര്‍ ജയന്തിക്കും നബിദിനത്തിനും ഈദുല്‍ അദ്ഹക്കും ക്രിസ്മസിനും അവധി നല്‍കുന്നതും ഭരണത്തലവന്മാര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതും. മതത്തിന്‍െറ അല്ളെങ്കില്‍ മതസംസ്കാരത്തിന്‍െറ ലേബലില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്ന നാടാണ് നമ്മുടേത്. പഞ്ചാബിലെ ശിരോമണി അകാലിദളും മഹാരാഷ്ട്രയിലെ ശിവസേനയും ആന്ധ്രയിലെ മജ്ലിസെ ഇത്തിഹാദെ മുസ്ലിമൂനും കേരളത്തിലെ മുസ്ലിംലീഗും മതത്തെയോ മതസമുദായത്തെയോ അല്ലാതെ മറ്റെന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? മതത്തിന്‍െറയോ ജാതിയുടെയോ ഭാഷയുടെയോ വംശീയതയുടെയോ പേരില്‍ ജനം സ്വത്വങ്ങള്‍ പണിത് ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാവരുതെന്നോ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കരുതെന്നോ രാഷ്ട്രശില്‍പികളോ ഭരണഘടനയോ എപ്പോഴെങ്കിലും ഉണര്‍ത്തിയിട്ടുണ്ടോ? തെലുഗുദേശവും ദ്രാവിഡകഴകങ്ങളും അസം ഗണപരിഷത്തും കേരള കോണ്‍ഗ്രസും പ്രതിനിധാനം ചെയ്യുന്ന ഭാഷാ, പ്രാദേശിക സ്വത്വങ്ങള്‍ ഒരു കോടതിവിധിയിലൂടെ ഇടിച്ചുനിരപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് പോഴത്തമല്ളേ?  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും മറ്റു രണ്ടു സഹപ്രവര്‍ത്തകരും എഴുതിയ വിയോജനക്കുറിപ്പാണ് ഭൂരിപക്ഷത്തിന്‍െറ വിധിയെക്കാള്‍ യാഥാര്‍ഥ്യബോധ്യം തുടിക്കുന്നതും നീതിയുടെയും യുക്തിയുടെയും  പക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതും. 1961ല്‍ അന്നത്തെ നിയമമന്ത്രി എ.കെ സെന്‍ ‘ഹിസ്’ എന്ന വാക്ക് എഴുതിച്ചേര്‍ത്ത് 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തപ്പോള്‍ ലക്ഷ്യമിട്ടത് സ്ഥാനാര്‍ഥിയുടെ മതത്തെയാണ്, വോട്ടറുടെയോ കേട്ടുനില്‍ക്കുന്നവരുടെയോ മതത്തെയല്ല . തെരഞ്ഞെടുപ്പ് പരിസരത്തുനിന്ന് മത, ജാതി, ഭാഷ, വംശീയ ഘടകങ്ങളെ ഓടിക്കുമ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയ പോലെ ജനാധിപത്യം ഒരമൂര്‍ത്ത ആശയമായി ഉണങ്ങിച്ചുരുളുകയാണ്.  

ന്യൂനപക്ഷ ബെഞ്ച് ചൂണ്ടിക്കാട്ടിയ പോലെ, മതത്തിന്‍െറയോ ജാതിയുടെയോ ഭാഷയുടെയോ പേരിലാണ് സഹസ്രാബ്ദങ്ങളായി രാജ്യത്ത് വിവേചനങ്ങള്‍ നടപ്പാക്കുന്നതും നീതിനിഷേധം സ്ഥാപനവത്കരിക്കപ്പെട്ടതും. പലപ്പോഴും ഒരു ജാതിയുടെയോ വംശത്തിന്‍െറയോ പേര് തന്നെ പ്രതീകവത്കരിക്കുന്നത് ഇത്തരലുള്ള നീതിനിഷേധമോ കടുത്ത വിവേചനമോ ആയിരിക്കാം. ഉദാഹരണത്തിന് നിരന്തരം പീഡിപ്പിക്കപ്പെടുന്ന ദലിതുകള്‍. അതുപോലെ, സ്വാതന്ത്ര്യത്തിന്‍െറ ഏഴ് ദശകങ്ങള്‍ക്ക് ശേഷവും സാമൂഹിക ശാക്തീകരണമേഖലയില്‍ മുട്ടിലിഴയുന്ന മുസ്ലിംകള്‍. തെരഞ്ഞെടുപ്പില്‍ ഇവരെ കുറിച്ച് ഉരിയാടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍, ജനായത്ത വ്യവഹാരങ്ങള്‍ക്ക് പിന്നെന്തര്‍ഥം? പരമോന്നത നീതിപീഠം നിയമത്തെ അനാവശ്യമായി വലിച്ചുനീട്ടി വ്യാഖ്യാനിച്ച് അന്തരീക്ഷം സങ്കീര്‍ണമാക്കുകയാണ്. അതേസമയം, തിരുത്തപ്പെടേണ്ട ഹിന്ദുത്വവിധികളെ സ്പര്‍ശിക്കാന്‍ സന്നദ്ധമാവാതെ, വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍െറയും പ്രത്യയശാസ്ത്രങ്ങളെ കയറൂരി വിടുകയും ചെയ്യുന്നു. ഇലക്ഷന്‍ പ്രക്രിയയുടെ മതേതരത്വവത്കരണം സാധ്യമാക്കുന്നതെന്നും ദൈവത്തെ ഇലക്ഷന്‍ ഗോദയില്‍നിന്ന് ആട്ടിയോടിക്കുന്നതെന്നുമൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഇപ്പോഴത്തെ വിധിക്കു ശേഷവും ഒരു കാര്യം അറിയാന്‍ രാജ്യത്തിനു താല്‍പര്യമുണ്ട്: 1995ലെ ഹിന്ദുത്വവിധിയില്‍ നീതിപീഠം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ? ഹിന്ദുത്വ ഒരു ജീവിതരീതി മാത്രമണോ? അതോ അധികാരാധീശത്വം കൈക്കലാക്കാന്‍ പ്രാക്തനവികാരങ്ങളെ ചൂഷണം ചെയ്യുന്ന അപകടകാരിയായ ഒരു പ്രത്യയശാസ്ത്രമോ? ഹിന്ദുത്വയെ അതിന്‍െറ യഥാര്‍ഥ ഭൂമികയില്‍ നിര്‍ത്തി, മതേതരത്വത്തെ പുനര്‍നിര്‍വചിക്കാന്‍ ആര്‍ജവം കാട്ടാത്ത കാലത്തോളം ഈ ദിശയിലുള്ള കോടതിയുടെ ഏത് തീര്‍പ്പിനും പ്രായോഗികമായ പരിമിതികളുണ്ടെന്ന്, യുവര്‍ഓണര്‍, പറയാതെ വയ്യ. 
 
Show Full Article
TAGS:religion and caste election campaigns 
News Summary - religion and caste from election campaigns
Next Story