Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ കോവിഡ്​കാല ഹിതപരിശോധന

text_fields
bookmark_border
ബി.ജെ.പിക്ക്​ കോവിഡ്​കാല ഹിതപരിശോധന
cancel
camera_alt

ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ പ്രചാരണസമ്മേളനത്തിൽ

കോവിഡ്​ മഹാവ്യാധിയെ നേരിടുന്നതിലുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളുടെ ജയപരാജയങ്ങൾ വിലയിരുത്തപ്പെടാവുന്ന പ്രഥമ തെരഞ്ഞെടുപ്പാണ്​ ബിഹാറിലേത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ലോക്ഡൗണിനും ചൈനയുടെ കടന്നുകയറ്റത്തിനുംശേഷമുള്ള, അസംതൃപ്തരായ കുടിയേറ്റ തൊഴിലാളികളുടെ പ്രതികരണം വെളിപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്​.

ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ മോദി നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും ബി.ജെ.പിക്ക്​ അനുകൂലമായിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടന്ന 18 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിച്ചത് ഉത്തർപ്രദേശിലും ഗുജറാത്തിലും മാത്രം.

അതിൽതന്നെ ഗുജറാത്തിലെ വിജയം നേരിയ ഭൂരിപക്ഷത്തിലും. ലോക്സഭയിലെ രണ്ടാം വിജയത്തിനുശേഷം നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ 2014ലെ വിജയം ആവർത്തിക്കാനും ഒറ്റക്കു ഭൂരിപക്ഷം നേടാനും ബി.ജെ.പിക്ക് സാധിച്ചില്ല. ഗവ​ൺമെൻറ്​ രൂപവത്​കരിക്കാനായി ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനത പാർട്ടിയുടെ പിന്തുണ തേടേണ്ടിവന്നു. 2014ൽ ഒറ്റക്കു മത്സരിച്ച് 288ൽ 122 സീറ്റ് നേടിയ മഹാരാഷ്​ട്രയിൽ 2019ൽ ശിവസേനയുടെ സഖ്യകക്ഷിയായി നേടാൻ കഴിഞ്ഞത് 105 സീറ്റ് മാത്രമാണ്.

പദവിവിഭജന തർക്കത്തിൽ ഉടക്കി അധികാരം വിട്ടൊഴിയേണ്ടിയുംവന്നു. ഡിസംബറിൽ ഝാർഖണ്ഡിലും ഭരണത്തുടർച്ച ഉണ്ടായില്ല. പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയണമെന്ന പ്രകോപന പരാമർശം നടത്തി വർഗീയ ധ്രുവീകരണം നടത്താനുള്ള മോദിയുടെ ശ്രമങ്ങൾ പാഴായി. വ്യക്തിപരമായ അധിക്ഷേപങ്ങൾ, വിദ്വേഷ പരാമർശങ്ങൾ, വർഗീയപ്രസംഗങ്ങൾകൊണ്ടൊന്നും പാർട്ടിപ്രവർത്തകർക്കപ്പുറത്തെ പിന്തുണ നേടാൻ അതുകൊണ്ടാകില്ല എന്ന പാഠം ഡൽഹി തെരഞ്ഞെടുപ്പും ബി.ജെ.പിക്ക് നൽകി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പയറ്റിയപോലെ അതിദേശീയത ഇളക്കിവിട്ടു രക്ഷപ്പെടാമെന്ന ധാരണയിൽ 370ാം വകുപ്പ്​ റദ്ദാക്കിയത്, പാകിസ്​താൻ തീവ്രവാദത്തെ പുൽവാമ മോഡലിൽ നേരിടുന്നത്, സർജിക്കൽ സ്ട്രൈക്ക്, പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വപ്പട്ടിക, രാമക്ഷേത്ര അനുകൂല വിധി, മുത്തലാഖ് വിധി എന്നിവ എടുത്തുപറഞ്ഞുകൊണ്ടുള്ള പ്രചാരണരീതിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പരീക്ഷിച്ചത്.

മോദിയെ രാജ്യത്തി​െൻറ കാവലാളാക്കിക്കൊണ്ടുള്ള പ്രചാരണം സംസ്ഥാനങ്ങളിൽ നേട്ടംകൊയ്തില്ല. മോദി പ്രഥമസ്ഥാനത്തു വരുന്ന തെരഞ്ഞെടുപ്പിൽ ജനം തുണച്ചെങ്കിലും ശക്തരായ പ്രതിപക്ഷനേതാക്കളുള്ള സംസ്ഥാനങ്ങളിൽ മോദിപ്രഭാവം ദൃശ്യമായില്ല. കർഷകരുടെ വ്യഥകളും നട്ടെല്ലൊടിഞ്ഞ സമ്പദ്​വ്യവസ്ഥയും തൊഴിലില്ലായ്മയും എല്ലാംതന്നെ മുഖ്യ ഉത്കണ്ഠകളായി രൂപപ്പെടുമ്പോൾ അതത്രയും അഭിമുഖീകരിക്കാതെയുള്ള ബി.ജെ.പി മനോഭാവം തിരിച്ചടിയുണ്ടാക്കി.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ ജനങ്ങൾ സമീപിക്കുന്നത് രണ്ടു രീതിയിലാണെന്നർഥം. ദേശീയതലത്തിൽ പാർട്ടിനേതൃത്വവും ആശയങ്ങളും വോട്ടർമാരെ സ്വാധീനിച്ചപ്പോൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നിർണായകമായത് ഭരണവിരുദ്ധവികാരവും പ്രാദേശിക ജാതിസമവാക്യങ്ങളുമൊക്കെയാണ്.

സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികൾ ബിഹാറിലും ആവർത്തിക്കുമോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്​. അപരനെ സൃഷ്​ടിച്ചുള്ള പതിവു യുദ്ധതന്ത്രം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്ക് കാര്യമായ സ്വാധീനമുള്ള ബിഹാറിൽ എത്ര വിജയം കാണും എന്ന ആശങ്കയുമുണ്ട്​. ഭരണവിരുദ്ധവികാരം അലയടിക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ തീവ്രഹിന്ദുത്വ കാർഡ് മാത്രം വെച്ചുള്ള കളി വേണ്ടത്ര ഗുണംചെയ്യില്ലെന്ന വസ്തുത ജെ.ഡി.യു ബി.ജെ.പിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

അധികാരത്തിനുവേണ്ടി അടവുകളെന്തു പയറ്റിയാലും പ്രകടമായ ജാതിമത ധ്രുവീകരണത്തി​െൻറയും അപരവത്​കരണത്തി​െൻറയും വഴിയിൽ തൽക്കാലം ബി.ജെ.പിയുമായി കൈകോർക്കില്ല എന്ന് ദേശീയ പൗരത്വപ്പട്ടികക്കെതിരെ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിലൂടെ ബി.ജെ.പി നേതൃത്വവും മനസ്സിലാക്കിയിട്ടുണ്ട്. ദലിതരുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും പിന്തുണ കാര്യമായി അവകാശപ്പെടാനില്ലാത്ത അവസ്ഥയിൽ നിതീഷിനെ പിണക്കിയാൽ പാളുമെന്നറിയാം. എങ്കിലോ, അങ്ങനെയങ്ങ്​ സംസ്​ഥാ​നത്തെ വല്യേട്ടൻ ചമയുന്ന നിതീഷിന്​ അടിയറവ്​ പറയേണ്ട എന്നുമുണ്ട്​.

എൽ.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്​റ്റു ചെയ്തതു മുതൽ ഏറിയും കുറഞ്ഞും ബിഹാറിൽ മുസ്​ലിംവോട്ട് ലാലുവിനോടൊപ്പമായിരുന്നു. എങ്കിൽപോലും നിരന്തര ശ്രമങ്ങളിലൂടെ, മുസ്​ലിംസമുദായത്തെ പ്രത്യേകിച്ചും ന്യൂനപക്ഷത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെ ആകർഷിക്കാൻ നിതീഷ് ശ്രദ്ധവെച്ചു. അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. അംഗീകൃത മദ്​റസകളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, രാമനവമി ആഘോഷത്തെ തുടർന്നുണ്ടായ വർഗീയലഹളകളിൽ കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ മകനെതിരെ എടുത്ത നടപടി, പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ബിഹാർ അസംബ്ലിയുടെ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്യാൻ ബി.ജെ.പി എം.എൽ.എമാരോട് ആവശ്യപ്പെട്ടത്, ഭഗൽപുർ കലാപക്കേസുകൾ വീണ്ടും പരിഗണിച്ചത്, ഉർദു ഭാഷയെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ, ഖബർസ്ഥാനുകൾ കെട്ടിസംരക്ഷിക്കൽ തുടങ്ങി അയോധ്യ ശിലയിടലിലെ മൗനംവരെ മുസ്​ലിം സമുദായത്തി​െൻറ വിശ്വാസമാർജിക്കൽ കണ്ടുള്ളതായിരുന്നു.

പ്രധാനമന്ത്രി ശിലാന്യാസം നടത്തു​േമ്പാൾ കോൺഗ്രസ്​ നേതാക്കൾവരെ രാമക്ഷേത്രത്തി​നനുകൂലമായി പ്രസ്​താവനയിറക്കാൻ മത്സരിച്ച സമയത്ത്, ബിഹാറിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അതിലൊന്നും ശ്രദ്ധയില്ലെന്ന സന്ദേശം നൽകുകയായിരുന്നു നിതീഷ്കുമാർ.

പൊതു ആരോഗ്യരംഗം, തൊഴിൽ, വിദ്യാഭ്യാസം, സാക്ഷരത, ലിംഗനീതി തുടങ്ങി എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗതിയിൽ ഏറെ താഴെ നിൽക്കുന്ന ബിഹാറിന് പാക്കേജുകൾ കോരിച്ചൊരിഞ്ഞ്​ മാലിന്യസംസ്കരണ പ്ലാൻറ്​, കുടിവെള്ള വിതരണ പദ്ധതി, എൽ.പി.ജി ബോട്ട്​ലിങ് പ്ലാൻറ്​ തുടങ്ങിയ ചെറുപദ്ധതികളുടെ ഉദ്ഘാടനത്തിനുപോലും മോദിതന്നെ വെർച്വൽ റാലികളിൽ പങ്കെടുത്തതും ബിഹാറിനെക്കുറിച്ചുള്ള ഉൾഭയത്തിന്​ അടിവരയിടുന്നുണ്ട്.

കോവിഡിൽ ജോലി നഷ്​ടമായ കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകുന്ന പദ്ധതി 'ഗരീബ് കല്യാൺ റോസ്​ഗാർ അഭിയാ​െൻറ' ഉദ്ഘാടനം ബിഹാറിലായിരുന്നു. 125 ദിവസത്തേക്കുള്ള പദ്ധതി ബിഹാറിൽ 38ൽ 32 ജില്ലകളെ ഉൾക്കൊള്ളിച്ചപ്പോൾ ഉത്തർപ്രദേശിൽ 75ൽ 31 ജില്ലകളാണ് ഉൾപ്പെട്ടത്. എയിംസ്​, എയർപോർട്ട് വിപുലീകരണം, ആദ്യ കിസാൻ സ്പെഷൽ പാർസൽ ട്രെയിൻ, കോശി റെയിൽ ബ്രിഡ്ജ്, കർഷകർക്കും ഗ്രാമീണർക്കും ഭൂമിയുടെ ഉടമസ്ഥാവകാശം കൊടുക്കുന്ന സ്വമിത്വ യോജന, 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം, കർഷകരുടെ അക്കൗണ്ടിൽ 6000 രൂപ നിക്ഷേപിച്ചത് തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ തിരക്കിട്ട് നടപ്പാക്കുന്നത്.

എന്നാൽ, ബിഹാറിന് പ്രത്യേക പദവി വാഗ്ദാനംചെയ്ത്, കർഷകവിരുദ്ധ ബില്ലുകൾ റദ്ദാക്കുമെന്ന ഉറപ്പുനൽകി മുന്നേറുന്ന മഹാസഖ്യം എൻ.ഡി.എ പാളയത്തിൽ ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. ആർ.ജെ.ഡിക്കു വോട്ടുചെയ്താൽ ജീവിതം പഴയതുപോലെ നരകമാകുമെന്ന് ജനങ്ങളെ ഭയപ്പെടുത്തുകയാണ് നരേന്ദ്ര മോദിയടക്കം. ലാലുവി​െൻറ പാർട്ടി വിജയിച്ചാൽ കശ്മീർ തീവ്രവാദികൾ ബിഹാറിൽ ആധിപത്യം ഉറപ്പിക്കുമെന്നാണ്​ കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുടെ ഭീഷണി.

സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളെ ചാരി നില മെച്ചപ്പെടുത്തുകയും പിന്നീട്​ അവരെ ഒതുക്കുകയും ചെയ്യുന്ന ബി.ജെ.പി ബിഹാറിലും അത് തുടരുന്ന ലക്ഷണമാണ്. നിതീഷ്കുമാർ തന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ഉറപ്പിച്ചുപറയുമ്പോഴും സഖ്യത്തിൽനിന്ന് പുറത്തുപോയ ചിരാഗ് പാസ്വാനുമായി ഉണ്ടെന്നു കരുതുന്ന രഹസ്യ അജണ്ടയും സഖ്യത്തിലെ ബിഗ് ബ്രദർ സ്ഥാനവും മുഖ്യമന്ത്രിപദവും കൈയടക്കുക എന്ന ബി.ജെ.പിയുടെ ഗൂഢലക്ഷ്യംവെച്ചുള്ളതാണ്. അത് വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Show Full Article
TAGS:BJP bihar election 2020 covid 19 RJD Bihar Election 
Next Story