Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെളുത്ത കാലുകളുടെ...

വെളുത്ത കാലുകളുടെ ഫെമിനിസവും മണ്ണിൽ ചവിട്ടി നിൽക്കുന്ന സ്​ത്രീകളും

text_fields
bookmark_border
വെളുത്ത കാലുകളുടെ ഫെമിനിസവും മണ്ണിൽ ചവിട്ടി നിൽക്കുന്ന സ്​ത്രീകളും
cancel

ഈയിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴി മരുന്നിട്ട #wehavelegs എന്ന ഹാഷ്ടാഗ് പ്രതിഷേധ കാമ്പയിൻ പല തരം ചർച്ചകൾക്ക് കാരണമായി. പുതുമുഖ ചലച്ചിത്ര താരം അനശ്വര രാജൻ തന്റെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഷോർട്സ് ധരിച്ച അവരുടെ ചിത്രത്തിന് നേരെയുണ്ടായ സൈബർ ആക്രമണമായിരുന്നു ഇതിനു ആസ്പദമായത്. അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചലച്ചിത്ര താരങ്ങളായ റിമ കല്ലിങ്കൽ, അന്ന ബെൻ, നസ്രിയ നസീം, പാർവതി തിരുവോത്ത് തുടങ്ങിയവർ തങ്ങളുടെ ഷോർട്സും മിനി സ്കർട്ടും മറ്റും ധരിച്ചു കാലുകൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. #wehavelegs എന്ന ഹാഷ്ടാഗ് കാമ്പയിനെ ചലച്ചിത്ര താരം റിമ കല്ലിങ്കൽ ചന്നാർ ലഹളയോട് വരെ ഉപമിക്കുകയുണ്ടായി.

photo: Clain and Perl studio

എന്നാൽ #wehavelegs പോലൊരു കാമ്പയിനെ ചാന്നാർ യുവതികളുടെ മാറുമറയ്ക്കൽ സമരവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ചരിത്ര നിഷേധവും ദലിത്-ബഹുജൻ സ്ത്രീ രാഷ്ട്രീയത്തെ വളച്ചൊടിക്കലും ആണെന്നും ഇത്തരത്തിലുള്ള വെളുത്ത കാലുകളുടെ പ്രദർശനം/പ്രഖ്യാപനം തങ്ങൾക്ക് ചുറ്റുമുള്ള ഇരുണ്ട കാലുകളുടെ അദൃശ്യതയിലേക്കും ജാതി രാഷ്ട്രീയത്തിലേക്കുമാണ് ചോദ്യങ്ങൾ ഉയർത്തുന്നത്​ എന്നും ദലിത് ഗവേഷകനായ ശ്രുതീഷ് കണ്ണാടി ത​െൻറ ഫേസ്ബുക് പോസ്റ്റിൽ പറയുകയുണ്ടായി.

#Wehavelegs എന്ന ഹാഷ്ടാഗ് കാമ്പയിൻ മുന്നോട്ട് വെക്കുന്ന പ്രധാന വിഷയം അവർ ഏത് പ്രത്യയശാസ്ത്രത്തിൽ നിന്നു കൊണ്ട് ഏതിനോട് കലഹിക്കുന്നു എന്നതാണ്. പാശ്ചാത്യ ലിബറൽ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ വിമർശനങ്ങളൊന്നും കൂടാതെ ആന്തരവൽക്കരിക്കുന്നതി​െൻറയും ഫെമിനിസ്റ്റ് രാഷ്ട്രീയം എന്ന പേരിൽ നടക്കുന്ന ചർച്ചകൾ അദൃശ്യമാക്കുന്ന ദലിത് -മുസ്​ലിം ബഹുജൻ സ്ത്രീകളുടെ രാഷ്ട്രീയത്തെ കുറിച്ചുമുള്ള ചർച്ച ഈയൊരു സന്ദർഭത്തിൽ പ്രധാനമാണ്.

സദാചാരവാദവും പാശ്ചാത്യ ലിബറൽ ഫെമിനിസവും

സദാചാരത്തെ കുറിച്ച് ചരിത്രപരമായും സാംസ്​കാരികപരമായും പഠിക്കുമ്പോൾ ഇന്നത്തെ കേരള സദാചാരവാദത്തിൽ സദാചാരം എന്നൊന്ന് തന്നെ ഇല്ല എന്നാണ് മനസ്സിലാവുക. കാരണം സദാചാരം(morality) എന്നത് ഓരോ ജനതയുടെയും സാംസ്‌കാരിക-രാഷ്ട്രീയ-ചരിത്രമനുസരിച്ചു ഉത്ഭവിക്കുന്നതും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു പ്രക്രിയയാണ്.


ഏറ്റവും പേരുകേട്ട വിക്ടോറിയൻ സദാചാരം രൂപപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ മധ്യവർഗമൂല്യങ്ങളുടെയും കൊളോണിയൽ രാഷ്ട്രീയത്തി​െൻറയും പല ക്രിസ്തീയ സംഘടനകളുടെയും എഴുത്തുകാരുടെയും സ്വാധീനത്തിലൂടെയാണ്. പക്ഷെ, ഏതു കാലഘട്ടത്തിലും പുരുഷന്മാരുടെ സദാചാര ജീവിതത്തേക്കാൾ കൂടുതൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും സ്ത്രീകളുടെ സദാചാരം തന്നെയാണ് . ഇംഗ്ലണ്ടിൽ തന്നെ വളരെ പണ്ട് നിലനിന്നിരുന്ന വിച്ച് ഹണ്ട് (യക്ഷി വേട്ട), വിർജിനിറ്റി ടെസ്റ്റ്‌, വിർജിനിറ്റി ബെൽറ്റ്‌ എന്നിവയിലെല്ലാം പുരുഷകല്പനകൾക്കും ഇംഗിതങ്ങൾക്കുമനുസൃതമായി സ്ത്രീ ജീവിതത്തെ നിയന്ത്രിക്കാനുള്ള ഉപാധിയായിട്ടാണ് സദാചാരം എന്ന പരികല്പന നിലനിന്നിരുന്നത്.

സ്ത്രീ വസ്ത്രധാരണത്തിലെ കേരളസദാചാരത്തെ കുറിച്ചുള്ള സംശയങ്ങൾക്കും ചരിത്രം മറുപടി നൽകുന്നു. ഏകദേശം നൂറ്റമ്പതു കൊല്ലം മുൻപ് വരെ കീഴ്ജാതിയിൽപെട്ട സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. മേൽജാതിയിൽപെട്ട സ്ത്രീകളുടെ വേഷം രണ്ടു മുണ്ടുകൾ മാത്രം അടങ്ങിയതായിരുന്നു. മേൽമുണ്ട് ധരിക്കുന്ന ഈഴവ/നാടാർ/മറ്റു കീഴ്ജാതിയിൽപെട്ട സ്ത്രീകളിൽ നിന്നും 'മുലക്കരം' ഈടാക്കി വന്നു. അന്ന് വസ്ത്രം സദാചാരത്തേക്കാൾ ജാതി-അധികാര വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്.

പതിനേഴാം നൂറ്റാണ്ടി​െൻറ പകുതിയോടെ മിഷനറിമാർ കോളനികളിലെ സവർണരുടെ അടിച്ചമർത്തലിൽ കഴിഞ്ഞിരുന്ന കീഴാള ജനങ്ങളെ മതപരിവർത്തനം നടത്തുന്നതിനും മേൽവസ്ത്രം ധരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനും മുൻകൈയെടുത്തു. നിരന്തരമായ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് അധികാരികളുടെ നിരവധി ഇടപെടലുകൾക്കും ശേഷം 1859ൽ ആണ് ചാന്നാർ ഉൾപ്പെടെയുള്ള കീഴ്ജാതിയിൽപെട്ട സ്ത്രീകൾക്ക് തിരുവതാംകൂർ രാജാവി​െൻറ ഉത്തരവോടെ മേൽമുണ്ട് ധരിക്കാനുള്ള അവകാശം ലഭിക്കുന്നത്.

പാശ്ചാത്യ ലിബറൽ ഫെമിനിസം മുന്നോട്ട് വെച്ച 'ബോഡി ലിബറേഷൻ' എന്ന സിദ്ധാന്തത്തിലൂന്നിയുള്ള മുന്നേറ്റങ്ങളും പ്രതിഷേധ പ്രകടനങ്ങളും അറുപതുകളിലെ റാഡിക്കൽ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ഈ സിദ്ധാന്തത്തെ മുൻനിർത്തി കൊണ്ടുള്ള പ്രതിഷേധമാണ് #wehavelages എങ്കിൽ മറ്റു ചില ചോദ്യങ്ങൾ ഇതിനെ മുൻനിർത്തി ചോദിക്കേണ്ടതായുണ്ട്. #wehavelegs എന്ന പ്രതിഷേധ ഹാഷ്ടാഗ് ക്യാമ്പയിന് നേതൃത്വം കൊടുത്ത മേല്പറഞ്ഞ നടിമാർ രഹ്‌ന ഫാത്തിമയുടെ വിവാദത്തെ എങ്ങനെ കാണുന്നു?. എന്തു കൊണ്ടാണ് രഹ്നയ്ക്ക് സിനിമ മേഖലയിൽ നിന്ന് ആരുടെയും പിന്തുണ വല്ലാതെ ലഭിക്കാതെ പോയത്? അനശ്വര രാജന് നേരിടേണ്ടി വന്നതിലും എത്രയോ മടങ്ങായിരുന്നു രഹ്​നയ്ക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്ക്. അതിനെതിരെ കാര്യമായ നിയമ നടപടികൾ നടന്നില്ലെന്ന് മാത്രമല്ല അത് അവർ അർഹിക്കുന്നു എന്ന തരത്തിൽ ഉള്ള നിസ്സംഗത സമൂഹമാധ്യമങ്ങളിൽ വ്യക്തമായിരുന്നു. അതിനാൽ രാഷ്ട്രീയത്തെക്കാളും ഇത്തരം ഹാഷ്ടാഗ് മൂവ്മെൻറ്​സ്​ നിലനിൽക്കുന്നത് വ്യക്തിപ്രഭാവത്തിൽ അധിഷ്ഠിതമായിട്ടാണ് എന്ന് കാണാൻ കഴിയും.

പാശ്ചാത്യ ലിബറൽ ഫെമിനിസത്തി​െൻറ ഇരട്ടത്താപ്പുകളും ബ്ലാക്ക് ഫെമിനിസവും

1968ൽ മിസ്സ്‌ അമേരിക്ക മത്സരത്തിന്​ എതിരായി റാഡിക്കൽ ഫെമിനിസ്റ്റുകൾ നടത്തിയ പ്രതിഷേധത്തിൽ Freedom Trash Can സ്ഥാപിച്ചുകൊണ്ട് അതിൽ സ്ത്രീകളെ അടിച്ചമർത്തുന്നു എന്ന് കണക്കാക്കിയ അടിവസ്ത്രങ്ങളും ലിപ്സ്റ്റിക്കും ചൂലും തുടങ്ങി ശമ്പളത്തിലെ ലിംഗ അസമത്വം കാണിക്കുന്ന സാലറി പേ റോൾ വരെ അവർ നി​ക്ഷേപിക്കുകയുണ്ടായി. പ്രതീകാത്മകമായി അവർ പ്രതിഷേധിച്ചത് പുരുഷധിപത്യത്തിനോട് മാത്രമല്ല സ്ത്രീകളെ വസ്തുക്കളായി കാണുന്ന മുതലാളിത്ത സമ്പ്രദായത്തിനോട് കൂടിയാണ്. പക്ഷെ ഇന്നും പാശ്ചാത്യ ഫെമിനിസ്റ്റുകൾ നിലകൊള്ളുന്നത് പുരുഷാധിപത്യ ക്രമത്തിലധിഷ്ഠിതമായ ഇതേ മുതലാളിത്ത വ്യവസ്ഥകൾക്ക് ഉള്ളിൽ തന്നെയാണ്.


1951ൽ തുടങ്ങിയ ലോകസുന്ദരി മത്സരത്തിൽ ഒരു കറുത്ത വംശജയായ സ്ത്രീ ആദ്യമായി വിജയിക്കുന്നത് 1970ൽ ആണ്. ഗ്രാനാഡയിൽ നിന്നുള്ള ജെന്നിഫർ ഹോസ്റ്റൻ. 1970ലെ ലോകസുന്ദരി മത്സരം വിവാദത്തിൽ കത്തി നിന്ന അവസ്ഥയിൽ മുഖം രക്ഷിക്കാനും അവരുടെ വിശാലമനസ്കത ലോകം അറിയാനുമുള്ള വെറും കച്ചവടതന്ത്രമായിട്ടാണ് പല ബ്ലാക്ക് ഫെമിനിസ്റ്റുകളും ഇതിനെ കണക്കാക്കിയത്.

മലാല യൂസഫ്സായിക്ക് താനൊരു ഫെമിനിസ്റ്റ് ആണെന്ന് ഉറപ്പിച്ചു പറയുവാൻ കഴിഞ്ഞത് ഹോളിവുഡ് നടിയും ഐക്യരാഷ്ട്രസഭയുടെ വിമൻസ് ഗുഡ്‌വിൽ അംബാസഡർ കൂടിയായ എമ്മ വാട്സനെ കണ്ടുമുട്ടിയ ശേഷമാണെന്ന് അവർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പക്ഷെ, എമ്മയുടെ പ്രശസ്തമായ യു.എൻ പ്രസംഗത്തിൽ മുസ്​ലിം രാജ്യങ്ങളിലെ പാശ്ചാത്യ കടന്നുകയറ്റങ്ങളെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും വിമർശനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ വികസ്വര-അവികസിത രാഷ്ട്രങ്ങളിലെ 'സ്ത്രീകളെ' അവരുടെ പുരുഷന്മാരിൽനിന്നും രക്ഷിച്ചെടുക്കേണ്ടത് തങ്ങളുടെ കടമയായി എമ്മ എടുത്തു പറയുകയും ചെയ്തു.

പാരിസിൽ വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടയിൽ ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ച് നിശബ്ദത പാലിച്ച പ്രശസ്ത ഫ്രഞ്ച് ഫെമിനിസ്റ്റ് സിമോൺ ഡി ബിവോർ അവർ കേറ്റ് മില്ലെറ്റുമായി തെഹ്റാനിൽ നടത്താൻ ഉദ്ദേശിക്കുന്ന, മുസ്​ലിം സ്ത്രീ വേഷമായ ചാദോറിനു എതിരായ ഉപരോധത്തെ കുറിച്ച് അതീവ വാചാലയായതും ഓറിയൻറൽ വിമർശക-ചിന്തകനായ എ​േഡ്വർഡ് സൈദ് ത​െൻറ ഡയറിയിൽ ഓർത്തെടുക്കുന്നുണ്ട്.

അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങി ഫെമിനിസം പൂർണവളർച്ച പ്രാപിച്ച രാഷ്ട്രങ്ങളിൽ യൂറോപ്പിന് പുറമെ നിന്നുള്ള സ്ത്രീ കുടിയേറ്റക്കാരെ അവർ എങ്ങനെയാണു തൊഴിൽപരമായി ചൂഷണം ചെയ്യുന്നത് എന്ന് സാറ ഫാരിസ് ത​െൻറ ഇൻ ദി നെയിം ഓഫ് വിമൻസ് റൈറ്റ്സ്: ദി റൈസ് ഓഫ് ഫെമോനാഷണലിസം എന്ന പഠനത്തിൽ വ്യക്തമാക്കുന്നു. ഇവയിലെല്ലാം കാണാൻ കഴിയുന്നത് ലിബറൽ ഫെമിനിസ്റ്റ് മാതൃകകളിലെ ഇരട്ടത്താപ്പുകളാണ്.

Wehavelegs കാമ്പയിനെ വോഗ് മാഗസിൻ ഏറ്റെടുക്കുന്നതും പാശ്ചാത്യ ലിബറൽ ഫെമിനിസത്തി​െൻറ ഇന്ത്യയിലെ വാഴ്ത്തുപാട്ടായിട്ടാണ്. സൈന നെഹ്‌വാൾ, സെറീന വില്യംസ് എന്നിവരുടെ വോഗ് കവർ പേജുകൾ അവരുടെ കായികമികവിനെക്കാൾ കാഴ്ചവസ്തുവായി പ്രദർശിപ്പിക്കുന്നത് അവരുടെ ഉടലഴകുകൾ ആണ്. ഇവയെയെല്ലാം മുന്നിൽ വെച്ച് wehavelegs കാമ്പയിനെ വായിച്ചാൽ കുലസ്ത്രീ വാർപ്പുമാതൃകകളിൽനിന്നും മലയാളി നടിമാരും ചാടികടന്നു എത്തിപ്പെടുന്നത് പാശ്ചാത്യ ഫെമിനിസ്റ്റുകൾ കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്ന ഇതേ ഇരട്ടത്താപ്പുകളിൽ അധിഷ്ഠിതമായ വാർപ്പുമാതൃകകളിലേക്ക് മാത്രമാണ് എന്ന് കാണാം. ചവിട്ടികൂട്ടാൻ വെമ്പുന്ന വെളുത്ത കാലുകൾ പറയുന്നതു ചാന്നാർ യുവതികളുടെ അവകാശപൊരുതലി​െൻറ ഭാഷയല്ല എന്ന് ചുരുക്കം.

ലോറ മൾവേ

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നതിൽ നിന്നുള്ള മോചനത്തിനായി പ്രശസ്ത ഫെമിനിസ്റ്റ് ചിന്തക ലോറ മൾവേയെ (Laura Mulvey) പോലുള്ളവർ മുന്നോട്ട് വെക്കുന്നത് സ്വയം പ്രദർശനവസ്തു ആവുകയല്ല വേണ്ടത്. മറിച്ച്​, പുരുഷന് ലൈംഗിക ഭ്രമകല്പനകൾ സാധ്യമാക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയാണ് വേണ്ടത് എന്ന ആശയമാണ്. സ്ത്രീകളെ കേവലം പ്രദർശനവസ്തുവാക്കി മാറ്റുന്ന ലോകസുന്ദരി മത്സരത്തിനു എതിരെ 1970ൽ 'വിമൻസ് ലിബറേഷൻ' എന്ന സംഘടനയുടെ ഭാഗമായി അന്നത്തെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത അവർ പറയുന്നു:

"And I was lifted out of the hall, three Miss Worlds came running up to me, a trio of sequinned, perfumed visions, saying 'Are you all right? ' 'Let her go'. When the policeman explained we are from WL and demonstrating against them, I managed to say that we weren't against them, we are for them." (Mulvey and Jemenez 1989:5)

വാക്സും ബ്ലീച്ചും ചെയ്ത് ഗ്രീക്ക് വെണ്ണക്കൽ ശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ കാലുകൾ 'ഞങ്ങൾ സ്ത്രീകൾക്ക് കാലുകളുണ്ട്' എന്ന് പറയുമ്പോൾ ചേരികൾ ഫ്ലക്സ് വെച്ചു മറച്ചു 'ഇതാണ് ഞങ്ങളുടെ ഇന്ത്യ' എന്ന ബ്രാഹ്മണിസത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ട ഇന്ത്യയിലെ മുതലാളിത്ത നിലപാടിനോട് അത് താദാത്മ്യം പ്രാപിക്കുന്നു. കറുപ്പ് എന്ന നിറം മാത്രമല്ല വൈകല്യവും രോഗങ്ങളും അധ്വാനം കൊണ്ട് ഉണ്ടാവുന്ന ശരീരത്തി​െൻറ സ്വാഭാവികാവസ്ഥകളും അദൃശ്യവത്കരിച്ചു കൊണ്ടുള്ള എലൈറ്റിസ്റ്റ് കാഴ്ചപ്പാടി​െൻറ ധാർഷ്ട്യം പ്രകടിപ്പിക്കുന്നവയാണ് wehavelegs ക്യാംപയിനിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച വെളുത്ത കാലുകളുളള ചിത്രങ്ങൾ.

ഓപ്പൺ ഒപ്പീനിയനിൽ ടി റിയാസ് മോൻ ഇങ്ങനെ എഴുതുന്നുണ്ട്:
''സിനിമാ താരങ്ങളുടെ കാലുകളുടെ സൗന്ദര്യം കണ്ട് ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് അതിശയം കൂറുന്നവരാണ് സാധാ സ്ത്രീകൾ. കാലിലെ രോമങ്ങൾ റിമൂവ് ചെയ്ത്, വാക്‌സ് പുരട്ടുന്നതെങ്ങനെയെന്ന് അറിയുക പോലും ചെയ്യാത്തവർ. തൊഴിലുറപ്പി​െൻറയും സംഘകൃഷിയുടെയും ബാക്കിയായ കുഴിനഖത്തിനും വളംകടിക്കും പരിഹാരം എന്തെന്ന് അറിയാത്തവരാണ് അവരിൽ പലരും. തൊഴിലുറപ്പ് പദ്ധതിയിലും, സംഘകൃഷി ഗ്രൂപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് കാല്​ വിണ്ടു കീറല്, കുഴിനഖം, വളംകടി തുടങ്ങിയ സാധാരണ രോഗങ്ങൾക്ക്​ പ്രതിവിധി പറഞ്ഞു കൊടുക്കാൻ പഞ്ചായത്തിന് കീഴിൽ തന്നെയുള്ള പി.എച്ച്.സിയിൽ നിന്നോ, ആയുർവേദ ഡിസ്‌പെന്സറിയിൽ നിന്നോ ഡോക്​ടർ വരാത്ത നാടാണ് കേരളം''.

കുറച്ചു കാലം മുൻപ് മുലയൂട്ടുന്ന സ്ത്രീകളുടെ ശാക്തികരണത്തിനായി വന്ന കവർചിത്രവും നിറവും ജാതിയും സാമ്പത്തികവും പറയാതെ പറയുന്ന ഒന്നായിരുന്നു. പോഷകാഹാര കുറവ് മൂലം പാൽ ചുരത്താനാവാത്ത അമ്മമാരും മരണപ്പെടുന്ന കുഞ്ഞുങ്ങളും അടങ്ങുന്ന ആദിവാസി-ഗോത്രസമുദായങ്ങൾ കൂടി ഉൾപ്പെടുന്ന കേരളത്തിലെ ഫെമിനിസം ആയി ആ കവർപേജിനെയും വെളുത്ത കാലുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള wehavelegs ക്യാമ്പയിനെയും കാണുവാൻ ബുദ്ധിമുട്ടുണ്ട്.

അനശ്വര രാജനും സയനോരയും ദലിത് മുസ്​ലിം ബഹുജൻ സ്ത്രീ രാഷ്ട്രീയവും

അനശ്വര രാജന് ലഭിച്ച പിന്തുണ എന്തു കൊണ്ടാണ് സയനോര എന്ന ഗായികയ്ക്ക് മലയാളത്തിൽ ലഭിക്കാതെ പോയത്? നിറത്തി​െൻറ പേരിൽ അവർ നേരിട്ട അരികുവത്കരണത്തിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സയനോര പറയുകയുണ്ടായി. ഇന്നും മലയാള സിനിമയും കോമഡിയും നിലനിൽക്കുന്നത് കറുത്ത നിറമുള്ളവരെ, തടിച്ച ദേഹമുള്ളവരെ, ഇതര ദേശതൊഴിലാളികളെ, അംഗപരിമിതരെ, ഗോത്രവർഗ്ഗങ്ങളെ എല്ലാം പരിഹസിച്ചു കൊണ്ട് തന്നെയാണ്. #withher അല്ലെങ്കിൽ #notwithher എന്നിങ്ങനെ ഹാഷ്ടാഗ് ഫെമിനിസ്റ്റ് കാമ്പയിനുകൾ സൃഷ്​ടിക്കപ്പെടുമ്പോൾ അതിലെ Her ഏതെല്ലാം സ്ത്രീകളെ ഉൾകൊള്ളിക്കുന്നുണ്ട് എന്ന ചോദ്യം ഉയരേണ്ടതുണ്ട്.

അനശ്വര രാജൻ, സയനോര ഫിലിപ്​

ശ്രുതീഷ് കണ്ണാടിയുടെ പോസ്റ്റ്‌ ഷെയർ ചെയ്യുമ്പോൾ അതിലെ ദലിത് രാഷ്ട്രീയത്തോട് യോജിക്കുന്നവർ പോലും മുസ്​ലിം സ്ത്രീകകളുടെ പർദയെ കുറിച്ചുള്ള അദ്ദേഹത്തി​െൻറ നിലപാടിനോട് മുഖം ചുളിക്കുന്നു. അദ്ദേഹം പറയുന്നു:

''ലിബറൽ പുരുഷ കാഴ്ചകളെ തൃപ്തിപ്പെടുത്തുന്നതാണ് #wehavelegs എന്നതിൽ സംശയമില്ല. അതേസമയം പർദ സംബന്ധിച്ച മുസ്​ലിം സ്ത്രീകളുടെ നിർണയാവകാശം ഇതേ ലിബറൽ പുരുഷന്മാരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അതായത് മലയാളിയുടെ പുരോഗമനവും സദാചാരപരതയും അതിനോടുള്ള പ്രതികരണങ്ങളുമെല്ലാം അടിസ്ഥാനപരമായി ലിബറൽ പുരുഷ കാഴ്ചകൾക്ക് ചുറ്റിലും തന്നെയാണ് കറങ്ങി കൊണ്ടിരിക്കുന്നത് എന്ന് തോന്നുന്നു''

ദലിത്-ബഹുജൻ സ്ത്രീകളെ പോലെ തന്നെ അരികുവത്കരിക്കപ്പെട്ട ഒരു വിഭാഗമാണ് മുസ്​ലിം സ്ത്രീകൾ എങ്കിലും അവരെ പിന്തുണയ്ക്കുന്നവർ യാഥാസ്ഥിതികരും മതമൗലികവാദികളുമായി മുദ്ര കുത്തപ്പെടുന്നു. പർദ എന്ന വസ്ത്രം കിത്താബും മദ്​റസയും കുടുംബവും അവർക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാണെന്നും അവൾക്ക് അതിലൂടെ ഒരിക്കലും സന്തോഷവും സ്വാതന്ത്ര്യവും സാധ്യമല്ല എന്ന കാലപ്പഴക്കം ചെന്ന ഓറിയൻറൽ അന്ധവിശ്വാസങ്ങൾ വെച്ചുള്ള സ്ത്രീവാദ രാഷ്ട്രീയമാണ് ഇന്ന് കേരളത്തിലും ഇന്ത്യയിലും നിലവിലുള്ളത്.

യാതൊരുവിധ നിരീക്ഷണങ്ങളോ പഠനങ്ങളോ നടത്താതെ അരിസ്റ്റോട്ടിൽ സ്ത്രീകൾക്ക്​ പുരുഷന്മാരേക്കാൾ പല്ലുകൾ കുറവാണ് എന്ന് പ്രഖ്യാപിച്ചത് പോലെയാണ് യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യയിലും കേരളത്തിലും നിലവിലുള്ള സ്ത്രീ വാദ രാഷ്രീയമെന്ന് മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള ഫെമിനിസ്റ്റ് വ്യവഹാരങ്ങൾ വിശകലനം ചെയ്‌താൽ ബോധ്യമാകും.

ചാന്നാർ സ്ത്രീകളെ മേൽവസ്ത്രം ധരിപ്പിക്കുവാൻ പ്രേരിപ്പിച്ച അതേ മിഷനറി-കൊളോണിയൽ അധികാരകേന്ദ്രങ്ങൾ തന്നെ ഫ്രഞ്ച് ഭരണകാലഘട്ടത്തിൽ അൽജീരീയയിൽ മുസ്​ലിം സ്ത്രീകളുടെ ശിരോവസ്ത്രം അഴിപ്പിക്കുവാനും വ്യാപകമായ ശ്രമങ്ങൾ നടത്തി പോന്നിരുന്നു. ജോസഫ് കോൺറാഡി​െൻറ ഹാർട് ഓഫ് ഡാർക്നെസ് പോലെയുള്ള ഒരു ഇരുണ്ട പ്രഹേളിക ആയിരുന്നു അവർക്ക് മുസ്​ലിം സ്ത്രീകൾ. ശിരോവസ്ത്രം നീക്കം ചെയ്യുന്നതിലൂടെ അവരിലേക്ക് യൂറോപ്യൻ നവോഥാനത്തി​െൻറ വെളിച്ചം എത്തിക്കുക എന്ന 'സദുദ്ദേശ'ത്തി​െൻറ പിന്നിൽ അവർ വെച്ചു പുലർത്തിയത് കേവലം വെളുത്ത പുരുഷ​െൻറ ലൈംഗിക കാമനകൾ ആയിരുന്നു. മറയ്ക്കപ്പെട്ടത് അനാവരണം ചെയ്യുന്നതിലൂടെ പാശ്ചാത്യ പുരുഷൻ അപരസ്ത്രീയുടെ മേലുള്ള കടന്നു കയറ്റത്തി​െൻറയും അധികാരത്തിന്റെയും പൂർണതയിൽ എത്തുന്നു. പക്ഷെ രണ്ടിനും അവർ നൽകിയ വ്യാഖ്യാനം 'സ്ത്രീ സ്വാതന്ത്ര്യം' എന്ന് ആയിരുന്നു.


2016ൽ ചന്നാർ സമരം ഉൾപ്പെടുന്ന 'Caste, Conflict and Dress change' എന്ന പാഠഭാഗം തന്നെ ഒമ്പതാം ക്ലാസ്സിലെ സി.ബി.എസ് .സി സാമൂഹ്യശാസ്ത്ര ടെക്സ്റ്റിൽനിന്നും നീക്കം ചെയ്ത സംഭവം ഈയൊരു സന്ദർഭത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന അധീശ ബ്രാഹ്മണിക വ്യവസ്ഥ പാശ്ചാത്യ ലിബറൽ പുരുഷാധിപത്യ ക്രമങ്ങളെ ആന്തരവത്​കരിച്ച ഒന്നാണ്. മേൽസൂചിപ്പിച്ചത് പോലെ മുതലാളിത്ത വ്യവസ്ഥക്കെതിരെ നിലകൊള്ളുന്ന പാശ്ചാത്യ ലിബറൽ ഫെമിനിസ്റ്റുകളുടെ ആശയങ്ങളും മുദ്രാവാക്യങ്ങളും എങ്ങനെയാണോ അതേ മുതലാളിത്ത വ്യവസ്ഥകൾക്ക് അനുകൂലമാകുന്നത്, അത് പോലെ തന്നെ ഇന്ത്യയിലും കേരളത്തിലും ഇപ്പോൾ നിലനിൽക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ അടിസ്ഥാനപരമായി നിലവിലെ പുരുഷാധിപത്യപരമായ ബ്രാഹ്മണിക വ്യവസ്ഥക്ക് (brahmanichal patriarchy) അനുകൂലമായി നിൽക്കുന്നു എന്ന് കാണാൻ കഴിയും.

#wehavelegs ക്യാംപയിനും അടിസ്ഥാനപരമായി ബ്രാഹ്‌മണികമായ രാഷ്ട്രീയത്തെ പുനരുത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രാഹ്മണികമായ പുരുഷാധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ച ചാന്നാർ ലഹള പോലുള്ള ദലിത് ബഹുജൻ ചരിത്രം വളച്ചൊടിക്കപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടങ്ങളിൽ ലിബറൽ സ്ത്രീപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പുലർത്തുന്നവർ തങ്ങൾ പിന്തുടരുന്നത് വെളുത്ത ഫെമിനിസ(white feminism) ത്തെയാണ് എന്ന് മനസ്സിലാക്കുകയും സ്വയം വിമർശനപരമായി നോക്കി കാണാൻ ശ്രമിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണ്.

പാശ്ചാത്യ വിദ്യാഭാസ-സാമ്പത്തിക-സ്വാതന്ത്ര്യ മാതൃകകൾ വെള്ളം തൊടാതെ ഇറക്കുകയും നിലനിൽക്കുന്ന ജാതി-മത-വർണ ചിന്തകളിലധിഷ്ഠിതമായ ലിംഗ വിവേചനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന ലിബറൽ ഫെമിനിസം കാലഹരണപ്പെടുന്നതി​െൻറ സൂചനകളാണ് ദലിത്-മുസ്​ലിം ബഹുജൻ സ്ത്രീപക്ഷ വായനകളിലെ മുന്നേറ്റങ്ങൾ ബോധ്യപ്പെടുത്തുന്നത്. #Wehavelegs പോലുള്ള സവർണ-എലൈറ്റിസ്റ്റ് ഫെമിനിസ്റ്റ് മാതൃകകൾ ദീർഘകാലം അതിജീവിക്കുകയില്ല. കാരണം അവർ പറയുന്ന വെളുത്ത കാലുകളുടെ സൗന്ദര്യശാസ്ത്രം മണ്ണിൽ ചവുട്ടി നടക്കുന്ന കാലുകൾക്ക് അന്യമായ ഒരു ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

(കടപ്പാട്: ശ്രുതീഷ് കണ്ണാടി, റിയാസ് ടി മോൻ, എസ്.ആനന്ദി: ദലിത് വുമൺ, 2017, സാറ ഫാരിസ്: ഇൻ ദി നെയിം ഓഫ് വിമൻസ് റൈറ്റ്സ്: ദി റൈസ് ഓഫ് ഫെമോനാഷനലിസം, 2017, ലൈല അബു ലുഗോദ്: ഡസ് മുസ്​ലിം വിമൺ നീഡ് സേവിങ്? 2013, എഡ്വേർഡ് സൈദ്: ഡയറി, 2000, ലോറ മൾവേ: വിഷ്വൽ പ്ലെഷർ ആൻഡ് നറേറ്റീവ് സിനിമ, 1973)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feminismwehavelegschannar lahala
Next Story