വായനയാണ് ജീവിതം; അക്ഷരങ്ങളാണ് ജീവവായു...
text_fieldsകൊച്ചി: ‘‘തിരക്കുപിടിച്ച ജീവിതത്തിനിടയിലും സംഘർഷങ്ങൾക്കിടയിലും ആശ്വാസം കണ്ടെത്തുന്ന ചില തുരുത്തുകളുണ്ട്. ആ തുരുത്താണ് വായന. വായിക്കാതിരുന്നാൽ എനിക്ക് ഡിപ്രഷൻ വരും.ലോകത്ത് ഏറ്റവും കൂടുതൽ തിരക്കുള്ളവരാണ് ഏറ്റവും കൂടുതൽ പുസ്തകം വായിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മഹാത്മാ ഗാന്ധിയുമെല്ലാം എത്രയെത്ര പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. അവരുടെയത്രയൊന്നും തിരക്ക് നമുക്കില്ലല്ലോ’’. രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകുന്ന വായനയെ കുറിച്ച് വി.ഡി. സതീശൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.
പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ വായനക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ പത്തു മിനിറ്റ് ദൈർഘ്യമുള്ള പ്രഭാഷണമോ വർത്തമാനമോ കേട്ടിരുന്നാൽ മനസ്സിലാവും. പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും അദ്ദേഹം പലപ്പോഴും പുസ്തകങ്ങൾ, ചരിത്രം, ഭരണഘടന, സാമൂഹിക ചിന്തകൾ തുടങ്ങിയ വിഷയങ്ങളെ പരാമർശിക്കാറുണ്ട്.
നന്നായി വായിക്കുന്ന ശീലം വി.ഡി ചെറുപ്പം മുതൽ ആർജിച്ചെടുത്ത ഒന്നാണ്. വീട്ടിൽ എല്ലാവർക്കും പത്രം കിട്ടുമ്പോൾതന്നെ വായിക്കണമെന്നതിനാൽ താളുകൾ കീറി ഓരോരുത്തർ ഓരോ പേജ് വായിച്ച് പങ്കുവെക്കുകയായിരുന്നു കുട്ടിക്കാലത്തെ പതിവെന്ന് സതീശൻ പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സർക്കാർ സ്കൂളിൽ പഠിച്ച്, കൊച്ചി നഗരത്തിലെ പ്രശസ്തമായ തേവര എസ്.എച്ച് കോളജിലെത്തിയപ്പോൾ,സഹപാഠികൾക്കൊപ്പം പിടിച്ചുനിൽക്കാനും മികവോടെ മുന്നേറാനും വായന കൂടുതൽ ശക്തമാക്കി. കോളജ് ലൈബ്രറിയിലെ പുസ്തകങ്ങൾ ആവേശത്തോടെ വായിച്ചുതീർത്തു. നിയമസഭ സമ്മേളനങ്ങളിലും വിവിധ രാഷ്ട്രീയ സമ്മേളനങ്ങളിലും ദേശീയ, അന്തർദേശീയ വേദികളിലുമെല്ലാം നിരന്തര വായനയിലൂടെ ആർജിച്ചെടുത്ത അറിവുകൾ അദ്ദേഹം പങ്കുവെച്ചുകൊണ്ടേയിരുന്നു.ഏറെ തിരക്കേറിയ തെരഞ്ഞെടുപ്പ് കാലങ്ങളിലും ഈ പതിവിന് മുടക്കം വരുത്തിയില്ല.
പുസ്തകപട്ടികയുമായി പുതുവർഷത്തിലേക്ക്..
ഓരോ വർഷവും താൻ വായിച്ച പുസ്തകങ്ങളുടെ നീണ്ട പട്ടിക എല്ലാ വർഷവും ഡിസംബർ 31ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. 2022ൽ 21 പുസ്തകങ്ങൾ വായിച്ചെന്നും 2023ൽ 40നടുത്ത് വായിച്ചെന്നും അദ്ദേഹം കുറിച്ചു. 2024ൽ 43 പുസ്തകങ്ങളും 2025ൽ 60 പുസ്തകങ്ങളും വായിച്ചതായി വ്യക്തമാക്കുന്നു.
‘‘ആഗ്രഹിച്ചതെല്ലാം വായിക്കാൻ സാധിച്ചില്ലെങ്കിലും തിരക്കുകൾക്കിടയിലും കുറെ നല്ല പുസ്തകങ്ങൾ വായിക്കാനായത് സന്തോഷവും ഊർജവും നൽകി. കുറെയേറെ പുസ്തകങ്ങളും പ്രകാശനം ചെയ്തു’’വെന്നാണ് 2025ലെ പുസ്തകങ്ങളുടെ പട്ടിക പങ്കുവെച്ചതിനൊപ്പം അദ്ദേഹം കുറിച്ചത്. വായനക്കാർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ നിർദേശിക്കാനും അവസരം നൽകും. മികച്ച എഴുത്തുകാരെ പിന്തുണക്കുന്നതിലും അദ്ദേഹം മടി കാണിക്കാറില്ല. പുതുതലമുറയിലെ പല എഴുത്തുകാരെയും അദ്ദേഹം മലയാളികൾക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

