ഇനി സംസാരിക്കാനുള്ളത് മതമെന്ന അന്ധവിശ്വാസത്തിെൻറ വിരോധികളും എന്നാൽ, ഹിന്ദുനാമധാരികളും കഴിവതും സ്വജാതിയിലേക്കുതന്നെ മക്കളെ കല്യാണം കഴിച്ച് കൊടുക്കുന്നവരുമായ റാഷനലിസ്റ്റുകളോടാണ്. അത്ഭുത വേല അനാവരണം, കൃഷ്ണനും യേശുവും ജീവിച്ചിരുന്നില്ലെന്ന് തെളിയിക്കൽ തുടങ്ങിയ വിനോദങ്ങളിൽ രമിച്ചിരുന്ന നിങ്ങൾ ഇപ്പോൾ വർഗീയതയും ദോഷകരമാണെന്നു പറയുന്നുണ്ടല്ലോ. എന്നാൽ, ഖിലാഫത്ത്- കോൺഗ്രസ് സഹകരണമടക്കമുള്ള ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ സാമ്രാജ്യത്വ കൂടോത്രങ്ങൾക്കെതിരെ ആഞ്ഞടിച്ച മഹാത്മജിക്ക് ശേഷം ഇന്ത്യയിൽ ഹിന്ദുവർഗീയവാദം വളരാൻ നിങ്ങളുടെ സമീപനങ്ങളും സഹായിച്ചിട്ടുണ്ട്. മനുഷ്യൻ ഒരു ‘റാഷനൽ അനിമൽ’ അല്ലെന്ന് മനസ്സിലാകാത്ത നിങ്ങൾ കൊളോണിയലിസം കൊണ്ടുവന്ന പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ യാന്ത്രികഭൗതികവാദം നാട്ടിൽ പ്രചരിപ്പിച്ചു. മതമെല്ലാം പരമാവധി അമ്പത് കൊല്ലമേ ഭൂലോകത്ത് നിലനിൽക്കൂ എന്ന് ഉദ്ബോധിപ്പിച്ചു.
ഗാന്ധിവധത്തിന് ശേഷമുള്ള ഇന്ത്യൻ ബുദ്ധിജീവിതം പടിഞ്ഞാറൻ മുഖ്യധാരാ മോഡേണിസത്തിെൻറ കൂച്ചുവിലങ്ങിൽ കുടുങ്ങി. നമ്മുടെ ഭരണഘടന മതസഹിത ജനാധിപത്യത്തിെൻറ മാനിഫെസ്റ്റോയാണെങ്കിലും മതകാര്യങ്ങൾ ഭരണ, പഠന, ധൈഷണിക മണ്ഡലങ്ങളിൽ സത്യസന്ധമായി അഭിമുഖീകരിക്കപ്പെട്ടില്ല. മനുഷ്യനിൽ മനസ്സാക്ഷിയായും അനുഭൂതിസഞ്ചയമായും വർത്തിക്കുന്ന വലിയൊരു പ്രതിഭാസത്തോട് നിങ്ങളുടെ ഉണക്കൻ മസ്തിഷ്കം കടുത്ത കപടതയും അവഗണനയുമാണ് കാണിച്ചത്. അതോടെ മഹാത്മജി കാലത്തിനൊത്ത് നവീകരിച്ചെടുത്ത ഹിന്ദുമതം പൊടുന്നനെ സ്തംഭിതാവസ്ഥയിലായി. അദ്ദേഹം കുഴിച്ചുമൂടിയെന്ന് കരുതിയ വർഗീയ ഹിന്ദുവാദം ഡ്രാക്കുളയെപ്പോലെ പുനർജനിച്ചു. ഇപ്പോഴത് ഇന്ത്യാരാജ്യമൊട്ടാകെ ഇരുൾ പരത്തി നിൽക്കുകയാണ് -ന്യൂനാൽ ന്യൂനപക്ഷമായിരുന്ന ചാർവാകരുടെ സുഖവിവരം തിരക്കിയിരുന്ന മഹാത്മജിയുടെ രാമന് പകരം ന്യൂനപക്ഷദേവാലയം തകർക്കുന്ന അസുരരാമനെ അവതരിപ്പിച്ചു കൊണ്ട്. ലോകൈക പ്രണയിയായ ശ്രീകൃഷ്ണെൻറ നാട്ടിൽ ആണും പെണ്ണും ഒന്നിച്ചു നടന്നാൽ പൊലീസ് പിടിച്ചു കൊണ്ടുപോകുന്ന അവസ്ഥ സൃഷ്ടിച്ചു. കാലത്തിനൊത്ത് ദൈവത്തെ പുതുക്കിയില്ലെങ്കിൽ അത് ചെകുത്താനായി രൂപം മാറും.
മഹാത്മജിയുടെ തേഡ്ക്ലാസ് െട്രയിൻ യാത്രയെയും ഹിന്ദ്സ്വരാജിനെയും പുച്ഛിച്ച് തള്ളി സകല മണ്ഡലങ്ങളിലും പാശ്ചാത്യ, സാമ്രാജ്യത്വ ആധുനികതയുടെ പാഠങ്ങൾ അടിച്ചേൽപിച്ചവരുമാണല്ലോ റാഷനലിസ്റ്റുകൾ. പാശ്ചാത്യമെന്ന് പറഞ്ഞ് അങ്ങനെ എല്ലാം വർജിക്കാനാകുമോ, ഇന്ത്യയെ മോഡേണൈസ് ചെയ്തതിൽ കോളനിഭരണത്തിന് വലിയ പങ്കില്ലേ എന്നെല്ലാം ഈ അവസരത്തിൽ നിങ്ങളിലെ കറുത്ത സായിപ്പ് ചോദിക്കുമായിരിക്കും. ഇംഗ്ലീഷുകാർ മുച്ചൂടാക്കിയില്ലെങ്കിൽ ഇന്ത്യയുടേതായ ഒരു ആധുനികത ഇവിടെ വളരുമായിരുന്നു എന്നാണ് അതിനുള്ള ഉത്തരം. മറിച്ച് സാമ്രാജ്യത്വവുമായുള്ള സകല ബന്ധങ്ങളും കുട്ടിച്ചാത്തൻ സേവക്ക് തുല്യമാണ്. എന്ത് ഗുണത്തിെൻറ കൂടെയും കുറേ വൈകൃതങ്ങളും അത് തിരിച്ചേൽപിക്കാതിരിക്കില്ല. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. ജാതിപീഡകൾ മറികടക്കുന്നതിൽ സഹായിച്ചു എന്നതിെൻറ പേരിൽ കുമാരനാശാൻ ബ്രിട്ടീഷ് ഭരണകൂടത്തെ ആരാധിച്ചവനാണല്ലോ. കോട്ടിട്ട് നടന്ന അദ്ദേഹം മദ്രാസിൽ ചെന്ന് ഗവർണറുടെ പട്ടും വളയും കൈനീട്ടി സ്വീകരിച്ചു. പക്ഷേ, എന്തുണ്ടായി? മുസ്ലിം ഡെമൊണൈസേഷെൻറ രൂപത്തിൽ സാമ്രാജ്യത്വബാധ ആശാെൻറ ആത്മാവിലും കയറിക്കൂടി. ‘ക്രൂര മുഹമ്മദർ ചിന്തിയ ഹൈന്ദവച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ’ എന്നെല്ലാം കവച്ചുകൊണ്ടല്ലേ അദ്ദേഹം ‘ദുരവസ്ഥ’യിൽ മുസ്ലിംകളെ ആക്രമിച്ചത്; അതും ബ്രിട്ടീഷുകാർക്കെതിരെ മലബാർ സമരം നടത്തിയതിെൻറ കൂലിയായി? മുസ്ലിംവിരുദ്ധ പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്നതിെൻറ അടിത്തറയായി ഇന്നാ ദുരവസ്ഥാ ശ്ലോകങ്ങൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. എഴുത്തച്ഛന് ശേഷമുള്ള ഏറ്റവും വലിയ കവിയായതിനാൽ നമുക്ക് ആ ‘വിലക്ഷണ കാവ്യ’ത്തെ റദ്ദ് ചെയ്യാനും വയ്യ! തനിക്ക് സന്യാസം തന്നത് ഇംഗ്ലീഷുകാരാണെന്ന് ഭംഗിവാക്ക് പറഞ്ഞെങ്കിലും കൊളോണിയൽ കുട്ടിച്ചാത്തനെ ലവലേശം അടുപ്പിക്കാതിരുന്നത് ശ്രീനാരായണ ഗുരു മാത്രമായിരുന്നു. മരണം വരെ ഇംഗ്ലീഷ് പഠിക്കാതെയും കോട്ടും സൂട്ടും ധരിക്കാതെയും ജീവിച്ച അദ്ദേഹം പ്രവാചകനെ ‘കരുണാവാൻ നബി മുത്തുരത്നമോ’ എന്ന് വാഴ്ത്തിക്കൊണ്ടാണ് സാമ്രാജ്യത്വത്തിെൻറ മുസ്ലിം ഡെമൊണൈസേഷന് കണക്ക് തീർത്തത്.

ഹിന്ദു-മുസ്ലിം കമ്യൂണിസ്റ്റുകാരോട്
ഇനി സംവദിക്കാനുള്ളത് ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും കമ്യൂണിസ്റ്റുകാരോടാണ്. എന്തെന്നാൽ സമകാലിക അവസ്ഥാവിശേഷം സൃഷ്ടിക്കപ്പെട്ടതിൽ നിങ്ങൾക്കും പങ്കുണ്ട്. ഒരുത്തെൻറ ശബ്ദം മറ്റൊരുത്തന് സംഗീതമാകുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്നത്തിൽ കവിഞ്ഞൊരു ആത്മീയവ്യായാമം വേറെയുണ്ടോ? എന്നിട്ടും സങ്കൽപങ്ങളാൽ വ്യവഹരിക്കപ്പെടുന്ന (മറ്റൊരു ഭൗതികപ്രതിഭാസം തന്നെയായ) മതത്തെയും ആത്മീയതയെയും നിങ്ങൾ നേരായ മാർഗത്തിൽ അഭിമുഖീകരിച്ചില്ല. (കെ. ദാമോദരനെപ്പോലെ ചുരുക്കം ചിലർ മാത്രമേ ഈ ദിശയിൽ ചെറിയ പരിശ്രമങ്ങൾ നടത്തിയുള്ളൂ) ഭാരതീയ പൈതൃകം ആത്മീയപ്രധാനമാണെന്ന ആശങ്കയാലാകാം, ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഇന്ത്യയെക്കുറിച്ച് ആവേശം കൊണ്ടില്ല. റഷ്യ/ചൈന ഒരു മഹത്തര രാജ്യമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവിടത്തെ നേതാക്കൾ വിപ്ലവം നയിച്ചതെങ്കിൽ ഭാരതീയസംസ്കാരം ഭേദപ്പെട്ടതാണെന്ന വാക്കുപോലും ഒരൊറ്റ കമ്യൂണിസ്റ്റുകാരനും ഉച്ചരിച്ചില്ല. ആർക്കും ഹൈജാക് ചെയ്യാൻ പാകത്തിൽ രാജ്യാഭിമാനത്തെ നിങ്ങൾ നാൽക്കവലയിൽ ഉപേക്ഷിച്ചു. ഗാന്ധിയെ മനസ്സിലാക്കുന്നതിൽ, ഇന്ത്യൻ സംസ്കാരത്തെ പഠിക്കുന്നതിൽ, ജാതിയെ അഭിസംബോധന ചെയ്യുന്നതിൽ എല്ലാം നിങ്ങൾക്ക് സംഭവിച്ച പാളിച്ചകൾ ദേശീയരാഷ്ട്രീയത്തെ വിദ്വേഷകാരികൾക്ക് തീറെഴുതിക്കൊടുക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഇന്ന് ഈ ആപൽഘട്ടത്തിൽ പിടിപ്പുകേടുകൊണ്ടായാലും, ഐ.എ.എസ്, ഐ.പി.എസുകാരുടെ പാരവെപ്പ് കൊണ്ടായാലും, സമഗ്രാധിപത്യമതിപ്പ് കൊണ്ടായാലും, ന്യൂനപക്ഷങ്ങളുടെ സ്വത്വശാഠ്യങ്ങളോടുള്ള വെറുപ്പുകൊണ്ടായാലും നിങ്ങളുടെ വാക്കോ പ്രവൃത്തിയോ ഹിന്ദുത്വ ഫാഷിസത്തിന് സഹായകമാകരുതേ എന്നാണ് എെൻറ പ്രാർഥന.
ദലിത് ബുദ്ധിജീവികളോട്

തുടർന്ന് മനസ്സ് പങ്കുവെക്കാനുള്ളത് ദലിതരോട്, വിശേഷിച്ച് ദലിത് ബുദ്ധിജീവികളോടാണ്. ഹിന്ദുത്വക്കാരുടെ ഫാഷിസ്റ്റ് കീഴാള അവഹേളനങ്ങളെ നിങ്ങൾ ആവുംവിധം പ്രതിരോധിക്കുന്നുണ്ട്. ഗുജറാത്തിലെ ഉനയിൽ ജിഗ്നേഷ് മേവാനി കാഴ്ചവെച്ച ചെറുത്തുനിൽപും തുടർനിലപാടുകളും അത്യന്തം പ്രശംസനീയം തന്നെ. അതേസമയം, വലിയൊരു വിഭാഗം ദലിതരേയും ആദിവാസികളേയും ഹിന്ദുവർഗീയവാദികൾ റാഞ്ചിയെടുത്ത് മുസ്ലിംകളുമായി യുദ്ധം വെട്ടിക്കുന്നത് നിങ്ങൾ കാണുന്നില്ലേ?
ജാതിപീഡ സ്മരണകളാൽ ഭാരതീയസംസ്കൃതിയുടെ ഉൽപന്നങ്ങൾ മുഴുവൻ ബുദ്ധിജീവികളായ നിങ്ങൾ വർജിച്ചിരിക്കയാണല്ലോ; ബ്രാഹ്മണൻ തൊട്ട് അശുദ്ധമാക്കിയതെന്ന് കുറ്റപ്പെടുത്തി? എന്നാൽ പ്രവർജന ബ്രാഹ്മണ്യത്തിന് മുമ്പുള്ള ഇന്ത്യൻ സംസ്കാരനിർമിതികൾ അധ്വാനിക്കുന്ന ജനവിഭാഗമായ നിങ്ങളല്ലാതെ മറ്റാരുമല്ല നടത്തിയിട്ടുണ്ടാകുക. പിന്നീട് വരേണ്യപീഠം കയറിയവർ അതെല്ലാം ഹൈജാക് ചെയ്ത് അവകാശം സ്ഥാപിച്ചതായിരിക്കും. അല്ലെങ്കിൽ ഏത് ക്ലാസിക്കൽ കലയിലാണ് ഫോക്ലോറിെൻറ ഉൽപം കണ്ടെത്താൻ കഴിയാത്തത്? ഏത് സവർണദൈവത്തിലാണ് മാടേെൻറയും കാളിയുടേയും കാലിച്ചെറുക്കനായ കൃഷ്ണെൻറയും ജനിതകവിത്തുകൾ അലറിയാർക്കാത്തത്? ജന്മം നൽകിയവെൻറ മൗലികപ്രലോഭനം കൊണ്ടായിരിക്കണം ഭാരതീയതയുടെ നടത്തിപ്പുകാരെന്ന് പറഞ്ഞ് ഹിന്ദുത്വവാദികൾ വരുമ്പോൾ ജാതിപീഡകളെല്ലാം വിസ്മരിച്ച് പാവപ്പെട്ട ദലിതരും ആദിവാസികളും അവർക്ക് ചുറ്റും കൂടുന്നത്.
ഈ അവസരത്തിൽ ഇന്ത്യയിലെ സകല സംസ്കാരനിർമിതികളും അടിസ്ഥാനവർഗമായ ദലിതരുടേതാണെന്ന് പ്രഖ്യാപിച്ച് അവകാശം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. അതിെൻറ മൊത്തക്കച്ചവടക്കാരായി ആരും ഞെളിയേണ്ടെന്ന് പറഞ്ഞ് ഹിന്ദുത്വവാദികളെ ഓടിച്ചു വിടണം. അപ്പോൾ നിങ്ങളുടെ നേതൃത്വത്തിന് പിറകെ ഇന്ത്യയിലെ മൊത്തം ദലിതരും ആദിവാസികളും അടിച്ചാർക്കും. അല്ലാതെ സവർണം, സവർണം എന്ന് പുലമ്പി ഭാരതീയമായതിനെയെല്ലാം പടികടത്തി ഇംഗ്ലീഷ് ദേവതക്ക് അമ്പലം കെട്ടാൻ പോയാൽ നിങ്ങൾ ഏതെങ്കിലും യൂണിവേഴ്സിറ്റി മുക്കിൽ ചൊറികുത്തി ഇരുന്നുപോകും. അംബേദ്കറെയും മഹാത്മജിയേയും ഒരാളുടെ പോരായ്മയെ മറ്റാളെക്കൊണ്ട് നികത്തി പരസ്പരം പൂരിപ്പിക്കാതെ നിങ്ങൾക്കിനി ഒരിഞ്ച് മുന്നോട്ട് പോകാൻ സാധ്യമല്ല.
നാളെ: ഹിന്ദുത്വവാദികളോട് പറയാനുള്ളത്