Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനിവൃത്തിയില്ലാതെ...

നിവൃത്തിയില്ലാതെ 'അതിവേഗ പിന്മാറ്റം'

text_fields
bookmark_border
k-rail
cancel
സിൽവർലൈൻ പദ്ധതിക്കായി ഇതേവരെ 34 കോടിയോളം രൂപയാണ് സംസ്ഥാനം ചെലവാക്കിയത്. അടിയന്തര കാര്യങ്ങൾക്കുപോലും ചെലവിടാൻ പണമില്ലാതെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസം നേരിടുമ്പോഴാണ് സ്വപ്നത്തിൽ മാത്രം ശേഷിക്കുന്ന പദ്ധതിയുടെ പേരിൽ ഈ അനാവശ്യ ചെലവുണ്ടായത്. സംസ്ഥാന ഖജനാവിനുണ്ടായ ഈ നഷ്ടം ആരിൽനിന്ന് ഈടാക്കണമെന്നതിന്‍റെ പേരിലാണ് ഇപ്പോൾ തർക്കം. പദ്ധതി മരവിപ്പിച്ചത് ആശ്വാസമാകുമ്പോഴും നേരത്തേ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പദ്ധതിക്കായി സർവേനടത്തി കല്ലിട്ടത്തും ഇടാത്തതുമായ ഭൂമികളുടെ ഉടമസ്ഥരുടെ ആശങ്ക അവസാനിക്കുന്നില്ല. സമരക്കാർക്കെതിരെ രജിസ്റ്റർചെയ്ത കേസുകളും അതേപടി നിലനിൽക്കുന്നു

ജനാധിപത്യത്തിൽ, ജനവികാരംമാനിച്ച് തീരുമാനമെടുക്കുന്നതും എടുത്ത തീരുമാനം പിൻവലിക്കുന്നതും ഭരണകൂടത്തിന് അപമാനമല്ല. വിമർശനങ്ങൾക്ക് ചെവികൊടുക്കുക എന്നതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം. പക്ഷേ, ജനങ്ങളെ പരമാവധി വെല്ലുവിളിച്ചും ദ്രോഹിച്ചുമാണ് ആ തീരുമാനമെങ്കിൽ അത് ഏതു ഭരണകൂടമായാലും തിരിച്ചടിയായിരിക്കും. സംസ്ഥാനത്ത് സിൽവർലൈൻ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന യു ടേൺ അത്തരത്തിലാണ്.

ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ ആശങ്കകൾ പരിഹരിച്ചും ആണ് ഏതു പദ്ധതിയും നടപ്പാക്കേണ്ടത്. അതിനു പകരം ജനങ്ങളെ ഇരുട്ടിൽ നിർത്തിയും ആകുലതകൾ കാണാതെയും സർക്കാർ മുന്നോട്ടുപോയാൽ പ്രതിഷേധം സ്വാഭാവികമാണ്. കടലാസിൽ മാത്രമുള്ള പദ്ധതിയാണെങ്കിൽ വിശേഷിച്ചും.

അത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം എത്ര ശ്രമിച്ചാലും അത് നടക്കണമെന്നില്ല. അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർലൈൻ എന്തു വിലകൊടുത്തും നടപ്പാക്കുമെന്നായിരുന്നു തുടക്കംമുതൽ സംസ്ഥാന സർക്കാറിന്‍റെ നിലപാട്. പഠനപ്രവർത്തനങ്ങൾക്കും കടലാസു പണികൾക്കുമുള്ള പ്രാഥമിക അനുമതിയുടെ പേരിൽ ധിറുതിപിടിച്ച് ഭൂമിയേറ്റെടുക്കൽ സെല്ലുകൾ രൂപവത്കരിക്കുന്നതും പൊലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് കല്ലിടാനുള്ള ശ്രമങ്ങളുമാണ് പിന്നീട് കണ്ടത്.

പദ്ധതിക്കുള്ള കേന്ദ്രാനുമതിയോ വിദേശ വായ്പയോ ഒന്നും തരപ്പെടും മുമ്പായിരുന്നു ഈ തിരക്കിട്ട നീക്കങ്ങൾ. എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെയാണ് കാര്യങ്ങളുടെ കിടപ്പുവശം സർക്കാറിന് ബോധ്യപ്പെട്ടത്. അതോടെ സാമൂഹികാഘാത പഠനം നടപടികൾ അനൗദ്യോഗികമായി നിർത്തിവെച്ചു.

അപ്പോഴും റവന്യൂവകുപ്പിലെ 205 ഓളം ഉദ്യോഗസ്ഥർ ഒരു പണിയുമില്ലാത്ത ഭൂമിയേറ്റെടുക്കൽ സെല്ലുകളിൽ ജോലിയെടുക്കുകയായിരുന്നു. ഈ റവന്യൂ ഉദ്യോഗസ്ഥർക്ക് ഒരുവർഷത്തെ ശമ്പളത്തിനായി മാത്രം ചെലവിട്ടത് 13.49 കോടി രൂപയാണ്. ഡി.പി.ആർ തയാറാക്കാൻ കൺസൾട്ടൻസിക്ക് നൽകിയത് 29 കോടിയാണ്. ഇത്രയധികം ചെലവഴിച്ച ഡി.പി.ആർ അപൂർണമെന്ന് റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയതോടെ 51 ലക്ഷം ചെലവഴിച്ച് അനുബന്ധ പഠനവും നടന്നു.

ഒരു വഴിക്ക് ചെലവുകൾ പുരോഗമിക്കുന്നതിനിടെ മറുഭാഗത്ത് കോടതിയിൽ നിലപാട് അറിയിക്കലിലൂടെ സംസ്ഥാനത്തിന്‍റെ പ്രതീക്ഷകൾക്കുമേൽ നിരന്തരം കേന്ദ്രം മണ്ണുവാരിയിട്ടു. ഇതോടെയാണ് മറ്റു മാർഗങ്ങളില്ലാതെ സർക്കാർ യൂടേണിന് തീരുമാനിച്ചത്.

റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും സാമൂഹികാഘാത പഠനം നിർത്തിവെച്ചും സാക്ഷാൽ റവന്യൂവകുപ്പുതന്നെ ഉത്തരവിറക്കിയതോടെ രംഗം വ്യക്തം. പക്ഷേ, അപ്പോഴും പിൻമാറ്റം പരസ്യമായി പ്രഖ്യാപിച്ച് കീഴടങ്ങിയെന്ന 'പഴി' കേൾപ്പിക്കാൻ സർക്കാർ തയാറല്ല. സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ ഇനി കേന്ദ്രാനുമതിക്കുശേഷം മുന്നോട്ടുപോയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

വികസന പദ്ധതി നടപ്പാക്കലുകളിൽ ഒരു ജനാധിപത്യ ഭരണകൂടം പ്രാഥമികമായി ഉറപ്പാക്കേണ്ട കാര്യങ്ങളാണ് ജനവിശ്വാസം ഉറപ്പിക്കൽ, ആവശ്യകത ബോധ്യപ്പെടുത്തൽ, സുതാര്യത തുടങ്ങിയവ. സിൽവർ ലൈനിന്‍റെ കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ചപറ്റിയതും ഇക്കാര്യങ്ങളിലാണ്. കേന്ദ്രാനുമതിയോ സാമൂഹികാഘാത പഠനമോ നടത്തുംമുമ്പ് പദ്ധതിപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോയി.

അത് ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയതോടെ സ്ഥിതിഗതികൾ മാറി. പദ്ധതി വിവരങ്ങളിൽ പലതും മറച്ചുവെച്ചതിനൊപ്പം കേന്ദ്രാനുമതികളൊന്നും ലഭിക്കും മുമ്പേ ഭൂമി ഏറ്റെടുക്കലിനും വിദേശ വായ്പയെടുക്കലിനും സർക്കാർ കാട്ടിയ അതിവേഗതയും കൂടിയായതോടെ ജനങ്ങൾ സ്വാഭാവികമായും സംശയാലുക്കളായി. കേന്ദ്രം സാമ്പത്തികമായി സഹായിച്ചില്ലെങ്കിൽ സ്വന്തംനിലയിൽ പണം കണ്ടെത്തിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്ന വെല്ലുവിളിയിലേക്കു വരെ സർക്കാർ എത്തി.

അതോടെ സ്ത്രീകൾ ഉൾപ്പെടെ ജനം സംഘടിതമായി തെരുവിലിറങ്ങിയെന്നു മാത്രമല്ല ഭൂമിയിൽ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടയുകയും സ്ഥാപിച്ച അടയാളക്കുറ്റികൾവരെ പിഴുതെറിയുകയും ചെയ്യുന്നിടത്തേക്ക് കാര്യങ്ങളെത്തി. പ്രതിപക്ഷ പിന്തുണകൂടി കിട്ടിയതോടെ പ്രതിഷേധത്തിന്‍റെ ശക്തി ഇരട്ടിച്ചു.

പ്രതിഷേധം നേരിടാൻ പൊലീസും കിടപ്പാടം സംരക്ഷിക്കാൻ ജനവും മുഖാമുഖം നിന്നതോടെ സംസ്ഥാനം മുൾമുനയിലായി. വിമോചനസമരത്തിന്‍റെ മാതൃകയിൽ സർക്കാറിനെ വീഴ്ത്താനുള്ള നീക്കമെന്ന് ആരോപിച്ച് സമരത്തെ രാഷ്ട്രീയമായി നേരിടാൻ ഭരണപക്ഷം ശ്രമിച്ചിട്ടും വേണ്ടത്ര പിന്തുണ കിട്ടിയില്ല.

ഏറ്റുമുട്ടലുകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ, ജനരോഷത്തിന്‍റെ തീവ്രത മനസ്സിലാക്കി സിൽവർലൈനിന്‍റെ കാര്യത്തിൽ സർക്കാർ വീണ്ടുവിചാരത്തിലേക്ക് ക്രമേണ നീങ്ങി. മിന്നൽവേഗത്തിൽ കുതിക്കുമെന്ന് ഒരുഘട്ടത്തിൽ ഇടതു സർക്കാറും ഭരണമുന്നണിയും സ്വപ്നംകണ്ട പദ്ധതിയുടെ പ്രവർത്തനങ്ങൾ പിന്നീട് മന്ദഗതിയിലായി.

അതിനെല്ലാമെടുവിലാണ് ഇനിയെല്ലാം കേന്ദ്രാനുമതിക്കുശേഷമെന്ന തരത്തിൽ സർക്കാർ യു ടേൺ അടിച്ചിരിക്കുന്നത്. ഈ തീരുമാനം തുടക്കത്തിലേ ആകാമായിരുന്നില്ലേ എന്നാണ് സർക്കാറിനോട് ഇപ്പോൾ ജനങ്ങൾക്ക് ചോദിക്കാനുള്ളത്.

സിൽവർലൈൻ പദ്ധതിക്കായി ഇതേവരെ 34 കോടിയോളം രൂപയാണ് സംസ്ഥാനം ചെലവാക്കിയത്. അടിയന്തര കാര്യങ്ങൾക്കുപോലും ചെലവിടാൻ പണമില്ലാതെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസം നേരിടുമ്പോഴാണ് സ്വപ്നത്തിൽ മാത്രം ശേഷിക്കുന്ന പദ്ധതിയുടെ പേരിൽ ഈ അനാവശ്യ ചെലവുണ്ടായത്.

സംസ്ഥാന ഖജനാവിനുണ്ടായ ഈ നഷ്ടം ആരിൽനിന്ന് ഈടാക്കണമെന്നതിന്‍റെ പേരിലാണ് ഇപ്പോൾ തർക്കം. പദ്ധതി മരവിപ്പിച്ചത് ആശ്വാസമാകുമ്പോഴും നേരത്തേ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പദ്ധതിക്കായി സർവേനടത്തി കല്ലിട്ടതും ഇടാത്തതുമായ ഭൂമിയുടെ ഉടമസ്ഥരുടെ ആശങ്ക അവസാനിക്കുന്നില്ല. സമരക്കാർക്കെതിരെ രജിസ്റ്റർചെയ്ത കേസുകളും അതേപടി നിലനിൽക്കുന്നു.

പദ്ധതിയിൽനിന്ന് സർക്കാർ ഔദ്യോഗികമായി പിൻവാങ്ങാത്തതാണ് ഈ ആശങ്കകളുടെ കാരണം. ജനങ്ങളെ ആശങ്കയിലാക്കി ഭരിക്കുന്നത് ജനാധിപത്യത്തിൽ ഒരു സർക്കാറിനും ഭൂഷണമല്ല. ജനഹിതം മാനിക്കുന്നു എന്നത് സർക്കാറിന് അപമാനമല്ല; മറിച്ച്, അന്തസ്സ് ഉയർത്തുകയേയുള്ളൂ. അതിനാൽ, ഇനിയുമൊരു പ്രക്ഷോഭം വരെ കാത്തിരിക്കാതെ ജനഹിതം തിരിച്ചറിഞ്ഞ് വിവേകത്തോടെയുള്ള തീരുമാനമാണ് ജനാധിപത്യ ഭരണാധികാരികളിൽ നിന്ന് സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentsilver line project
News Summary - Rapid retreat -silver line project
Next Story