അനുദിനം ശിഥിലീഭവിക്കുന്ന കോൺഗ്രസിെൻറ ഭാവിയെ കുറിച്ച ഉത്കണ്ഠ രാജ്യത്തെ മതേതരവാദികൾ പങ്കുവെക്കുമ്പോഴും കേരളത്തിലെ ഏതെങ്കിലും ഉത്തരവാദപ്പെട്ട നേതാവ് ആ ദുരവസ്ഥയിൽ ദു$ഖിക്കുന്നതായോ ഇടപെടൽ നടത്തുന്നതായോ കാണാൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ 'ഹാച്ചറി'യായി മാറിയ പാർട്ടി ഇനിയൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാലുള്ള അവസ്ഥ ഉൗഹിക്കാവുന്നതേയുള്ളൂ. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന ആർ.എസ്.എസ് ലക്ഷ്യം ഏതാണ്ട് സഫലീകരിച്ചുകൊണ്ടിരിക്കുകയാണ്.
നെഹ്റുവിെൻറയും ഗാന്ധിജിയുടെയും പാർട്ടിയെ ജീവനോടെ കൊന്നുതിന്നുന്നത് ബി.ജെ.പിയാണ്. ആശ്ചര്യകരമെന്നേ പറയേണ്ടൂ; ആ ബി.ജെ.പിയോട് കോൺഗ്രസിന് ആശയപരമായോ പ്രായോഗികതലത്തിലോ ഒരെതിർപ്പുമില്ല. അതിെൻറ തെളിവാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇടതുസർക്കാറിനെ, വിശിഷ്യ, സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വളഞ്ഞ് ആക്രമിക്കാൻ സംഘ്പരിവാറുമായി തോളോട് തോളുരുമ്മി നടത്തുന്ന പ്രഹസനങ്ങൾ. ഇതെല്ലാം മറച്ചുവെച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണത്തിെൻറ കടിഞ്ഞാൺ എ.കെ.ജി സെൻററിൽ കേന്ദ്രീകരിക്കാത്തതിൽ രോഷം കൊള്ളുന്നത് (മാധ്യമം ദിനപത്രം13.08.20). മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനിസ്റ്റ് ഏകാധിപത്യ ശൈലിയിലാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സി.പി.എം െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നോക്കുകുത്തിയാണെന്നും താൻ ജൽപിച്ചാൽ ജനം അത് വിശ്വസിക്കുമെന്നു ചെന്നിത്തല കരുതുന്നുണ്ടാവാം.
കോൺഗ്രസിെൻറ തമ്മിൽതല്ലി നേതൃത്വം പോലെയാണ് മറ്റു പാർട്ടികളുടേതും എന്ന അബദ്ധകാഴ്ചപ്പാടാണ് ഇമ്മട്ടിലുള്ള വിവരക്കേടുകൾ വിളമ്പാൻ ചെന്നിത്തലക്ക് ധൈര്യം പകരുന്നത്. കേരളം കണ്ടതിൽ ഏറ്റവും മികച്ച, ജനകീയപക്ഷത്തുനിന്നുമാത്രം ചിന്തിക്കുന്ന ഒരു സർക്കാർ ഭരിക്കുമ്പോൾ അതിന് അനുയോജ്യനായ ഒരു പ്രതിപക്ഷ നേതാവ് ഇല്ലാതെ പോയതാണ് സംസ്ഥാനത്തിെൻറ നിർഭാഗ്യം.
കോൺഗ്രസും ആർ.എസ്.എസും
രമേശ് ചെന്നിത്തലയുടെ ആർ.എസ്.എസ് ബാന്ധവത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ വിരൽ ചൂണ്ടിയപ്പോഴേക്കും അദ്ദേഹം പ്രകോപിതനായത് മുഖംമൂടി അഴിഞ്ഞുവീഴുന്നതിെല രോഷം മൂലമാവാം. ഇതാദ്യമായല്ല അദ്ദേഹത്തിെൻറ ആർ.എസ്.എസ് പാരമ്പര്യം ചർച്ചാവിഷയമാകുന്നത്. തെൻറ ജാതിസ്വത്വം പോലും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ഒരു കാലത്തും അദ്ദേഹം മടികാണിച്ചിട്ടില്ല. ഗൺമാനായി ആർ.എസ്.എസ് പരിശീലകനെ വെച്ചത് ആകസ്മികമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇന്ദിര ഭവനും മാരാർജി ഭവനും തമ്മിൽ ഹോട്ട്ലൈൻ ബന്ധം സ്ഥാപിക്കുമ്പോൾ അതിലടങ്ങിയ രാഷ്ട്രീയവൈരുധ്യവും അപകടവും ആരെങ്കിലും തൊട്ടുകാണിച്ചിട്ടുണ്ടോ? ബി.ജെ.പിക്ക് കേരളത്തിൽ ജനകീയാടിത്തറ വികസിപ്പിക്കണമെങ്കിൽ കോൺഗ്രസ് നശിക്കുകയേ നിവൃത്തിയുള്ളൂ. ഒരു എം.പിയടക്കം നാല് പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറാൻ തക്കം പാത്തുകഴിയുകയാണെന്ന റിപ്പോർട്ട് വന്നപ്പോൾ അന്നത്തെ പ്രസിഡൻറ് കുമ്മനം രാജശേഖരൻ അത് നിഷേധിച്ചിരുന്നില്ല.
കോൺഗ്രസുകാരിൽ ഭൂരിഭാഗവും പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമാണെന്ന് പറഞ്ഞത് സാക്ഷാൽ എ.കെ. ആൻറണിയാണ്. രാജ്യത്തിെൻറ പ്രധാനമന്ത്രി പൂജാരി വേഷമണിഞ്ഞ്, ഒരുകോടതിവിധിയുടെ മറവിൽ മുസ്ലിംകളിൽനിന്ന് തട്ടിപ്പറിച്ചെടുത്ത ഭൂമിയിൽ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയ സംഭവത്തെ കുറിച്ച് എന്താണ് ചെന്നിത്തലയുടെ അഭിപ്രായം? ഈ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ രണ്ടുലേഖനങ്ങളെഴുതി. കാരണം, അദ്ദേഹത്തിനും സി.പി.എമ്മിനും ആർ.എസ്.എസ് വർഗീയതയോട് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ''ശ്രീരാമെൻറ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ, രാമനെ കാവിയിൽ മുക്കി ഹിന്ദുത്വ കാർഡാക്കി മാറ്റി കോവിഡ്19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘ്പരിവാറും ജേഴ്സി അണിഞ്ഞിരിക്കയാണ്' ( ദേശാഭിമാനി2020 ജൂലൈ 31 ). ഇത്ര ആർജവത്തോടെ അഭിപ്രായപ്രകടനം നടത്തിയതിനെയാണോ 'പച്ചക്ക് വർഗീയത 'പറയുന്നുവെന്ന് ചെന്നിത്തല ആരോപിക്കുന്നത്? എന്നെങ്കിലും സംഘ്പരിവാറിനെ പ്രത്യക്ഷമായോ പരോക്ഷമായോ ചെന്നിത്തല വിമർശിച്ചിട്ടുണ്ടോ? ഇല്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിെൻറ ഡി.എൻ.എ പരിശോധിക്കേണ്ടിവരുന്നതും ആർ.എസ്.എസ് ബന്ധം പൈതൃകമായി ലഭിച്ചതാണെന്ന നിഗമനത്തിലെത്തേണ്ടിവരുന്നതും. 'ദി വീക്ക്' വാരിക ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ മതേതര പ്രതിബദ്ധതയുടെ തോതനുസരിച്ച് 2003 കാലഘട്ടത്തിൽ വിവിധ ഗണങ്ങളായി വേർതിരിച്ചപ്പോൾ 'സോഫ്റ്റ് സെക്കുലറിസം' (മൃദുഹിന്ദുത്വ) കൊണ്ടുനടക്കുന്ന പ്രമുഖരുടെ കൂട്ടത്തിൽ എണ്ണിയത് ഇവരെയൊക്കെയാണ്: മനോഹർ പരീകർ, എ.കെ. ആൻറണി, അജിത് യോഗി, ദിഗ്വിജയ് സിങ്, എൻ.ഡി. തിവാരി. ( ദി വീക്ക് 2003 ജൂൺ 15 ). ഇന്ന് ഇത്തരമൊരു ക്ലാസിഫിക്കേഷൻ നടത്തുകയാണെങ്കിൽ കേരളത്തിൽ ഏത് കോൺഗ്രസ് നേതാവാണ് ശുദ്ധ മതേതരപക്ഷത്ത് ചേർത്തുവെക്കാനുണ്ടാവുക?
സി.പി.എമ്മും ആർ.എസ്.എസും
ആർ.എസ്.എസിനെയും ബി.ജെ.പിയെയും എന്തുവിലകൊടുത്തും കേരളത്തിൽ നിലനിർത്തുക സി.പി.എം ലക്ഷ്യമാണെന്നാണ് ചെന്നിത്തല കൈമാറുന്ന പുതിയൊരു അറിവ്. ഇന്ത്യയിൽ ആദ്യമായി ആർ.എസ്.എസ് ശാഖ തുറന്ന മേഖലയാണ് തലശ്ശേരി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലത്തിൽ അന്നുതൊട്ട് തുടങ്ങിയ പോർവിളിയും കൊലവിളിയും നേരിട്ട് ജീവൻ വെടിഞ്ഞ കുറെ ചെറുപ്പക്കാരുടെ ഓർമകൾക്ക് മുകളിലാണ് ചെന്നിത്തല പച്ചക്കള്ളങ്ങൾ വിളമ്പുന്നത്. ആർ.എസ്.എസിനെ നേരിട്ട് എത്ര കോൺഗ്രസുകാർ ജീവത്യാഗം ചെയ്തിട്ടുണ്ട്? കമ്യൂണിസ്റ്റുകാരെ വകവരുത്താൻ കോൺഗ്രസും, ആർ.എസ്.എസും കൈകോർത്ത എത്ര സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമോ? ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ചാണ് കോൺഗ്രസ് നേതാവ് കെ. സുധാകരൻ രാഷ്ട്രീയ അജണ്ടകൾ എക്കാലവും നടപ്പാക്കാറ്. സി.പി.എമ്മിന് 200ലേറെ രക്തസാക്ഷികളെ ഏറ്റുവാങ്ങേണ്ടിവന്നത് ഈ കൂട്ടുകെട്ടിൽനിന്നാണ്. വർഗീയശക്തികളുമായി സന്ധിയില്ലാ സമരം നടത്തുന്ന സി.പി.എമ്മിെൻറ അചഞ്ചല നിലപാടാണ് ന്യൂനപക്ഷങ്ങളെ ആ പാർട്ടിയോട് അടുപ്പിക്കുന്നതും പിന്നിൽ അണിനിരക്കാൻ പ്രചോദിപ്പിക്കുന്നതും.
ഏതെങ്കിലും ഘട്ടത്തിൽ സി.പി.എമ്മും ആർ.എസ്.എസും ഒത്തുതീർപ്പിെൻറ തുരുത്തിൽ സന്ധിച്ചതായി ചെന്നിത്തലക്ക് ചൂണ്ടിക്കാട്ടാമോ? സി.പി.എമ്മും ആർ.എസ്.എസും സഹകരിച്ചുനീങ്ങേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞ് 2012 ഒക്ടോബർ അഞ്ചിന്, 'കേരളം കാത്തിരിക്കുന്ന സൗഹൃദം' എന്ന ശീർഷകത്തിൽ ടി.ജി. ഹരിദാസ് സംഘ് വാരികയിൽ എഴുതിയ നീണ്ട കുറിപ്പിന് പി. ജയരാജൻ എഴുതിയ മറുപടി ചെന്നിത്തല ഒരുവട്ടം വായിക്കണം.
ആർ.എസ്.എസിനെ പ്രത്യയശാസ്ത്രതലത്തിൽ അടപടലം പരിശോധിച്ച് ജയരാജൻ ചോദിക്കുന്നത് ഇങ്ങനെ: ''ഇന്ത്യയിലെ ചാതുർവർണ്യവ്യവസ്ഥ ഇന്ത്യൻ സമാജത്തിെൻറ സവിശേഷ മേന്മയാണെന്ന് ഉദ്ഘോഷിക്കുന്ന ഗുരുജിയുടെ അനുയായികൾക്ക് ഹിന്ദുക്കൾ ഒഴികെ മറ്റെല്ലാവരും ഇരുകാലി മൃഗങ്ങൾ ആണെന്ന അഭിപ്രായമില്ലെങ്കിൽ ആദ്യം ഗോൾവാൽക്കറെ തള്ളിപ്പറയട്ടെ, എന്നിട്ടാവാം സി.പി.എമ്മുമായി സൗഹൃദ അഭ്യർഥന''. ആർ.എസ്.എസിനെ കുറിച്ച് ഇതുപോലൊരു ഉറച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ബി.ജെ.പിയുടെ ബി ടീമായി കളിക്കാനും ഹിന്ദുത്വ അധീശത്വത്തിെൻറ മുന്നിൽ നമ്രശിരസ്കരായിരിക്കാനും വിധിക്കപ്പെട്ട കോൺഗ്രസിന് ന്യൂനപക്ഷങ്ങളോട് മതേതരത്വത്തെ കുറിച്ച് ഉരിയാടാൻ എന്തവകാശം. കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ മത്സരിച്ചപ്പോഴെല്ലാം ബി.ജെ.പി വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിെൻറ പരാജയം ഉറപ്പിക്കാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് വാരിക്കൊടുത്തതാവാനേ തരമുള്ളൂ. സ്വന്തം നാട്ടിൽ , എന്നും പുഞ്ചിരിക്കുന്ന മുഖവുമായി സൗമ്യസാമീപ്യം അറിയിക്കാൻ കഴിവുള്ള കോടിയേരിക്ക് രാഷ്ട്രീയത്തിനുപരി ലഭിക്കുന്ന വോട്ടിൽ ആർ.എസ്.എസ് മുദ്രചാർത്താൻ വികലമനസ്സുകൾക്ക് മാത്രമേ കഴിയൂ.
(ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)