പടയപ്പയുടെ  സ്വപ്നങ്ങള്‍

07:15 AM
07/01/2018
Rajin

അണ്ണന്‍ ‘ഒരു തടവ ശൊന്നാ, നൂറ് തടവ ശൊന്ന മാതിരി’യാണ്. ആ ഒരു തടവ് ശൊല്ലുന്നത് കേള്‍ക്കാനാണ് ഇത്രയുംകാലം കാത്തുകാത്തിരുന്നത്. എന്നിട്ട്, ഒടുവില്‍ ശൊല്ലിയത് ഒന്നുപോലുമല്ല, കഷ്​ടിച്ച് ഒരു അര ശൊല്ല്. അതും ഒത്തിരി ലേറ്റായിട്ട്. ‘ലേറ്റാ വന്താലും ലേറ്റസ്​റ്റായി വരും’ എന്നൊക്കെ ഭംഗിക്ക് പറയാമെങ്കിലും ഇത്രയും ലേറ്റാകണമായിരുന്നോ എന്ന് ഇക്കാലമത്രയും കണ്‍പാര്‍ത്തിരുന്ന രസികര്‍ക്കുപോലുമുണ്ട് സന്ദേഹം. അതാണ് സ്​റ്റൈല്‍ മന്നൻ. നില്‍ക്കുന്ന നില്‍പില്‍ ചൂണ്ടുവിരല്‍ ആകാശത്തിലേക്ക് ഉറുമി കണക്കെ ഒരു ചുഴറ്റിയേറ്. പിന്നെ, വലത്തോട്ട് കോടിയ ചുണ്ടില്‍ ചിരിയോ പരിഹാസമോ എന്ന് തിരിച്ചറിയാനാവാത്തൊരു ഭാവത്തില്‍ ഒരു ഡയലോഗ്. വെള്ളിത്തിരയില്‍ കണ്ടുപരിചയിച്ച ആ രജനി സ്​റ്റൈല്‍ ആയിരുന്നില്ല കഴിഞ്ഞ ദിവസം കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുണ്ടാക്കുമെന്നും എല്ലാ സീറ്റിലും മത്സരിക്കുമെന്നും ആരാധക കൂട്ടങ്ങളെ സാക്ഷിയാക്കി തിരക്കഥയില്ലാത്തൊരു പ്രഖ്യാപനം മാത്രം.

പണ്ടായിരുന്നെങ്കില്‍ തമിഴകം ഏറ്റുപിടിച്ച് മറ്റൊരു ബ്രഹ്മാണ്ഡ ഹിറ്റാക്കുമായിരുന്നു രജനിയുടെ ഈ വാക്കുകള്‍. പക്ഷേ, അണ്ണ​​െൻറ ഒരു ഗസ്​റ്റ്​ വേഷം കൊണ്ടുപോലും പടം സൂപ്പര്‍ ഹിറ്റാകുമായിരുന്ന കാലമല്ല ഇപ്പോള്‍. രജനിയുടെ പടത്തെപോലും പൊട്ടിച്ച് കൈയില്‍ കൊടുക്കും ഇപ്പോള്‍ തമിഴര്‍. 10 ലക്ഷത്തോളം വരുന്ന ഫാന്‍സ് അംഗങ്ങള്‍ ത​​െൻറ സാധ്യതകളെ വിളയിച്ചെടുക്കുമെന്ന് രജനി വിശ്വസിക്കുന്നു.
സിനിമയും രാഷ്​ട്രീയവുമായി ഇഴപിരിഞ്ഞുകിടക്കുന്ന തമിഴകത്തി​െൻറ ചരിത്രത്തിലേക്ക് കണ്ണെറിഞ്ഞാണ് രജനിയുടെ 67ാം വയസ്സിലെ വളരെ ലേറ്റായ ഈ വരവ്. ഇക്കാലത്തിനിടയില്‍ രജനി, രാഷ്​ട്രീയം സംസാരിച്ചതായി അറിവില്ല. 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ജയലളിത പരാജയപ്പെട്ടത് രജനിയുടെ എതിര്‍പ്പുകൊണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് ഫാന്‍സിന് ഇഷ്​ടം. രാഷ്​ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റിയ സമയം അതായിരുന്നു. ആരാധകരും കരുതി, രജനി ഇപ്പോള്‍ ഇറങ്ങുമെന്ന്. എന്തു ചെയ്യാം ‘ആണ്ടവന്‍ ശൊല്‍റാന്‍, അരുണാചലം ശെയ്റാന്‍’. അപ്പോള്‍ തോന്നാത്ത ബുദ്ധിയാണ് ഇപ്പോള്‍ തോന്നിയത്.

1975ല്‍ ആദ്യ ചിത്രമായ ‘അപൂര്‍വരാഗങ്ങളി’ല്‍ അഭിനയിക്കാന്‍ വരുമ്പോള്‍ നാലു വയസ്സിന് ഇളയ കമല്‍ഹാസന്‍ താരമാണ്. വില്ലനായും വൃത്തികെട്ടവനായും കുറെ അഭിനയിച്ച ശേഷം കമലിനെ ഓവര്‍ടേക്ക് ചെയ്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വിലകൂടിയ നടനായി എന്നത് ചരിത്രം. രാഷ്​ട്രീയത്തിലും ഒരു മുഴം മുമ്പേ കമല്‍ഹാസന്‍ കയറിയിരുന്നു കഴിഞ്ഞു. ഉലകനായകന്‍ ഇടത്തുമല്ല, വലത്തുമല്ല ‘മൈയ്യം’ (നടുക്ക്) ആണെന്ന് പ്രഖ്യാപിക്കുകയും പാര്‍ട്ടിയുണ്ടാക്കാന്‍ ആപ്പുമായി ഇറങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ഇനിയും ലേറ്റാകരുതെന്ന് രജനിക്ക് തോന്നിയത്. എം.ജി.ആറും ജയലളിതയും സിനിമയില്‍നിന്ന് വന്ന് തമിഴ്നാടി​െൻറ ‘മുതല്‍ അമൈച്ചര്‍’ (മുഖ്യമന്ത്രി) ആയവരാണ്. രണ്ടുപേരും തമിഴരുമല്ല. രജനിയും തമിഴനല്ല. മറാത്ത വേരുകളുള്ള കര്‍ണാടകക്കാരന്‍.  മാതൃകാ പൊലീസുകാരനുള്ള അവാര്‍ഡ് ലഭിച്ച റാമോജി റാവു ഗെയ്​ക്​വാദി​െൻറ തല്ലിപ്പൊളിയും മദ്യപാനിയും ഗുണ്ടയുമായ മകന്‍ ശിവാജി റാവു ഗെയ്​ക്​വാദ്, ‘രജനികാന്ത്’ എന്ന ഇത്രയും വലിയ താരമായി മാറിയ കഥക്കു മുന്നില്‍ സിനിമയും തോറ്റുപോകും.

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ 134ാം നമ്പര്‍ ബസിലെ ‘സ്​റ്റൈലന്‍’ കണ്ടക്ടറായിരുന്ന ശിവാജി റാവു, കൂട്ടുകാരനും ഡ്രൈവറുമായ രാജ് ബഹാദൂര്‍ നല്‍കിയ മാലയുമായി മദ്രാസില്‍ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ വന്നിറങ്ങി. കെ. ബാലചന്ദര്‍ എന്ന തമിഴിലെ അതികായനായ സംവിധായകന്‍ ആദ്യ ചിത്രത്തില്‍ നല്‍കിയ പേരായിരുന്നു രജനികാന്ത്. ത​​െൻറ ആദ്യകാല സ്വഭാവത്തിനിണങ്ങുന്ന വില്ലന്‍ വേഷങ്ങളിലൂടെ മെ​െല്ലമെല്ലെ പിടിമുറുക്കിയ രജനി താന്‍ ആരാധനയോടെ കണ്ടിരുന്ന താരങ്ങള്‍ക്കു പോലും നേടാന്‍ കഴിയുന്നതിനപ്പുറത്തേക്ക് കുതിച്ചുകയറി. ഒാട്ടോക്കാരനും തൊഴിലാളിയും പാല്‍ക്കാരനും പോലുള്ള ഉഴൈപ്പാളി വേഷങ്ങളിലൂടെ ലോകമെങ്ങും ആരാധകരുള്ള താരമായി.

രജനിയുടെ ഓരോ പടത്തിനും ഗാരൻറിയുണ്ടായിരുന്നു. 80കളും 90കളും വിജയഗാഥകള്‍ മാത്രം. പക്ഷേ, 2002ല്‍ ബാബ പൊട്ടിയപ്പോള്‍ നിര്‍മാതാക്കളുടെ നഷ്​ടം തിരിച്ചുനല്‍കേണ്ടിവന്നു. സിനിമയില്‍ മാത്രം വേഷം കെട്ടുന്ന, പ്രായവും കോലവും കഷണ്ടിയും മറക്കാന്‍ അഭ്യാസങ്ങളൊന്നും നടത്താത്ത നടനെന്ന പെരുമ രജനിക്കു മാത്രമുള്ളതാണ്. രജനിയുടെ സിനിമകളും പൊട്ടുമെന്ന അവസ്ഥയിലേക്ക് സിനിമ മാറി. കുചേലനും കോച്ചടൈയാനും ലിംഗായുമൊക്കെ പൊട്ടിവീണു. ഇപ്പോള്‍ രാഷ്​ട്രീയത്തിലേക്ക് വേഷം മാറുമ്പോള്‍ അതു മറ്റൊരു ഫ്ലോപ്പാകുമോ എന്ന ആശങ്ക സാക്ഷാല്‍ രജനിക്കുതന്നെയുണ്ട്. തമിഴ്നാട് രാഷ്​ട്രീയം എക്കാലവും ദ്വന്ദ്വയുദ്ധത്തി​െൻറ അരങ്ങായിരുന്നു. പെരിയാര്‍ -രാജാജി, അണ്ണാദുരൈ - കാമരാജ്, എം.ജി.ആര്‍ - കരുണാനിധി, ജയലളിത - കരുണാനിധി.

വാസ്തവത്തില്‍ ആര്‍ക്കെതിരെയാണ് രജനിയുടെ പടയൊരുക്കം? പ്രബലനായ ശത്രുവില്ലാതെ ‘രജനി രാഷ്​ട്രീയം’ പച്ചപിടിക്കാനിടയില്ല. പളനിസാമിയും ദിനകരനും സ്​റ്റാലിനുമൊന്നും രജനിക്കു പോന്ന ഇരകളല്ല. മിനിമം കമല്‍ഹാസനെങ്കിലും വേണം. കരുണാനിധിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയും കമൽഹാസനുമായി തോളില്‍ കൈയിട്ടും രാഷ്​ട്രീയ ബാലപാഠം തേടുന്ന രജനി അതുകൊണ്ടുതന്നെ തികഞ്ഞ അവ്യക്തതയാണ് നല്‍കുന്നത്. രാഷ്​ട്രീയ പ്രഖ്യാപനവേദിയുടെ പിന്നില്‍ ബാബ സിനിമയിലെ കൈമുദ്ര പ്രദര്‍ശിപ്പിച്ചിരുന്നത് താമരക്കുള്ളിലാണ്. ഡല്‍ഹിയില്‍ വിടര്‍ന്ന താമരയിലും ഒരു കണ്ണുണ്ട് പടയപ്പാക്ക്. പക്ഷേ, ഹിന്ദിക്കാരനോട്​ യുദ്ധംചെയ്തു മാത്രം പരിചയമുള്ള തമിഴര്‍ അതിനൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. കാരണം, രജനി അഭിനയിച്ചാലും പടം പൊട്ടും.

COMMENTS