പിന്നെയെന്നു മരിക്കണം സച്ചാർ?
text_fieldsഡൽഹിയിൽ പത്രപ്രവർത്തനത്തിനെത്തിയ ആദ്യ ദിവസങ്ങളിലൊന്നിൽ സിംഗൂരിലെ നിർബന്ധിത കുടിയിറക്കലിനെതിരായ പ്രതിഷേധസംഗമത്തിൽ വെച്ചാണ് ജസ്റ്റിസ് രജീന്ദർ സച്ചാറുമായി ആദ്യ ഇടപഴകൽ. ഇന്ത്യൻ മുസ്ലിം അവസ്ഥയെക്കുറിച്ച് സച്ചാർ സമിതി നടത്തുന്ന അന്വേഷണത്തിനിടയിൽ കണ്ട സവിശേഷ വിവരങ്ങളാണ് അന്നു തിരക്കിയത്. പുഞ്ചിരിച്ച് പേരും വിശേഷവും ചോദിച്ച ശേഷം കാർഡ് തന്നു, വൈകീട്ട് വിളിച്ചാൽ കുറച്ച് വിലാസങ്ങളും നമ്പറുകളും നൽകാമെന്ന് സമ്മതിച്ചു. അതിദയനീയമായ അവസ്ഥയിൽനിന്ന് ഇന്ത്യൻ മുസ്ലിംകൾക്ക് ഉയിർത്തെഴുന്നേൽപ് സാധ്യമാകുമോ എന്നു ചോദിച്ചപ്പോൾ സാധിക്കുമെന്നും മുസ്ലിം ചെറുപ്പം, പ്രത്യേകിച്ച് പെൺകുട്ടികൾ ഉന്നത പഠനത്തിനു കാണിക്കുന്ന താൽപര്യമാണ് ഏറ്റവും പ്രതീക്ഷ നൽകുന്നതെന്നുമായിരുന്നു മറുപടി.
വൈകുന്നേരം ജസ്റ്റിസ് സച്ചാർ നൽകിയ വിവരങ്ങളും വിലാസങ്ങളും പിന്നീടുള്ള പത്രപ്രവർത്തന ജീവിതത്തിൽ നൽകിയ പിന്തുണ എത്രയെന്ന് എഴുതിയാൽ തീരില്ല. ‘മാധ്യമം’ ഡൽഹി ബ്യൂറോ ചീഫ് എ.എസ്. സുരേഷ് കുമാർ, എ. റശീദുദ്ദീൻ എന്നിവർക്കൊപ്പം സച്ചാർ സമിതി റിപ്പോർട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തവെയാണ് ഇന്ത്യയിലെ പിന്നാക്ക ദലിത് മുസ്ലിംകളുടെ ദുരിത ജീവിതം, സർക്കാറിെൻറ മേൽനോട്ടത്തിൽ നടക്കുന്ന വ്യാപകമായ വഖഫ് കൈയേറ്റം എന്നിവ സംബന്ധിച്ചെല്ലാം പഠിക്കാൻ തുടങ്ങിയത്. മലയാള പരിഭാഷ തയാറാക്കുന്നു എന്ന വിവരം അറിയിച്ചപ്പോൾ സമിതിയുടെ നിർദേശങ്ങൾ സാധ്യമാക്കാനുള്ള പരിശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ മാധ്യമ ഫെല്ലോഷിപ്പിന് ‘ഇന്ത്യൻ മുസ്ലിം ജീവിതം: പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന പ്രമേയം തെരഞ്ഞെടുക്കാനും പ്രചോദനം ജസ്റ്റിസ് സച്ചാർ നൽകിയ ഉൾക്കാഴ്ചയായിരുന്നു.
പിന്നീട് ഏറെ വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും കാണുന്നത് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ഒരു കുറിപ്പ് ചോദിക്കാൻ ചെല്ലുേമ്പാഴാണ്. പിതാവ് ഭീംസെൻ സച്ചാറിെൻറ ഒാർമക്ക് സംഘടിപ്പിക്കുന്ന വാർഷിക പ്രഭാഷണ സമ്മേളനത്തിന് അൽപം നേരത്തേ എത്താമെന്നും സംസാരിക്കാമെന്നുമായിരുന്നു തീരുമാനം. വാഹനത്തിൽ നിന്നിറങ്ങി മേൽകോട്ട് സ്വയം ധരിക്കാൻപോലും വയ്യാത്തത്ര ശാരീരിക ദുർബലാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നാൽ, ഒാർമക്കോ ആവേശത്തിനോ തെല്ലും മങ്ങലില്ല. കൃഷ്ണയ്യരുമായുള്ള ചങ്ങാത്തവും സ്നേഹവുമെല്ലാം ഒഴുക്കോടെ പറഞ്ഞു. വിവിധ വിഷയങ്ങളെക്കുറിച്ച് ‘മാധ്യമ’ത്തിൽ കോളം എഴുതാമെന്നും സമ്മതിച്ചു. ജസ്റ്റിസ് സച്ചാർ എന്ന മഹാമനുഷ്യെൻറ അർപ്പണ മനസ്സ് നേരിൽ കണ്ട നിമിഷങ്ങളാണെനിക്ക് അത്.
ഹാളിലെത്തിയ ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷൻ അധ്യക്ഷയും മനുഷ്യാവകാശ പോരാളിയുമായ മനീഷ സേഥിയെയും സംഘത്തെയും അദ്ദേഹം അടുത്തുവിളിച്ചു. കെട്ടിച്ചമച്ച ഭീകരവാദ കേസുകളിൽ കുടുങ്ങി ജയിലുകളിൽ ജീവിതം ഹോമിച്ച് ഒടുവിൽ നിരപരാധികളെന്ന് ബോധ്യപ്പെട്ട് കോടതികൾ വിട്ടയക്കുന്ന മനുഷ്യർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെന്നും അതിന് ആദ്യപടിയായി വ്യാജ കേസ് ഇരകളുടെ പട്ടിക തയാറാക്കി നൽകണമെന്നും നിർദേശിക്കാനായിരുന്നു അത്. സഹജീവികളുടെ അവകാശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഇൗ മനുഷ്യെൻറ വിയോഗം ഇന്ത്യൻ പൗരാവകാശ സമൂഹത്തിന് സൃഷ്ടിക്കുന്ന ആഘാതം താങ്ങാവുന്നതല്ല.
ഇന്ത്യൻ മുസ്ലിം ജീവിതാവസ്ഥ സത്യസന്ധമായി രേഖപ്പെടുത്തിവെച്ചതിെൻറ പേരിൽ സംഘ്പരിവാർ ഫാഷിസ്റ്റുകൾ ഹിറ്റ്ലിസ്റ്റിൽ പെടുത്തി ഇല്ലാതാക്കാൻ ശ്രമിച്ച ജീവിതം അസ്തമിക്കുന്നത് സങ്കീർണതകളാൽ സവിശേഷമായ ഒരു ദിവസത്തിലാണെന്നത് കേവല യാദൃച്ഛികതയല്ല. ഭരണകൂടം അതിെൻറ കോമ്പല്ലുകൾ നീട്ടുേമ്പാഴും നീതിപീഠത്തിലും ഭരണഘടനയിലും അവസാനമില്ലാത്ത പ്രത്യാശ പുലർത്തിയിരുന്ന ഇൗ മനുഷ്യൻ ദുഃസ്വപ്നത്തിൽപോലും സങ്കൽപിച്ചിട്ടുണ്ടാവാനിടയില്ലാത്തത്ര പരിതാപകരമാംവിധം ജുഡീഷ്യറി അധഃപതിക്കുന്നതിനു സാക്ഷിയായി ഒരു അണുവിടയെങ്കിലും ജീവിക്കാൻ ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. ഗുജറാത്ത് വംശഹത്യ നടന്നതിനു പിന്നാലെ മുൻ ന്യായാധിപന്മാരായ കൃഷ്ണയ്യർക്കും ഹോസ്ബറ്റ് സുരേഷിനുമൊപ്പം അവിടെയെത്തി വസ്തുതാന്വേഷണം നടത്തുകയും ഇരകൾക്ക് നീതി നേടിക്കൊടുക്കാൻ പൊരുതുകയും ചെയ്ത അദ്ദേഹത്തിെൻറ ചെവിയിൽ അവസാനമായി എത്തിയത് മക്ക മസ്ജിദ്, ജസ്റ്റിസ് ലോയ, നരോദാപാട്യ കേസുകളിലെ വിധികളാവണം.
ആദ്യ ബി.ജെ.പി സർക്കാർ അധികാരമേറ്റ ദിവസം സഖാവ് ഇ.എം.എസും മോദി പ്രധാനമന്ത്രിയാകുമെന്ന അഭിപ്രായ സർവേ പുറത്തുവന്ന ദിവസം അഡ്വ. മുകുൾ സിൻഹയും യാത്രപറഞ്ഞതുപോലെ ജസ്റ്റിസ് സച്ചാറിന് വിടവാങ്ങാൻ ഇതിനേക്കാൾ ഉചിതമായ സന്ദർഭമേതുണ്ട്?
തലക്കെട്ടിന് കവി റഫീഖ് അഹമ്മദിനോട് കടപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
