Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനന്മയുടെ പ്രഭ പരത്തിയ...

നന്മയുടെ പ്രഭ പരത്തിയ പ്രതിഭ

text_fields
bookmark_border
നന്മയുടെ പ്രഭ പരത്തിയ പ്രതിഭ
cancel

വിസ്മയകരമായ വ്യത്യസ്ത കഴിവുകൾ ഒത്തിണങ്ങിയ പ്രതിഭാധനനായ പണ്ഡിതനെയാണ്, റഹ്​മാൻ മുന്നൂര് എന്ന പേരിൽ അറിയപ്പെടുന്ന പി.ടി. അബ്​ദുറഹ്​മാ​​​െൻറ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്​ടമായത്. ഇംഗ്ലീഷ്, അറബി, ഉർദു, മലയാളം എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന അദ്ദേഹം അനുഗൃഹീതനായ എഴുത്തുകാരൻ കൂടിയായിരുന്നു. കഥയും കവിതയും മാപ്പിളപ്പാട്ടും ഗാനവും നാടകവും ഒരേപോലെ രചിച്ചിരുന്ന അബ്​ദുറഹ്​മാൻ വിവർത്തന കലയിലും വൈജ്ഞാനിക രചനകളിലും മികവു തെളിയിച്ചു. നിറകുടം തുളുമ്പില്ല എന്ന ആപ്തവാക്യത്തെ അന്വർഥമാക്കും വിധം ഒച്ചവെക്കാതെയും ബഹളം സൃഷ്​ടിക്കാതെയും ശാന്തനായി കടന്നുപോയ സാത്വിക വ്യക്തിത്വത്തിൻറെ ഉടമയാണ് കാൽനൂറ്റാണ്ടിലേറെ സഹപ്രവർത്തകനായിരുന്ന റഹ്​മാൻ മുന്നൂര്.

സൗമ്യപ്രകൃതനും മിതഭാഷിയുമായ പി.ടി. ശാന്തപുരം ഇസ്‌ലാമിയ കോളജിൽ വിദ്യാർഥിയായിരിക്കെ തന്നെ നംഹർ ശാന്തപുരം എന്ന പേരിൽ കഥയും കവിതയും നാടകവും എഴുതിക്കൊണ്ടിരുന്ന മികവുറ്റ തൂലികയുടെ ഉടമയാണ്. കല, സാഹിത്യ, സാംസ്കാരികമേഖലകളിൽ മഹത്തായ സംഭാവനകളർപ്പിച്ച സഹൃദയൻ കൂടിയാണ് അദ്ദേഹം. 1975 മുതൽ കാൽ നൂറ്റാണ്ടിലേറെ കേരളത്തിലെ ഇസ്​ലാമികവിദ്യാലയങ്ങളുടെ വാർഷികങ്ങളിൽ അരങ്ങേറിയകലാപരിപാടികളിൽ പലതും അദ്ദേഹത്തി​​​െൻറ രചനകളായിരുന്നു.

ശാന്തപുരം ഇസ്‌ലാമിയ കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയ റഹ്​മാൻ മുന്നൂര് കോഴിക്കോട് സർവകലാശാലയിൽ നിന്ന്​ റാ​േങ്കാടെ അറബിസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഖത്തറിലെ സഹൃദയർ അറബിയിൽ നിന്നുള്ള മികച്ച വിവർത്തനഗ്രന്ഥത്തിന് ഏർപ്പെടുത്തിയ ആദ്യ അവാർഡിന് അർഹനായ റഹ്​മാൻ മുന്നൂര് കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സർവത് സൗലത്തി​​​െൻറ നാലു വാള്യങ്ങളുള്ള ‘ഇസ്​ലാമികസമൂഹം: ചരിത്ര സംഗ്രഹം’, ഡോക്ടർ അബ്​ദുൽഹഖ് അൻസാരിയുടെ ‘സൂഫിസവും ശരീഅത്തും: സർഹിന്ദി ചിന്തകളുടെ അപഗ്രഥനം’, സയ്യിദ് അബുൽഅഅ്​ലാ മൗദൂദിയുടെ ‘സുന്നത്തി​​​െൻറ പ്രമാണികത’, ‘വ്രതാനുഷ്ഠാനം’, ത്വാരിഖ് സുവൈദാ​​​െൻറ ‘ഫലസ്തീൻ സമ്പൂർണചരിത്രം’, മുഫ്തി മുഹമ്മദ് മുഷ്താഖി​​​െൻറ ‘ഭീകരവാദവും ഇസ്​ലാമും’, ഇബ്നു ഫരീദി​​​െൻറ നോവൽ ‘വധു’ തുടങ്ങിയവ അദ്ദേഹത്തി​​​െൻറ വിവർത്തന കൃതികളിൽ ചിലതാണ്. മൂലഭാഷയിലും ലക്ഷ്യഭാഷയിലും ഒരേപോലെ ആഴത്തിലുള്ള അറിവും കഴിവുമുള്ളതിനാൽ വിവർത്തനം ആശയം ചോർന്നുപോകാതെ തന്നെ മികച്ച വായനക്ഷമത നിലനിർത്താൻ സാധിച്ചു. സൂഫി കഥകൾ, സഅദി പറഞ്ഞ കഥകൾ, കുട്ടികളുടെ മൗദൂദി, മറിയം ജമീല: സത്യാന്വേഷണത്തി​​​െൻറ നാൾവഴി എന്നിവ സ്വതന്ത്ര രചനകളാണ്. കൂടാതെ, ‘പ്രബോധന’ത്തിലും ‘ബോധന’ത്തിലും മറ്റുമായി നൂറുകണക്കിന് പഠനലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

‘പ്രബോധനം’ വാരിക, ‘ബോധനം’വാരിക, ത്രൈമാസിക എന്നിവയുടെ പത്രാധിപർ, ‘ആരാമം’ വനിത മാസിക എക്സിക്യൂട്ടിവ് എഡിറ്റർ, ചീഫ് എഡിറ്റർ, ഇസ്​ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റർ, ധർമധാര ഒാഡിയോ വിഷ്വൽ യൂനിറ്റ്​ പ്രൊഡക്​ഷൻ കോഓഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇസ്​ലാമിക് പബ്ലിഷിങ്​ ഹൗസ് എഡിറ്ററായിരിക്കെയാണ് ജോലിയിൽനിന്ന് വിരമിച്ചത്. ‘പതിനാലാം രാവ്’ റിയാലിറ്റി ഷോ ഉൾപ്പെടെ ചാനൽ പരിപാടികൾക്ക് സ്ക്രിപ്റ്റ് തയാറാക്കിയ റഹ്​മാൻ മുന്നൂരി​​േൻറതായി ധാരാളം ഓഡിയോ ഗാന കാസറ്റുകളുമുണ്ട്.

‘കമ്പ്യൂട്ടർ വെളിപ്പെടുത്തിയ ഖുർആനിലെ അത്ഭുതങ്ങൾ’ എന്ന നിലയിൽ ഡോ. റഷാദ് ഖലീഫയുടെ ചില ആശയങ്ങൾ ലോകമെങ്ങും ധാരാളം ആളുകളെ ആകർഷിച്ചു. 19 എന്ന സംഖ്യക്ക് ഖുർആനിൽ പരമപ്രാധാന്യമുണ്ട് എന്നായിരുന്നു അതി​​​െൻറ കേന്ദ്രബിന്ദു. ഖുർആനിലെ പല പദങ്ങളും അക്ഷരങ്ങളും പത്തൊമ്പതി​​​െൻറ ഗുണിതമാണെന്നായിരുന്നു അദ്ദേഹത്തി​​​െൻറ വാദം. ഇൗ വിഷയകമായി മലയാളത്തിൽ തന്നെ നാലോ അഞ്ചോ പുസ്തകങ്ങൾ പുറത്തിറങ്ങി. റഷാദ് ഖലീഫയും അനുയായികളും പുറത്തിറക്കിയ ഇംഗ്ലീഷ് പുസ്തകങ്ങളും വ്യാപകമായി പ്രചരിച്ചു. ഈ സന്ദർഭത്തിലാണ് കോഴിക്കോട് ടൗൺഹാളിൽ ഇതുസംബന്ധമായി വിഡിയോ പ്രദർശനം നടന്നത്. ഖുർആനിലെ എഴുപത്തിനാലാം അധ്യായത്തിൽ അതിന്മേൽ 19 ഉണ്ട് എന്ന സൂക്തം (74:30) പ്രപഞ്ചോൽപത്തിയുടെ അത്ഭുത സൂചനയാണെന്ന വാദം ഉയർത്തുന്നത് കൂടിയായിരുന്നു വിഡിയോ ഫിലിം. അതിലെ ഗുരുതരമായ അബദ്ധം മനസ്സിലാക്കിയ റഹ്​മാൻ മുന്നൂര് അതിനെ ശക്തമായി പിന്തുണച്ചിരുന്ന പണ്ഡിതനുമായി ചർച്ച നടത്തി. അദ്ദേഹം കാഴ്ചപ്പാട് തിരുത്താൻ തയാറായില്ല. തുടർന്ന്​, റഹ്​മാൻ മുന്നൂര് 1986 നവംബർ 1,8,15 തീയതികളിലെ പ്രബോധനം വാരികയുടെ മൂന്നു ലക്കങ്ങളിലായി റഷാദ് ഖലീഫയുടെ വാദങ്ങളെ വളരെ വിദഗ്ധമായും യുക്തിഭദ്രമായും പ്രമാണ ബദ്ധമായും ഖണ്ഡിച്ചു ലേഖനങ്ങൾ എഴുതി. ഇത് വലിയ സംവാദങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും റഹ്​മാൻ മുന്നൂരി​​​െൻറ പണ്ഡിതോചിതമായ നിലപാടായിരുന്നു ശരിയെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു. റഷാദ് ഖലീഫ പ്രവാചകത്വം വാദിച്ചതോടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നവർ പൂർണമായും നിരാശരായി.

ഇച്ഛാശക്തിയുടെയും വിശ്വാസദാർഢ്യതയുടെയും ആൾരൂപമായിരുന്നു പരേതൻ. മാരക രോഗം ബാധിച്ച് കിടപ്പിലാകുന്നതും ഹജ്ജ് യാത്ര തീരുമാനിക്കുന്നതും ഒരേസമയത്തായിരുന്നു. പെട്ടെന്ന് രോഗം മൂർച്ഛിച്ചു. ആരോഗ്യം ക്ഷയിച്ചു. നടക്കാൻപോലും പ്രയാസകരമായ അവസ്ഥയിലെത്തി. അതിനാൽ ഹജ്ജ് കർമം നീട്ടിവെക്കണമെന്നും വിദഗ്ധ ചികിത്സ നടത്തണമെന്നും എല്ലാവരും നിർദേശിച്ചു. ഹജ്ജ് നിർവഹിച്ചു തിരിച്ചുവരാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാവരും യാത്ര വിലക്കിയത്. എന്നാൽ, എന്തു വന്നാലും ഹജ്ജ് നിർവഹിക്കുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അദ്ദേഹം. അതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ആർക്കും സാധിച്ചില്ല. അത്യസാധാരണമായ ഇച്ഛാശക്തിയോടെയും അചഞ്ചലമായ വിശ്വാസദാർഢ്യതയോടെയും അദ്ദേഹം യാത്ര പുറപ്പെട്ടു. ദൈവാനുഗ്രഹത്തോടെ ഹജ്ജ് കർമം ഭംഗിയായി നിർവഹിച്ച് നാട്ടിൽ തിരിച്ചെത്തി. അറിയുന്നവരിലൊക്കെയും വിസ്മയം ഉണർത്തുന്നതായിരുന്നു പി.ടിയുടെ ഹജ്ജ്‌യാത്ര.

Show Full Article
TAGS:rahman munnur article malayalam news 
News Summary - Rahman Munnur -Article
Next Story