‘മുസ്ലിമാണെന്ന് കരുതിയാണ് അവരെന്നെ തല്ലിച്ചതച്ചത്’
text_fieldsരാഘവ് ത്രിവേദി
‘ഇങ്ങനെയൊരു കാരണം പറഞ്ഞ് ഒരാളെ തല്ലാൻ പറ്റുമോ? എനിക്ക് മനസ്സിലാകുന്നില്ല, ‘മുല്ല’എന്നു വിളിച്ച് തല്ലുന്നത് നിങ്ങൾക്ക് പിന്തുണ ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ്-മാധ്യമപ്രവർത്തകൻ രാഘവ് ത്രിവേദി പറയുന്നു. ഇക്കഴിഞ്ഞ 12-ാം തീയതി റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലി റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് മൊളിറ്റിക്സ് എന്ന ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ത്രിവേദിയെ ബി.ജെ.പി പ്രവർത്തകർ വളഞ്ഞുവെച്ച് മർദിച്ചത്.
ഇഷ്ടമില്ലാത്ത ദൃശ്യങ്ങൾ പകർത്തിയതു മാത്രമല്ല, കാഴ്ചയിൽ മുസ്ലിം ആണെന്ന് തെറ്റിദ്ധാരണ തോന്നിയതാണ് തന്നെ ഇവ്വിധത്തിൽ മർദിക്കാൻ കാരണമായതെന്ന് ത്രിവേദി പറയുന്നു. അവർ എെൻറ വയറ്റിൽ ഒരുപാട് തവണ ഇടിച്ചു, എെൻറ പുറം ഇപ്പോഴും വേദനിക്കുന്നു. ആൾക്കൂട്ട മർദനത്തെപ്പറ്റി വാർത്ത ചെയ്യുന്നതും അത് നേരിട്ട് അനുഭവിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് എനിക്ക് മനസ്സിലായി.
നൂറുരൂപ വീതം നൽകിയാണ് ഈ പരിപാടിക്ക് അവരെ വിളിച്ചുകൊണ്ടുവന്നതെന്ന് സമ്മേളന നഗരിയിൽ കണ്ട സ്ത്രീകളിൽ ചിലർ എന്നോടു കാമറയിൽ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുപതോളം ആളുകൾ അടുത്തുവന്ന് വലിയ ഒരു നേതാവിെൻറ റാലിയിൽ ഇത്തരം റിപ്പോർട്ടിങ് ഒന്നും അനുവദിക്കാനാകില്ലെന്നും ദൃശ്യങ്ങൾ അവരെ ഏൽപിച്ച് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. പൊടുന്നനെ അവർ എന്നെ അടിക്കാനും തുടങ്ങി. അന്നേരം വേദിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ച് കത്തിക്കയറുകയായിരുന്നു.
മുല്ലയെ തല്ലൂ...
അടിക്കാൻ ഓടിക്കൂടിയ ആൾക്കൂട്ടത്തിൽ 80 ശതമാനം പേർക്കും എന്തു കാരണത്തിനാണ് തല്ലുന്നത് എന്നുപോലും അറിയില്ലായിരുന്നു. ബഹളത്തിനിടെ ചിലർക്ക് താടിയും മുടിയും കണ്ടപ്പോൾ ഞാനൊരു മുസ്ലിം ആയിരിക്കുമെന്ന് തോന്നി. മുല്ലയെ അടിക്കൂ, അവർ ദേശദ്രോഹിയാണ് എന്ന് ചിലർ വിളിച്ചുപറഞ്ഞു, അതോടെ കണ്ടുനിന്നവരും വന്ന് അടിക്കാൻ തുടങ്ങി. പേര് വ്യക്തമായി എഴുതിയ തിരിച്ചറിയൽ കാർഡ് ഞാൻ ധരിച്ചിരുന്നു, എനിക്ക് ഭയം തോന്നി, ഞാൻ കാർഡ് കാണിച്ചു കൊടുക്കുകയും പേര് വിളിച്ചു പറയുകയും ചെയ്തു.
ഇനി ഞാൻ മുസ്ലിം ആണെന്നു തന്നെയിരിക്കട്ടെ, മുസ്ലിംകൾക്ക് മാധ്യമ പ്രവർത്തനം നടത്താൻ പാടില്ലേ? മുസ്ലിംകളെ ഇതുപോലെ ക്രൂരമായി മർദിക്കുന്നതിന് എന്താണ് ന്യായം?-ത്രിവേദി ചോദിക്കുന്നു. അക്രമകാരികളായ പാർട്ടി പ്രവർത്തകർ കാമറ തകർക്കാനും ഒരുെമ്പട്ടുവെന്ന് വിഡിയോ ജേണലിസ്റ്റ് സന്ദീപ് സാഹ്നി പറയുന്നു. ആ കാമറ തല്ലിപ്പൊളിച്ച് കാർഡ് പുറത്തെടുക്കണമെന്ന് അവർ പറയാൻ തുടങ്ങി. അതിനിടെ ത്രിവേദി നിർദേശിച്ചതു പ്രകാരം സന്ദീപ് പതുക്കെ അവിടെനിന്ന് മാറി നിന്നു. തിരിച്ചറിയൽ കാർഡ് മാറ്റി വെച്ചതിനാൽ അക്രമികൾക്ക് തന്നെ കണ്ടുപിടിക്കാനായില്ല.
അതിനിടെ രംഗത്തെത്തിയ ഒരു മുതിർന്ന പാർട്ടി നേതാവ് ത്രിവേദിയെ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. മര്യാദക്ക് ദൃശ്യങ്ങൾ കൈമാറിയില്ലെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോയി കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. മുറിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകവെ ബോധരഹിതനായി വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് അഖിലേഷ് യാദവ് ഉൾപ്പെടെ നിരവധി നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധക്കുറിപ്പുകളെഴുതി. ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആശുപത്രിയിലെത്തി ത്രിവേദിയെ സന്ദർശിക്കുകയും ചെയ്തു.
പൊലീസും മാധ്യമ പ്രവർത്തകരും ചെയ്തത്
ഒരുപാട് പൊലീസുേദ്യാഗസ്ഥർ ആ സമ്മേളനവേദിയിലുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ നേരിയ ഒരു പ്രതീക്ഷയുണ്ടായി. പത്തിരുപതു പേരോട് സഹായം അഭ്യർഥിച്ചു. ആരും സഹായിക്കാൻ തയാറായില്ല. എ.എൻ.ഐ, ആജ് തക് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി ജേണലിസ്റ്റുകളും അവിടെയുണ്ടായിരുന്നു. കൂട്ടത്തിൽ ഒരുവനെ അക്രമികൾ വളഞ്ഞുവെച്ച് മർദിക്കുന്നത് കണ്ടിട്ടും അവരാരും ഇടപെടാനോ അരുതെന്ന് പറയാനോ കൂട്ടാക്കിയില്ല.
ഒന്നുമറിയില്ലെന്ന് ബി.ജെ.പി നേതാവ്
റായ്ബറേലി ബി.ജെ.പി യൂനിറ്റിലെ മാധ്യമ വക്താവ് മുകേഷ് അഗർവാൾ പറഞ്ഞത് ഇൗ സംഭവം നടന്നത് തെൻറ അറിവോടെയല്ല എന്നാണ്. കുറ്റകരമായ കലാപം, ദേഹോപദ്രവം ഏൽപ്പിക്കൽ, ബോധപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കോട് വാലി നഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു നേതാവെങ്കിലും തന്നെ സന്ദർശിച്ചിരുന്നുവെങ്കിൽ ബി.ജെ.പിക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് ഞാൻ വിശ്വസിച്ചേനെയെന്ന് ത്രിവേദി പറയുന്നു. ഈ സംഭവിച്ചതിലൊന്നും പാർട്ടിക്ക് ഒരു കുറ്റബോധവുമില്ല എന്നാണ് വ്യക്തമാകുന്നത്. തല്ലാൻ വന്ന പലർക്കും എന്തിനാണത് ചെയ്തത് എന്നറിഞ്ഞുകൂടാ. ഒരാളും എന്നെ സഹായിക്കാനും രക്ഷിക്കാനും വന്നില്ല. നാളെ ഒരുപക്ഷേ അക്രമികൾ നിങ്ങൾക്കു നേരെയാകും പാഞ്ഞടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

