Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വംശവെറിയും ആഭ്യന്തര സംഘര്‍ഷവും
cancel

കൂട്ടായ ജീവിതം നയിക്കുമ്പോൾ കൂടെയുള്ളവരോടു കൂടുതൽ സ്നേഹം തോന്നുന്നത് സ്വാഭാവികമാണല്ലോ. അവരുടെ ആദ്യ പരിഗണന എപ്പോഴും സ്വന്തം കൂട്ടായ്മയോടായിരിക്കും. അങ്ങനെ കൂടെയുള്ളവർക്ക് വിശേഷാധികാരം (privilege ) കൈവന്നുവെന്നും, പുറത്തുള്ളവർ (outgroup) അകന്നുപോകാൻ ഈ സാമൂഹിക ഘടന കാരണമായെന്നും, ഇങ്ങനെയാണ് വംശീയത ഉടലെടുത്തതെന്നുമാണ് ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂനിവേഴ്സിറ്റിയിലെ മനഃശാസ്ത്രജ്ഞയായ മാരിലിൻ ബ്രൂവർ (Marilynn Brewer) അഭിപ്രായപ്പെടുന്നത്. ഇതനുസരിച്ച് 'നമ്മൾ' സഹൃദയരും സ്നേഹമുള്ളവരും സമാധാനകാംക്ഷികളുമാണ്. 'അവർ' കഠിനഹൃദയരും കലഹപ്രിയരുമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ! എന്നാൽ, കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനായ റോബർട്ട് ബോയ്ഡ് (Robert Boyd) നിരീക്ഷിക്കുന്നതനുസരിച്ച്, ആദിമ കാലത്തുണ്ടായിരുന്ന സാമൂഹിക ബന്ധങ്ങളുടെ പരിമിതിയാണ് ഈ വേർതിരിവുകൾക്കും തെറ്റിദ്ധാരണകൾക്കുമൊക്കെ കാരണമായത്. സഹസ്രാബ്ദങ്ങൾക്കുമുമ്പ് മനുഷ്യർ വൻകരകൾ താണ്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മിൽ നിന്ന് വ്യത്യസ്ത ശരീരഘടനയുള്ളവരുമായി ബന്ധപ്പെടാനുള്ള സാധ്യതകൾ കുറവായിരുന്നു. ഇത് തെറ്റായ ധാരണകൾക്കും അപരവത്കരണത്തിനും കാരണമായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാൽ, ശാസ്ത്രീയമായ പഠനങ്ങൾ ഇതൊന്നും അംഗീകരിക്കുന്നില്ല. 1950ൽ ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ- ശാസ്ത്ര - സാംസ്കാരിക സംഘടന (UNESCO) അതുവരെയുള്ള ശാസ്ത്രീയ പഠനങ്ങളെ അവലംബമാക്കി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അതിൽ പറയുന്നത്, വംശീയത കേവലം ഒരു കാൽപനിക സങ്കൽപം (Myth) മാത്രമാണെന്നാണ്. അതിന് ഒരു ജീവശാസ്ത്രപരമായ (biological) അടിസ്ഥാനവുമില്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. 1950ൽ ജൂലൈ-ആഗസ്റ്റ് മാസത്തിൽ യുനസ്കോ കൂറിയർ (UNESCO Courier) പ്രസിദ്ധീകരിച്ച 'മാനുഷിക ഐക്യത്തിന്റെ ശാസ്ത്രീയ അടിത്തറ' ('The Scientific Basis for Human Unity') എന്ന ലേഖനം ഇത് കൂടുതൽ വ്യക്തമാക്കുന്നു. മാത്രമല്ല, ഇത് മനുഷ്യന്റെ സാമൂഹിക ബന്ധങ്ങളിൽ ഉണ്ടാക്കിയ വിള്ളലുകളും നഷ്ടങ്ങളും നിസ്സീമമാണെന്നുകൂടി അത് അടിവരയിടുന്നു!

'തൊലിവെളുപ്പും മറ്റു നുണകളും' (On being White and Other Lies ) ഉപന്യസിച്ച ജെയിംസ് ബാൾഡ്വിൻ അഭിപ്രായപ്പെടുന്നത്, യൂറോപ്പിൽനിന്നും അമേരിക്കയിൽ കുടിയേറിയ വെള്ളക്കാർ ആഫ്രിക്കയിൽ നിന്നെത്തിയ കറുത്ത വർഗക്കാരെയും അമേരിക്കക്കാരായിരുന്ന ആദിമവാസികളെയും അടിമകളാക്കിവെച്ചുവെന്നാണ്. ഇതനുസരിച്ച് തൊലികറുത്തവർ അവിടെ തിരസ്കൃതരായതോടെ 'വെള്ളക്കാർ' മേലാളരാവുകയും അവർ അടിമ വ്യവസ്ഥയെ ന്യായീകരിക്കുകയും ചെയ്തു! അവർ ആയുധബലംകൊണ്ട് മുൻപന്തിയിലായിരുന്നുവെന്നർഥം. എന്നാൽ, സാംസ്കാരികമായി പിന്നാക്കമായിരുന്നുവെന്നതാണ് യാഥാർഥ്യം!

ജീവിതം സംതൃപ്തമാക്കാനുള്ള യത്നത്തിൽ ഭൗതികനേട്ടങ്ങൾ കൈവരിക്കുന്നതിൽ അമേരിക്ക വിജയിച്ചിട്ടുണ്ടെന്നുപറയാം. എന്നാൽ, പരസ്പര വിദ്വേഷ പ്രചോദിതമായ കുറ്റകൃത്യങ്ങൾ അനുദിനം പെരുകുന്നതായി അന്വേഷണ ഏജന്‍സിയായ എഫ്‌.ബി.ഐ റിപ്പോർട്ട് ചെയ്യുന്നു.

ആഫ്രിക്കൻ- ഏഷ്യൻ വംശജർക്കെതിരായ അതിക്രമങ്ങളും ആക്രമണങ്ങളും കഴിഞ്ഞ 12 വർഷങ്ങളിലെ കണക്കനുസരിച്ച് ഏറ്റവും കൂടിയിരിക്കുന്നത് ഇപ്പോഴാണത്രെ! ഇതൊക്കെയും നടക്കുന്നത് ആധിപത്യ സ്വഭാവമുള്ള മേലാളന്മാരുടെയും അവരെ പിന്തുണക്കുന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി അംഗങ്ങളുടെയും പരിപാടിയനുസരിച്ചാണെന്ന് മനസ്സിലാകുന്നു. ആഫ്രിക്ക-ഏഷ്യ- മിഡിലീസ്റ്റ്- ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്ന് കുടിയേറുന്ന ആളുകൾ അമേരിക്കയുടെ സാമൂഹിക-സാംസ്കാരിക രംഗങ്ങൾ കൈയടക്കുന്നുവെന്നതാണ് അവരുടെ പരാതി. ഈയിടെയുണ്ടായ വർധിതമായ കുടിയേറ്റം അമേരിക്കൻ ജനസംഖ്യയിൽതന്നെ വലിയ മാറ്റം സൃഷ്ടിച്ചതായി വലതുപക്ഷം ആരോപിക്കുന്നു. ഇതിനെയാണവർ 'ജനസംഖ്യയുടെ പകരംവെപ്പെന്ന്' (Theory of population replacement) എന്ന് വിളിച്ചാക്ഷേപിക്കുന്നത്.

സ്വന്തം പൗരന്മാരെ ദ്രോഹിക്കുന്നത് ഇതിനുള്ള പരിഹാരമല്ലെന്ന് മറ്റാരേക്കാളും അറിവുള്ളവരാണ് അമേരിക്കക്കാർ. പ്രത്യേകിച്ചും, അവിടെ ഭരണകൂടവും ജനതയും മനുഷ്യാവകാശ സംരക്ഷണത്തിന്റെ വേഷംകെട്ടുന്ന നിലക്ക്. പക്ഷേ, വംശീയതയുടെ ദുർഭൂതം അവരെ വർണവെറിയരും അപരജന വിദ്വേഷികളുമാക്കുന്നു. ജോർജ് ഫ്ലോയ്ഡിന്റെ മരണം മിന്നസോട്ടയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിലെ 550 നഗരങ്ങളിൽ പ്രതിഷേധത്തിന്റെ അലയൊലികൾ ഉയര്‍ത്തുകയുണ്ടായി. 'ബ്ലാക്ക് ലൈഫ്സ് മാറ്റർ' (Black Lives Matter) എന്ന സംഘടനയായിരുന്നു അതിന് നേതൃത്വം നല്‍കിയത്.

അതോടെ, കറുത്തവർക്ക് നേരെയുള്ള വിവേചനത്തിൽ അയവ് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയുണ്ടായില്ലെന്നു മാത്രമല്ല, വർണവെറിയരായ വലതുപക്ഷ തീവ്രവാദികൾ വളരെ കഴിയുന്നതിനുമുമ്പ് ന്യൂയോര്‍ക്കിന്റെ സമീപ പ്രദേശമായ ബഫലോയിലെ സൂപ്പർമാർക്കറ്റിൽ തൊലികറുത്ത ഇടപാടുകാർക്കുനേരെ തലങ്ങും വിലങ്ങും നിറയൊഴിച്ചു. 13 പേർ കൊല്ലപ്പെട്ടതിൽ 11 പേർ കറുത്തവരായിരുന്നു! ടെക്സസിലെ എലമെൻററി സ്കൂളിൽ 19 കുട്ടികൾ വെടിയേറ്റു മരിച്ചതിന്റെ വാര്‍ത്തയാണ് കേൾക്കുന്നത്! എന്തുചെയ്യും? വംശീയത ഭരണകൂടത്തിന്റെ എല്ലാ മേഖലകളെയും സമൂലം ബാധിച്ചിരിക്കെ ആരുണ്ടവരെ രക്ഷിക്കാൻ? ഒരേ വിധത്തിലുള്ള കുറ്റകൃത്യത്തിൽ, വെള്ളക്കാർക്ക് ശിക്ഷ ലഭിക്കാതെ വരുമ്പോൾ തൊലികറുത്തവൻ ക്രൂരമായ പീഡനത്തിനും ശിക്ഷക്കും ഇരയാകുന്നു! ഇത് അമേരിക്കയിലെ നീതിന്യായ വകുപ്പിന്റെ സ്ഥിതിയാണത്രെ!

എന്നാൽ, ഇവർ 'എല്ലാ മനുഷ്യരും ജന്മനാ സ്വതന്ത്രരും തുല്യമായ അവകാശങ്ങൾക്കും അഭിമാനത്തിനും അർഹരുമാണെന്ന' മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രയോക്താക്കളാണെന്നാണ് അവകാശപ്പെടുന്നത്!

റോമില ഥാപ്പർ വ്യക്തമാക്കുന്നപോലെ, 'തങ്ങൾക്ക് ശുദ്ധമായ വംശപരമ്പരയുണ്ടെന്നോ തങ്ങളുടെ സംസ്കാരം മറ്റുള്ളവരുടേതുമായി കലര്‍ന്നിട്ടില്ലെന്നോ അവകാശപ്പെടാൻ ഒരു രാഷ്ട്രത്തിനും ഇന്ന് സാധിക്കില്ല. അതുകൊണ്ട് നാം വേറിട്ടുനില്‍ക്കാനുള്ള പ്രവണത ഉപേക്ഷിച്ച് യാഥാർഥ്യത്തെ അംഗീകരിക്കണം. പുതിയ ജീവിതരീതികളും സംസ്കാരങ്ങളും സൃഷ്ടിച്ചുകൊണ്ട് മുന്നേറുക എന്നതുമാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി. ആത്മസാക്ഷാത്കാരത്തിലേക്കും അറിവിലേക്കുമുള്ള വഴിയും അതുതന്നെ. 'അതുകൊണ്ടാണ്, വൈവിധ്യങ്ങൾ നിലനില്‍ക്കുന്ന ഇന്ത്യയെ കൂട്ടിയിണക്കുന്നതിനായി, നമ്മുടെ രാഷ്ട്രശിൽപികൾ മതേതരത്വത്തെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉൾപ്പെടുത്തിയത്'. 'ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരമാണ് ഇന്ത്യയുടെ ശക്തി'യെന്ന് ജവഹർലാൽ നെഹ്റു ഇടക്കിടെ രാഷ്ട്രത്തെ ഓർമിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ, എങ്ങനെയെങ്കിലും ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയ കോൺഗ്രസ് പാർട്ടി 'മൃതുഹിന്ദുത്വ'ത്തെ പുൽകുകയും 1984ലെ സിഖ് കൂട്ടക്കൊലക്കും പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ 'ബാബരി' ധ്വംസനത്തിന് മൗനാനുവാദം നല്‍കിയും വർഗീയതക്ക് കൂട്ടുനിന്നതോടെ പാർട്ടിക്ക് പൊതുജന സമ്മതി നഷ്ടപ്പെടുകയും ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നും അകലുകയും ചെയ്തു. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമം വിജയിക്കണമെങ്കിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയതുപോലെ 'ഹിന്ദുത്വ'വും 'ഹിന്ദുമത വിശ്വാസ'വും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും സനാതന ധർമങ്ങൾ ഉൾക്കൊള്ളാനും പാർട്ടി സന്നദ്ധമാവേണ്ടതുണ്ട്. പക്ഷേ, ഇത് പാർട്ടി നേതൃത്വത്തിന് അപ്രാപ്യമാണെന്നാണ് അനുഭവങ്ങൾ വിലയിരുത്തുമ്പോൾ തോന്നുന്നത്! അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ പുനർജീവനം എളുപ്പമല്ലാതെ വരുന്ന സാഹചര്യം ഹിന്ദുത്വ ദേശീയതക്ക് വളമായിത്തീരുന്നതിലൂടെ നമ്മുടെ പ്രിയപ്പെട്ട രാജ്യം ആഭ്യന്തര സംഘർഷങ്ങളുടെ വിളനിലമായി പരിണമിക്കുമോ എന്നത് മാതൃസ്നേഹമുള്ള സമൂഹം ഭീതിയോടെ ആശങ്കപ്പെടുകയാണ്!

2014ൽ ബി.ജെ.പി ഭരണകക്ഷിയായതോടെ ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക- സാങ്കേതിക- വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ പ്രിയപ്പെട്ട നാടിന്റെ പൈതൃകത്തെ അപമാനിക്കുന്നതും ഭാവിയെ അപകടപ്പെടുത്തുന്നതുമാവാൻ പാടില്ല. ജനീവയിൽ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 42ാം സമ്മേളനത്തിൽ അമ്പതിലേറെ രാഷ്ട്രങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ സമീപകാല നടപടികളെ വിമര്‍ശിക്കുകയുണ്ടായി. എന്നാൽ, ഈ രാഷ്ട്രങ്ങൾ എല്ലാംതന്നെ ഹിന്ദുമത വിശ്വാസികളെ ആദരിക്കുന്നവയും അവർക്ക് വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നവയുമാണ്. പലയിടങ്ങളിലും ക്ഷേത്രങ്ങളുമുണ്ട്. പക്ഷേ, അവരറിയുന്ന ഹിന്ദുമതം സനാതന ധർമത്തിന്റേതും ഋഷിപുംഗവന്മാരുടെ കീർത്തി നിലനില്‍ക്കുന്നതുമാണ്. ശ്രീനാരായണഗുരുവും ശ്രീരാമകൃഷ്ണ പരമഹംസനും ശ്രീ വിവേകാനന്ദ സ്വാമികളും പ്രതിനിധാനം ചെയ്ത മതം അവരെ ആകര്‍ഷിച്ചിരുന്നു. അത് തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കുന്നവരെയും വസ്ത്രം ധരിക്കുന്നവരെയും അടിച്ചുകൊലപ്പെടുത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമായിരുന്നില്ല.

വിവേകാനന്ദന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ പുരോഗതി സാമൂഹിക-സാമ്പത്തിക പുരോഗതിയിലാണ്: 'ദരിദ്രർക്ക് ജോലിയുണ്ടാക്കിക്കൊടുക്കാൻ ഭൗതിക സംസ്കാരം മാത്രമല്ല പരിഷ്കൃത ജീവിതവും ആവശ്യമാണ്. ഈ ലോകത്തിൽ ഭക്ഷണം നല്‍കാതെ സ്വർഗത്തിൽ ശാശ്വതാനന്ദം നല്‍കുന്ന ദൈവത്തിൽ എനിക്ക് വിശ്വാസമില്ല. ഇന്ത്യയെ ഉയര്‍ത്തണം. പാവങ്ങൾക്ക് ഭക്ഷണം നല്‍കണം. വിദ്യാഭ്യാസം പരത്തണം. പൗരോഹിത്യമെന്ന ദോഷം നീക്കം ചെയ്യണം.'(Selections from Swami Vivekananda). 'രാമകൃഷ്ണ മിഷന്റെ' ദൗത്യമായി അദ്ദേഹം പ്രസ്താവിച്ചത്, 'എല്ലാ മതങ്ങളും നിത്യവും ശാശ്വതവുമായ ഒരേ മതത്തിന്റെ വിവിധ രൂപങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ട് വ്യത്യസ്ത മതങ്ങളുടെ അനുയായികൾക്കിടയിൽ സൗഹാർദം കെട്ടിപ്പടുക്കുക' എന്നതായിരുന്നു.

താനൊരു വേദാന്തിയാണെന്നു സ്വയം പരിചയപ്പെടുത്തിയ ശ്രീ വിവേകാനന്ദ സ്വാമികളോ അതോ, ധർമസൻസദ് എന്ന പേരിൽ കൊലവിളി നടത്തുന്നവരോ ആരാണ് യഥാർഥ ഹൈന്ദവ വിശ്വാസം ഉൾക്കൊള്ളുന്നവരെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Racisminternal strife
News Summary - Racism and internal strife
Next Story