Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകണക്ക് പറയുന്നത്​...

കണക്ക് പറയുന്നത്​ ആരോഗ്യത്തിന് ഹാനികരം

text_fields
bookmark_border
കണക്ക് പറയുന്നത്​ ആരോഗ്യത്തിന് ഹാനികരം
cancel

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ആറ് കോർപറേഷനുകളിൽ പുതിയ മേയർമാർ തെരഞ്ഞെടുക്കപ്പെട്ടു. സംസ്​ഥാന ജനസംഖ്യയുടെ 25 ശതമാനം വരുന്ന മുസ്​ലിംകളിൽനിന്ന് ഒരു മേയർ പോലുമില്ല. ഒരു മുസ്​ലിം മേയർ ഉണ്ടായാൽ എന്തോ വലിയ കാര്യം കിട്ടിയെന്നും ഒരൊറ്റ എണ്ണവും ഇല്ലെങ്കിൽ വലിയ കുഴപ്പം സമുദായത്തിന് സംഭവിച്ചുവെന്നും അഭിപ്രായമില്ല. പക്ഷേ, മുസ്​ലിംകൾ എല്ലാം പിടിച്ചടക്കുന്നു എന്ന കാമ്പയിൻ വലിയ തോതിൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. സംഘ്​പരിവാറിന്‍റെയും ക്രൈസ്​തവ തീവ്രവാദ ഗ്രൂപ്പുകളുടെയും സോഷ്യൽ മീഡിയ െപ്രാഫൈലുകൾ മാത്രമല്ല, സംസ്​ഥാനത്തെ ഏറ്റവും വലിയ രാഷ്​ട്രീയ പാർട്ടിയായ സി.പി.എമ്മിന്‍റെ സംസ്​ഥാന സെക്രട്ടറി വരെ ആ കാമ്പയിന് ചുക്കാൻപിടിച്ചു. മുസ്​ലിംകൾ എല്ലാം വാരിക്കൊണ്ടു പോകുന്നു എന്ന കോലാഹലത്തിന്‍റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു കോടിയേരിയുടെ കാമ്പയിനും. അങ്ങനെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം, അധികാരത്തിൽ വന്നവരുടെ കണക്കെടുപ്പിന് പ്രസക്തിയുണ്ടായിരുന്നു. പക്ഷേ, ഒരു മുസ്​ലിം മേയർ പോലും ഇല്ലെന്നതോ, മുസ്​ലിംകൾ വാരിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തിന് ചുക്കാൻ പിടിച്ച വിഭാഗത്തിന് ആറിൽ മൂന്ന് മേയർസ്​ഥാനം ലഭിച്ചതോ ചർച്ചപോലും ആയില്ല.

കോലാഹലമേട്ടിലെ മുസ്​ലിം വാരൽ

മുസ്​ലിംകൾ എല്ലാം വാരിക്കൊണ്ടുപോകുന്നുവെന്നത് സംഘ്​പരിവാറിന്‍റെ സ്​ഥിരം തുറുപ്പുശീട്ടായിരുന്നു. അതിൽ കൗതുകമില്ല. എന്നാൽ, കേരളത്തിൽ അടുത്തകാലത്തായി ഇത് ഒരു പൊതുബോധമായി പടർത്തുന്ന തരത്തിൽ തീവ്ര പ്രചാരണങ്ങൾ നടന്നു. സോഷ്യൽ മീഡിയ അത്തരം പ്രചാരണങ്ങളുടെ കോലാഹലമേടായി മാറി. ഇതിൽ മുന്നണിഭേദമില്ല. ഇരുപത് കൊല്ലംകൊണ്ട് കേരളം ഇസ്​ലാമിക് സ്​റ്റേറ്റായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയത് മാർക്സിസ്​റ്റ്​ വെറ്ററൻ വി.എസ്.​ അച്യുതാനന്ദനാണ്. തങ്ങളുടെ സഖ്യകക്ഷി, രാഷ്​ട്രീയമായി അവർക്ക് അവകാശപ്പെട്ട, ഒരു അധിക മന്ത്രിസ്​ഥാനം ചോദിച്ചതിന്​ അഞ്ചാം മന്ത്രി എന്നൊരു പ്രയോഗം ഉണ്ടാക്കി വലിയ സാമൂഹിക വയറിളക്കത്തിന് കാരണമാക്കിയത് കോൺഗ്രസുകാരാണ്. കോലാഹലമേട്ടിൽ ഈ വക ആർപ്പുവിളികൾ ആവർത്തിക്കപ്പെടുമ്പോഴും യഥാർഥ മുസ്​ലിം അവസ്​ഥ നേർവിപരീതമായിരുന്നു. മുസ്​ലിംകൾ ഏറെ പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗമാണെന്ന് ശാസ്​ത്ര സാഹിത്യപരിഷത്തിന്‍റെ കേരളപഠനം, നരേന്ദ്രൻ കമീഷൻ റിപ്പോർട്ട്, സച്ചാർ കമ്മിറ്റി റിപ്പോർട്ട് തുടങ്ങി എല്ലാ ഔദ്യോഗിക/ആധികാരിക പഠനങ്ങളും അടിവരയിടുന്നു. കേരള ഇക്കണോമിക് റിവ്യൂ പ്രകാരം മുസ്​ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറമാണ് സംസ്​ഥാനത്ത് എല്ലാ വർഷവും ജി.ഡി.പിയിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് എന്നത് പലർക്കുമറിയില്ല.

സംസ്​ഥാനത്ത് മുസ്​ലിംകൾ വലിയ രാഷ്​ട്രീയശക്തിയാണ് എന്നൊരു പ്രതീതി നാട്ടിലുണ്ട്. എന്നാൽ, സംസ്​ഥാനത്ത് പതിമൂന്നാം നിയമസഭയിൽ മാത്രമാണ് മുസ്​ലിംകൾക്ക് ആനുപാതിക പ്രാതിനിധ്യം ഉണ്ടായിരുന്നത് എന്നത്​ എത്ര പേർക്കറിയാം? ആനുപാതിക പ്രാതിനിധ്യത്തിൽ സംസ്​ഥാനത്ത് ദലിതുകൾക്കും പിറകെയാണ് മുസ്​ലിംകളുടെ സ്​ഥാനം. അമിതമായ ദൃശ്യത, പ്രാതിനിധ്യത്തിലെ അനീതി എന്ന ഇരട്ട പ്രതിസന്ധി പേറുന്നവരാണ് കേരളത്തിലെ മുസ്​ലിംകൾ. അതേസമയം, അങ്ങനെയൊരു പ്രതിസന്ധിയുണ്ട് എന്ന് പറയാൻപോലും പറ്റാത്ത നിസ്സഹായാവസ്​ഥയിലാണ് കേരളത്തിലെ മുസ്​ലിം രാഷ്​ട്രീയം. അങ്ങനെ പറയുന്നവരെ എളുപ്പം തീവ്രവാദികളാക്കി മാറ്റുന്ന അധീശ ആഖ്യാനപദ്ധതി ഇവിടെ നിലനിൽക്കുന്നുണ്ട്. കൗതുകകരമായ കാര്യം, ഈ ആഖ്യാനപദ്ധതിക്ക് തുടക്കം കുറിച്ചവരിൽ പ്രധാനികൾ മുസ്​ലിം രാഷ്​ട്രീയത്തി​െൻറ വക്താക്കളായ മുസ്​ലിംലീഗായിരുന്നു എന്നതാണ്. ഇന്ന് അതേ പദ്ധതി അവർക്ക് നേരെ തിരിഞ്ഞു കുത്തുന്നു. കണക്ക് പറഞ്ഞ് സീറ്റുകളും സ്​ഥാനങ്ങളും ചോദിക്കാൻ പോലും അവർക്ക് സാധിക്കാത്ത വിധം ഈ ആഖ്യാനപദ്ധതി ആധിപത്യം നേടി. കണക്ക് പറയുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ലീഗ് നേതൃത്വം വിചാരിക്കുന്നു. അതിനാൽ കണക്കു പറയാതെ, അവകാശങ്ങൾ ചോദിക്കാതെ നിസ്സഹായതയുടെ രാഷ്​ട്രീയം കൊണ്ടു നടത്താനാണ് അവർ ആഗ്രഹിക്കുന്നത്. യഥാർഥത്തിൽ ശരിയായ കണക്കുകൾ അധീശവിഭാഗങ്ങളുടെ ആഖ്യാനങ്ങളെ പ്രഹരിക്കുന്നതാണ്.

പിന്നാക്കം ദുഃഖമാണുണ്ണീ; മുന്നാക്കമല്ലോ സുഖപ്രദം

പട്ടികജാതി-വർഗ വിദ്യാർഥികൾക്കായി സ്​കോളർഷിപ്പ് പദ്ധതികൾ സംസ്​ഥാനത്തുണ്ട്. വിവിധ സ്​ഥലങ്ങളിൽ അവർക്ക് ഹോസ്​റ്റലുകൾ പ്രവർത്തിക്കുന്നു. ആ ഹോസ്​റ്റലുകളിൽ തങ്ങൾക്കും സൗകര്യം വേണമെന്ന് പറഞ്ഞ്, ആ സ്​കോളർഷിപ്പിൽ തങ്ങൾക്കും വിഹിതം വേണമെന്ന് പറഞ്ഞ് മറ്റ് സമൂഹങ്ങൾ ബഹളമുണ്ടാക്കിയത് കണ്ടിട്ടില്ല. കാരണം, അത് സമൂഹത്തിലെ ഒരു പ്രത്യേകവിഭാഗത്തിന്‍റെ ഉന്നമനത്തിന് വേണ്ടിയുണ്ടാക്കിയ സംവിധാനമാണ്. ദുർബലരെ സവിശേഷമായി പരിഗണിക്കുക എന്ന ജനാധിപത്യബോധത്തിന്‍റെ ഭാഗമാണ് പുതിയ രാഷ്​ട്രീയ പദാവലിയിൽ ഭാവാത്മക വിവേചനം എന്ന് പറയപ്പെടുന്ന ആശയം. ജസ്​റ്റിസ്​ രജീന്ദർ സച്ചാർ കമീഷൻ നിയോഗിക്കപ്പെടുന്നത് ആ കാഴ്ചപ്പാടിന്‍റെ ഭാഗമാണ്. ഇന്ത്യയിൽ മുസ്​ലിംകൾ ദലിതുകളെക്കാൾ പിറകിലാണ് എന്നതാണ് ആ രേഖയുടെ കണ്ടെത്തൽ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ നടപ്പാക്കുന്നതിന്‍റെ വഴികളാണ് പാലോളി കമ്മിറ്റി അന്വേഷിച്ചത്. അവർ നൽകിയ ശിപാർശകളിൽ ചിലത് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് വലിയ പുകിലുകളുണ്ടാക്കിയത്. വളരെ ചെറിയ ബജറ്റ് വിഹിതമുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏതാനും ആയിരം വിദ്യാർഥികൾക്ക് നൽകുന്ന സ്​കോളർഷിപ്പുകളുടെ പേരിലാണ് നല്ല സമരിയക്കാർ വൻ വർഗീയപ്രചാരണം അഴിച്ചുവിട്ടത്. അവസാനം അത് കോടതിയിലെത്തുകയും കോടതി ഈ പ്രചാരണങ്ങളോട് താദാത്മ്യപ്പെട്ട് വിധി പറയുകയും ചെയ്​തു.

മുസ്​ലിം ഉന്നമനത്തിനുണ്ടാക്കിയ പദ്ധതികളിൽ തങ്ങൾക്ക് വിഹിതം ലഭിക്കുന്നില്ല എന്ന് മറ്റുള്ളവർ വാദം ഉയർത്തുന്നത് വിചിത്രമാണ്. എസ്​.സി/എസ്​.ടി സ്​കീമുകളിൽ മുസ്​ലിംകൾ അവകാശം ചോദിക്കുന്നത് പോലെയാണത്. പക്ഷേ, അങ്ങനെയൊരു വാദമുന്നയിച്ച് വർഗീയ പ്രചാരണം നടത്തിയവർ മാന്യന്മാരായി. പൂർണമായി മുസ്​ലിംകൾക്ക് നിശ്ചയിക്കപ്പെട്ട സ്​കീമിൽ 20 ശതമാനം മാറ്റിവെച്ചത് കേരളത്തിലെ മുസ്​ലിംകളുടെ നിസ്സഹായാവസ്​ഥയുടെ പ്രതിഫലനം കൂടിയാണ്. ക്രൈസ്​തവരിലെ പിന്നാക്ക ലത്തീൻ/പരിവർത്തിത വിഭാഗങ്ങളുടെ ഏകദേശ കണക്ക് വെച്ചാണ് 20 എന്ന കണക്ക് നിശ്ചയിക്കുന്നത്. എന്നാൽ, അത് പോലും അംഗീകരിക്കാൻ സവർണ അധീശ ക്രൈസ്​തവ നേതൃത്വം സന്നദ്ധമായില്ല. അവർ നടത്തിയ വർഗീയ പ്രചാരണത്തെ പ്രതിരോധിക്കേണ്ട ചുമതല സർക്കാറിനും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കുമായിരുന്നു. എന്നാൽ, ത​െൻറ 'സിമി' ഭൂതകാലം കാരണമുള്ള അപകർഷബോധത്താൽ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാനോ ദുഷ്പ്രചാരണം തടയാനോ മന്ത്രി സന്നദ്ധനായില്ല. ഈ പ്രചാരണഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന മുസ്​ലിം വിരുദ്ധത കാരണം അൽപം വോട്ട് പോരുകയാണെങ്കിൽ പോരട്ടെ എന്ന നിലപാടാണ് മൊത്തത്തിൽ ഇടതുനേതൃത്വവും സ്വീകരിച്ചത്.

ന്യൂനപക്ഷക്ഷേമം ഭരണഘടനാപരമാണെങ്കിലും അതിൽ ഉപവർഗീകരണങ്ങൾ പാടില്ല എന്ന നിലപാടിൽനിന്നാണ് ഹൈകോടതി 80:20 സ്​കീമിനെ തള്ളിക്കളഞ്ഞത്. ഹൈകോടതി നിലപാട് അടിസ്​ഥാനമാക്കിയാൽ അത് ഒട്ടനവധി നിയമപ്രശ്നങ്ങൾ സൃഷ്​ടിക്കും. അതുപ്രകാരം, സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോശി കമ്മിറ്റിയും അസാധുവായി മാറും. പരിവർത്തിത ൈക്രസ്​തവ കോർപറേഷനും അതിന്‍റെ കീഴിലെ ക്ഷേമ പദ്ധതികളും നിർത്തിവെക്കേണ്ടി വരും. ക്രിസ്​തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് മാത്രം എന്തുകൊണ്ട് പ്രത്യേക ക്ഷേമ പദ്ധതികൾ എന്ന ചോദ്യം മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്കും ചോദിക്കാമല്ലോ. ചുരുക്കത്തിൽ ഭാവാത്മക വിവേചനം, സവിശേഷ പരിഗണന തുടങ്ങിയ ജനാധിപത്യ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ് ഹൈകോടതി വിധി.

മുസ്​ലിംകൾ കേരളത്തിൽ മുന്നാക്ക സമൂഹമാണ്, അവർക്ക് പിന്നാക്ക ന്യൂനപക്ഷ ആനുകൂല്യങ്ങൾ ആവശ്യമില്ല എന്നൊരു വാദം കോലാഹലമേട്ടുകാർ ഉയർത്താറുണ്ട്. എങ്കിൽ, കേരളത്തിലെ വിവിധ സമൂഹങ്ങളുടെ സ്​ഥിതിയെക്കുറിച്ച് ധവളപത്രം പ്രസിദ്ധീകരിക്കൂ എന്നാണ് ഇതിനോടുള്ള മുസ്​ലിം സംഘടനകളുടെ പ്രതികരണം. ഇത് മറ്റൊരു നിസ്സഹായതയാണ്. സച്ചാർ കമീഷൻ, മിശ്ര കമീഷൻ, കുണ്ടു കമീഷൻ, നരേന്ദ്രൻ കമീഷൻ, പാലോളി കമ്മിറ്റി എന്നിങ്ങനെ നിരവധി ധവള പത്രങ്ങൾ നിലവിൽ ഇവിടെയുണ്ട്. ഇനിയുമൊരു ധവള പത്രം താങ്ങാനുള്ള ശേഷി സമുദായത്തിനില്ല. മേൽ ധവളപത്രങ്ങളിലെ ശിപാർശകൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. അത്​ നടപ്പിലാക്കാതിരിക്കാനുള്ള അടവെന്ന നിലക്കാണ് മുസ്​ലിം മുന്നാക്കസിദ്ധാന്തം അവതരിപ്പിക്കപ്പെടുന്നത്. അപ്പോൾ പിന്നെയും മറ്റൊരു ധവളപത്രം ആവശ്യപ്പെടുന്നത് രാഷ്​ട്രീയ നിസ്സഹായാവസ്​ഥയാണ്. വന്നുകഴിഞ്ഞ ധവളപത്രങ്ങളിലെ ശിപാർശകൾ നടപ്പിലാക്കൂ എന്ന് ഭരണകൂടത്തോട് ഉച്ചത്തിൽ ആവശ്യപ്പെടേണ്ട സന്ദർഭമാണിത്.

ഇനി, മുസ്​ലിംകൾ മുന്നാക്കസമുദായമാണ് എന്ന് അംഗീകരിക്കപ്പെട്ടാൽ കേരളത്തിൽ അത് വലിയ പ്രയാസമൊന്നുമുണ്ടാക്കില്ല. നിലവിലെ സാഹചര്യത്തിൽ പിന്നാക്കസമൂഹങ്ങളെക്കാൾ ആനുകൂല്യങ്ങളും സംവരണവും കേരളത്തിൽ ലഭിക്കുന്നത് മുന്നാക്ക സമൂഹങ്ങൾക്കാണ്. മുന്നാക്കസംവരണം ആരംഭിച്ചത് മുതലുള്ള എം.ബി.ബി.എസ്​, മെഡിക്കൽ പി.ജി അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനം മാത്രം നോക്കിയാൽ ഇത് വ്യക്തമാവും. 25 ശതമാനം വരുന്ന മുസ്​ലിംകളെക്കാൾ എത്രയോ കൂടുതലാണ് 20 ശതമാനം വരുന്ന മുന്നാക്ക സമുദായത്തിന് ലഭിച്ച സംവരണം. മുന്നാക്ക വികസന കോർപറേഷനും ന്യൂനപക്ഷകോർപറേഷനും നൽകുന്ന സ്​കോളർഷിപ്പുകൾ താരതമ്യം ചെയ്തുനോക്കൂ; മുന്നാക്കക്ഷേമം പിന്നാക്ക ന്യൂനപക്ഷക്ഷേമത്തേക്കാൾ മുന്നിലാണ്​. സംസ്​ഥാനത്ത് കാബിനറ്റ് പദവിയുള്ള ഏക കോർപറേഷൻ ചെയർമാൻ മുന്നാക്ക ക്ഷേമ കോർപറേഷ​േൻറതാണ്. സച്ചാർ, മിശ്ര, കുണ്ടു, നരേന്ദ്രൻ എന്നിങ്ങനെ പലജാതി കമീഷനുകളൊന്നും ഇല്ലാതെ തന്നെയാണ് മുന്നാക്കക്ഷേമത്തിന് ഇത്ര മഹത്തായ പദ്ധതികളുണ്ടായത്. കഴിഞ്ഞ ഇടതുസർക്കാർ കൊണ്ടുവന്ന ഈ മഹത്തായ സാമൂഹികവിപ്ലവത്തിന് ശേഷം മുന്നാക്ക സമുദായമായി ലിസ്​റ്റ്​ ചെയ്യപ്പെടുന്നത് മുസ്​ലിംകൾക്ക് നഷ്​ടമൊന്നും വരുത്തില്ല. 80:20 റദ്ദാക്കിയ കോടതിവിധിക്ക് ശേഷം, ഒരേസമയം ന്യൂനപക്ഷക്ഷേമ ആനുകൂല്യങ്ങൾക്കും മുന്നാക്കക്ഷേമ ആനുകൂല്യങ്ങൾക്കും അർഹരായിരിക്കുകയാണ് കേരളത്തിലെ മുന്നാക്ക ക്രൈസ്​തവർ. മുസ്​ലിംകളെയും മുന്നാക്കവിഭാഗമായി ലിസ്​റ്റ്​ ചെയ്താൽ അവർക്കും ആ ഇരട്ട ആനുകൂല്യങ്ങൾ ലഭിക്കാവുന്നതേയുള്ളൂ!

സവർണ അധീശ ന്യൂനപക്ഷത്തിന്‍റെ സമ്മർദത്തിന് ഭരണകൂടം വിധേയരായി നിൽക്കുകയും ഇരയാക്കപ്പെട്ടവർ അവഹേളിക്കപ്പെടുകയും ചെയ്യുന്ന അവസ്​ഥയാണ് നിലനിൽക്കുന്നത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ ഈ അവഹേളനം ദൃശ്യമാണ്. മുഖ്യമന്ത്രി ഒരു വകുപ്പ് ഏറ്റെടുക്കുന്നത് അതിന് സവിശേഷ പ്രാധാന്യം നൽകുമെന്ന ന്യായം നിലനിൽക്കുമ്പോൾ തന്നെ ഒരു ദുഷ്പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ആ ഏറ്റെടുക്കൽ എന്നത് അത്രയെളുപ്പം മറക്കാൻ കഴിയില്ല. അതിനുശേഷമാണ് മറ്റൊരു അവഹേളനവും ആഘാതവുമായി കോടതിവിധി വന്നിരിക്കുന്നത്. സംസ്​ഥാനത്ത് 25 ശതമാനം വരുന്ന ഒരു ജനതയെ ഈ വിധം സാമൂഹികമായി അവഹേളിക്കുന്നത് ഗുണകരമാണോ എന്ന് ഇടതുപക്ഷ നേതൃത്വം ആലോചിക്കുന്നത് നല്ലതാണ്. പ്രചണ്ഡമായ പ്രചാരണങ്ങളാണോ, കൃത്യമായ വസ്​തുതകളും കണക്കുകളുമാണോ തങ്ങളുടെ നിലപാടുകളെ രൂപപ്പെടുത്തുന്നതെന്ന് രാഷ്​ട്രീയ, ഭരണ നേതൃത്വം ആത്മപരിശോധന നടത്തണം.

80:20 അനുപാതം റദ്ദാക്കിയ കോടതി നടപടി ഏതാനും സ്​കോളർഷിപ്പുകൾ നഷ്​ടപ്പെടുന്ന പ്രശ്നമല്ല. ഒരു സമൂഹത്തോട് ഭരണകൂടം സ്വീകരിക്കുന്ന ഇരട്ട സമീപനത്തിന്‍റെ പ്രശ്നമാണ്. തങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് വിചാരിക്കുന്ന ഒരു ജനതക്ക് നീതി ലഭ്യമാക്കാൻ സർക്കാറിന് സാധിക്കുമോ എന്നതാണ് ഇത് ഉയർത്തുന്ന ഏറ്റവും സുപ്രധാനമായ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - quoting facts and figures is injurious to health
Next Story