Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅതിരപ്പിള്ളി പദ്ധതി...

അതിരപ്പിള്ളി പദ്ധതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
cancel

ഉയരുന്ന താപനിലയും താഴുന്ന ജലനിരപ്പും ഉയര്‍ത്തുന്ന വെല്ലുവിളികളിലൂടെയാണ് കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളിയെ കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രം സഹായിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെക്കുറിച്ച് മാത്രമാകരുത് കേരളത്തിന്‍െറ ചര്‍ച്ച. കടുത്ത ചൂടില്‍നിന്ന് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എങ്ങനെ മോചനം നേടാനാകുമെന്ന് നാം ചര്‍ച്ച ചെയ്യണം. കുടിക്കാനും കുളിക്കാനും അന്നം വിളയിക്കാനും ആവശ്യമായ ശുദ്ധജലം എങ്ങനെ ലഭ്യമാക്കാമെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണം. വെളിച്ചത്തിനും കാറ്റിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വൈദ്യുതിയെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യണം.

ഇന്നത്തെ കേരള മന്ത്രിസഭ നിലവില്‍വന്നയുടന്‍ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദപ്രസ്താവനകള്‍ക്കുശേഷം സമവായമുണ്ടെങ്കിലേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തുവന്നിരുന്നത്. 2017 ഡിസംബര്‍ 28ന് നിയമസഭയിലും സര്‍ക്കാര്‍ ഈ നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്. മന്ത്രിയുടെ ഈ നിലപാട് ഞങ്ങള്‍ വിശ്വസിക്കുന്നു. നിലവില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും നടക്കുന്നില്ളെന്നാണല്ളോ മന്ത്രിയുടെ നിലപാടില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പദ്ധതി നടപ്പാക്കാന്‍ സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ടുപോകുകയാണെന്നാണുള്ളത്. സമവായത്തിലൂടെ അന്തിമതീരുമാനം കൈക്കൊള്ളുമെന്ന മന്ത്രി എം.എം. മണിയുടെ നിലപാടിന് വിരുദ്ധമാണിത്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ മറുപടി തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകണം. അല്ലാത്തപക്ഷം സഭയെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന ഗുരുതരമായ സന്ദേഹം ഉയരാനിടയാക്കും.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സംവാദങ്ങളും വിവാദങ്ങളും പദ്ധതിയെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. അതിശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ക്കും വിജയകരമായ നിയമപോരാട്ടങ്ങള്‍ക്കും വിധേയമായിട്ടുണ്ട് പദ്ധതി നിര്‍ദേശം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും ഒരു ഓര്‍മപ്പെടുത്തലെന്ന നിലയില്‍ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ സൂചിപ്പിക്കാം.

ചാലക്കുടിപ്പുഴക്ക് കുറുകെ വാഴച്ചാല്‍ ജലപാതത്തിന് 500 മീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരവും 311മീറ്റര്‍ നീളവും ഉള്ള ഒരു അണക്കെട്ട് പണിയാനാണ് ഉദ്ദേശിക്കുന്നത്.

അവിടെ സംഭരിക്കപ്പെടുന്ന വെള്ളം ആറു മീറ്ററിലധികം വ്യാസമുള്ള ടണല്‍ വഴി കൊണ്ടുപോയി വെള്ളച്ചാട്ടത്തിനും രണ്ടു കിലോമീറ്റര്‍ താഴെയുള്ള കണ്ണംകുഴി തോടിന്‍െറ കരയിലെ പവര്‍ ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കും.

പ്രധാന പവര്‍ഹൗസില്‍ 80 മെഗാവാട്ടിന്‍െറ രണ്ട് ജനറേറ്ററുകളും വെള്ളച്ചാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഡാം ടോ പവര്‍ഹൗസില്‍ 1.5 മെഗാവാട്ടിന്‍െറ രണ്ട് ജനറേറ്ററുകളും ഉള്‍പ്പെടെ 163 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിത ശേഷി. വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം പ്രതിവര്‍ഷം 212 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാനാകുക.

പ്രത്യാഘാതങ്ങള്‍
 പദ്ധതിക്കായി നഷ്ടപ്പെടുന്ന 140 ഹെക്ടര്‍ കാട് സവിശേഷ പാരിസ്ഥിതിക പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതീവ ജൈവവൈവിധ്യ സമ്പന്നമായ പുഴയോരക്കാടുകളും വംശനാശഭീഷണി നേരിടുന്നവ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥകളും ആനകളുടെ സഞ്ചാരപഥവുമെല്ലാം ഇവിടത്തെ പാരിസ്ഥിതിക സവിശേഷതകളാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ കമ്മിറ്റികള്‍ പരിസ്ഥിതി ലോലപ്രദേശമായി കണ്ടത്തെിയ സ്ഥലം കൂടിയാണിത്.

ആദിവാസികളുടെ രണ്ട് ഊരുകളെ പദ്ധതി ദോഷകരമായി ബാധിക്കും. വാഴച്ചാല്‍, പൊകലപ്പാറ ഊരുകളിലായി ഏകദേശം 95 കുടുംബങ്ങളാണ് താമസിക്കുന്നത്. വനാവകാശനിയമപ്രകാരം കമ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സസ് റൈറ്റ് ലഭിച്ചിട്ടുള്ള ഈ ആദിവാസികളുടെ അനുമതിയില്ലാതെ പദ്ധതി ഇവിടെ നടപ്പാക്കാനാകില്ല. ഇവര്‍ പദ്ധതി നടപ്പാക്കരുതെന്ന് തീരുമാനമെടുത്തിട്ടുണ്ട്. പദ്ധതിക്കെതിരെ ബഹു. ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.

മഴക്കാലത്ത് സെക്കന്‍റില്‍ 30,000 മുതല്‍ 1,00,000 ലിറ്റര്‍ വരെയും (പ്രളയസമയത്തൊഴികെ) വേനലില്‍ സെക്കന്‍റില്‍ 12,000 മുതല്‍ 16,000 ലിറ്റര്‍ വരെയുമാണ് ജലപാതങ്ങളിലെ നീരൊഴുക്ക്. എന്നാല്‍, അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ ഇത് സെക്കന്‍റില്‍ 7650 ലിറ്റര്‍ മാത്രമാകും.

പുഴയില്‍ മിക്കവാറും സമയം ഡാം ടോ പവര്‍ഹൗസില്‍നിന്നുള്ള തുച്ഛമായ വെള്ളമേ ഉണ്ടാകൂ എന്നതിനാല്‍ ഇത് തുമ്പൂര്‍മുഴി ജലസേചനപദ്ധതിയെ ബാധിക്കും. തൃശൂര്‍, എറണാകുളം ജില്ലയിലെ ഇരുപതിലധികം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 14,000 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനത്തെയാണിത് ബാധിക്കുക. മഴക്കാലത്ത് പെരിങ്ങല്‍കുത്ത് ജലസംഭരണി നിറയുന്ന വേളകളില്‍ പെരിയാര്‍ നദീതടത്തിലെ ഇടമലയാറിലേക്ക് വെള്ളം തിരിച്ചുകൊണ്ടുപോകുന്നുണ്ട്. 2002നും 2012നും ഇടയില്‍ പ്രതിവര്‍ഷം ശരാശരി 280 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് തിരിച്ചുകൊണ്ടുപോയത്. ഈ ജലം കൂടി ചേര്‍ത്താണ് ഇന്ന് പെരിയാറിന്‍െറ വേനല്‍ക്കാല ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത്. ഇടമലയാറില്‍ ഈ ജലം ഉപയോഗിച്ച് 70 ദശലക്ഷം ഘനമീറ്റര്‍ അധിക വൈദ്യുതോല്‍പാദനവും നടക്കുന്നുണ്ട്. അതിരപ്പിള്ളി പദ്ധതിക്കായി ഈ ജലകൈമാറ്റം -ഇടമലയാര്‍ ഓഗ്മെന്‍േറഷന്‍ സ്കീം-നിര്‍ത്തലാക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇതോടെ പെരിയാറിലെ വേനല്‍ക്കാല ജലലഭ്യതയെയും ഇടമലയാറിലെ വൈദ്യുതോല്‍പാദനത്തെയും അതിരപ്പിള്ളി പദ്ധതി ബാധിക്കും.

ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തട്ടെ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് വര്‍ദ്ധിക്കുന്ന ചൂടിനെക്കുറിച്ചും കടുത്ത ജലക്ഷാമത്തെക്കുറിച്ചുമാണ്. അരനൂറ്റാണ്ടിനിടെ സംസ്ഥാനത്തെ താപനിലയില്‍ 0.9 ഡിഗ്രി വര്‍ധനവുണ്ടായതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമഘട്ടമേഖലകളില്‍ ഈ വര്‍ധന 1.4 ഡിഗ്രി സെല്‍ഷ്യസാണ്. 1950കള്‍ക്കുശേഷം കേരളത്തിലെ ശരാശരി മഴലഭ്യതയില്‍ കുറവുണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനം മൂലം ഇവിടെ മഴയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. വരാനിരിക്കുന്ന വലിയ വെല്ലുവിളികളിലേക്കുള്ള ചൂണ്ടുപലകകളായി 2016നെയും 2017നെയും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ജല, കാര്‍ഷിക, ആരോഗ്യമേഖലകളിലെല്ലാം മാറുന്ന കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുന്നുമുണ്ട്. എന്നാല്‍, നമ്മള്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെയെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്‍െറ കണക്കില്‍പെടുത്തി അത് ആഗോളപ്രശ്നമാണെന്ന മട്ടില്‍ കൈയൊഴിയാന്‍ നമുക്കാകില്ല. സംസ്ഥാനത്തിന്‍െറ നിലനില്‍പിന്‍െറ അടിസ്ഥാനഘടകമായ പശ്ചിമഘട്ട മലനിരകളുടെ നാശത്തെക്കുറിച്ച് സംസാരിക്കാതെ കേരളം ഇന്ന് നേരിടുന്ന പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യാനാകില്ല. ഇരുപതാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ സംസ്ഥാനത്തിന്‍െറ ഭൂവിസ്തൃതിയുടെ 45 ശതമാനം വനമായിരുന്നു. ഇന്ന് വനങ്ങളുടെ ധര്‍മം നിര്‍വഹിക്കാന്‍ കഴിയുന്ന സ്വാഭാവിക ആവാസവ്യവസ്ഥകള്‍ കേവലം അഞ്ചോ ആറോ ശതമാനം മാത്രമാണ്.

നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതിക്കായി 140 ഹെക്ടര്‍ കാട് നശിപ്പിക്കണമെന്ന് പറയുന്നവര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള വനഭൂമി സംരക്ഷിക്കുക മാത്രമല്ല, സാധ്യമായ ഇടങ്ങളിലെല്ലാം ക്ഷയിച്ച വനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി തുടങ്ങേണ്ടിയിരിക്കുന്നു. എന്തു വികസനത്തിന്‍െറ പേരിലായാലും ഇനി നശിപ്പിക്കാന്‍ കാടില്ല എന്ന് പൊതുസമൂഹം ഉറക്കെ പറയേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിനാശം മാത്രം വരുത്തുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കായി ചില കോണുകളില്‍നിന്ന് ശബ്ദമുയരുന്നത്. 80,000 മുതല്‍ 1,00,000 വരെ വന്‍മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുന്ന പദ്ധതിയെക്കുറിച്ചാണ് ഈ കടുത്ത വേനലിലും ഇവര്‍ സംസാരിക്കുന്നത്.

കാടിനും പുഴക്കും പുഴയെ ആശ്രയിക്കുന്ന മനുഷ്യരുള്‍പ്പെടെ ജീവജാലങ്ങള്‍ക്കും ദോഷങ്ങള്‍ മാത്രം വരുത്തുന്ന അതിരപ്പിള്ളി പദ്ധതി എന്നേക്കുമായി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മാറുന്ന കാലാവസ്ഥയും വര്‍ധിക്കുന്ന ജലക്ഷാമവും നേരിടാനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കണം. താല്‍ക്കാലിക നേട്ടത്തിനുപകരം വരുംതലമുറകളുടെ നിലനില്‍പിനായാണ് നാം ഒന്നിക്കേണ്ടത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aathirappalli
News Summary - the questions arise by aathirappalli
Next Story