Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപഞ്ചിങ്​ സംവിധാനവും...

പഞ്ചിങ്​ സംവിധാനവും കാര്യക്ഷമതയും

text_fields
bookmark_border
പഞ്ചിങ്​ സംവിധാനവും കാര്യക്ഷമതയും
cancel

സെക്ര​േട്ടറിയറ്റ് അടക്കമുള്ള പല ഓഫിസുകളിലും കഴിഞ്ഞ സർക്കാറി​​െൻറ കാലത്തുതന്നെ പഞ്ചിങ്​ സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ജീവനക്കാരുടെ ശമ്പളവിതരണ സംവിധാനമായ സ്​പാർക്കുമായി ബന്ധപ്പെടുത്താത്തതു കാരണം ഉദ്യോഗസ്​ഥർ അത് കാര്യമായി എടുത്തിരുന്നില്ല. ആദ്യമായി ഈ വർഷം ജനുവരി മുതൽ സെക്ര​േട്ടറിയറ്റിലെ പഞ്ചിങ്​ സംവിധാനം സ്​പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അതിനായി വ്യക്തമായ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. തുടക്കത്തിൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടായെങ്കിലും ഇപ്പോൾ അത് കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. മറ്റു വകുപ്പുകളിൽ ഒക്ടോബർ മുതൽ പഞ്ചിങ്​ സംവിധാനം സ്​പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ജീവനക്കാരുടെ വരവും പോക്കും ക്രമപ്പെടുത്താൻ പഞ്ചിങ്​ സംവിധാനത്തിനായെങ്കിലും ജോലി സമയബന്ധിതമായി ചെയ്തുതീർക്കുന്നതിൽ പുരോഗതി ഉണ്ടാ​യെന്നു പറയാൻ കഴിയാത്ത അവസ്​ഥയാണുള്ളത്. നേരത്തേ കൃത്യമായി ജോലിചെയ്യാതെ മുങ്ങുന്നവർ ഇപ്പോൾ ആധികാരികമായി മുങ്ങുകയാണ്. സമയത്തിന് എത്തുന്ന ഉദ്യോഗസ്​ഥർ ജോലിചെയ്യുന്നു എന്ന് ഉറപ്പുവരുത്താൻ ഒരു സംവിധാനവും ഇപ്പോൾ നിലവിലില്ല. ജീവനക്കാരുടെ ജോലി സംബന്ധിച്ച ഒരു മോണിറ്ററിങ്ങി​​​െൻറ അഭാവത്തിൽ ഓഫിസുകളിലെ പല ജീവനക്കാരും തങ്ങൾ ചെയ്യേണ്ട ജോലി ചെയ്തു തീർക്കുന്നതിൽ ഒരു ശുഷ്കാന്തിയും കാണിക്കുന്നില്ല. രാവിലെ വന്ന് ഒപ്പുവെച്ച് പുറംജോലികളിൽ ഏർപ്പെടുന്നവരും സംഘടന പ്രവർത്തനങ്ങളിൽ മുഴുകുന്നവരും ജീവനക്കാരിൽ ധാരാളമാണ്.
സ്വകാര്യ കമ്പനികളിലും ബാങ്കുകളിലുമൊക്കെ നടപ്പാക്കുന്നതുപോലെ ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ജോലികൾ നിർണയിച്ചുനൽകുകയും ഓഫിസിൽനിന്ന് പോകുമ്പോൾ ഓഫിസ്​ മേധാവിയുടെ മുന്നിൽ അതി​​​െൻറ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്ന രീതി ആവിഷ്കരിക്കുകയും ഈ റിപ്പോർട്ട് ആഴ്ചയിലൊരിക്കലോ മാസാന്ത്യമോ വകുപ്പ് മേധാവിക്ക് നൽകുകയോ ചെയ്യുന്ന സമ്പ്രദായം വന്നാലേ ജീവനക്കാരെക്കൊണ്ട് കൃത്യമായി പണിചെയ്യിക്കാനാകൂ. ഓഫിസുകളിൽ സി.സി ടി.വി സ്​ഥാപിച്ച്​ അവ സമയാസമയങ്ങളിൽ പരിശോധിക്കുന്നതും ഓഫിസുകളുടെ കാര്യക്ഷമത മനസ്സിലാക്കാൻ സഹായകമാകും. തങ്ങളുടെ മുന്നിൽ വരുന്ന പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് തനിക്ക് വേതനം കിട്ടുന്ന​െതന്ന ബോധം നഷ്​ടപ്പെടുന്നതാണ് ജീവനക്കാരുടെ കെടുകാര്യസ്​ഥതക്ക് കാരണം.

തീർപ്പാക്കുന്നതിലെ കാലതാമസം

ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിൽ തടസ്സമാവുന്നതിന്​​ ഉദ്യോഗസ്​ഥരുടെ അലംഭാവത്തോടൊപ്പം നിലവിലെ ഓഫിസ്​ നടപടിക്രമങ്ങളും നിയമങ്ങളും പ്രധാന കാരണമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ആവിഷ്കരിച്ച ഓഫിസ്​ നടപടിക്രമങ്ങളുടെ പ്രധാനഭാഗങ്ങൾ ഇന്നും നാം നിയമമായി കൊണ്ടുനടക്കുന്നു. ഒരു തപാൽ ലഭിച്ചാൽ ഇത്ര ദിവസത്തിനുള്ളിൽ സമർപ്പിച്ചാൽ മതി എന്നത് ഈ കമ്പ്യൂട്ടർ യുഗത്തിലും നമ്മുടെ ഓഫിസ്​ മാന്വലുകളിൽ നിലനിൽക്കുന്നുണ്ട്. ഫയൽ സമർപ്പിച്ചാൽതന്നെ അവ തീർപ്പാക്കുന്നതിൽ വിവിധ തട്ടുകൾ നിലനിൽക്കുന്നത് നടപടിക്രമങ്ങൾ വൈകാൻ കാരണമാകുന്നു. താഴെ ഓഫിസുകളിലാണെങ്കിൽ ക്ലർക്ക്, ഹെഡ്ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, ഓഫിസ്​ മേധാവി തുടങ്ങിയ തട്ടുകളിലൂടെ കടന്നുപോകുന്നു. താലൂക്ക്-ജില്ല തലങ്ങളിൽ തട്ടുകളുടെ എണ്ണം കൂടും. ഡയറക്ടറേറ്റുകളിൽ പിന്നെയും വർദ്ധിക്കും. അവസാനം എത്തുന്ന സെക്ര​േട്ടറിയറ്റിൽ തട്ടുകളുടെ എണ്ണം പിന്നെയും കൂടും.കഴിഞ്ഞ ഇടതുപക്ഷ സർക്കാറി​​​െൻറ കാലത്ത് സെക്ര​േട്ടറിയറ്റിലും ഡയറക്ടറേറ്റുകളിലും കേന്ദ്രീകരിച്ചിരുന്ന പല അധികാരങ്ങളും താഴെത്തട്ടിലേക്ക് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വളരെ കുറഞ്ഞ കാര്യങ്ങളിലേ അത് നടപ്പായുള്ളൂ. താഴെത്തട്ടിലുള്ളവർ റിസ്​ക് എടുക്കാൻ തയാറാകാതെ വന്നപ്പോൾ എല്ലാ ഫയലുകളും മുകളിലേക്ക് അയക്കുന്ന പ്രവണത കൂടിവന്നു. ഫലത്തിൽ അധികാരം കേന്ദ്രീകൃതമായിതന്നെ നിലനിൽക്കുന്നു.

ജീവനക്കാരുടെ വിന്യാസം
നേരത്തേ നടന്ന ഒരു പഠനത്തിൽ ഇപ്പോൾ സംസ്​ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്​ഥരുടെ പകുതിപ്പേരെക്കൊണ്ട് നമ്മുടെ ഭരണസംവിധാനം ഭംഗിയായി കൊണ്ടുപോകാൻ സാധിക്കുമെന്ന് വിലയിരുത്തുകയുണ്ടായി. ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുള്ള പല വകുപ്പുകളും സംസ്​ഥാനത്തുണ്ട്. ഓരോ കാലഘട്ടത്തിലും വരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് സൃഷ്​ടിച്ച തസ്​തികകൾ പിന്നീട് ആവശ്യമില്ലാതായെങ്കിലും തുടർന്നുപോരുകയും കാലാകാലങ്ങളിൽ പി.എസ്​.സി അതിലേക്ക്​ ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഉദ്യോഗസ്​ഥ വിന്യാസത്തിലെ ഈ അസന്തുലിതാവസ്​ഥ പല പഠനങ്ങളിലും സർക്കാറി​​​െൻറ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഉദ്യോഗസ്​ഥ ഭരണപരിഷ്കാര വകുപ്പും ഈ വിഷയത്തിൽ വിശദമായ പഠനം നടത്തുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്തതാണ്. വിവിധ വകുപ്പുകളിലെ അധികം വരുന്ന ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലേക്ക്​ പുനർവിന്യസിക്കാൻ കഴിഞ്ഞ സർക്കാറുകൾ തീരുമാനിച്ചെങ്കിലും ഭാഗികമായേ അവ നടപ്പിലായിട്ടുള്ളൂ. ജീവനക്കാരുടെയും സംഘടനകളുടെയും നിസ്സഹകരണംമൂലം അത് പരാജയപ്പെടുകയായിരുന്നു.

ഇ-ഓഫിസ്​ വ്യാപകമാവുകയും കമ്പ്യൂട്ടർവത്കരണം പൂർണമാകുകയും ചെയ്താൽ ഓഫിസുകളിലെ പല തസ്​തികകളും അപ്രസക്തമാകും.
ജീവനക്കാരിൽ അവകാശബോധം കൂടി വരുകയും ഉത്തരവാദിത്തബോധം കുറഞ്ഞുവരുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. സംഘടനാപ്രവർത്തനങ്ങളിൽ അടക്കം ജീവനക്കാർ പങ്കാളികളാകുന്നത് ഓഫിസ്​ സമയത്താണ്. സമയബന്ധിതമായി ജോലിചെയ്ത് തീർക്കുന്നതിനെക്കുറിച്ചുള്ള ഒരു അവബോധവും വളർത്താൻ ജീവനക്കാരുടെ സംഘടനകൾ മുതിരുന്നില്ല.

സിവിൽ സർവിസിനെ അഴിമതിമുക്തമാക്കുന്നതിന് സർവിസ്​ സംഘടനകളും സർക്കാറും നിരന്തരം പ്രസ്​താവനകൾ ഇറക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയുംബോധവത്​കരണം നടത്തുകയും എല്ലാം ചെയ്തുവരുന്നുണ്ട്. എന്നാൽ, ഏത് സർക്കാർ വന്നാലും അഴിമതി കൊടികുത്തി വാഴുന്ന വകുപ്പുകളെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്​ഥയാണുള്ളത്. അഴിമതിക്കെതിരെ ഘോരഘോരം ശബ്​ദമുയർത്തുന്ന സംഘടനകൾതന്നെ ഇവരിൽനിന്ന് പങ്കുപറ്റുന്നവരാണ്. രജിസ്​േട്രഷൻ, സിവിൽ സപ്ലൈസ്​, റവന്യൂ, ട്രാൻസ്​പോർട്ട്, പൊതുമരാമത്ത് വകുപ്പ്, ജലസേചനം, പോർട്ട്, തദ്ദേശസ്വയംഭരണ വിഭാഗങ്ങളിലേതടക്കമുള്ള എല്ലാ എൻജിനീയറിങ്​ വിഭാഗവും ഫോറസ്​റ്റ്​, സെയിൽസ്​ ടാക്സ്​, പൊലീസ്​ തുടങ്ങി വിവിധ വകുപ്പുകളിലും വ്യാപക പർച്ചേസ്​ നടത്തുന്ന വകുപ്പുകളിലും പരസ്യമായി നടക്കുന്ന അഴിമതിക്ക് എതിരെ ആരുവന്നാലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്​ഥയാണുള്ളത്. സിവിൽ സർവിസിനെ കാര്യക്ഷമമാക്കുന്നതിൽ സമഗ്രമായ അഴിച്ചുപണി അനിവാര്യമാണ്.
(തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ്​ റിട്ട. സീനിയർ അഡ്മിനിസ്​േട്രറ്റിവ് ഓഫിസറാണ് ലേഖകൻ)

Show Full Article
TAGS:punching kerala government kerala news malayalam news 
News Summary - Punching issue-Opnion
Next Story