മുറിവുകൾ ഉണങ്ങ​െട്ട;  നമുക്ക്​ മുന്നേറാം  

pulwama-tributre-to-soldiers

രാജ്യത്ത്​ പൊതുതെരഞ്ഞെടുപ്പ്​ ആസന്നമായ സമയത്താണ്​ കശ്​മീരിലെ പുൽവാമയിൽ 40 സൈനികരുടെ ദാരുണ മരണത്തിന്​ കാരണമായ ഭീകരാക്രമണം നടന്നത്​. ആക്രമണത്തെ നരേന്ദ്ര മോദി സർക്കാറും വിമർശകരും രണ്ടു രീതിയിലാണ്​ വിലയിരുത്തുന്നതെന്ന്​ കാണാം. കടുത്ത നടപടികൾക്കിടയിൽ താഴ്​വരയിൽ തീവ്രവാദ പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാറിന്​ കഴിയുന്നില്ലെന്ന്​ മോദിയുടെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. രണ്ടര ദശകം മുമ്പ്​ ഏറക്കുറെ പൂർണമായും അടിച്ചമർത്തപ്പെട്ട ജയ്​ശെ മുഹമ്മദ്​ വീണ്ടും താഴ്​വരയിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. പുൽവാമയിൽ ചാവേറായത്​ ആദിൽ അഹ്​മദ്​ ഡാർ എന്ന 21കാരനാണെന്നത്​, ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തിനുശേഷം ‘ന്യൂ ഏജ്’ തീവ്രവാദം കശ്​മീരിൽ രൂക്ഷമായതി​​െൻറ തെളിവാണെന്നും ഇവർ പറയുന്നു.

അതേസമയം, മറ്റു വിഷയങ്ങളിൽനിന്ന്​ ജ​നശ്രദ്ധ ദേശീയ സുരക്ഷയിലേക്ക്​ മാത്രം തിരിച്ചുവിടാൻ പുൽവാമ ആക്രമണം മോദിസർക്കാറിന്​ അവസരം നൽകിയെന്നും പറയാതെ വയ്യ. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ സമ്പദ്​ഘടനയുടെ തകർച്ചയും റഫാൽ ഇടപാടിലെ അഴിമതിയുമെല്ലാം അപ്രധാനമായി. സൈനികർക്ക്​ സർവാധികാരം നൽകിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണവും കാണാതിരുന്നുകൂടാ. കശ്​മീരികൾക്കെതിരായ വികാരം പൊതുസമൂഹത്തിൽ കുത്തിച്ചെലുത്തുന്നതാണ്​ നാം പിന്നീട്​ കാണുന്നത്​. ജമ്മുവിൽ സംഘ്​പരിവാർ പ്രവർത്തകർ ഉ​ൾപ്പെട്ട ജനക്കൂട്ടം കശ്​മീരി സർക്കാർ ഉദ്യോഗസ്​ഥരെയും വിദ്യാർഥികളെയും തദ്ദേശ മുസ്​ലിം വാസികളെയും ആക്രമിച്ചതിലൂടെയാണ്​ ഇതിന്​ തുടക്കം കുറിച്ചത്​. കർഫ്യൂ ലംഘിച്ചായിരുന്നു ഇൗ ആക്രമണം. കശ്​മീരി ഉദ്യോഗസ്​ഥരുടെ പാർപ്പിട കേന്ദ്രങ്ങൾ വളഞ്ഞ ജനക്കൂട്ടം അവരോട്​ സ്​ഥലംവിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്​ ബിഹാർ, ഡൽഹി, ഡറാഡൂൺ തുടങ്ങിയ സ്​ഥലങ്ങളിലേക്ക്​ വ്യാപിച്ചു. വ്യാപാരത്തിനും വിദ്യാഭ്യാസത്തിനും ​േജാലിക്കുമൊക്കെയായി താഴ്​വരക്കു​ പുറത്ത്​ താമസിക്കുന്ന കശ്​മീരികളാണ്​ ആശങ്കയുടെ മുൾമുനയിലായത്​.
ആദിൽ അഹ്​മദ്​ ഡാറി​െൻറ നിഷ്​ഠുരകൃത്യം വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്​. അയാളുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം മൊത്തം കശ്​മീരികളുടെ മേൽ ​ചുമത്തുന്ന കാഴ്​ചയാണ്​ കാണുന്നത്​. ദേശീയ രാഷ്​ട്രീയത്തി​​െൻറ കാവലാളുകൾ എന്ന്​ സ്വയം വിശേഷിപ്പിക്കുന്നവരുടെ ഉരിയാട്ടത്തിന്​ ​കോർപറേറ്റ്​ ​മീഡിയ ഇന്ധനം നൽകുകയാണ്​. ഗുജറാത്തിൽ നരേന്ദ്ര മോദിക്ക്​ വീണ്ടും അധികാരത്തിലെത്താൻ ഗോധ്ര സംഭവം എങ്ങനെ പ്രചാരണായുധമാക്കിയോ അതേ രീതിയിലാണ്​ ഇപ്പോഴത്തെ സംഭവങ്ങളും.

കശ്​മീരികളോട്​ പകപോക്കുന്നതിന്​ പകരം, ജയ്​ശ്​ തലവൻ മസ്​ഉൗദ്​​ അസ്​ഹറിനെ ചുമക്കുകയും താഴ്​വരയിലെ തീവ്രവാദത്തിന്​ സർവ പിന്തുണയും നൽകുകയും ചെയ്യുന്ന പാകിസ്​താനെതിരെ നടപടികൾ സ്വീകരിക്കുകയാണ്​ വേണ്ടത്​. നമ്മൾ കാണുന്നത്​ അതല്ല. പാകിസ്​താനെ അതിപ്രിയരാഷ്​ട്ര പദവിയിൽ നിന്നൊഴിവാക്കിയത്​ അത്ര കടുത്ത നടപടിയാണെന്ന്​ വിലയിരുത്താനാവില്ല. ഉറി അക്രമത്തിനുശേഷം നടന്ന വിവാദ മിന്നലാക്രമണം പോലെയുള്ള നടപടികൾക്ക്​ പകരം പാകിസ്​താന്​​ കനത്ത ആഘാതമാകുന്ന കടുത്തതും വിശ്വാ​സയോഗ്യവുമായ മറുപടിയാണ്​ ഇന്ത്യ നൽകേണ്ടതെന്നാണ്​ പ്രതിരോധ വിദഗ്​ധർ പറയുന്നത്. എന്നാൽ, കാര്യമായ യുദ്ധം നടക്കുന്നത്​ ടെലിവിഷൻ സ്​റ്റുഡിയോകളിലാണ്​. പുതിയ യുദ്ധ വാചാടോപം തെരഞ്ഞെടുപ്പിന്​ അരങ്ങൊരുക്കുന്നതിന്​ മാത്രമേ പ്രയോജനപ്പെടൂ. ഇത്തരം നടപടികൾ കശ്​മീരിൽ കടുത്ത ആഭ്യന്തര വെല്ലുവിളി ഉയർത്തുന്നു. താഴ്​വരയിലെ തീവ്രവാദ വിരുദ്ധ നടപടികൾ അപകടത്തിലാക്കാൻ ഇതു വഴിയൊരുക്കും. കഴിഞ്ഞ വർഷം കശ്​മീരിൽ 350 തീവ്രവാദികളെ കൊലപ്പെടുത്താൻ സുരക്ഷാസേനക്ക്​ കഴിഞ്ഞിരുന്നുവെന്ന കാര്യം മറക്കരുത്​. 

തീവ്രവാദികൾക്കെതിരായ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും പ്രതികരണത്തിൽ അത്ഭുതപ്പെടാനില്ല. താഴ്​വരയിലെ സ്​ഥിതിഗതികൾ 2016 മുതൽ യുദ്ധസമാനമാണെന്നാണ്​ കശ്​മീരികൾ, പ്രത്യേകിച്ച്​ താഴ്​വരയുടെ തെക്കു ഭാഗത്തുള്ളവർ പറയുന്നത്​. പുതിയ പ്രചാരണങ്ങൾ സ്​ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. വിഘടനവാദി നേതാക്കൾക്കെതിരായ നടപടികൾ വിചിത്രമാണെന്ന്​ കരുതുന്നവരുണ്ട്​. നാലു ഹുർറിയത്ത്​ നേതാക്കളുടെ സുരക്ഷ സർക്കാർ പിൻവലിച്ചിരിക്കുകയാണ്​. എന്നാൽ, തങ്ങൾ ഒരിക്കലും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും സർക്കാറി​​െൻറ വിലയിരുത്തലുകളെ തുടർന്നാണ്​ അത്​ ഏർപ്പെടുത്തിയതെന്നുമാണ്​ നേതാക്കൾ പറയുന്നത്. ഇവർക്ക്​ തീവ്രവാദി സംഘടനകളിൽനിന്ന്​ ഫണ്ട്​ ലഭിക്കുന്നുവെന്ന ആരോപണം എൻ.​െഎ.എ അന്വേഷിച്ചിരുന്നുവെങ്കിലും തെളിവുകൾ കണ്ടെത്താനായിരുന്നില്ല.

കശ്​മീരികൾക്കെതിരായ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക്​ കഴിയുമെങ്കിലും ഇത്​ തിരിഞ്ഞുകൊത്തുമെന്നും ഒാർക്കേണ്ടതുണ്ട്​. ഭാവിയിൽ തീവ്രവാദികൾ ചാവേറുകളെയും മറ്റും ഉപയോഗിച്ച്​ മറഞ്ഞുനിന്നുള്ള കടുത്ത ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നാണ്​ കരസേനയിലെ മുൻ ഉത്തര മേഖല കമാൻഡർ ലഫ്​. ജനറൽ എച്ച്​.എസ്​. പനാംഗ്​ പറയുന്നത്​. കശ്​മീർ തീർച്ചയായും അരാജകത്വത്തിലേക്ക്​ നീങ്ങുകയാണ്​. കഴിഞ്ഞ എട്ടുമാസമായി ജനങ്ങളെയും രാഷ്​ട്രീയ നേതാക്കളെയും അവമതിക്കുന്ന രീതിയിലാണ്​ സംസ്​ഥാനത്ത്​ ഭരണം നടക്കുന്നത്​. ഭരണ ചട്ടക്കൂടുതന്നെ മാറ്റിമറിക്കുകയാണ്​ ഗവർണർ ചെയ്യുന്നത്​. ലഡാക്കിനെ പ്രത്യേക ഡിവിഷനായി മാറ്റിയതാണ്​ ഒടുവിലത്തെ ഉദാഹരണം. സംസ്​ഥാനത്തി​​െൻറ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ്​.

കശ്​മീർ പ്രശ്​നം പരിഹരിക്കുന്നതിനുള്ള രാഷ്​ട്രീയ ഇ​ച്ഛാശക്​തി എവിടെയും കാണാനില്ലെന്നതാണ്​ വസ്​തുത. താഴ്​വരയിൽനിന്ന്​ ഭീകരത ഏറക്കുറെ തുടച്ചുനീക്കപ്പെടുകയും പാകിസ്​താ​െൻറ താൽപര്യങ്ങൾ നിഷ്​ക്രിയമാവുകയും ചെയ്​ത കാലം വളരെ മു​െമ്പാന്നുമല്ല. എന്നാൽ, ഇന്ന്​ കാര്യങ്ങൾ തകിടംമറിഞ്ഞിരിക്കുന്നു. പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാർ തകർന്നതോടെ മുഖ്യധാര രാഷ്​ട്രീയം ചോദ്യചിഹ്നമായി മാറി. താഴ്​വരയിലെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ രാഷ്​ട്രീയ നടപടികൾ ഇല്ലാതായതും ജനങ്ങൾക്കെതിരായ ഉരുക്കുമുഷ്​ടി പ്രയോഗവും ജനങ്ങളെ അന്യവത്​കരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത്​, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉണ്ടായ മോശമായ പോളിങ്​ ഇതി​​െൻറ ഉദാഹരണമാണ്​.

രാഷ്​ട്രീയ, തെരഞ്ഞെടുപ്പ്​ ​േനട്ടങ്ങൾക്കായി കശ്​മീരിനെ ഉപയോഗിക്കരുത്​. ശത്രുക്കളാൽ വലയംചെയ്യപ്പെട്ട ജനങ്ങളിലേക്ക്​ ഇറങ്ങിച്ചെല്ലുന്ന രാഷ്​ട്രീയ നടപടികളാണ്​ വേണ്ടത്​. ഉന്നതരിൽനിന്നുള്ള വൈകാരിക പ്രതികരണങ്ങൾ കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. കശ്​മീരിന്​ വേണ്ടത്​ യുദ്ധക്കൊതിയല്ല, മറിച്ച്​ മുറിവുകൾ ഉണക്കുന്ന തലോടലുകളാണ്​.

Loading...
COMMENTS