കെ.എൻ. പണിക്കർ; മതേതര ചരിത്ര രചനയുടെ കാവലാൾ
text_fieldsകെ.എൻ. പണിക്കർ
അയോധ്യയിലെ ചരിത്രപ്രാധാന്യമുള്ള ബാബരി മസ്ജിദ് തകർത്ത് ക്ഷേത്രം പണിയാനുള്ള സംഘപരിവാർ ശക്തികളുടെ നീക്കത്തെ അതിശക്തമായി എതിർത്തവരിൽ മുൻനിരക്കാരനായിരുന്നു ആധുനിക ഇന്ത്യാ ചരിത്ര രചനയിലെ അതികായനായ പ്രഫ. കെ.എൻ. പണിക്കർ. ചരിത്രത്തിന്റെ വികലവായനകളെ എതിർക്കാൻ ഒരു കാലത്തും അദ്ദേഹം മടികാണിച്ചിരുന്നില്ല.
മലബാർ കലാപം സംബന്ധിച്ച ‘മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ ഉൾപ്പെടെ പ്രൗഢമായ പത്തോളം ഗ്രന്ഥങ്ങൾ രചിച്ചു. ‘മലബാറിലെ കൊളോണിയൽ രേഖാശേഖരങ്ങൾ’, ‘ബാൽക്കോം റിപ്പോർട്ടുകൾ’, കേരളത്തിലെ ജാതി എന്നിങ്ങനെ പല പഠന ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തു. തെളിമയാർന്ന ചരിത്ര ബോധത്തോടെ ധീരമായി സംസാരിച്ചു. അദ്ദേഹം മുൻപ് ചെറുകഥകൾ എഴുതിയിരുന്നതായും എനിക്കറിയാം. ഞാൻ ഏറ്റവും അധികം ആദരിച്ചിരുന്ന ഇന്ത്യാ ചരിത്രകാരന്മാരിൽ ഒരാളാണ് കെ.എൻ. പണിക്കർ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന ബിപൻ ചന്ദ്ര, സതീഷ് ചന്ദ്ര, റോമില ഥാപ്പർ എന്നിവരെല്ലാം ആ ചരിത്രരചനാ വഴിയിലെ പ്രകാശഗോപുരങ്ങളായി. അവർ ഇന്ത്യാ ചരിത്രത്തിന്റെ ആധുനിക ഘട്ടത്തെ മാർക്സിയൻ കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്നതിലും മതേതര ചരിത്രരചനയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിലും മുൻപന്തിയിൽ നിന്നു.
കാലിക്കറ്റ് സർവകലാശാലയിൽ ഞാൻ വൈസ് ചാൻസലറായിരുന്ന കാലത്ത് പലപ്പോഴായി പല വിഷയങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഓരോ തവണയും അദ്ദേഹം സന്തോഷപൂർവം കലിക്കറ്റിലേക്കെത്തി. മലബാർ കലാപത്തിന്റെ 75-ാം വർഷം ഞങ്ങൾ മഞ്ചേരിയിൽ വിപുലമായി ആചരിച്ചത് ഓർമ്മയിൽ വരുന്നു. ചൈനീസ് പ്രതിനിധികളും ഇന്ത്യയിലെ പ്രമുഖ കാർഷിക ചരിത്രകാരന്മാരും പങ്കാളികളായ ആ സമ്മേളനം മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ ചർച്ചകൾ, വിദ്യാർഥികളോടുള്ള പെരുമാറ്റം എന്നിവയെല്ലാം മാതൃകാപരമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്, ഡൽഹിയിലെത്തുമ്പോഴെല്ലാം ബന്ധപ്പെടുന്നതും പതിവായിരുന്നു. ഞങ്ങൾ തമ്മിലെ ബന്ധത്തിന് ആക്കം കൂട്ടിയത് ഡോ. എം.ജി.എസ്. നാരായണനായിരുന്നു. ആ സുഹൃദ്വലയം ഇന്ത്യയിലെ ആധുനിക ചരിത്രരചനയിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള അവസരമായി മാറി. മലബാറിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെപ്പറ്റിയുള്ള രചനയിലുൾപ്പെടെ ആ ആത്മബന്ധം വഴികാട്ടിയായി. അദ്ദേഹവുമായുള്ള ഈ കൂട്ടുകെട്ടുതന്നെയാണ് മലബാർ സമരം ആറ് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഉദ്യമത്തിൽ ചീഫ് എഡിറ്ററായി പ്രവർത്തിക്കാൻ എന്നെ സഹായിച്ചത്.
തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു അവാർഡ് സമർപ്പണ ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. പ്രഫ.പണിക്കരുടെ വിയോഗം ഇന്ത്യയിലെ മതേതര ചരിത്രരചനയെ ദുർബലമാക്കിയേക്കുമെന്ന് എനിക്ക് തീർച്ചയായും ആശങ്കയുണ്ട്. ഈ ദുഃഖവേളയിലും ആ പരമ്പരയിലെ ഒരു കണ്ണിയായി നിൽക്കാൻ കഴിയുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

