Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരകയറാതെ സ്വകാര്യ...

കരകയറാതെ സ്വകാര്യ വിമാനക്കമ്പനികൾ

text_fields
bookmark_border
കരകയറാതെ സ്വകാര്യ വിമാനക്കമ്പനികൾ
cancel

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനി, 25 വർഷത്തെ പ്രവർത്തനപരിചയം, ഇത്രയും ദീർഘകാലം നിലനിന്ന സ്വകാര്യ വിമാനക്കമ്പനി, വിമാനയാത്രക്കാരിൽ വലിയ വളർച്ചയുള്ള ഇന്ത്യയിൽ പ്രവർത്തന മേഖല, ഇത്തിഹാദ്​ എയർവേസി​​െൻറ 24 ശതമാനം ഓഹരിനിക്ഷേപം. ഒരു വിമാനക്കമ്പനിക്കു സാമ്പത്തികമുന്നേറ്റം പ്രതീക്ഷിക്കാവുന്ന ഘടകങ്ങളൊക്കെ ഉണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ജെറ്റ്​ എയർവേസ്​ ഇന്നിപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്​ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. 19,000 കോടി രൂപ ബാധ്യതയുള്ള കമ്പനിയുടെ ആസ്​തി ഇന്നത്തെ വിലയിൽ 12,000 കോടി രൂപ മാത്രമാണ്. എന്നുപറഞ്ഞാൽ മുഴുവൻ ആസ്​തിയും വിറ്റഴിച്ചാലും 7000 കോടി രൂപയുടെ കടബാധ്യത ബാക്കിനിൽക്കുന്നു. കഴിഞ്ഞ 11 വർഷത്തിൽ രണ്ടു വർഷം മാത്രമാണ്​ ജെറ്റ്​ ലാഭത്തിലായത്​. ബാക്കി ഒമ്പതു വർഷവും നഷ്​ടത്തിലാണ്.

വ്യോമഗതാഗത അസോസിയേഷ​​​െൻറ (IATA) റിപ്പോർട്ടു​പ്രകാരം ഇതേ കാലയളവിൽ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു എന്നാണ്​ പറയുന്നത്. എന്നിട്ടും ജെറ്റ്​ എയർവേസിന്​ പിടിച്ചുനിൽക്കാനായില്ല. ബജറ്റ്​ വിമാനക്കമ്പനികളുടെ രംഗപ്രവേശനം വിമാനയാത്ര ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയാൻ കാരണമായി. ഇതാകട്ടെ, ജെറ്റി​​െൻറ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കി.

ജെറ്റ്​ എയർവേസിനു​ പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി ഉയർന്ന ഇൻഡിഗോ എയർ ഇക്കഴിഞ്ഞ ക്വാർട്ടറിൽ നഷ്​ടം രേഖപ്പെടുത്തിയതും മറ്റൊരു സ്വകാര്യ വിമാനക്കമ്പനിയായ സ്​പൈസ്​ ജെറ്റും തങ്ങളുടെ വിമാനവാടക അടക്കുന്നതിൽ താമസംവരുത്തിയതും രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികൾ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തി​​െൻറ ആഴം കാണിക്കുന്നതാണ്. പൊതുമേഖല സ്​ഥാപനമായ എയർ ഇന്ത്യയാകട്ടെ, സ്​ഥിരം നഷ്​ടത്തിലും. 40,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാധ്യത. സർക്കാറി​​െൻറ സാമ്പത്തികസഹായത്താൽ മാത്രം നിലനിൽക്കുന്ന എയർ ഇന്ത്യ സ്വകാര്യനിക്ഷേപരെ ഏൽപിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെങ്കിലും ഒരാളും നിക്ഷേപിക്കാൻ മുന്നോട്ടുവന്നില്ല. ഇതൊക്കെക്കൊണ്ടുതന്നെ എയർ ഇന്ത്യ ഈ അടുത്തൊന്നും കരകയറുന്ന ലക്ഷണം കാണുന്നില്ല.
1990കളുടെ തുടക്കത്തിലാണ് സാമ്പത്തിക ഉദാരീകരണ നയത്തി​​െൻറ ഭാഗമായി ഇന്ത്യൻ വ്യോമയാന മേഖലയും സ്വകാര്യ സംരംഭകർക്കു തുറന്നുകൊടുത്തത്. തുടക്കത്തിൽ ആഭ്യന്തര സർവിസുകൾക്കും പിന്നീട് അന്താരാഷ്​ട്ര സർവിസുകൾക്കും അനുമതി നൽകി. മാത്രമല്ല, സ്വകാര്യ വിമാനക്കമ്പനികളെക്കൂടി മുഖ്യധാരാ ഷെഡ്യൂൾഡ്​ എയർലൈൻസ്​ വിഭാഗത്തിൽപെടുത്തി ഇന്ത്യൻ വ്യോമയാനരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തി.

1992ൽ ഈസ്​റ്റ്​ വെസ്​റ്റ്​ എയർലൈൻസ് ​തുടങ്ങി. വലിയ പ്രതീക്ഷയോടെ മലയാളികളുടെ ഉടമസ്​ഥതയിൽ തുടങ്ങിയ ഈസ്​റ്റ്​ വെസ്​റ്റ്​ പൊടുന്നനെതന്നെ യാത്രക്കാർക്ക്​ പ്രിയങ്കരമായി. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസി​​െൻറയും കെടുകാര്യസ്​ഥയും മുഷ്കും കണ്ടും അനുഭവിച്ചും പോന്ന ഇന്ത്യൻ വിമാനയാത്രക്കാർക്ക്​ ഈസ്​റ്റ്​ വെസ്​റ്റി​​െൻറ പ്രവേശനം ആശ്വാസവും പുതിയ അനുഭവവും നൽകി. 1990കളുടെ തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായി ഈസ്​റ്റ്​ വെസ്​റ്റ്​ എയർലൈൻസ്.​ അങ്ങനെ രാജ്യത്തെ ഏവിയേഷൻ മേഖലയിൽ സ്വകാര്യകമ്പനികളുടെ സാന്നിധ്യം യാഥാർഥ്യമായി. ഈസ്​റ്റ്​ വെസ്​റ്റി​​െൻറ വിജയം ധാരാളം കമ്പനികൾക്ക്​ ഈ മേഖലയിൽ കൈവെക്കാൻ ഉത്തേജകം നൽകി. അങ്ങനെയാണ്​ ജെറ്റ്​ എയർവേസ്​, ഡമാനിയ എയർ, മോഡിലുഫ്​റ്റ്​, എൻ.ഇ.പി.സി, ഡെക്കാൻ എയർ തുടങ്ങിയ വിമാനക്കമ്പനികൾ വന്നുതുടങ്ങിയത്.

ഈ വിമാനക്കമ്പനികളുടെ വരവ്​ ഇന്ത്യൻ വ്യോമയാന മേഖല നല്ല നിലവാരമുള്ളതാക്കാനും അന്താരാഷ്​ട്ര നിലവാരമുള്ള കാബിൻ സേവനങ്ങൾ ഇന്ത്യൻ വിമാനയാത്രികന്​ ലഭ്യമാകാനും കാരണമായി. പക്ഷേ, കേവലം അഞ്ചു വർഷംകൊണ്ടുതന്നെ, വലിയ പ്രതീക്ഷകൾ നൽകിയ ഈസ്​റ്റ്​ വെസ്​റ്റിന്​ സാമ്പത്തിക പ്രതിസന്ധിയിലും മറ്റു വിവാദങ്ങളിലുംപെട്ട് രംഗം വിടേണ്ടിവന്നു. അധികം താമസിയാതെ ​ജെറ്റ്​ എയർവേസ്​ ഒഴികെ ബാക്കി എല്ലാ സ്വകാര്യ വിമാനക്കമ്പനികളും രംഗം വിട്ടൊഴിഞ്ഞു.

എന്നാൽ, രാജ്യത്തെ സാമ്പത്തിക വളർച്ചക്കനുസരിച്ച്​ വിമാനയാത്രക്കാരിലുണ്ടായ വലിയ വളർച്ച വീണ്ടും പുതിയ വിമാനക്കമ്പനികളുടെയും ചെലവുകുറഞ്ഞ ബജറ്റ്​ വിമാനക്കമ്പനികളുടെയും രംഗപ്രവേശനത്തിനു കാരണമായി. ആഭ്യന്തര വിമാനയാത്രക്കാർക്ക്​ പലതരത്തിലുള്ള സേവനങ്ങൾ നൽകി​ ഇൗ വിമാനക്കമ്പനികൾ മുന്നോട്ടുകുതിച്ചു. രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളുടെ കുതിപ്പി​​െൻറ ഈ രണ്ടാം ഘട്ടത്തിലാണ്​ വിമാനയാത്രക്കാർക്ക്​ പഞ്ചനക്ഷത്രസേവനം വാഗ്​ദാനം ചെയ്ത്​ വിജയ്​ മല്യ കിങ്​ഫിഷർ എയർ തുടങ്ങിയത്. ഏഴു വർഷം രംഗത്തുണ്ടായിട്ടും തുടർച്ചയായി നഷ്​ടത്തിൽ മാത്രം പ്രവർത്തിച്ച ‘കിങ്​ഫിഷർ’ രംഗംവിടുമ്പോൾ ബാക്കിയാക്കിയത് 9000 കോടി രൂപയുടെ കടവും മല്യയുടെതന്നെ തിരോധാനവുമായിരുന്നു.

പ്രതിസന്ധിയിൽപെട്ട​ ജെറ്റ്​ എയർവേസിനെ കരകയറ്റാൻ പല വാതിലുകളും മുട്ടുകയാണിപ്പോൾ ആ കമ്പനി.​ ജെറ്റ്​ എയർവേസ്​ വിലയ്​ക്കുവാങ്ങുന്നതിനെക്കുറിച്ച്​ ടാറ്റ ഗ്രൂപ്​ താൽപര്യം കാണിക്കുകയും ചർച്ച നടക്കുകയും ചെയ്തുവെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. മാത്രമല്ല, തീരുമാനം ദ്രുതഗതിയിൽ എടുക്കേണ്ടെന്നും ശരിയായി പഠിച്ചതിനുശേഷം മാത്രമേ ഇതുസംബന്ധമായി തീരുമാനം എടു​േക്കണ്ടൂ എന്നുമുള്ള നിർദേശമാണ്​ ടാറ്റ ഗ്രൂപ്​​ നൽകിയത്. ​ജെറ്റ്​ എയർവേസിനെ ഏറ്റെടുത്താൽ ഉട​െനയൊന്നും കരകയറ്റാൻ സാധ്യമാകുകയില്ല എന്ന വിശ്വാസംതന്നെയാണ്​ ഇങ്ങനെ പിറകോട്ടടിക്കാൻ കാരണം എന്നുതന്നെ ഉൗഹിക്കാം. ഒടുവിൽ ജെറ്റിൽ നിക്ഷേപമുള്ള അബൂദബി കേന്ദ്രമായ ഇത്തിഹാദ്​ എയർവേസുമായി ചർച്ച നടത്തുകയാണ്​ ഇപ്പോൾ.

ഇതിനിടയിലാണ്​ സ്വകാര്യ വിമാനക്കമ്പനികൾ തങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്​ ആശ്വാസം കണ്ടെത്തുന്നതിനുവേണ്ടി എയർപോർട്ട്​ അതോറിറ്റി, ഓയിൽ കമ്പനികൾ എന്നിവയിൽനിന്ന്​ സെക്യൂരിറ്റി ഇല്ലാതെ കടം ലഭ്യമാക്കാൻ സർക്കാറിനെ സമീപിച്ച വാർത്തകളും പുറത്തുവരുന്നത്.ഏവിയേഷൻ എണ്ണയുടെ വിലക്കയറ്റം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച, ആഭ്യന്തര വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം കാരണം വിമാനടിക്കറ്റ്​ നിരക്കുകളിൽ ആനുപാതിക വർധന ഇല്ലാത്തത്​ തുടങ്ങിയവയാണ്​​ താരതമ്യേന നല്ല രീതിയിൽ മാനേജ്​ ചെയ്തുപോകുന്ന സ്വകാര്യ വിമാനക്കമ്പനികളെ ഇത്തരമൊരു പ്രതിസന്ധിയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വളർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര വിമാനയാത്ര മാർക്കറ്റുകളിൽ ഒന്നായിട്ടുകൂടി ഇന്ത്യൻ ഏവിയേഷൻ മേഖല പ്രതിസന്ധിയിൽ അകപ്പെട്ടത്​ കേന്ദ്ര സർക്കാറിനും വലിയ ക്ഷീണംതന്നെയാണ്.

2010ലുണ്ടായിരുന്ന ഇന്ത്യൻ വിമാനയാത്രക്കാരുടെ എണ്ണം 2017 ആകുമ്പോഴേക്കും ഇരട്ടിയായി വർധിച്ചുവെങ്കിലും ടിക്കറ്റ്​ നിരക്കുകളിൽ 70 ശതമാനത്തോളം കുറവാണ്​ രേഖപ്പെടുത്തിയത്. ആരോഗ്യകരമായ മത്സരം, ടിക്കറ്റ്​ നിരക്കുകളിൽ വളർച്ച, അതോടൊപ്പം സർക്കാറിൽനിന്നുള്ള ക്രിയാത്മകമായ ഇടപെടലുകളും വഴിയേ ഇന്ത്യൻ വ്യോമയാനരംഗത്തെ നിലവിലെ പ്രതിസന്ധികളിൽനിന്ന്​ കരകയറ്റി പുതിയ വളർച്ചയിലേക്ക്​ നയിക്കാൻ കഴിയുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsPrivate Airlines
News Summary - Private Airline Companies - Article
Next Story