സ്വകാര്യതാവിധി നിർണായക ചുവടുവെപ്പ്
text_fieldsസ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ ചരിത്രപരമായ വിധിന്യായം ആധാറിനെ മാത്രമല്ല ബാധിക്കുക.
സമൂഹത്തിെൻറ ആധാര ശിലകളായ കുടുംബം, വിവാഹം , വീട് തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെയും സ്വവർഗ ലൈംഗികത, സാമൂഹിക മാധ്യമങ്ങളുടെ ഇടപെടൽ ഉൾപ്പെടെ രാജ്യത്തിെൻറ വൈവിധ്യവും സംസ്കാരവും എല്ലാം നിയമത്തിെൻറ കണ്ണിൽ പുനർനിർണയിക്കാം. ‘പൊതു ഇടത്തിലാണ് എന്നതുകൊണ്ടുമാത്രം ഒരാളുടെ സ്വകാര്യത ഇല്ലാതാകുന്നില്ല’ എന്ന വിധിന്യായത്തിലെ നിരീക്ഷണം അതാണ് വ്യക്തമാക്കുന്നത്. സ്വകാര്യത എന്നത് നിയമപരമായ അവകാശമല്ല, ഭരണഘടന പൗരനു ഉറപ്പുനൽകുന്ന മൗലികാവകാശം തന്നെയാെണന്നു കോടതി പ്രഖ്യാപിച്ചു. ഒരു മൗലികാവകാശവും പരമവും അതിരുകൾ ഇല്ലാത്തതുമല്ല. ഭരണഘടനതന്നെ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇൗ നിയന്ത്രണങ്ങൾക്കു വിധേയമായി ഉപയോഗിക്കേണ്ടതാണ് സ്വകാര്യതക്കുള്ള അവകാശവും.
സാമൂഹികക്ഷേമ പദ്ധതികൾ അർഹരായവർക്ക് ഉറപ്പുവരുത്തുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ വാദം. ഭരണഘടനയിലെ 21ാം അനുേച്ഛദം നൽകുന്ന ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണത്. അതിനായി ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും സബ്സിഡിയിലൂടെ ഏർപ്പെടുത്തുകയാണ് സർക്കാർ. സ്വകാര്യത വേണോ? ഭക്ഷണം വേണോ? ഭക്ഷണമാണു വേണ്ടതെങ്കിൽ വ്യക്തികളുടെ ചില സ്വകാര്യ വിവരങ്ങൾ രാഷ്ട്രത്തിന് അടിയറെവക്കേണ്ടിവരും എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിനാൽ ഭക്ഷണം ഉപേക്ഷിച്ചു സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നുപറയാൻ കോടതി നിർബന്ധിക്കരുത്. ഇൗ നിലപാട് കോടതി നിരാകരിച്ചു. അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നതെന്നും ഭരണഘടന ഉണ്ടാകുന്നതിനുമുേമ്പ ജന്മസിദ്ധമായി -മനുഷ്യനു ലഭിച്ച ദൈവികമായ അവകാശങ്ങൾ അടിയറെവക്കാനാവില്ല എന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.
വിവരാവകാശ നിയമവും സ്വകാര്യതയും
സമൂഹത്തിെൻറ പൊതുതാൽപര്യവും വ്യക്തികളുടെ സ്വകാര്യതയും ഒരു പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ, അവതമ്മിൽ സംഘർഷമുണ്ടാകുേമ്പാൾ പൊതുതാൽപര്യത്തിനായിരിക്കണം മുൻതൂക്കം നൽകേണ്ടത്. ഇൗ തത്ത്വം വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളുടെ അന്തർധാരയായി കാണാൻ കഴിയും. മൂന്നാമതൊരാളുടെ സ്വകാര്യമായ വിവരങ്ങളാണ് ആർ.ടി.െഎ നിയമപ്രകാരം പൊതു അധികാരി മുമ്പാകെ ഒരാൾ ചോദിക്കുന്നതെങ്കിൽ ആ വിവരം നൽകാൻ തീരുമാനിച്ചാൽ, പ്രത്യേകമായ നടപടിക്രമങ്ങളാണ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ സ്വീകരിക്കേണ്ടത് (11 ാം വകുപ്പ്). വ്യക്തികളുടെ സ്വകാര്യതയെക്കാൾ പൊതുതാൽപര്യത്തിനാണു പ്രാമുഖ്യമെന്ന് പി.െഎ.ഒക്ക് ബോധ്യപ്പെടുകയും ആ പൊതുതാൽപര്യം മൂന്നാം കക്ഷിയുടെ താൽപര്യത്തെ ഹനിക്കുന്നില്ലെങ്കിൽ ഇൗവിവരം വെളിപ്പെടുത്തണം.
മൗലികാവകാശങ്ങൾക്കു ഭരണഘടന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാം തന്നെ വിവരാവകാശ നിയമത്തിലും ഉണ്ട്. രാജ്യത്തിെൻറ െഎക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തെ ഹനിക്കുന്ന വിവരങ്ങൾ, കോടതിയലക്ഷ്യം (തുടങ്ങിയവ വിവരാവകാശ നിയമത്തിെൻറ വിലക്കപ്പെട്ട വിവരങ്ങളുടെ വിഭാഗത്തിൽപ്പെടുന്നുണ്ട്. സ്വകാര്യതയെ ഹനിക്കുന്ന വ്യക്തിവിവരണങ്ങളും അതിൽ ഉൾപ്പെടുന്നു. ഒരുവിധ പൊതുതാൽപര്യവുമില്ലാത്ത, പൊതുപ്രവർത്തനവുമായി ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ വെളിപ്പെടുത്തേണ്ടതിെല്ലന്നാണ് 8 (1) (J) വകുപ്പ് അനുശാസിക്കുന്നത്.
എന്നാൽ, ഒരു സർക്കാർ ഉദ്യോഗസ്ഥെൻറ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട രേഖകളും ടൂർ ഡയറിയും എങ്ങനെ സ്വകാര്യ രേഖയാകും? അത്തരം പൊതുപ്രാധാന്യമുള്ള രേഖകൾ വരെ ‘വ്യക്തി വിവരങ്ങൾ’ എന്ന ലേബൽനൽകി നിരസിക്കുന്ന രീതിയാണ് നിലവിലുള്ളത്. സുപ്രീംകോടതി ഭരണഘടന െബഞ്ചു വിവേകപൂർണമായ ബാലൻസ് ഇൗവിധിയിൽ അവലംബിച്ചുവെങ്കിലും നമ്മുടെ ഉേദ്യാഗസ്ഥവൃന്ദം ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു വിവരങ്ങൾ നിേഷധിക്കാനുള്ള കാരണമാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഏതെല്ലാം വിവരങ്ങളാണു പൊതുവിവരങ്ങളെന്നും സ്വകാര്യ വിവരങ്ങൾ ഏതെന്നും പട്ടിക തയാറാക്കുക അസാധ്യമാണ്. ഒാരോ കേസും കോടതിയുടെ പരിഗണനക്കുവരുേമ്പാഴേ അക്കാര്യം തീരുമാനിക്കപ്പെടൂ.
ടെലിഫോൺ ചോർത്തൽ
ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടേയും മനുഷ്യാവകാശ, മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെയും സ്വകാര്യ വിവരങ്ങൾ, ടെലിഫോണുകൾ ചോർത്തുന്നത് ഭരണകൂടത്തിെൻറ പതിവു രീതികളാണ്. ടെലിഗ്രാഫിക് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ, ഉന്നതാധികാര സമിതിയുടെ അനുവാദം വാങ്ങാതെ പൊലീസുകാർ ഇതു നിർബാധം നിർവഹിക്കുന്നു. ഇത്തരം നിയമ വിരുദ്ധമായ നടപടികൾക്ക് ഭരണകൂടവും പൊലീസ്-ഉദ്യോഗസ്ഥ സംവിധാനവും ഇനി വലിയ വില നൽകേണ്ടിവരും. വ്യക്തിയുടെ സ്വകാര്യതക്കുള്ള ഇൗ അവകാശം മൗലികാവകാശമായതോടെ നിയമവും ന്യായപൂർണവുമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഇനി ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള നടപടികൾ സാധ്യമാകൂ.
സ്വകാര്യതയുടെ ലക്ഷ്മണ രേഖകൾ അതിക്രമിച്ചു കടക്കുന്നവർക്ക് വിദേശ രാജ്യങ്ങളിലെ കോടതികൾ കനത്ത ശിക്ഷയാണ് വിധിക്കുന്നത്. ഭീമമായ തുക നഷ്ടപരിഹാരം ചുമത്തുകയും ചെയ്യും. ഇത്തരം മാതൃകാപരമായ ശിക്ഷാരീതികൾ അവലംബിക്കാൻ ഇന്ത്യയിലെ കോടതികളെ നിയമപരമായി പ്രാപ്തമാക്കുന്നതാണ് സുപ്രീം കോടതി ഭരണഘടന െബഞ്ചിെൻറ ഇൗ വിധിന്യായം. ഭരണഘടനയിലെ 141ാം അനുച്ഛേദപ്രകാരം രാജ്യത്തെ പരമോന്നത നീതിപീഠത്തിെൻറ വിധി രാജ്യത്തെ നിയമമായി മാറ്റുകയും രാജ്യത്തെ കോടതികൾ മുഴുവനും അത് ബാധകമാകുകയും ചെയ്യും.
സുതാര്യതയും നഗ്നതയും
ഭരണസംവിധാനത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ടതാണ് സുതാര്യത (Transparancy). പക്ഷേ, അത് നഗ്നത (Nudity) ആയിരിക്കുകയും അരുത്. നമ്മുടെ രാജ്യസുരക്ഷ വിവരങ്ങൾ ഉൾപ്പെടെ അനാവരണം ചെയ്യണമെന്നല്ല വിവരാവകാശ നിയമം അനുശാസിക്കുന്നത്. മറിച്ച്, അത്തരം കാര്യങ്ങൾ മറച്ചുെവക്കുക എന്നതു തന്നെയാണ്. അതാണ് പൊതുതാൽപര്യത്തെ സംരക്ഷിക്കുന്നത്. ഒരുവിധ പൊതുതാൽപര്യവും ഇല്ലാത്ത, തികച്ചും സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, ആ വിവരങ്ങൾക്ക് വിശാലമായ പൊതുതാൽപര്യമുണ്ടെങ്കിൽ അത് വെളിപ്പെടുത്തുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
