Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൂജാരിയും കള്ളന്മാരും!

പൂജാരിയും കള്ളന്മാരും!

text_fields
bookmark_border
പൂജാരിയും കള്ളന്മാരും!
cancel
camera_alt

നഗരാസൂത്രണത്തിലെ അശാസ്ത്രീയത മൂലം അയോധ്യ ക്ഷേത്രത്തിലേക്കുള്ള വഴി വെള്ളത്തിൽ മുങ്ങിയപ്പോൾ

ആത്മീയ പരിവർത്തനത്തിന് വിധേയരായ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കഥകൾ ധാരാളമുണ്ട് ഇന്ത്യൻ പുരാണങ്ങളിലും നാടോടിക്കഥകളിലും. ഒരുകാലത്ത് കാട്ടുകൊള്ളക്കാരനായിരുന്ന, പിന്നീട് രാമായണത്തിന്റെ ആദരണീയ രചയിതാവായി മാറിയ വാല്മീകിയുടെ കഥ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ്. അയോധ്യയിലും വിശാലമായ അവ്ധ് പ്രവിശ്യയിലും പ്രചാരത്തിലുണ്ടായിരുന്ന മറ്റൊരു മനോഹരമായ കഥയുണ്ട്: ദൈവത്തെ കാണാമെന്ന പ്രതീക്ഷയിൽ കള്ളനായി മാറിയ ക്ഷേത്രപൂജാരിയുടെ കഥ!

അക്കഥ ഇങ്ങനെ: ഗംഗാസമതലങ്ങളിൽ ഭഗവാൻ ശ്രീരാമന്റെ ജനപ്രിയ നാമമായ ഠാക്കൂർജിക്ക് സമർപ്പിച്ച ചെറിയ ക്ഷേത്രത്തിൽ അതീവഭക്തനായ ഒരു പൂജാരിയുണ്ടായിരുന്നു. ഗ്രാമവാസികൾ ധാന്യങ്ങളും ശർക്കരയും വസ്ത്രങ്ങളും കാണിക്കയായി നൽകി അദ്ദേഹത്തെ സംരക്ഷിച്ചുപോന്നു; പകരമായി പൂജാരി ജനങ്ങളുടെ ക്ഷേമത്തിനായി ഠാക്കൂർജിയോട് നിരന്തരം പ്രാർഥിച്ചു.

ഒരു വേനൽക്കാല രാത്രിയിൽ മൂന്ന് കള്ളന്മാർ അടുത്ത കവർച്ച ആസൂത്രണം ചെയ്തുകൊണ്ട് ക്ഷേത്രത്തിന് പുറത്ത് ഇരിക്കുകയായിരുന്നു. അവരുടെ സംസാരം കേട്ട് പുറത്തുവന്ന പൂജാരി, പാപപങ്കിലമായ ഈ തൊഴിൽ ഉപേക്ഷിക്കാൻ സൗമ്യമായി അഭ്യർഥിച്ചു.

കള്ളന്മാർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും പൂജാരി ശാന്തനായി ഉപദേശം തുടർന്നു. അതിനിടെ ഒരു കള്ളൻ ചോദിച്ചു, ‘‘നിങ്ങൾ എപ്പോഴെങ്കിലും ഠാക്കൂർജിയെ കണ്ടിട്ടുണ്ടോ?’’

‘‘ഇല്ല, പക്ഷേ ഒരു ദിവസം ഠാക്കൂർജിയുടെ ദർശനം ലഭിക്കുമെന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്’’- പൂജാരി മറുപടി നൽകി.

കള്ളൻ പുഞ്ചിരിച്ചു. ‘‘ഞങ്ങൾ മോഷ്ടിക്കുമ്പോഴെല്ലാം ഠാക്കൂർജിയെ കാണാറുണ്ട്. ഞങ്ങളോടൊപ്പം കൂടിക്കോളൂ, നിങ്ങൾക്കും ദർശനം ലഭിക്കും.’’

തന്റെ പ്രഭുവിനെ ദർശിക്കുക എന്നത് ജീവിതാഭിലാഷമായ പൂജാരി അത് സമ്മതിച്ചു. സഹകള്ളന്മാർ എതിർത്തുവെങ്കിലും, പൂജാരി ദൈവത്തെ മാത്രമാണ് അന്വേഷിക്കുന്നതെന്നും കൊള്ളമുതലിൽ പങ്ക് ചോദിക്കില്ലെന്നും ആ കള്ളൻ അവരെ ബോധ്യപ്പെടുത്തി.

ഏതാനും രാത്രികൾക്ക് ശേഷം, അവർ ഒരു സമ്പന്ന കർഷകന്റെ വീട്ടിൽ കവർച്ച നടത്താൻ കയറി. അരിയും പഞ്ചസാരയും സൂക്ഷിച്ചിരുന്ന കലവറ കണ്ടപ്പോൾ ദിവസങ്ങളായി താൻ ഠാക്കൂർജിക്ക് ഒന്നും നിവേദിച്ചിട്ടില്ലെന്ന കാര്യം പൂജാരിക്ക് ഓർമവന്നു. അദ്ദേഹം അവിടെവെച്ച് ഭക്തിപുരസരം പായസമുണ്ടാക്കി ദൈവത്തിന് സമർപ്പിച്ചു.

പ്രസാദം മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോൾ മാത്രമേ ഏത് വഴിപാടും പൂർണമാകൂ എന്നാണല്ലോ. ആ വീടിന്റെ ഉടമസ്ഥയായ സ്ത്രീ കൈപ്പത്തി തുറന്ന് ഉറങ്ങുന്നത് കണ്ട്, അദ്ദേഹം നിഷ്കളങ്കമായി അൽപം ചൂടുപായസം അവരുടെ കൈയിൽ വെച്ചുകൊടുത്തു.

അവർ നിലവിളിച്ച് ചാടിയുണർന്നു. അലർച്ച കേട്ട് അയൽക്കാർ വടിയും കുന്തവുമായി ഓടിയെത്തി. കള്ളന്മാർ മൂവരും ഇരുട്ടിൽ അപ്രത്യക്ഷരായി, എന്നാൽ പൂജാരി രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഗ്രാമവാസികൾ അദ്ദേഹത്തെ മർദിച്ചെങ്കിലും, തങ്ങൾ കണ്ടിട്ടുള്ള കള്ളന്മാരെപ്പോലെയല്ല ഇയാളെന്ന് ബോധ്യമായതോടെ വിട്ടയച്ചു.

കുറ്റബോധം സഹിക്കാനാവാതെ പൂജാരി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തുകയും, ഗ്രാമത്തിലെ കിണറ്റിൽ ചാടി ആത്മാഹൂതി ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ആ സമയത്ത് ഭഗവാൻ രാമൻ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ഭഗവാൻ സൗമ്യമായി പറഞ്ഞു. ‘‘നീ എന്നെ കാണാൻ ആഗ്രഹിച്ചു. നിന്റെ ഉൽക്കടമായ ഭക്തി എന്നെ നിനക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ഇനി സന്തോഷത്തോടെ ജീവിക്കൂ, ജനങ്ങളുടെ ക്ഷേമത്തിനായി എന്നെ പൂജിക്കുന്നത് തുടരൂ.’’

കാവലേൽപ്പിച്ചവർ അമ്പലം വിഴുങ്ങുമ്പോൾ

പഴയ നാടോടിക്കഥയിൽ, ഭഗവാൻ രാമനെ കാണാമെന്ന പ്രതീക്ഷയിലാണ് പൂജാരി കള്ളനാകുന്നത്. എന്നാൽ ഇപ്പോൾ രാമന്റെ പേരിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല ഏൽപിക്കപ്പെട്ട വ്യക്തികൾ ഭഗവാന്റെ പേരിൽ ലഭിച്ച സംഭാവനകൾ കവർച്ച ചെയ്തുവെന്ന ആരോപണമാണ് ചർച്ചയാവുന്നത്.

ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച പണവും ആഭരണങ്ങളും ഉന്നതർ തട്ടിയെടുത്തതായി സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വെളിപ്പെടുത്തിയതിനെത്തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ ജൂൺ 15-ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ട്രസ്റ്റ് ഭാരവാഹികളെയും ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആരോപണങ്ങൾ തെളിയുമോ ഇല്ലയോ എന്നത് അന്വേഷണ സംഘവും കോടതികളുമാണ് തീരുമാനിക്കേണ്ടത്. എന്നിരുന്നാലും, ഈ വിഷയം ഏതെങ്കിലും വ്യക്തികളിലൊതുങ്ങുന്നതല്ല.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെത്തന്നെ മാറ്റിമറിച്ചുവരികയാണ് രാമജന്മഭൂമി പ്രസ്ഥാനം. ഇതൊരു പവിത്രമായ ദേശീയ ദൗത്യമാണെന്ന് വിശ്വസിച്ച് ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ ഈ പ്രസ്ഥാനത്തിന് വൈകാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും സംഭാവനകൾ നൽകി,പണവും സ്വർണവും വെള്ളിയും ആഭരണങ്ങളും ദാനം ചെയ്തു. ഇപ്പോഴത്തെ ആരോപണങ്ങളുടെ ഒരു ചെറിയ അംശമെങ്കിലും സത്യമാണെന്ന് തെളിഞ്ഞാൽ, കോടിക്കണക്കിന് സാധാരണ ഭക്തർ അർപ്പിച്ച വിശ്വാസത്തിന്മേലുള്ള കടുത്ത വഞ്ചനയായിരിക്കും അത്.

അന്വേഷണമോ കൺകെട്ടുവിദ്യയോ?

പ്രത്യേക അന്വേഷണ സംഘത്തിന് സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുമോ എന്നത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു. 2024 ജനുവരിയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് ഭക്തരാണ് അയോധ്യ സന്ദർശിച്ചത്. ചെറിയ പണക്കിഴികൾ മുതൽ സ്വർണവും വെള്ളിയും വിലയേറിയ ആഭരണങ്ങളും വരെയുള്ള വഴിപാടുകൾ അവർ സമർപ്പിച്ചിട്ടുണ്ട്. ഈ വഴിപാടുകളുടെ കൃത്യമായ മൂല്യം അധികൃതർ ഒരിക്കലും പരസ്യപ്പെടുത്തിയിട്ടില്ല. ഇത് സ്വാഭാവികമായും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു:

ആരോപണത്തിന്റെ മുനയിൽ നിൽക്കുന്ന, രാമജന്മഭൂമി പ്രസ്ഥാനത്തിലും സർക്കാറിലും ഗണ്യമായ സ്വാധീനമുള്ള ഭാരവാഹികൾക്ക് മേൽ കൃത്യമായ അന്വേഷണം നടത്താൻ സംഘത്തിന് സാധിക്കുമോ?

ലഭിച്ച ആകെ സംഭാവനകളുടെ പരസ്യമായി പരിശോധിക്കാവുന്ന അക്കൗണ്ടുകൾ ഇല്ലാതിരിക്കെ, തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എങ്ങനെ നിർണയിക്കും?

അന്വേഷണം ക്ഷേത്രത്തിനുള്ളിൽ ലഭിച്ച വഴിപാടുകളിൽ മാത്രം ഒതുങ്ങുമോ, അതോ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പേരിൽ വർഷങ്ങളായി സമാഹരിച്ച ഫണ്ടുകളും പരിശോധിക്കുമോ?

ക്ഷേത്രത്തിനായി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണ പരിധിയിൽ വരുമോ? അയോധ്യയിൽ ദ്രുതഗതിയിലുണ്ടായ റിയൽ എസ്റ്റേറ്റ്-വാണിജ്യ വികസനത്തിന്റെ മറവിൽ നിരവധി പ്രദേശവാസികളെ കുടിയൊഴിപ്പിക്കുകയും ഭൂമിയുടെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഭയമോ പക്ഷപാതമോ ഇല്ലാതെ എല്ലാ പ്രസക്തമായ വശങ്ങളും സ്വതന്ത്രവും സുതാര്യവുമായി പരിശോധിക്കാൻ തയ്യാറായാൽ മാത്രമേ അന്വേഷണം വിശ്വസനീയമാണെന്ന് പറയാൻ കഴിയൂ. പഴയ നാടോടിക്കഥയിൽ നിന്നും ഇപ്പോഴത്തെ വിവാദത്തിൽ നിന്നും ഉൾക്കൊള്ളാൻ ഒരു പാഠമുണ്ടെങ്കിൽ അത് ഇതാണ്: വിശ്വാസം മനുഷ്യനെ ഉയർത്താനുള്ള ഉപകരണമായിരിക്കണം, അല്ലാതെ ചൂഷണം ചെയ്യാനുള്ള ആയുധമാകരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP governmentMadhyamam articlesAyodhya Ram TempleRam Temple Donation Theft
News Summary - Priest and thieves!
Next Story