പത്താം ക്ലാസ് പരീക്ഷക്ക് ഒരുങ്ങുമ്പോൾ
text_fieldsപത്താം ക്ലാസ് പൊതുപരീക്ഷക്ക് ഇനി രണ്ടാഴ്ച മാത്രം. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ എന്തെല്ലാം മുന്നൊരുക്കമാണ് നടത്തേണ്ടത്? മോഡൽ പരീക്ഷയുടെ അനുഭവങ്ങളെ വിശകലനം ചെയ്ത്, അതിൽ സംഭവിച്ച വീഴ്ചകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറുകയാണ് ഇനി വേണ്ടത്. ചില അടിസ്ഥാന ചോദ്യങ്ങൾ മനസ്സിൽ െവച്ചുകൊണ്ടായിരിക്കണം ഇത്തരം വിശകലനം നടത്തേണ്ടത്.
മോഡൽ പരീക്ഷാ വിശകലനം: സ്വയം ചോദിക്കേണ്ടവ
സമാശ്വാസ സമയം (Cool-off time): അനുവദിച്ചിട്ടുള്ള ആദ്യത്തെ 15 മിനിറ്റ് ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചുവോ? (ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കൽ, ഉത്തരസൂചനകൾ മനസ്സിലുറപ്പിക്കൽ, ബുദ്ധിമുട്ടുള്ള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, എഴുതാനുള്ള മാനസിക തയാറെടുപ്പ് നടത്തൽ തുടങ്ങിയവ).
സമയക്രമീകരണം: നിർദിഷ്ട സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിഞ്ഞോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഓരോ ചോദ്യത്തിന്റെയും സ്കോറിനനുസരിച്ച് ഉത്തരത്തിന്റെ ദൈർഘ്യവും സമയവും ക്രമീകരിക്കാൻ കഴിയാതെ വന്നോ? എഴുതുന്നതിൽ വേഗം കുറവാണോ?
ചില ചോദ്യങ്ങളിൽ ആവശ്യമില്ലാതെ കൂടുതൽ സമയം ചെലവഴിച്ചുവോ?പഠനമേഖലകൾ: ഏതൊക്കെ പാഠഭാഗങ്ങളിലെ ചോദ്യങ്ങൾക്കാണ് നന്നായി ഉത്തരമെഴുതാൻ കഴിഞ്ഞത്? ഏതൊക്കെ പാഠഭാഗങ്ങളിലാണ് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്? (ഓരോ വിഷയത്തിലും ഈ വിശകലനം ഉണ്ടാകണം).
ഉത്തരങ്ങളുടെ കൃത്യത: എഴുതിയ ഉത്തരങ്ങളിൽ വേണ്ടത്ര കൃത്യതയുണ്ടോ? ചോദ്യത്തിൽ ആവശ്യപ്പെട്ട ഉത്തരം തന്നെയാണോ എഴുതിയത്? മറ്റൊരാൾക്ക് വായിക്കാൻ പറ്റുന്ന രീതിയിലാണോ എഴുതിയത്?
മത്സരമല്ല; പഠനമാണ് പ്രധാനം
പത്താം ക്ലാസിൽ നടക്കുന്നത് ഒരു മത്സരപരീക്ഷയല്ല; ഇതൊരു പൊതുപരീക്ഷയാണ്. മറ്റു കുട്ടികളേക്കാൾ താൻ പിന്നിലാകുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ല. കഴിവുകളിലും അഭിരുചികളിലും ഓരോരുത്തരും വ്യത്യസ്തരാണ് എന്ന യാഥാർഥ്യം മനസ്സിലുണ്ടാകണം. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും ലഭിക്കുന്ന ഗ്രേഡുകൾ വ്യത്യസ്തമായിരിക്കും. ചിട്ടയായ പഠനത്തിലൂടെയും പരിശ്രമത്തിലൂടെയും ആർജിക്കുന്ന കഴിവ് പരമാവധി പ്രയോജനപ്പെടുത്താനും തന്നാൽ കഴിയുന്ന മികച്ച വിജയം കൈവരിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ‘എനിക്കതിന് സാധിക്കും’ എന്ന ആത്മവിശ്വാസമാണ് ഓരോരുത്തർക്കും വേണ്ടത്.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
മാതാപിതാക്കളുടെ ഉത്കണ്ഠയും ആശങ്കകളും കുട്ടികളിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഓരോ കുട്ടിയുടെയും പഠനശൈലിയും (Learning Style), പഠനവേഗവും (Learning Pace), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയദൈർഘ്യവും (Span of attention) വ്യത്യസ്തമാണെന്ന് ഓർക്കുക.
പഠനസമയം: ചില കുട്ടികൾ രാവിലെ നേരത്തേ ഉണർന്ന് പഠിക്കുന്നു, ചിലർ രാത്രി വൈകി പഠിക്കുന്നു. കുട്ടിയുടെ താൽപര്യത്തിനനുസരിച്ചുള്ള സമയങ്ങളിൽ പഠിക്കാൻ അവരെ അനുവദിക്കുക.
പ്രോത്സാഹനം: മുൻ പരീക്ഷകളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് കുട്ടിയുടെ ആത്മവിശ്വാസം കെടുത്തും. ഇതു മനോസമ്മർദത്തിനും പരീക്ഷാ പരാജയത്തിനും കാരണമാകും.
ഇടവേളകൾ: ദീർഘസമയം തുടർച്ചയായി പഠിക്കാൻ നിർബന്ധിക്കരുത്. ലഘുവായ കായിക പ്രവർത്തനങ്ങൾ, ചെടി പരിപാലനം തുടങ്ങിയവയ്ക്കായി ചെറിയ ഇടവേളകൾ നൽകുന്നത് പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.
ഭക്ഷണം: കൊഴുപ്പും മധുരവും ധാരാളമടങ്ങിയ ബേക്കറി സാധനങ്ങൾ ഒഴിവാക്കി പോഷകഗുണമുള്ള ആഹാരം നൽകുക.
പരീക്ഷാ ദിനങ്ങളിൽ
പരീക്ഷാ ദിവസങ്ങളിൽ കുട്ടിയെ അനാവശ്യമായി ധിറുതി പിടിപ്പിക്കരുത്. പരീക്ഷക്ക് വേണ്ടതായ സാധനസാമഗ്രികൾ കരുതിയിട്ടുണ്ടെന്നും സമയത്തിന് സ്കൂളിൽ എത്തുന്നുണ്ടെന്നും ഉറപ്പാക്കിയാൽ മതി. കുട്ടികൾക്ക് പഠനോത്സാഹവും ആത്മവിശ്വാസവും പകരുന്ന നാളുകളാക്കി പരീക്ഷാകാലത്തെ നമുക്ക് മാറ്റാം. (ലേഖകൻ: ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവും പത്തനംതിട്ട ഡയറ്റ് റിട്ട. പ്രിൻസിപ്പലുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

