പ്രതിഭാത്വത്തിന്റെ ബഹുമുഖം
text_fieldsപ്രതിഭാത്വത്തിന്റെ ബഹുമുഖമെന്ന് വിശേഷിപ്പിക്കാവുന്ന കലാകാരനാണ് പ്രശാന്ത് നാരായണൻ. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. എന്നെ സംബന്ധിച്ച് അഭിനയ ജീവിതത്തിന്റെ ഭാഗ്യം കൊണ്ടുതന്ന വ്യക്തിയാണ് പ്രശാന്ത്. നാടകത്തിനായുള്ള അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തെ ആദ്യം കണ്ടത്. നാടകത്തിൽനിന്ന് സിനിമയിൽ വന്ന ഞാൻ സിനിമയിൽ സജീവമാണെങ്കിലും നല്ല നാടകം കളിക്കണമെന്ന അതിയായ ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചിരുന്നു. മോഹൻലാലിനും ഇതേ ആഗ്രഹമുണ്ടെന്ന് അദ്ദേഹവുമായുള്ള സൗഹൃദസംഭാഷണത്തിൽ മനസ്സിലാക്കി.
നല്ലൊരു നാടകം കണ്ടെത്തിയാൽ ഒരുമിച്ച് അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ‘തീർച്ചയായും അഭിനയിക്കാം’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. രണ്ടുപേർക്കും തുല്യപ്രാധാന്യമുള്ള വേഷമാവണം, തുടക്കം മുതൽ ഒടുക്കംവരെ നാടകത്തിലുണ്ടായിരിക്കണം, തമാശയും ഗൗരവവും പാട്ടും നൃത്തവുമുണ്ടാകണം എന്നിങ്ങനെ ചില നിബന്ധനകളും ഞങ്ങൾക്കുണ്ടായിരുന്നു.
ഇതിനിടെയാണ് കൊല്ലം പ്രശാന്ത് കലാകേന്ദ്രയിൽവെച്ച് അവിചാരിതമായി ഒരു നാടകം കാണാനിടയായത്. പ്രശാന്തിന്റെ ഛായാമുഖിയായിരുന്നു അത്. അതിലെ കഥാപാത്രങ്ങളായ ഭീമനും കീചകനും വല്ലാതെ സ്പർശിച്ചു. ഒട്ടും വൈകാതെ മോഹൻലാലിനോട് ഇതിനെ പറ്റി പറഞ്ഞു. തുടർന്ന്, പ്രശാന്തിനെ തേടിച്ചെന്നു. ‘നിങ്ങൾ രണ്ടുപേരും കൂടി എന്റെ നാടകം അങ്ങ് എടുക്കുമോ ചേട്ടാ’ എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
അദ്ദേഹം ഛായാമുഖിയെ കുറച്ചുകൂടി വികസിപ്പിച്ച് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള കലാരൂപമാക്കി. എഴുത്തും സംഗീതവും സംവിധാനവുമെല്ലാം പ്രശാന്തായിരുന്നു. മഹാഭാരതത്തിലില്ലാത്ത ഛായാമുഖി പ്രശാന്തിന്റെ ഭാവനാസൃഷ്ടിയാണ്. മലയാള നാടക മേഖലക്ക് ആ നാടകം സമ്മാനിച്ച പുത്തനുണർവ് ചില്ലറയല്ല. ഒരുപാടുപേർക്ക് വലിയ പരീക്ഷണങ്ങൾ ചെയ്യാൻ ധൈര്യമുണ്ടാക്കിയത് ഈ നാടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

