മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന ‘പ്രബോധനം’
text_fieldsകേരള മുസ്ലിം നവോത്ഥാനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ‘പ്രബോധനം’ വാരിക എഴുപത്തഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 1949 ആഗസ്റ്റ് ഒന്നിനാണ് ‘പ്രബോധന’ത്തിന്റെ ആദ്യലക്കം ദ്വൈവാരികയായി പുറത്തിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക സംവിധാനങ്ങളുടെ അഭാവവും കാരണം തുടക്കത്തിൽ പലപ്പോഴും മാസത്തിലൊരിക്കൽ മാത്രമാണ് പത്രം വായനക്കാരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞിരുന്നത്. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ പ്രഥമ അധ്യക്ഷൻ ഹാജി വി.പി. മുഹമ്മദലിതന്നെയായിരുന്നു ആദ്യ എഡിറ്റർ. സഹായിയായി പണ്ഡിതനും പ്രഭാഷകനുമായിരുന്ന കെ.സി. അബ്ദുല്ല മൗലവിയും. പത്രപ്രവർത്തനത്തിൽ മുൻപരിചയമൊന്നും ഇല്ലാതിരുന്ന ഇരുവരും പത്രം തുടങ്ങാൻ നിർബന്ധിതരാവുകയായിരുന്നു എന്ന് പറയുന്നതാവും ശരി.
1949 മധ്യത്തിൽ കോഴിക്കോട് ജില്ലയിലെ വാണിമേൽ ഗ്രാമത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചു. ഒരുവർഷം മുമ്പ് രൂപംകൊണ്ട സംഘടനയിൽ പ്രവർത്തകരും അനുഭാവികളുമായി വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അറുപതിൽപരം പേർ മാത്രമാണ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. വിവരമറിഞ്ഞ യാഥാസ്ഥിതിക വിഭാഗത്തിലെ ചിലർ പൊലീസിനെ ഇടപെടുവിച്ച് സമ്മേളനത്തിന് വിലക്കേർപ്പെടുത്തി. സമ്മേളനത്തിന് എത്തിയവർ പിന്നീട് കോഴിക്കോട് നഗരത്തിൽ ഒത്തുകൂടി. സമ്മേളനങ്ങൾ വഴിയും പ്രഭാഷണങ്ങൾ വഴിയുമുള്ള ആശയപ്രചാരണത്തെ തടസ്സപ്പെടുത്താൻ ഇനിയും നീക്കങ്ങളുണ്ടായേക്കുമെന്നും അതിനെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗം പത്രം തുടങ്ങലാണെന്നുമുള്ള തീർപ്പിൽ അവരെത്തി. അങ്ങനെയാണ് ‘പ്രബോധനം’ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്.
കേരളത്തിലെ അന്നത്തെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം എല്ലാ അർഥത്തിലും പുതുമ നിറഞ്ഞ ഒന്നായിരുന്നു ‘പ്രബോധനം’. പത്രത്തിന്റെ പേരിൽതന്നെ അതുണ്ട്. അക്കാലത്ത് കേരള മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അൽ ബയാൻ, അൽ ഫുർഖാൻ, അൽ മുർശിദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചിരുന്നത് മുസ്ലിം ജനസാമാന്യത്തിന് വശമുണ്ടായിരുന്ന അറബി മലയാള ലിപിയിലായിരുന്നു. അതിനൊരു തിരുത്തായി ‘പ്രബോധനം’ എന്ന പേരും മലയാളം ലിപിയിലുള്ള അച്ചടിയും. മുസ്ലിം സമൂഹത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പത്രങ്ങൾക്കൊന്നും അന്ന് ആയിരം കോപ്പിയിലധികം സർക്കുലേഷൻ ഉണ്ടായിരുന്നില്ലെന്നിരിക്കെ ‘പ്രബോധനം’ ആദ്യ ലക്കംതന്നെ 1500 കോപ്പികൾ അച്ചടിച്ചു. സഹോദര സമുദായങ്ങൾക്ക് ഇസ്ലാമിനെ അടുത്തറിയാനും തെറ്റിദ്ധാരണകൾ നീക്കാനുമുള്ള വാതായനം കൂടിയാണ് മലയാള ലിപിയിലെ അച്ചടിയിലൂടെ തുറക്കപ്പെട്ടത്. ഇതിന്റെ ചുവട് പിടിച്ച് കേരള മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള പത്രങ്ങളെല്ലാം പിന്നീട് മലയാളം ലിപിയിലേക്ക് മാറുന്നതാണ് കണ്ടത്.
ഇസ്ലാമിനെ സമഗ്രതയിലും സമ്പൂർണതയിലും അവതരിപ്പിച്ചു എന്നതാണ് ‘പ്രബോധന’ത്തിന്റെ ഉള്ളടക്കത്തിലെ വ്യതിരിക്തത. ഇന്ന് ഈ ദൗത്യം എല്ലാ മുസ്ലിം പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തിട്ടുണ്ടെങ്കിലും തുടക്കത്തിൽ അതായിരുന്നില്ല സ്ഥിതി. യാഥാസ്ഥിതിക വിഭാഗങ്ങൾ മാത്രമല്ല, ഉൽപതിഷ്ണുക്കളും അത്തരം അവതരണങ്ങളെ നഖശിഖാന്തം എതിർത്തു. അതിനാൽ ഇസ്ലാമിനെ ഖുർആന്റെയും നബിചര്യയുടെയും വെളിച്ചത്തിൽ പ്രാമാണികമായി അവതരിപ്പിക്കുകയായിരുന്നു ‘പ്രബോധന’ത്തിന്റെ പ്രഥമദൗത്യം. വാള്യങ്ങൾ വരുന്ന സയ്യിദ് അബുൽഅഅ്ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ എന്ന വിഖ്യാതമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം മുഴുവൻ വർഷങ്ങളെടുത്ത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമായിരുന്നു. പണ്ഡിതനും ഗ്രന്ഥകാരനും ‘പ്രബോധനം’ മുൻ പത്രാധിപരുമായ ടി.കെ. ഉബൈദ് എഴുതുന്ന ‘ഖുർആൻ ബോധനം’ എന്ന ഖുർആൻ പഠന പംക്തി ഇപ്പോഴും തുടരുന്നു. ഹദീസ്, കർമശാസ്ത്ര പംക്തികളും പ്രബോധനത്തിന്റെ പ്രത്യേകതയാണ്. ലിബറലിസം, നിരീശ്വരവാദം, കമ്യൂണിസം, ഹിന്ദുത്വ വംശീയവാദം തുടങ്ങിയ ആശയധാരകളെ അഭിമുഖീകരിക്കുകയായിരുന്നു രണ്ടാമത്തെ ദൗത്യം. ‘പ്രബോധന’ത്തിന്റെ മറ്റൊരു സവിശേഷതയായി പറയാവുന്നത്, കൃത്യവും നിഷ്പക്ഷവുമായ രാഷ്ട്രീയ വിശകലനമാണ്. 1964ൽ ദ്വൈവാരികയിൽനിന്ന് വാരികയായി മാറിയപ്പോഴാണ് രാഷ്ട്രീയ വിശകലനങ്ങൾക്ക് കൂടുതൽ ഇടം കൈവന്നത്. വാരിക ടാബ്ലോയ്ഡ് രൂപത്തിലായിരുന്നപ്പോൾ ‘നിരീക്ഷകൻ’ എഴുതിയിരുന്ന രാഷ്ട്രീയ വിശകലനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കൃത്യമായ മത, രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോഴും എതിർവാദങ്ങൾക്ക് ഉദാരമായി ഇടം നൽകാനും ‘പ്രബോധനം’ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്.
ഇസ്ലാമിക വൈജ്ഞാനിക, ഗവേഷണ മേഖലകളിലും വലിയ സംഭാവനകൾ നൽകാൻ പ്രബോധനത്തിന് കഴിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പത്തിലധികം വിശേഷാൽ പതിപ്പുകളും പ്രബോധനം പുറത്തിറക്കി. രണ്ട് ഘട്ടങ്ങളിൽ പ്രസിദ്ധീകരണം തടയപ്പെട്ടപ്പോൾ ‘ബോധനം’ എന്ന ബദൽ ആനുകാലികവും പ്രസിദ്ധീകരിച്ചിരുന്നു. പത്തുവർഷം മുമ്പ് ഗൾഫ് നാടുകൾ കേന്ദ്രീകരിച്ച് ‘പ്രബോധനം ഇന്റർനാഷനൽ’ പ്രസിദ്ധീകരിച്ചിരുന്നു. ആഗോളമലയാളികളുടെ വായനക്കായി കഴിഞ്ഞവർഷം ‘പ്രബോധനം’ ആപ് ഖത്തറിൽ പുറത്തിറക്കി. പ്രബോധനത്തെ ഈടുറ്റ പ്രസിദ്ധീകരണമാക്കി വളർത്തുന്നതിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളുണ്ട്. ടി.കെ. അബ്ദുല്ല, പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.കെ. ഉബൈദ് എന്നിവർ വിവിധ കാലയളവുകളിൽ ‘പ്രബോധന’ത്തിന്റെ സാരഥ്യം വഹിച്ചു. നിലവിൽ ഡോ. കൂട്ടിൽ മുഹമ്മദലിയാണ് ചീഫ് എഡിറ്റർ. പ്രമുഖ ചിന്തകനും ചരിത്രകാരനുമായിരുന്ന ടി. മുഹമ്മദ് ദീർഘകാലം ‘പ്രബോധനം’ മാസികയുടെ ചുമതല വഹിച്ചു. വി.കെ. ഹംസ അബ്ബാസ്, ഒ. അബ്ദുല്ല, ഒ. അബ്ദുറഹ്മാൻ, സി.ടി. അബ്ദുറഹീം, ടി.കെ. ഇബ്രാഹീം, വി.പി. അഹ്മദ് കുട്ടി, ഇ.വി. അബ്ദു, അബ്ദുല്ല ഹസൻ, വി.എ. കബീർ, എ. ഹൈദരലി ശാന്തപുരം, വി.കെ. ജലീൽ, പി.എം.എ. ഖാദർ, വി.എസ്. സലീം, കെ.സി. സലീം, പി.ടി. അബ്ദുറഹ്മാൻ മുന്നൂര്, ടി.കെ.എം. ഇഖ്ബാൽ, വി.എം. ഇബ്രാഹീം, ഡോ. ആർ. യൂസുഫ് തുടങ്ങിയ നിരവധി പ്രമുഖർ വിവിധ കാലങ്ങളിൽ ‘പ്രബോധന’ത്തിൽ സേവനം ചെയ്തവരാണ്. ഡിസംബർ ഒന്ന് ഞായറാഴ്ച കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ‘പ്രബോധന’ത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം നടക്കും.
(പ്രബോധനം വാരിക എഡിറ്ററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.