‘ജനസംഖ്യാ ജിഹാദ്’ എന്ന മിത്ത്
text_fieldsഅനധികൃത താമസക്കാരുടെ കെട്ടിടമെന്നാരോപിച്ച് ഗുവാഹത്തി മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി നടത്തിയ കുടിയൊഴിപ്പിക്കൽ
‘‘ജനങ്ങളെ നിഷ്ക്രിയരും അനുസരണശീലമുള്ളവരുമായി നിലനിർത്താനുള്ള ബുദ്ധിപരമായ മാർഗം സ്വീകാര്യമായ അഭിപ്രായത്തിന്റെ ഛായാരൂപത്തെ കർശനമായി പരിമിതപ്പെടുത്തി അതിനുള്ളിൽമാത്രം കറങ്ങിത്തിരിയുന്ന സംവാദത്തിന് അവസരം നൽകുകയാണെ’’ന്ന നോം ചോംസ്കിയുടെ അഭിപ്രായ പ്രകടനം വലിയ അർഥതലങ്ങളുള്ളതാണ്. ചർച്ചയിൽ ഏർപ്പെടുത്തിയിരിക്കുന്ന പരിധികളാൽ വ്യവസ്ഥയുടെ മുൻധാരണകൾ എല്ലായ്പോഴും ശക്തിപ്പെടും. സാമ്രാജ്യത്വ ഫാഷിസ്റ്റ് ഇടപെടലിന്റെ ഒരു മാതൃകയാണതെന്ന് പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയും തൊട്ട് ആർ.എസ്.എസിന് നാക്ക് വാടകക്കുകൊടുത്ത വെള്ളാപ്പള്ളി നടേശൻ വരെ ആവർത്തിക്കുന്ന മുസ്ലിം വിരുദ്ധതയിലെ പ്രധാന ചേരുവകളിലൊന്ന് ‘ജനസംഖ്യാ ജിഹാദാ’ണ്. 1950 മുതൽ മുസ്ലിം ജനസംഖ്യ ഏറെ കൂടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സി)യുടെ കുറ്റംചാർത്തൽ. പ്രതിപക്ഷ പിന്തുണയോടെ ആ ജനത രാജ്യവിഭവങ്ങൾ കൈയടക്കുന്നതായും ആരോപിച്ചു. അതിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഭരണകൂട ഉദ്ദേശ്യമാണ് നിറവേറ്റുന്നതെന്നുമാണ് ബ്രിട്ടനിലെ ബാത്ത് സർവകലാശാലാ സാമ്പത്തിക ശാസ്ത്രജ്ഞൻ സന്തോഷ് മെഹ്റോത്രയുടെ കണ്ടെത്തൽ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എസ്.വൈ. ഖുറൈഷി ‘ദി പോപുലേഷൻ മിത്ത്: ഇസ്ലാം, ഫാമിലി പ്ലാനിങ് ആൻഡ് പൊളിറ്റിക്സ് ഇൻ ഇന്ത്യ’ എന്ന പഠനത്തിൽ മുസ്ലിം ജനസംഖ്യാ വിസ്ഫോടനമെന്ന ആശയം ഭയം ഇളക്കിവിടാൻ ഉപയോഗിക്കുന്ന രാഷ്ട്രീയ മിത്താണെന്ന് നിരീക്ഷിക്കുകയുണ്ടായി.
2025 ഒക്ടോബർ പത്തിന് ഡൽഹിയിൽ ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ നടത്തിയ നരേന്ദ്ര മോഹൻ സ്മാരക പ്രഭാഷണത്തിൽ അമിത് ഷാ ഇതരമതവിദ്വേഷം സമർഥമായി ഉൾക്കൊള്ളിച്ചു. ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്നതിന് ഉന്നതാധികാര സമിതി രൂപവത്കരിക്കുമെന്ന് ഈ ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
എസ്.വൈ. ഖുറൈശിയുടെ പുസ്തകത്തിന്റെ മലയാള പരിഭാഷ
നമ്മള് അഞ്ച്, നമുക്ക് 25
2002 ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ഗുജറാത്ത് വംശഹത്യാ പരമ്പരയുടെ കാലാവസ്ഥയിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ഒരുക്കങ്ങളുമായി കലാപബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടു അന്നവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി. സെപ്റ്റംബര്‍ ഒമ്പതിന് മെഹ്സാന ജില്ലയിലെ ബേച്ചരാജിയില്നിന്ന് തുടങ്ങിയ ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്യവേ ക്യാമ്പുകള്‍ കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികളല്ലെന്നും ‘ഹം പാഞ്ച്, ഹമാരെ പച്ചീസ്’ (നമ്മള് അഞ്ച്, നമുക്ക് ഇരുപത്തിയഞ്ച്) എന്നാണ് ചിലരുടെ രീതിയെന്നും പരിഹസിച്ച മോദി രണ്ട് പതിറ്റാണ്ടിനുശേഷം അതിന്റെ ലളിത പരിഭാഷ എഴുന്നള്ളിച്ചു; പെറ്റുകൂട്ടൽ എന്നായിരുന്നു പ്രയോഗം.
ഹിമന്ത ശർമയുടെ ‘യുദ്ധം’
അസമിൽ ‘മിയ’കൾ (ബംഗ്ലാദേശിൽനിന്നോ പഴയ കിഴക്കൻ പാകിസ്താനിൽനിന്നോ വന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ പരാമർശിക്കാൻ അസമിൽ ഉപയോഗിക്കുന്ന അധിക്ഷേപ പദം) മറ്റുള്ളവരേക്കാൾ പെരുകുമെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുന്നറിയിപ്പ്. ‘അടുത്ത സെൻസസ് ഫലങ്ങൾ വരുമ്പോൾ സംസ്ഥാന ജനസംഖ്യയുടെ 38 ശതമാനവും മിയ മുസ്ലിംകളായിരിക്കുമെന്ന് ഞാൻ പറയും. അവരായിരിക്കും ഏറ്റവും വലിയ സമൂഹം. ഇതാണ് ഇപ്പോൾ അസമിന്റെ യാഥാർഥ്യം. അഞ്ച് വർഷമായി നടക്കുന്ന പ്രവർത്തനങ്ങൾ മൂന്നുപതിറ്റാണ്ട് മുമ്പ് ആരംഭിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാവുമായിരുന്നില്ല. ഒരു യുദ്ധം ഇപ്പോൾ ആരംഭിച്ചു, നമ്മൾ അത് ആഗ്രഹിച്ച ഫലത്തിലേക്ക് കൊണ്ടുപോകും. നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനും സുരക്ഷിത ഭാവിയൊരുക്കാനും നടപടികൾ സ്വീകരിച്ചുവരുകയാണ്. സംസ്ഥാനത്തെ തദ്ദേശീയ സമൂഹങ്ങൾ ഒരു മതത്തിൽപെട്ടവരുടെ അധിനിവേശം നേരിടുന്നുണ്ട്. പ്രദേശങ്ങളുടെ ജനസംഖ്യാ ശാസ്ത്രത്തിൽ മാറ്റം വരുത്തുന്നതിന് അവർ വിവിധ ഭാഗങ്ങളിൽ ഭൂമി കൈയേറുന്നുവെന്നും ദിബ്രുഗഡിൽ ഔദ്യോഗിക പരിപാടിക്കിടെ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ടിനായി നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് പിന്തുണക്കുകയും നിയമവിരുദ്ധമായി അവരെ താമസിപ്പിക്കുകയും ചെയ്യുന്നതിനാൽ അസം ജനസംഖ്യാപരമായ വെല്ലുവിളി നേരിടുന്നുണ്ടെന്ന് സംസ്ഥാനം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപിച്ചതാണ് ഹിമന്തക്ക് പ്രോത്സാഹനമായതും.
മുസ്ലിംകൾക്ക് അസമിൽ വീട് നൽകരുതെന്ന് കാവി സംഘടനകൾ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആഗസ്റ്റിൽ സംസ്ഥാന മന്ത്രിസഭ ഭൂമി കൈമാറ്റങ്ങൾക്കായുള്ള പുതിയ സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമം(എസ്.ഒ.പി) അംഗീകരിക്കുകയും ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലെ ഭൂമിവിൽപന അന്തിമമാക്കുംമുമ്പ് ഫണ്ടുകളുടെ ഉറവിടവും സാമൂഹിക ആഘാതവും പരിശോധിക്കുന്നത് ഉൾപ്പെടെ പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ അധിക പരിശോധന നിർബന്ധമാണിപ്പോൾ. അസം സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നീക്കങ്ങളും അതിരുവിട്ടതായിരുന്നു. 2025 ജൂലൈയിൽ സിപജ്ഹറിലെ 1,400 ബംഗാളി വംശജരായ മുസ്ലിം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസറുപയോഗിച്ച് പൊളിച്ചുമാറ്റി. ജനസംഖ്യ, ഭൂമി, പ്രണയം എന്നിവക്കുശേഷം ജിഹാദ് ചേർത്തുള്ള പുതിയ സംഞ്ജയ്ക്കും ഹിമന്ത രൂപംനൽകി-വാടക ജിഹാദ്!.
നടേശന്റ വിതണ്ഡവാദങ്ങൾ
‘‘മലപ്പുറത്ത് മുസ്ലിം സമുദായം എല്ലാ സൗകര്യങ്ങളും അനുഭവിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഈഴവർ വിവേചനം നേരിടുന്നു. മുസ്ലിംകളുടെ എണ്ണം വർധിക്കുകയാണ്. സ്ഥാപനങ്ങൾ കൂടുതലും ആ മതത്തിന്റെ കൈയിലാണ്. ഞങ്ങൾക്ക് കുറച്ച് പൊട്ടും പൊടിയുമെങ്കിലും വേണമെന്നേ പറഞ്ഞുള്ളൂ. അപ്പോഴേക്കും കൊടുവാളുമായി ഇറങ്ങുന്നു. ജനസംഖ്യാനുപാതികമായി എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്’’ എന്നിങ്ങനെ പൊതുവേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശൻ, വിമർശനമുയർന്നപ്പോൾ തിരുത്തിയെന്ന മട്ടിൽ പഴയ ആരോപണങ്ങൾ മറ്റൊരു ലേബലിൽ പുനരാനയിച്ചു: മുസ്ലിംകൾ ബോധപൂർവം സന്താനോൽപാദനം കൂട്ടുകയാണെന്നും സംസ്ഥാനത്ത് ആ മതവിഭാഗം ഭൂരിപക്ഷമാവുമെന്നുമാണ് തട്ടിവിട്ടത്. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാമെന്ന അതിമോഹവും ഒളിപ്പിച്ചില്ല.
പ്യൂ പഠനവും മുസ്ലിം ജനസംഖ്യയും
മുസ്ലിംകൾ ബോധപൂർവം സന്താനോൽപാദനം കൂട്ടുന്നുവെന്ന ധ്വനിയിൽ ആരോപങ്ങളുയർത്തിയ നടേശനെ ജനസംഖ്യാ പ്രവണതകളും സ്ഥിതിവിവരക്കണക്കുകളും ഡേറ്റകളും അവതരിപ്പിച്ച് തുറന്നുകാട്ടാൻ അധികമാരും മുന്നോട്ടുവന്നില്ല. അവസാനത്തെ സെൻസസ് പ്രകാരം 26.6 ശതമാനമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. ഹിന്ദുക്കൾ 54.73 ശതമാനം, ക്രൈസ്തവർ 18.38. രാജ്യത്ത് എല്ലാ മതവിഭാഗങ്ങളിലും പ്രത്യുൽപാദനനിരക്ക് ഇടിയുന്നുവെന്നും ഏറ്റവും കൂടുതല്‍ കുറവ് മുസ്ലിംകളിലാണെന്നും 2019-20ലെ ദേശീയ കുടുംബാരോഗ്യ സർവേയിലുണ്ട്. ഹിന്ദുക്കളില്‍ 41 ശതമാനവും ക്രൈസ്തവരിൽ 34.5 ശതമാനവുമാണ് കുറവെങ്കില്‍ മുസ്ലിംകളുടേത് 46.5 ശതമാനമാണെന്നാണ് സർവേ ഫലം. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച് സെന്ററിന്റെ പഠനത്തിലും ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ താഴോട്ടാണെന്നാണ്. 1992ല്‍ ആ കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4 ആയിരുന്നെങ്കില്‍ 2015ല്‍ 2.6 ആയി ചുരുങ്ങി. 1951- 2011 വർഷങ്ങളിലെ ആറു പതിറ്റാണ്ടിനിടയിൽ മുസ്ലിം ജനസംഖ്യ മൂന്നരക്കോടിയിൽനിന്ന് പതിനേഴേകാൽ കോടിയായെങ്കിൽ ഹിന്ദുജനസംഖ്യ 30 കോടിയിൽനിന്ന് തൊണ്ണൂറ്റിയാറര കോടിയായി ഉയർന്നു. എന്നാൽ, ഒരു നൂറ്റാണ്ടായി ഹിന്ദു വലതുപക്ഷം മുസ്ലിം ജനസംഖ്യ മുൻനിർത്തി ഭയം ഇളക്കിവിടുകയാണ്. മുസ്ലിംകൾ വേഗത്തിൽ പ്രജനനം നടത്തുന്നുവെന്നും വൈകാതെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കുമെന്നുമുള്ള തീർത്തും യുക്തിരഹിതവും വ്യാജവുമായ ഗൂഢാലോചന സിദ്ധാന്തമാണ് കേരളത്തിലുൾപ്പെടെ മുസ്ലിം വിരുദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള മുഖ്യ ആയുധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

