ദേശം, യുദ്ധം, ബാല്യം: ഭാവിയെ കൊല്ലുന്ന രാഷ്ട്രീയം
text_fieldsയുദ്ധങ്ങളിൽ എന്തിനാണ് കുട്ടികളെ കൊലചെയ്യുന്നത് എന്നത് മനുഷ്യ നാഗരികതയുടെ ഏറ്റവും ഗുരുതരമായ ധാർമിക ചോദ്യങ്ങളിൽ ഒന്നാണ്. ‘സേവ് ദി ചിൽഡ്രൻ’ എന്ന സംഘടനയുടെ 2017-ലെ കണക്കു പ്രകാരം 142 മില്യൺ കുട്ടികൾ വിവിധ സംഘർഷ മേഖലകളിൽ ജീവിക്കുന്നു. ഏറ്റവും പുതിയതായി പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ സംഖ്യ 473 മില്യൺ കുട്ടികളായി ഉയർന്നിട്ടുണ്ട്. അൽജസീറ ടി.വി.യുടെ റിപ്പോർട്ട് പ്രകാരം ശരാശരി ഒരു ദിവസം 28 കുട്ടികളെയാണ് ഇസ്രായേൽ സേന കൊല്ലുന്നത്. നാസി ജർമ്മനി ഏകദേശം 1.5 മില്യൺ യഹൂദ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായി കണക്കുകൾ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു അടിസ്ഥാനചോദ്യം ഉയരുന്നു: യുദ്ധത്തിൽ മരണപ്പെടുന്ന കുട്ടികളുടെ ദേശീയത എന്താണ്? ദേശീയതയെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ബോധ്യം എന്താണ്?
ഒരു ജനാധിപത്യ സംവിധാനത്തിൽ 18 വയസ്സ് കഴിഞ്ഞാൽ മാത്രമാണ് വോട്ടവകാശമുള്ളത്. അതായത് ഒരു വ്യക്തി തന്റെ രാഷ്ട്രീയ പങ്കാളിത്തവും ഭാഗധേയവും നിർണയിക്കുന്നത് വോട്ടവകാശം ലഭിക്കുന്നതോടെയാണ്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ദേശസങ്കൽപ്പം എന്നത് രാഷ്ട്രീയ ആശയങ്ങളിലൂടെയല്ല രൂപപ്പെടുന്നത്; മറിച്ച് അവരുടെ അവകാശബോധത്തോടും മാതാപിതാക്കളുടെ ജീവിതാനുഭവങ്ങളോടും ബന്ധപ്പെട്ടുകൊണ്ടാണ് അത് വളരുന്നത്. ഒരു കുട്ടിക്ക് ദേശം എന്നത് ജീവിക്കാനുള്ള അവകാശവും ഭാവിയിലേക്കുള്ള സംരക്ഷണവുമാണ്.
എന്നാൽ ജീവിക്കാനുള്ള അവകാശവും ഭാവിയും നഷ്ടപ്പെടുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രബോധം കുട്ടികൾക്ക് സുരക്ഷയും പ്രതീക്ഷയും നൽകുന്ന ആശയമല്ല. മറിച്ച് അത് ഭയവും അനിശ്ചിതത്വവും നിറഞ്ഞ അനുഭവമായി മാറുന്നു. അതിനാൽ യുദ്ധത്തിന്റെ രാഷ്ട്രീയവും ദേശീയതയുടെ ഭാഷയും വലിയവരുടെ അധികാര പോരാട്ടങ്ങളായിരിക്കുമ്പോൾ, അതിന്റെ ഏറ്റവും ക്രൂരമായ വില അടക്കേണ്ടി വരുന്നത് യാതൊരു രാഷ്ട്രീയ തീരുമാനങ്ങളിലും പങ്കില്ലാത്ത കുട്ടികളാണ്.
ഇന്ന് കുട്ടികൾ കൊല്ലപ്പെടുന്നത് ആധുനിക ജനാധിപത്യവും സാങ്കേതികവിദ്യയും കൈവരിച്ച രാജ്യങ്ങൾ നടത്തുന്ന അക്രമങ്ങളിലൂടെയാണെന്നത് മനുഷ്യ നാഗരികതയുടെ വലിയ പരാജയമാണ്. ‘‘നിങ്ങളുടെ ബോംബാക്രമണത്തിൽ ഇറാനിലെ ഒരു സ്കൂളിലെ 165 പെൺകുട്ടികൾ കൊല്ലപ്പെട്ടുവല്ലോ’’ എന്ന ചോദ്യത്തിന് അമേരിക്കൻ സൈനിക ഉന്നതൻ നൽകിയ മറുപടി “അതേക്കുറിച്ച് പരിശോധിക്കും” എന്നതായിരുന്നു. കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ പ്രതികരണം പലപ്പോഴും “തീവ്രവാദികൾ” എന്ന ആരോപണത്തിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്.
ദേശീയത പോലെ തന്നെ തീവ്രവാദവും ബാല്യകാലത്തിന് പുറത്തുള്ള രാഷ്ട്രീയ-വർഗീയ ബോധങ്ങളിൽ നിന്നാണ് രൂപപ്പെടുന്നത്. ദേശത്തെക്കുറിച്ചുള്ള അവകാശബോധവും ദേശം/മതം എന്നിവയെക്കുറിച്ചുള്ള തീവ്രമായ തിരിച്ചറിവുകളും മനുഷ്യൻ സാമൂഹിക-രാഷ്ട്രീയ ബോധത്തോടെ വളരുമ്പോഴാണ് രൂപപ്പെടുന്നത്. എന്നാൽ ആധുനിക ജനാധിപത്യ സംവിധാനങ്ങളെയും സാംസ്കാരിക പുരോഗതിയെയും ആയുധശേഷിയെയും കൈവരിച്ച രാജ്യങ്ങളിലെ ഭരണരീതികൾ പലപ്പോഴും വംശീയതയെ ആധാരമാക്കിയ അധികാരരാഷ്ട്രീയത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.
തങ്ങളുടെ പൗരർക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ കഴിയാത്ത ഭരണകൂടങ്ങൾ പലപ്പോഴും ഭാവിയെ തന്നെയാണ് ഭയക്കുന്നത്. ദേശം എന്നത് ഒരു ഭൂപ്രദേശം മാത്രമല്ല; അത് ജനതയാണ്. ആ ജനതയെ ഇല്ലാതാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നതിലൂടെ ഒരു ദേശത്തിന്റെ ഭാവിയെയും പൗരബോധത്തെയും തകർക്കാനുള്ള ദീർഘകാല രാഷ്ട്രീയ അജണ്ടകൾ ചരിത്രത്തിൽ പലപ്പോഴും കാണപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കൊലപാതകങ്ങൾ പലപ്പോഴും ഈ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രത്യക്ഷപ്പെടുന്നത്.
ലോക യുദ്ധങ്ങളുടെ ചരിത്രത്തിൽ പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്നത് ഗൾഫ് യുദ്ധവും ഫലസ്തീൻ സംഘർഷവുമാണ്. “ജനാധിപത്യം പുനഃസ്ഥാപിക്കൽ” എന്ന പേരിൽ നടന്ന യുദ്ധത്തിലും തുടർന്നുള്ള ഉപരോധങ്ങളിലും ഏകദേശം 5,67,000 കുട്ടികൾ മരിച്ചുവെന്ന് 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കുട്ടികൾ ദേശത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുന്നവരല്ല. എന്നാൽ അവർ കൊല്ലപ്പെടാനുള്ള കാരണം അവർ ഇറാഖിൽ ജനിച്ചു എന്നത് മാത്രമാണ്. അതുപോലെ തന്നെ രണ്ടുലക്ഷത്തോളം ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെടാൻ കാരണം അവർ ആ പ്രദേശത്ത് ജനിച്ചതാണ്.
കുട്ടികളെ ഒരു രാജ്യത്തിന്റെ ഭാവിയായി കണക്കാക്കുന്നു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ബോധവും പ്രത്യയശാസ്ത്രവും അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നത് കുട്ടികളിലൂടെയാണ്. ഓരോ സമൂഹവും തന്റെ സംസ്കാരവും ഭാഷയും രാഷ്ട്രീയ ബോധവും അടുത്ത തലമുറയിലേക്ക് കൈമാറുന്നത് കുട്ടികളിലൂടെയാണ്. അതുകൊണ്ടുതന്നെ കുട്ടികൾ ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ഭാവിയെന്ന നിലയിലും കാണപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ചില സംഘർഷങ്ങളിൽ കുട്ടികളുടെ ജീവൻ പോലും രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. ഒരു ജനതയുടെ ജനസംഖ്യയും ഭാവിയും കുറക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളിൽ കുട്ടികൾ ലക്ഷ്യമാകുന്ന സംഭവങ്ങൾ ചരിത്രത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട്. യുദ്ധങ്ങളിൽ ജനസംഖ്യാ ഘടനയെ മാറ്റാനുള്ള ശ്രമങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണവും മരുന്നും തടയൽ തുടങ്ങിയ നടപടികൾ പലപ്പോഴും കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നമ്മൾ മനസ്സിലാക്കേണ്ട പ്രധാന വസ്തുത ദേശം എന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, മറിച്ച് ജനതയാണ്. ആ ജനതയുടെ ഭാവി കുട്ടികളിലാണ് നിലനിൽക്കുന്നത്. അതിനാൽ കുട്ടികളുടെ ജീവിതത്തെ സംരക്ഷിക്കാൻ കഴിയാത്ത ഒരു ലോക രാഷ്ട്രീയ വ്യവസ്ഥ മനുഷ്യ നാഗരികതയുടെ വിജയമായി കണക്കാക്കാനാവില്ല.
അമേരിക്കയും ഇസ്രായേലും പലപ്പോഴും നാഗരികതയുടെ വിജയമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ ലോകത്ത് തീവ്രവാദികളും ഫാഷിസവും കുട്ടികളെ കൊന്നിട്ടുണ്ട് എന്നതുപോലെ തന്നെ, നാഗരിക സമൂഹങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യങ്ങൾ മറ്റൊരു സമൂഹത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്ന കുട്ടികളെ കൊല്ലുമ്പോൾ ഈ “പരിഷ്കൃത സമൂഹങ്ങളും” ഫാഷിസത്തോടും തീവ്രവാദത്തോടും സാമ്യമുള്ള രാഷ്ട്രീയത്തിലേക്കാണ് നീങ്ങുന്നത്.
യുദ്ധങ്ങൾ പലപ്പോഴും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അനിവാര്യ സംഘർഷങ്ങളല്ല. മറിച്ച് ഭരിക്കുന്നവരുടെ വികലമായ രാഷ്ട്രദർശനവും വ്യക്തിപരമായ അധികാര താൽപര്യങ്ങളും ഇത്തരം യുദ്ധങ്ങൾക്ക് പിന്നിലുണ്ട്. യുദ്ധങ്ങളെ ന്യായീകരിക്കുന്ന ദേശീയതയും സുരക്ഷാ രാഷ്ട്രീയവും ഒടുവിൽ ഒരു ജനതയുടെ ഭാവിയെ തന്നെ ലക്ഷ്യമാക്കുന്ന സാഹചര്യങ്ങളിലേക്ക് മാറുമ്പോൾ അത് മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും എതിരായ വലിയ വെല്ലുവിളിയായി മാറുന്നു. കുട്ടികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് മനുഷ്യ നാഗരികതയുടെ യഥാർത്ഥ വിജയം സാക്ഷാത്കരിക്കപ്പെടുന്നത്. ദേശം എന്നത് ഭൂപ്രദേശം മാത്രമല്ല; അത് ഭാവിയുമാണ്. അതുകൊണ്ട് കുട്ടികളെ കേന്ദ്രീകരിക്കുന്ന യുദ്ധങ്ങൾ എല്ലാം തന്നെ നാഗരികതക്ക് നേരെയുള്ള ഏറ്റവും ഗുരുതരമായ വെല്ലുവിളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

